TMJ
searchnav-menu
post-thumbnail

Labour

‘സ്മാര്‍ട്ട് മീന്‍’ കാലത്തെ മീന്‍കാരിപ്പെണ്ണുങ്ങള്‍

27 Jun 2022   |   1 min Read
സിന്ധു നെപ്പോളിയന്‍

PHOTOS: PRASOON KIRAN

തൊഴിലാളിവർഗ്ഗ സമരങ്ങൾക്ക് പേരുകേട്ട ഭൂമികയാണ് കേരളം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നിരവധി തവണ സ്വന്തം അവകാശങ്ങൾക്ക് വേണ്ടി തൊഴിലാളികൾ സംഘടിച്ചതും, അത് വ്യവസ്ഥകളെ ചോദ്യം ചെയ്തതും പുതിയ വ്യവസ്ഥകൾക്ക് നാന്ദി കുറിച്ചതിന് ഇടയാക്കിയതും നാം കണ്ടിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക തൊഴിലെടുക്കുന്നവർ എന്ന നിലയിൽ കാര്യമായ ദൃശ്യത കിട്ടാതെ പോയൊരു വിഭാഗമുണ്ട് കേരളത്തിൽ. അത് ഇവിടുത്തെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പണിയെടുക്കുന്നവരാണ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ട്രോളിങ് ബോട്ടുകളിലും ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും തൊഴിലാളിക്ഷേമത്തിനായി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ പേരിനെങ്കിലും സാന്നിധ്യം അറിയിക്കുമ്പോൾ, ഇങ്ങ് തെക്കൻ കേരളത്തിൽ സവിശേഷിച്ച് തിരുവനന്തപുരം ജില്ലയിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികളും മത്സ്യക്കച്ചവടക്കാരായ സ്ത്രീകളും ഇന്നും പൂർണ്ണതോതിൽ രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. അതിൽത്തന്നെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെപ്പറ്റി ഇതിനോടകം നാം ഏറെ പറഞ്ഞു കഴിഞ്ഞെങ്കിലും മീൻകച്ചവടക്കാരായ സ്ത്രീകളെപ്പറ്റി, അവരുടെ അതിജീവനങ്ങളെപ്പറ്റി കൂടുതൽ പറയേണ്ടതുണ്ട്.

മീൻ പിടിക്കുന്ന പണി ആണുങ്ങളും മീൻ വിൽക്കുന്ന പണി പെണ്ണുങ്ങളും ചെയ്യുന്നു എന്ന ലളിത യുക്തിയിൽ മാത്രം വിശ്വസിച്ചിരുന്ന ഒരു ബാല്യമായിരുന്നു
എന്റേത്. തിരുവനന്തപുരം ജില്ലയിലെ ഒരു മത്സ്യബന്ധന ഗ്രാമത്തിൽ ജനിച്ചു വളർന്ന ആളെന്ന നിലയിൽ ഞാൻ നിരന്തരം കണ്ടു പഴകിയ, ജെൻഡർ അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനങ്ങൾ അത്തരമൊരു ലളിതയുക്തിയെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പിന്നീട് ജില്ല വിട്ട് യാത്ര ചെയ്തു തുടങ്ങിയതും കൂടുതൽ മനുഷ്യരെ കണ്ടു തുടങ്ങിയതോടെയുമാണ് മീൻ വില്ക്കുന്ന ആണുങ്ങളും ഉണ്ടെന്നും ഒരു ജോലിയും ഒരു പ്രത്യേക ജെൻഡറിൽപ്പെട്ടവർക്കായി നീക്കിവച്ചിരിക്കുന്നതല്ലെന്നുമുള്ള തിരിച്ചറിവ് ഉണ്ടായത്. ഇന്ന് തെക്കൻ ജില്ലകളിൽപ്പോലും മത്സ്യക്കച്ചവടം സ്ത്രീകൾക്ക് മാത്രമായി നീക്കി വച്ച തൊഴിൽ അല്ലാതായി മാറിക്കഴിഞ്ഞു. പക്ഷേ അപ്പോഴും മീൻ വിറ്റ് കുടുംബം പോറ്റുന്ന ആയിരക്കണക്കിന് സ്ത്രീകൾ കേരളത്തിലുണ്ടെന്നാണ് സേവ (SEWA - Self Employed Women's Association) പോലുള്ള സംഘടനകൾ നൽകുന്ന വിവരം. നെയ്തെടുത്ത കുട്ടകളിൽ മീൻ ചുമന്ന് തലയിൽ വെച്ച് വീട് വീടാന്തരം കൊണ്ടു നടക്കുന്ന സ്ത്രീകളാണ് നമ്മുടെയൊക്കെ ഭാവനകളിലുള്ള മീൻകാരിപ്പെണ്ണുങ്ങൾ. പണ്ടത്തെ മീൻ കുട്ടകൾ പില്ക്കാലത്ത് അലുമിനിയം ചരുവങ്ങൾക്ക് വഴിമാറിയിരുന്നു. അതോടെ കുട്ടകളുടെ ചെറു ദ്വാരങ്ങളിൽ നിന്ന് കഴുത്ത് വഴി ചൊരിഞ്ഞിറങ്ങുന്ന മീൻ വെള്ളത്തിൽ നിന്ന് പല പെണ്ണുങ്ങളും രക്ഷപ്പെട്ടു.

രണ്ടും മൂന്നും ചരുവങ്ങൾ തലയിൽ അടുക്കി വെച്ച് റോഡിലൂടെ വർത്തമാനം പറഞ്ഞ് നടന്നു നീങ്ങുന്ന മീൻകാരികൾ സ്കൂൾ കാലത്തെ സ്ഥിരം കാഴ്ച്ചയായിരുന്നു. ഒപ്പം വല്ലപ്പോഴും ബസ്സിൽ കയറുമ്പോൾ ചന്തയിൽ മീനുമായി പോവുന്ന സ്ത്രീകൾ കെഎസ്ആർടിസി കണ്ടക്ടറുമായി പലപ്പോഴും കയർക്കുന്നതും ചിലപ്പോഴൊക്കെ യാചിക്കുന്നതും എത്രയോ തവണ കണ്ടുപഴകിയ കാഴ്ച്ചയാണ്. പൊതുഗതാഗത സംവിധാനങ്ങളിൽ മറ്റെല്ലാ മനുഷ്യരെയും പോലെ മീൻകാരികൾക്കും കയറാൻ അവകാശമുണ്ടെന്നിരിക്കെ അവരെ നിഷ്ക്കരുണം അവഗണിക്കുന്നതും ചരുവങ്ങളുമായി കയറാനാവില്ലെന്ന് പറഞ്ഞ് ഇറക്കി വിടുന്നതും ഈയടുത്ത കാലം വരെ പതിവായിരുന്നു. കണ്ടക്ടർ മാത്രമല്ല, ബസ്സിലെ മറ്റ് യാത്രക്കാരും പലപ്പോഴും മത്സ്യക്കച്ചവടക്കാരെ കയറ്റുന്നതിനെ എതിർക്കുന്നവരായിരുന്നു. താനിരിക്കുന്ന സീറ്റിൽ അവരെയും ഇരുത്തിയാൽ മീൻമണം ഉണ്ടാവും എന്നും പറഞ്ഞ് വഴക്കുണ്ടാക്കിയ വരേണ്യ സ്ത്രീകൾ ഒട്ടേറെയാണ്. ജോലിക്കും പഠിക്കാനുമൊക്കെ പോവുന്നവരിൽ മീൻ മണം തട്ടിയാൽ മോശമാവില്ലേ, അതുകൊണ്ട് ആവില്ലേ അവർ എതിർക്കുന്നത് എന്നൊക്കെ ആലോചിച്ചിട്ടുണ്ട് ഞാൻ. പക്ഷേ മീൻമണത്തോടാണോ അതോ അത് വില്ക്കുന്ന മനുഷ്യരാണോ മറ്റുള്ളവർക്ക് അറപ്പ് എന്ന കനപ്പെട്ട ചോദ്യത്തിൽ
തട്ടി നില്ക്കാറാണ് പതിവ്.

മത്സ്യഫെഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ പല അവസരങ്ങളിലും മീൻ വിപണനം നടത്തുന്ന സ്ത്രീകൾക്ക് വേണ്ടി സ്പെഷ്യൽ ബസ് സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തടസ്സങ്ങൾ കാരണം അവ സർവ്വീസ് അവസാനിപ്പിച്ച് കട്ടപ്പുറത്താവുകയോ പേരിന് മാത്രം സർവ്വീസ് നടത്തുകയോ ചെയ്യുന്ന കാഴ്ച്ചയാണ് ഇന്നുള്ളത്.

തൊഴിൽ ചെയ്ത് ജീവിക്കുന്ന മനുഷ്യരെന്ന നിലയിൽ ഏതൊരു തൊഴിലാളിക്കും അനുവദനീയമായ എല്ലാ അവകാശങ്ങളും ഉണ്ടായിരിക്കേണ്ട തൊഴിൽ വിഭാഗമാണ് മത്സ്യക്കച്ചവട സ്ത്രീകളും. പക്ഷേ പലപ്പോഴും അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും ഇല്ലാതെയുള്ള തൊഴിലിടങ്ങളും തൊഴിൽ സാഹചര്യങ്ങളുമാണ് അവരെ കാത്തിരിക്കുന്നത്. മത്സ്യഫെഡിന്റെയും ഫിഷറീസ് വകുപ്പിന്റെയും നേതൃത്വത്തിൽ പല അവസരങ്ങളിലും മീൻ വിപണനം നടത്തുന്ന സ്ത്രീകൾക്ക് വേണ്ടി സ്പെഷ്യൽ ബസ് സർവ്വീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രായോഗിക തടസ്സങ്ങൾ കാരണം അവ സർവ്വീസ് അവസാനിപ്പിച്ച് കട്ടപ്പുറത്താവുകയോ പേരിന് മാത്രം സർവ്വീസ് നടത്തുകയോ ചെയ്യുന്ന കാഴ്ച്ചയാണ് ഇന്നുള്ളത്. തിരുവനന്തപുരത്തെ തീരദേശ ഗ്രാമങ്ങളിൽ നിന്ന് വെഞ്ഞാറമ്മൂടും കാട്ടാക്കടയും പോലുള്ള ഉൾനാടൻ പ്രദേശങ്ങളിലെ ചന്തകളിലേക്ക് അതിരാവിലെ തന്നെ മീനുമായി പോവുന്ന ഒട്ടേറെ സ്ത്രീകളുണ്ട്. അവർക്ക് പോവേണ്ട റൂട്ടുകൾ തമ്മിൽ ബന്ധിപ്പിച്ച് സർവ്വീസ് നടത്താനോ പരമാവധി പേരെ ഉൾക്കൊള്ളുന്ന വിധത്തിൽ കച്ചവടക്കാരായ സ്ത്രീകളുടെ സമയത്തിനും സൗകര്യത്തിനും അനുയോജ്യമായ വിധത്തിൽ സർവ്വീസുകൾ ക്രമീകരിക്കാനോ ബന്ധപ്പെട്ടവർ മെനക്കെടാത്തതാണ് ഈ സേവനം പാതിവഴിയിൽ നിന്നു പോവുന്നതിന് കാരണമാവുന്നത്.

പൊതുഗതാഗതം വഴിയോ സ്വന്തം വണ്ടിയിലോ ചന്തകളിൽ എത്തിപ്പെട്ടാൽത്തന്നെ അവിടെയും ഈ സ്ത്രീകളെ കാത്തിരിക്കുന്നത് കൊടിയ ദുരിതങ്ങളാണ്. ഒന്ന് മൂത്രമൊഴിക്കാനോ ആർത്തവത്തുണി മാറ്റാനോ ഉള്ള സൗകര്യം പല ചന്തകളിലും ഇല്ല. പൊതു ചന്തകളിലെ കച്ചവടക്കാരിൽ അധികവും പുരുഷന്മാരാണെന്നതും അവരുടെ മൂത്രശങ്ക പരിഹരിക്കാൻ ആളൊഴിഞ്ഞ കോണുകൾ ഉണ്ടാവും എന്നതും ടോയ്ലെറ്റ് സൗകര്യം എന്ന അടിസ്ഥാന ആവശ്യം പല ചന്തകളിലും നീണ്ടു പോവാൻ കാരണമാവുന്നു. കൂടാതെ മീൻ വില്ക്കാൻ എത്തുന്ന സ്ത്രീകളിൽ പലരും പുരുഷന്മാരുടെ അധിക്ഷേപങ്ങളും ദ്വയാർത്ഥ പ്രയോഗങ്ങളും കേട്ടിരുന്നാണ് മീൻ വില്ക്കുന്നത്. താരതമ്യേന പ്രായം കുറഞ്ഞ സ്ത്രീകൾക്കും മീൻ വില്പന ആരംഭിച്ച് അധികനാൾ ആയിട്ടില്ലാത്തവരുമായ സ്ത്രീകൾക്കും ഇത്തരം പുരുഷ കേന്ദ്രീകൃത തൊഴിലിടിങ്ങളിൽ പിടിച്ച് നിൽക്കുക എന്നത് വലിയ പ്രയാസമാവാറുണ്ട്. മുതിർന്ന സ്ത്രീകൾ പോലും പലപ്പോഴും ചന്തകളിലെ ആണുങ്ങളോട് എതിർത്ത് നിന്നാണ് തങ്ങളുടെ കച്ചവടം പൂർത്തിയാക്കുന്നത്. ഇതൊന്നും പോരാഞ്ഞിട്ട് മീൻ വാങ്ങാനെത്തുന്നവർ കച്ചവടക്കാരി സ്ത്രീകളെ വളരെ അവജ്ഞയോടെ കാണുന്നതും അന്യായമായി വില പേശുന്നതും മനുഷ്യർ എന്ന നിലയിൽ ഈ സ്ത്രീകളുടെ സ്വാഭിമാനത്തെ തീരെ കണക്കിലെടുക്കാതെയാണ് എന്നും പല മത്സ്യക്കച്ചവട സ്ത്രീകളും പരാതിപ്പെടാറുണ്ട്. അതിരാവിലെ എഴുന്നേറ്റ്, വീട്ടുപണിയെല്ലാം തീർത്ത് ചരുവവുമെടുത്ത് കടപ്പുറത്തോ ഹാർബറിലേക്കോ പോയി വില പേശി, തലച്ചുമടായി വണ്ടിയിൽ കയറ്റി ചന്തകളിലേക്ക് എത്തിക്കുന്ന മീനിന് ന്യായമായ വില തരാൻ ഉപഭോക്താക്കൾ മടിക്കുന്നത് തങ്ങളുടെ അതുവരെയുള്ള അധ്വാനത്തെ അപ്പാടെ നിഷ്പ്രഭമാക്കുന്നുവെന്നാണ് ഈ സ്ത്രീകളുടെ അഭിപ്രായം. സമയം കഴിയുന്തോറും കേടായിപ്പോവുന്ന വസ്തുവാണ് മീൻ എന്നുള്ളതിനാൽത്തന്നെ ചിലപ്പോഴൊക്കെ കിട്ടിയ വിലയ്ക്ക് മീൻ വിറ്റ് ചരുവം കാലിയാക്കാനാണ് പലരും ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നഷ്ടവും ലാഭവും ഒരുപോലെ കാത്തിരിക്കുന്നൊരു ജോലിയാണ് ഇത്.

ചന്തകളിൽ പോയി കാത്ത് കെട്ടിയിരിക്കുന്നതിന് പകരം സ്വന്തം കയ്യിലുള്ള സ്മാർട്ട് ഫോണിൽ നിന്ന് ഉപഭോക്താക്കളുടെ നമ്പരിലേക്ക് അന്നന്നത്തെ മീനിന്റെ വിലയും വിവരങ്ങളും പങ്കുവച്ച് കൊണ്ട്, ഓർഡർ എടുത്ത്, വീടുകളിലേക്ക് മീൻ ഡെലിവറി ചെയ്യുന്ന രീതിയിലേക്ക് ഇന്നത്തെ മീൻ വിപണനം മാറിക്കഴിഞ്ഞു.

ഏറിയ തോതിൽ സാമൂഹിക അവജ്ഞ അഥവാ Social Stigma നിലനിൽക്കുന്ന ഒരു തൊഴിലാണ് മത്സ്യബന്ധനവും മത്സ്യവിപണനവും. ആധുനീകരണവും സാങ്കേതികവിദ്യയുടെ വളർച്ചയും മത്സ്യബന്ധനത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പരസ്പരമുള്ള ആശയവിനിമയത്തിനും മീൻ പിടിത്തം എളുപ്പമാക്കുന്നതിനുമൊക്കെ സഹായിക്കുന്ന ഒട്ടേറെ മാറ്റങ്ങൾ മത്സ്യബന്ധന വള്ളങ്ങളിലും ബോട്ടുകളിലും ഇടംപിടിച്ചു കഴിഞ്ഞു. മീൻ പിടിക്കാൻ പോവുന്ന ആണുങ്ങളുടെ ബോട്ടുകളിലും ഹാർബർ പോലുള്ള പണിയിടങ്ങളിലും ഉണ്ടായ മാറ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറുതാണെങ്കിലും മത്സ്യക്കച്ചവട സ്ത്രീകളും അവരുടെ തൊഴിൽ പ്രക്രിയകളിൽ കാതലായ മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. ഒന്നിനു പുറകെ ഒന്നായി നിർത്തി തരാതെ പോവുന്ന കെഎസ്ആർടിസി ബസുകൾ ഏറെക്കുറെ പൂർണമായി ഉപേക്ഷിച്ച്, വലിയ പിക്കപ്പ് വാനുകളോ പെട്ടി ഓട്ടോകളോ വാടകയ്ക്ക് വിളിച്ച് കൂട്ടമായാണ് ഇന്ന് പല മത്സ്യക്കച്ചവട സ്ത്രീകളും ചന്തകളിലേക്കും മറ്റും പുറപ്പെടുന്നത്. ഇത് ഓട്ടോയും പിക്കപ്പ് വാനും ഓടിക്കുന്ന തീരദേശത്തെ യുവാക്കൾക്ക് വലിയൊരു വരുമാന മാർഗ്ഗമായി എന്നത് മറ്റൊരു വസ്തുതയാണ്. കൊവിഡ്-19ന്റെ വരവോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പുരുഷന്മാരുടെ എണ്ണം കൂടിയതോടെ ഒരുപാട് യുവതികൾ കുടുംബം പോറ്റാനായി ഇന്ന് മത്സ്യ വിപണനത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. പരമ്പരാഗത മത്സ്യക്കച്ചവട സ്ത്രീകളിൽ നിന്ന് വ്യത്യസ്തരായി ടൂവീലർ ഓടിക്കാൻ അറിയാവുന്നവരാണ് ഇവരിൽ പലരും. അലുമിനിയം ചരുവങ്ങൾ ഉപേക്ഷിച്ച്, മീൻ പരമാവധി സമയം കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന കോൾഡ് സ്റ്റോറേജ് പെട്ടികൾ വണ്ടിയ്ക്ക് പുറകിൽ
കെട്ടിവച്ചാണ് ഇവർ മീൻ വില്പനയ്ക്ക് ഇറങ്ങുന്നത്. ചന്തകളിൽ പോയി കാത്ത്
കെട്ടിയിരിക്കുന്നതിന് പകരം സ്വന്തം കയ്യിലുള്ള സ്മാർട്ട് ഫോണിൽ നിന്ന്
ഉപഭോക്താക്കളുടെ നമ്പരിലേക്ക് അന്നന്നത്തെ മീനിന്റെ വിലയും വിവരങ്ങളും പങ്കുവച്ച് കൊണ്ട്, ഓർഡർ എടുത്ത്, വീടുകളിലേക്ക് മീൻ ഡെലിവറി ചെയ്യുന്ന രീതിയിലേക്ക് ഇന്നത്തെ മീൻ വിപണനം മാറിക്കഴിഞ്ഞു. ആകെ മീൻ വില്ക്കുന്ന സ്ത്രീകളിൽ ചെറിയൊരു ശതമാനം മാത്രമാണ് ഇത്തരം ‘സ്മാർട്ട്’ മീൻ വില്പനയിലേക്ക് തിരിഞ്ഞിരിക്കുന്നതെങ്കിലും ഭാവിയിലെ മത്സ്യക്കച്ചവടക്കാരികളുടെ ചിത്രം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നതാണ് ഈ പുതിയ മാറ്റങ്ങൾ.

മറ്റേതൊരു തൊഴിലും പോലെ ബഹുമാനിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമായ ഒരു തൊഴിലാണ് മത്സ്യവിപണനവും. കേരളത്തിലെ മറ്റേതൊരു തൊഴിലാളിയെയും പോലെ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടാനുള്ള സംവിധാനങ്ങളും മത്സ്യക്കച്ചവട സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്. എന്നാൽ നൂറ്റാണ്ടുകളേറെയായി റോഡുവക്കിലെ പൊരിവെയിലത്തും ചന്തയോരങ്ങളിലെ ആൺപടയ്ക്ക് ഇടയിലും മിഡിൽക്ലാസും അപ്പർ മിഡിൽക്ലാസും താമസിക്കുന്ന
റെസിഡൻഷ്യൽ കോളനികളിലും ഈ സ്ത്രീകൾ ‘പെടയ്ക്കുന്ന മീനേയ്…’ എന്ന വിളികളുമായി നമ്മളെ മാടിവിളിയ്ക്കുന്നു. തൊഴിലാളികളെന്ന നിലയിൽ രാഷ്ട്രീയമായി സംഘടിക്കപ്പെടാനാവാതെ പോവുന്നത് അവരുടെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കുന്നതിനെ വൈകിക്കുന്നുണ്ടെങ്കിലും സഖിയും സേവയും പോലുള്ള സ്ത്രീ മുന്നേറ്റ പ്രസ്ഥാനങ്ങൾ വർഷങ്ങളായി മത്സ്യക്കച്ചവട
സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നിരത്തിലിറങ്ങി സമരം ചെയ്യുന്നുണ്ട്. പക്ഷേ നമുക്ക് വേഗം കണ്ടില്ലെന്ന് നടിക്കാനാവുന്ന മനുഷ്യരാണ് ഈ സ്ത്രീകളെന്നുള്ളതിനാൽ അവരുടെ ആവശ്യങ്ങൾ ആവശ്യങ്ങളായിത്തന്നെ തുടരുകയാണ്. ഒരു തൊഴിലാളി വർഗ്ഗ പാർട്ടി ഭരണത്തിലിരിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിൽ ഇത്രയേറെ പരിതാപസ്ഥിതിയിൽ ഒരുകൂട്ടം മനുഷ്യർ പണിയെടുക്കുന്നുണ്ടെന്ന വസ്തുത തിരിച്ചറിയാൻ പാർട്ടിക്ക് പോലും കാണാതെ പോവുന്നത് ഏറെ ഖേദകരമാണ്. നൂതന മാർഗങ്ങളിലൂടെ ഈ തൊഴിലും തൊഴിലെടുക്കുന്നവരും സമൂഹത്തിന്റെ മുൻ നിരയിലേക്ക് ഉടനെ എത്തുമെന്ന പ്രത്യാശയോടെ അവസാനിപ്പിക്കുന്നു.

Leave a comment