ടേണിങ് റെഡ് മുതൽ ജനഗണമന വരെ
കോവിഡ് താണ്ഡവം ഏതാണ്ട് തീർന്ന സമയമായ 2022 മധ്യത്തിൽ പല ഭാഷകളിലും സിനിമകളുടെ കുത്തൊഴുക്ക് തന്നെയായിരുന്നു. കഥയിലും മേക്കിങിലും ബോക്സോഫീസിലും പിറകിലേക്ക് പോയ ബോളിവുഡിനെ മാറ്റിനിർത്തിയാൽ 2022 നെ അടയാളപ്പെടുത്തുന്ന നല്ല സിനിമകൾ ഏറെയുണ്ട്. പ്രത്യേകിച്ച് പ്രാദേശിക ഭാഷകളിൽ. അഞ്ച് ചിത്രങ്ങളായി ചുരുക്കുന്നത്, തെരഞ്ഞടുക്കുന്നത് ചെറിയ ബുദ്ധിമുട്ടുള്ള വിഷയമായിരുന്നു. ഹോളിവുഡ് അടക്കമുള്ള നാല് ഭാഷകളിൽ നിന്ന് പെട്ടെന്ന് ഓർമ്മയിൽ വരുന്ന, ഇഷ്ടമായ അഞ്ച് സിനിമകൾ.
ടേണിങ് റെഡ്
കൗമാരത്തിന്റെ വിഹ്വലതകളും പ്രതീക്ഷകളും നിറം കൊടുത്ത അതിമനോഹരമായ ആനിമേഷൻ മൂവി. ചൈനീസ് മിത്തുക്കളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ കാലത്ത് നടക്കുന്ന മൂവി വലംവയ്ക്കുന്നത് കൗമാരത്തിലേക്ക് കാലെടുത്തുവെക്കുന്ന ചൈനീസ് കനേഡിയൻ പെൺകുട്ടി മെലിന്റെ ചുറ്റുമാണ്. അമിതമായ ആകാംക്ഷയോ ദേഷ്യമോ ഭയമോ വന്നാൽ സുന്ദരിയായ ഒരു ചുവന്ന പാണ്ടയായി മാറുന്ന മെലിൻ. മെലിന്റെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ഓവർ പ്രൊട്ടക്ടീവായ അമ്മ. എന്തിനും ഏതിനും കൂടെയുള്ള കൂട്ടുകാരികൾ. അവരുടെ സാഹസങ്ങളുടെ കഥയാണ് ടേണിങ് റെഡ്.
എല്ലാ പ്രായക്കാർക്കും ഇഷ്ടപ്പെടുന്ന ആനിമേഷൻ മൂവി ഒരു പരിപൂർണ്ണ സ്ത്രീപക്ഷ സിനിമ കൂടിയാണ്. നായിക മെലിനും അമ്മയും അമ്മൂമ്മയും വരെയുള്ള കഥാപാത്രങ്ങൾ തൊട്ട് ചിത്രത്തിന്റെ സംവിധായിക ഡൊമീ ഷീ (Domee Shi വരെ ), ആദ്യമായാണ് ഒരു പിക്സാര്‍ ചലചിത്രത്തിന് വനിതാ സംവിധായിക വരുന്നത്. 100 മിനിറ്റ് ദൈർഘ്യമുള്ള സിനിമയിൽ അമേരിക്കൻ അഭിനേത്രി റോസാലി ചിയാങ് ആണ് മെലിന് ശബ്ദം നൽകിയിരിക്കുന്നത്. ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിൽ.
ബ്ലാക്ക് പാന്തർ : വക്കാണ്ട ഫോറെവർ
ബ്ലാക്ക് പാന്തർ ആദ്യ ഭാഗവുമായി താരതമ്യപ്പെടുത്തുന്നത് ആക്ഷൻ രംഗങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്ന ശരാശരി മാർവെൽ ആരാധകരെ ചിലപ്പോൾ നിരാശപ്പെടുത്താനിടയുണ്ട്. കൂടുതൽ ജീവിതയഥാർത്ഥ്യങ്ങളോട് ഇഴചേർത്താണ് ഫിക്ഷൻ പറഞ്ഞുപോകുന്നത് വകാണ്ട ഫോറെവറിൽ. ആദ്യ ഭാഗത്തിലെ നായകൻ, അന്തരിച്ച, ചാഡ്വിക് ബോസ്മാന്റെ അദൃശ്യ സാന്നിധ്യം ചിത്രത്തിലുടനീളം കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നു. പലതവണ കണ്ണ് നനയിക്കുന്ന ചിത്രം.
2022 ലെ സ്ത്രീകേന്ദ്രീകൃത നായകവേഷങ്ങളിലേക്കുള്ള മാർവെലിന്റെ ചുവടുമാറ്റം വ്യക്തമാകുന്ന സിനിമ കൂടിയാണ്. മരണപ്പെടുന്ന നായകൻ ടച്ചല്ലയുടെ സഹോദരി ഷൂരി( ലെറ്റീഷ്യ റൈറ്റ്) കേന്ദ്ര കഥാപാത്രമാകുന്ന സിനിമ. ഒപ്പം ടച്ചല്ലയുടെ അമ്മ ക്യൂൻ രമോണ്ടയും സൈന്യാധിപ ഒകോയെും അടക്കം സംഘട്ടന രംഗങ്ങളിലെല്ലാം മുൻനിരയിൽ സ്ത്രീകളാണ്. ലേഡി ഹൾക്ക്, മിസ് മാർവെൽ പോലെ മാർവെലിന്റെ പുതിയ വിമൻ ഹീറോ സീരീസുകൾ ക്ക് സംഭവിച്ചതുപോലെയുള്ള പാളിച്ചകളില്ലാത്ത ചിത്രം. MCU ന്റെ 30മത്തെ സിനിമകൂടിയാണ്.
ഗംഗുഭായ് കത്യവാടി
മനസ്സിൽ നിൽക്കുന്ന വളരെ ചുരുക്കം സിനിമകള്‍ മാത്രമേ 2022 ൽ ബോളിവുഡ് സമ്മാനിച്ചിട്ടുള്ളൂ. അതിൽ മുൻനിരയിലാണ് ഗംഗുഭായി. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്നു. സഞ്ജയ് ലീലാ ബൻസാലിയുടെ സിനിമ. ഹുസൈൻ സെയ്ദിയും ജെയിൻ ബോർഗും രചിച്ച 'മുംബൈയിലെ മാഫിയ റാണിമാർ' എന്ന പുസ്തകത്തെ ആധാരമാക്കിയ സിനിമ പറയുന്നത് കാമാത്തിപ്പുരയിലെത്തപ്പെടുന്ന പെൺകുട്ടികളുടെ ജീവിതം. ഇത്തവണ കാണുന്നത് വേറിട്ട ബൻസാലി ടച്ച് . 60 കളിൽ മുംബൈയിലെ കാമാത്തിപ്പുരയിൽ നിന്ന് ലൈംഗീകത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചിരുന്ന യഥാർത്ഥ ഗംഗുഭായിയുടെ കഥയാണ്, ആ വേഷമാണ് ആലിയ ഭട്ടിന്റെ റോൾ. ആലിയയുടെ നല്ല അഭിനയം തന്നെയാണ് ചിത്രത്തിന്റ ഹൈലൈറ്റ്. ഒപ്പം അജയ് ദേവ്ഗൺ, വിജയ് രാസ്, ജിം സർബ് അടക്കമുള്ളവരും മനസ്സിൽ തങ്ങിനിൽക്കും.
ഓ 2
പുതുമുഖ സംവിധായകൻ ജി എസ് വിഘ്നേഷ് സംവിധാനം ചെയ്ത നയൻതാര ചിത്രം . സർവൈവൽ ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയാണ് ഓ 2. ശ്വസന തകരാറായ cystic fibrosis ഉള്ള ഒരു മകനും നിതാന്ത സഹചാരിയായ ഓക്സിജൻ സിലിണ്ടറും, മകനുവേണ്ടി പോരാട്ടം നടത്തുന്ന ഒരു അമ്മയുമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദുക്കൾ . ഇവരുടെ ഒരു യാത്രയാണ് സിനിമ. മണ്ണിടിച്ചിലിൽ പെട്ടുപോകുന്ന ബസും യാത്രക്കാരുമാണ് കഥയിൽ പറയുന്നത്.
നശിപ്പിച്ചാൽ പ്രകൃതി എത്ര അപകടകാരിയായി മാറുമെന്ന് സിനിമയിൽ നയൻതാരയുടെ കഥാപാത്രം പറയുന്നുണ്ട്. ആ സന്ദേശം തന്നെയാണ് സിനിമയുടെ കഥാഗതിയും. നയൻതാരയുടെ അഭിനയത്തിനൊപ്പം ഒപ്പം മകനായി എത്തിയ റിത്വിക് എന്ന ബാലതാരവും കയ്യടി അർഹിക്കുന്നു. ചെറിയ ചില പാളിച്ചകളൊക്കെ മാറ്റിനിർത്തിയാൽ കണ്ടിരിക്കാവുന്ന ഒരു കൊച്ചു ചിത്രം.
ജനഗണമന
ഇഷ്ടപ്പെട്ട പല മലയാള സിനിമകളിൽ ഒന്നാമത് ജനഗണമന. സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലം തന്നെയാണ് പ്രധാനം. ബാംഗ്ലൂരിലെ ഒരു കോളജിലെ അധ്യാപിക ബലാത്സംഗം ചെയ്യപ്പെട്ട് തീകൊളുത്തി കൊല്ലപ്പെടുന്നതും കോളജിൽ തുടർന്ന് ഉണ്ടാകുന്ന പ്രക്ഷോഭങ്ങളിലൂടെയുമാണ് സിനിമ മുന്നോട്ട് പോകുന്നത്. പോലീസ് ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെടുന്നത് രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച യഥാർത്ഥ സംഭവത്തെ ഓർമ്മിപ്പിക്കുന്നു. ഇപ്പോഴത്തെ രാഷട്രീയ സാഹചര്യത്തിൽ ഈ സിനിമയുമായി മുന്നോട്ട് വന്ന അണിയറശില്പികൾ പ്രശംസയർഹിക്കുന്നു. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും മമത മോഹൻദാസും പ്രധാന മുഖങ്ങളാകുന്ന സിനിമ സംവിധാനം ചെയ്തത് ഡിജോ ജോസ് ആന്റണി. അപ്രിയ സത്യങ്ങൾ ഉടനീളം വിളിച്ചുപറയുന്ന ചിത്രത്തിന്റെ തിരക്കഥ ഷാരിസ് മുഹമ്മദിന്റേത്.