TMJ
searchnav-menu
post-thumbnail

Gentrification

ദുരന്തകാലത്തെ ജെന്‍ട്രിഫിക്കേഷന്‍

25 Aug 2021   |   1 min Read
കെ പി സേതുനാഥ്

Photos : Prasoon Kiran

സംസ്ഥാനത്തെ വികസനചര്‍ച്ചകളില്‍ പൊതുവെ പരിചിതമല്ലാത്ത സങ്കല്‍പ്പനമാണ് ജെന്‍ട്രിഫിക്കേഷന്‍. ഈ സങ്കല്‍പ്പനത്തിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ സ്വപ്‌നപദ്ധതിയെന്നു വിശേഷിപ്പിക്കുന്ന സില്‍വര്‍ലൈന്‍ എന്ന പേരിലറിയുന്ന തിരുവനന്തപുരം-കാസര്‍കോഡ് അര്‍ദ്ധ അതിവേഗ റെയില്‍ പാതയെ വിലയിരുത്തുന്നതിനൊപ്പം ജെന്‍ട്രിഫിക്കേഷന്‍ കേരളത്തിന്റെ മുഖ്യധാര വികസന മാതൃകയുടെ സുപ്രധാന പ്രേരണയായി മാറിയതിന്റെ പശ്ചാത്തലവും വിശദീകരിയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്. കേരളത്തിലെ വികസനസംവാദങ്ങളില്‍ പരിചിതമല്ലാത്ത ജെന്‍ട്രിഫിക്കേഷനെന്ന സങ്കല്‍പ്പനത്തിന് തത്തുല്യമായ മലയാളപദം കുലീനവല്‍ക്കരണം ആണെന്ന കാര്യത്തില്‍ ഉറപ്പില്ല. കുലീന എന്ന പദത്തിന് ഐഹികമായ, ഭൂമിയെ സംബന്ധിച്ച എന്നീ അര്‍ത്ഥങ്ങള്‍ ശബ്ദതാരാവലി കല്‍പ്പിക്കുന്നതും കുലീനവല്‍ക്കരണം എന്ന പ്രയോഗം സ്വീകരിക്കുന്നതിനുള്ള പ്രേരണയായി. നഗരങ്ങളിലെ ജനവാസ-വാണിജ്യ പ്രദേശങ്ങളില്‍ നിരന്തരം സംഭവിക്കുന്ന നിക്ഷേപ-പുനര്‍നിക്ഷേപ സംബന്ധമായ മാറ്റങ്ങള്‍ അതാതു പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയില്‍ വരുത്തുന്ന പരിവര്‍ത്തനങ്ങളെ വിശദീകരിയ്ക്കുവാന്‍ സാമൂഹികശാസ്ത്രജ്ഞര്‍ രൂപപ്പെടുത്തിയ സങ്കല്‍പ്പനമായ ജെന്‍ട്രിഫിക്കേഷന്‍ ഇപ്പോള്‍ ഭൂമി, വാണിജ്യ-സാംസ്‌ക്കാരിക സമുച്ചയങ്ങള്‍ തുടങ്ങിയ വൈവിധ്യങ്ങളായ മേഖലകളിലെ മൂലധന നിക്ഷേപത്തെയും അതിന്റെ ഭാഗമായി സംഭവിക്കുന്ന 'വികസനത്തെയും' അടയാളപ്പെടുത്തുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്നു. (1) കുലീനവല്‍ക്കരണത്തെ കുറിച്ചുള്ള ഏറ്റവും ലളിതമായ നിര്‍വചനത്തെ ഇങ്ങനെ സംഗ്രഹിക്കാം. സാമ്പത്തികമായി പിന്നണിയില്‍ നില്‍ക്കുന്ന പ്രദേശത്തെ മൂലധനനിക്ഷേപത്തിനായി തെരഞ്ഞെടുക്കുകയും പുതിയ നിക്ഷേപത്തിന്റെ ബലത്തില്‍ പ്രസ്തുത പ്രദേശത്തിന്റെ ആസ്തിമൂല്യം പരമാവധി ഉയര്‍ത്തി അതിന്റെ വിപണനം നടത്തുകയും ചെയ്യുന്ന പ്രക്രിയയാണ് കുലീനവല്‍ക്കരണം.

നിക്ഷേപത്തിന്റെയും, പുനര്‍നിക്ഷേപത്തിന്റെയും വേദികളായി ലോകത്തിലെ എണ്ണമറ്റ സ്ഥലങ്ങള്‍ പരിവര്‍ത്തനപ്പെടുന്ന ഈ പ്രക്രിയ വര്‍ത്തമാനകാലത്തെ മുതലാളിത്ത സമ്പദ്ഘടനയുടെ അവിഭാജ്യഘടകങ്ങളിലൊന്നായി മാറിയെന്ന വിശദമായ പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ആസ്തിയെന്ന നിലയില്‍ കൂടുതല്‍, കൂടുതലായി നിക്ഷേപം നടക്കുന്ന മേഖലകളില്‍ ഒന്നായി ഭൂമി-കെട്ടിട മേഖല (റിയല്‍ എസ്‌റ്റേറ്റ്) മാറിയതായി അതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓഹരി, സ്വര്‍ണ്ണം, കറന്‍സി തുടങ്ങിയ നിക്ഷേപ ആസ്തികള്‍ പോലെ സജീവമായ മറ്റൊരു നിക്ഷേപ ആസ്തിയായി ഭൂമി-കെട്ടിട മേഖല മാറുന്നതിനുള്ള പ്രേരണയായും കുലീനവല്‍ക്കരണം പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ ഭൂമി-കെട്ടിട ആസ്തികളുടെ മൊത്തം നിക്ഷേപ മൂല്യം 217-ട്രില്യണ്‍ ഡോളര്‍ (1 ട്രില്യണ്‍=1 ലക്ഷം കോടി) ആണെന്ന് 'ക്യാപ്പിറ്റൽ സിറ്റി സിറ്റി; ജെന്‍ട്രിഫിക്കേഷന്‍ ആന്റ് റിയല്‍ എസ്റ്റേറ്റ് സ്റ്റേറ്റ്' (2019) എന്ന കൃതിയില്‍ സാമുവല്‍ സ്റ്റെയ്ന്‍ പറയുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ലോകത്താകമാനം ഇതുവരെ ഖനനം ചെയ്ത സ്വര്‍ണ്ണത്തിന്റെ 36 മടങ്ങാണ് ഈ മേഖലയുടെ ആസ്തിമൂല്യമെന്ന് അദ്ദേഹം കണക്കാക്കുന്നു. ഭരണകൂടം വര്‍ത്തമാനകാലഘട്ടത്തില്‍ 'റിയല്‍ എസ്റ്റേറ്റ് സ്റ്റേറ്റ്' ആയി മാറുന്ന പ്രക്രിയ അമേരിക്കയിലെ കുലീനവല്‍ക്കരണത്തിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തുന്ന സ്റ്റെയിന്റെ പഠനം വിശദീകരിയ്ക്കുന്നു. ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കന്‍ പ്രസിഡണ്ടായതില്‍ റിയല്‍ എസ്റ്റേറ്റ് മൂലധന ലോബിയുടെ ശക്തിയുടെ പ്രതീകാത്മകമായ പ്രതിനിധാനമായും കാണാവുന്നതാണെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലെ അടുത്ത 50-വര്‍ഷത്തെ ഗതാഗത ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വിഭാവന ചെയ്ത പദ്ധതിയും റിയല്‍ എസ്റ്റേറ്റു (ഭൂമി-കെട്ടിട) നിര്‍മാണവുമായി ബന്ധപ്പെട്ട കുലീനവല്‍ക്കരണവും തമ്മില്‍ എന്താണ് ബന്ധമെന്ന സംശയം ന്യായമായും ഉയരുന്നതാണ്.

കുലീനവല്‍ക്കരണം കേരളത്തിലെ വികസന പദ്ധതികളുടെ മുഖമുദ്രയാവുന്നതിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നത് സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നതിന്റെ പിന്നിലെ വ്യഗ്രതയെ പറ്റി സാമാന്യധാരണ രൂപീകരിക്കുന്നതിന് സഹായകമാകും.

വയല്‍ നികത്തിയുള്ള കെട്ടിടനിര്‍മ്മാണം

റിയല്‍ എസ്റ്റേറ്റ് വികസനമാണ് സില്‍വര്‍ലൈന്‍ അഥവാ അര്‍ദ്ധ അതിവേഗ പാതയുടെ രജതരേഖയെന്നതാണ് അതിനുള്ള ഉത്തരം. സില്‍വര്‍ലൈന്‍ എന്ന പ്രലോഭനീയമായ നാമധേയം ഭാഷയാവുന്നതിന് മുമ്പ് അര്‍ദ്ധ അതിവേഗ പാതയുടെ ഉപജ്ഞാതാക്കളായ കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) തയ്യാറാക്കിയ RFP (2) 'ഭൂമി മൂല്യത്തെ കെട്ടഴിച്ചു വിടുക' (അണ്‍ലോക്കിംഗ് ദി ലാന്‍ഡ് വാല്യൂ) പദ്ധതിയുടെ ഒരു സുപ്രധാന ലക്ഷ്യമായി അടയാളപ്പെടുത്തുന്നു. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന മേഖലകളില്‍ 1,000 ഹെക്ടര്‍ ഭൂമി (2,500 ഏക്കര്‍) ഏറ്റെടുക്കുകയും അവയില്‍ പ്രത്യേക പദവിയുള്ള (Speical Status Zones) പട്ടണ സമുച്ചയങ്ങള്‍ (ടൗണ്‍ഷിപ്പുകള്‍) നിര്‍മിക്കുകയും ചെയ്യുകയാണ് ഭൂമിമൂല്യത്തെ കെട്ടഴിച്ചു വിടുന്നതിനായി തിരിച്ചറിഞ്ഞ മാര്‍ഗം. മൂല്യം എന്നുള്ളത് വില (പ്രൈസ്) എന്ന അര്‍ത്ഥത്തിലാണ് ഇവിടെ മനസ്സിലാക്കാനുളളത്. 'പ്രലോഭനങ്ങള്‍ വഴിയും, സജീവമായും ഭൂവിനിയോഗത്തില്‍ മാറ്റം വരുത്തി ഭൂമിയുടെ മൂല്യം പണമാക്കി മാറ്റുന്ന പ്രവണത ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ പുതിയ വരുമാന ശ്രോതസ്സാണ്,'  കെആര്‍ഡിസിഎല്‍ ന്റെ രേഖ പറയുന്നു. ഈ ആശയം നടപ്പിലാക്കുന്നതിനുള്ള മാര്‍ഗവും രേഖ വിശദീകരിക്കുന്നു.  'വാണിജ്യതാമസയോഗ്യമായ സൗകര്യങ്ങള്‍ നിറഞ്ഞ 10 റെയില്‍വേ സ്റ്റേഷനുകള്‍ക്ക് പുറമെ സ്വയം പര്യാപ്തമായ കാര്‍ഷിക നഗരങ്ങളും, സുസ്ഥിര സ്മാര്‍ട്ട് നഗരങ്ങളും പാതയുടെ സമീപപ്രദേശങ്ങളിലും, ഇരുവശങ്ങളിലും നിര്‍മിക്കുക വഴി ഭൂമിയുടെ മൂല്യം കെട്ടഴിച്ചു വിടാന്‍ കെആര്‍ഡിസിഎല്‍ ഉദ്ദേശിക്കുന്നു. 10 സ്റ്റേഷനുകളുടെ ചുറ്റുവട്ടങ്ങളിലും, സമീപപ്രദേശങ്ങളിലുമായി 1,000 ഹെക്ടറില്‍ നടക്കുന്ന സുസ്ഥിര വികസനവും, പ്രത്യേക മേഖലകളെന്ന പദവിയും കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതായിരിക്കുമെന്ന് RFP രേഖ വ്യക്തമാക്കുന്നു. ലക്ഷണമൊത്ത കുലീനവല്‍ക്കരണ പ്രക്രിയയാണ് സില്‍വര്‍ലൈനിന്റെ പേരില്‍ നടപ്പില്‍ വരുന്നതെന്ന കാര്യം കെആര്‍ഡിസിഎല്‍ രേഖകള്‍ വ്യക്തമാക്കുന്നു. കെആര്‍ഡിസിഎല്‍ ആസൂത്രണം ചെയ്ത നഗര സമുച്ചയ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനുള്ള RFP സമര്‍പ്പിക്കുന്നതിനായി 2019 ആഗസ്റ്റില്‍ ആഗോള ടെന്‍ഡര്‍ പുറപ്പെടുവിച്ചുവെങ്കിലും കാര്യമായ പ്രതികരണം ലഭിക്കായ്കയാല്‍ 2019 സെപ്തംബറില്‍ വീണ്ടും ടെന്‍ഡര്‍ പുറപ്പെടുവിക്കുവാന്‍ കെആര്‍ഡിസിഎല്‍ ഉദ്ദേശിച്ചിരുന്നു. അതില്‍ കാര്യമായ പുരോഗതി ഇതുവരെ ഉണ്ടായില്ല എന്നറിയുന്നു.

കുലീനവല്‍ക്കരണം കേരളത്തിലെ വികസന പദ്ധതികളുടെ മുഖമുദ്രയാവുന്നതിന്റെ പശ്ചാത്തലം മനസ്സിലാക്കുന്നത് സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നതിന്റെ പിന്നിലെ വ്യഗ്രതയെ പറ്റി സാമാന്യധാരണ രൂപീകരിക്കുന്നതിന് സഹായകമാകും. ബോധപൂര്‍വമായി നടപ്പിലാക്കിയ നയമെന്നതിനുപരി ചില സവിശേഷ സാഹചര്യങ്ങളുടെ ഫലമായാണ് കേരളത്തില്‍ കുലീനവല്‍ക്കരണത്തിന്റെ തുടക്കം. പ്രത്യക്ഷത്തില്‍ പരസ്പരബന്ധിതമല്ലാത്ത മൂന്നു പ്രവണതകളാണ് -- ഗള്‍ഫ് വരുമാനത്തിന്റെ ഭാഗമായ ഭൂമിയുടെ ക്രയവിക്രയം, വിനോദ സഞ്ചാരം, സര്‍ക്കാരിന്റെ മുന്‍കൈയില്‍ ഭൂമി ഏറ്റെടുക്കല്‍ -- കേരളത്തിലെ കുലീനവല്‍ക്കരണത്തിന്റെ പ്രേരണ. കേരളത്തിലെ ഏറ്റവും നിര്‍ണ്ണായകമായ നിക്ഷേപ ആസ്തികളിലൊന്നായി ഭൂമിയെ പരിവര്‍ത്തനപ്പെടുത്തിയിന്റെ പ്രധാന ചാലകശക്തിയായി പ്രവര്‍ത്തിച്ചത് ഈ പ്രവണതകളായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള തൊഴില്‍ കുടിയേറ്റം 1970-80 കളില്‍ പാരമ്യത്തിലെത്തിയതോടെ കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ക്കുള്ള ഉത്തേജനമായി. 'ഗള്‍ഫില്‍ നിന്നുള്ള വരുമാനത്തിന്റെ ഫലം പ്രത്യക്ഷപ്പെട്ട പ്രഥമമേഖല ഭൂമിയുടെ ക്രിയവിക്രയവും, കെട്ടിടനിര്‍മാണവുമായിരുന്നു. കാര്‍ഷികവൃത്തിക്കായുള്ള ഉപാധിയെന്ന നിലയില്‍ നിന്നും നിക്ഷേപ ആസ്തിയെന്ന (അസറ്റ്) നിലയിലേക്കുള്ള ഭൂമിയുടെ പരിവര്‍ത്തനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള വരുമാനം നിര്‍ണ്ണായകമായിരുന്നു. 1980കളുടെ അവസാനത്തോടെ വിനോദസഞ്ചാരം കേരളത്തിന്റെ തന്ത്രപ്രധാനമായ മേഖലയായി സംസ്ഥാന ഭരണകൂടം തിരിച്ചറിഞ്ഞതും ഈ പ്രക്രിയയുടെ ആക്കം കൂട്ടി. സ്വകാര്യമൂലധനം 1990 കളില്‍ വിനോദസഞ്ചാര മേഖലയിലേക്കു വലിയതോതില്‍ കടന്നുവന്നതും, ദൈവത്തിന്റെ സ്വന്തം നാടെന്ന ബ്രാന്‍ഡിംഗും ഡേവിഡ് ഹാര്‍വി വിശേഷിപ്പിക്കുന്ന 'സ്‌പേഷ്യല്‍ ക്യാപിറ്റലിസത്തിന്' കേരളത്തില്‍ പുതിയ മാനങ്ങള്‍ നല്‍കി. 

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയടക്കമുള്ള സേവന മേഖലയുടെ വളര്‍ച്ച ലക്ഷ്യമാക്കി വ്യവസായ-വാണിജ്യസംരഭങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിന്റെ മുന്‍കൈയില്‍ വന്‍തോതില്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവണത ശക്തമായതും ഇതേകാലയളവിലാണ്. ഭൂമി ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ദൗത്യമായി മാറിയത് ഇക്കാലയളവിലാണ്. കമോഡിഫിക്കേഷന്‍ അഥവാ ചരക്കുവല്‍ക്കരണം മാത്രമായിരുന്നില്ല ഈ മാറ്റത്തിന്റെ ഉള്ളടക്കം. മലനാട്, ഇടനാട്, തീരദേശം എന്ന തരത്തില്‍ അറിഞ്ഞിരുന്ന കേരളത്തിന്റെ പരമ്പരാഗതമായ ഭൂപ്രകൃതിയെ സാംസ്‌ക്കാരികമായ തലത്തില്‍ ഒരുതരം 'എക്‌സോട്ടിസത്തിന്റെ' ചിഹ്നങ്ങളായി പുനരാവിഷ്‌ക്കരിക്കപ്പെട്ടു. ഹാര്‍വി പറയുന്ന സ്‌പെഷ്യല്‍ ക്യാപ്പിറ്റലിസത്തിന്റെ സൃഷ്ടിയായിരുന്നു ഈ എക്‌സോട്ടിസത്തിന്റെ അടിസ്ഥാനം.കാടുകള്‍, നദീതടങ്ങള്‍, മലഞ്ചെരിവുകള്‍, മലനിരകള്‍, കായല്‍ത്തീരങ്ങള്‍, കടലോരം എന്നിങ്ങനെ എക്‌സോട്ടിക് വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള മുദ്രണങ്ങളും, തിരിച്ചറിയലുകളും കേരളത്തിലെ മൊത്തം ഭൂപ്രകൃതിയുടെ മുഖമുദ്രയായി. 1990 കളില്‍ പ്രകടമായ ഈ മാറ്റം പുതിയ നൂറ്റണ്ടിന്റെ ആദ്യ ദശകത്തില്‍ അതിന്റെ പാരമ്യത്തിലെത്തി. പാശ്ചാത്യനാടുകളില്‍ പ്രധാനമായും നഗരകേന്ദ്രിതമായി അരങ്ങേറിയ ഒന്നായാണ് കുലീനവല്‍ക്കരണം ദൃശ്യമായതെങ്കില്‍ കേരളത്തിന്റെ കാര്യത്തില്‍  ഈയൊരു പ്രക്രിയ സര്‍വവ്യാപിയായി അനുഭവപ്പെടുന്നു. നഗര-ഗ്രാമ ഭേദമന്യെ അരങ്ങേറുന്ന ഒന്നായി കുലീനവല്‍ക്കരണം കേരളത്തില്‍ അനുഭവപ്പെടുന്നതിന്റെ പിന്നിലുള്ള പ്രധാനപ്രേരണ വിനോദസഞ്ചാര വ്യവസായമാണ്. ഏറ്റവും ഒറ്റപ്പെട്ട കുഗ്രാമം പോലും വിനോദസഞ്ചാര വ്യവസായത്തിന് സാധ്യതയുള്ള പ്രദേശമാണെന്ന ബോധം കുലീനവല്‍ക്കരണത്തിന്റെ സംഭാവനയാണ്.

നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിന് രാഷ്ട്രീയ നേതൃത്വവും, സര്‍ക്കാര്‍ സംവിധാനവും പ്രതിജ്ഞാബദ്ധമായതോടെ കുലീനവല്‍ക്കരണ പ്രക്രിയ ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടു. സ്വകാര്യമൂലധനവുമായി കൈകോര്‍ക്കുന്നതായിരുന്നു അതിന്റെ അടുത്തപടി.

2018ല്‍ വ്യാപകമായ ഉരുള്‍പൊട്ടല്‍ നടന്ന ഇടുക്കിയിലെ ദൃശ്യം

ബോധപൂര്‍വമായ തീരുമാനത്തിന്റെ ഭാഗമായല്ല കുലീനവല്‍ക്കരണം തുടക്കത്തില്‍ ദൃശ്യമായതെങ്കിലും സര്‍ക്കാരിന്റെ ഔദ്യോഗിക നയരൂപീകരണത്തിന്റെ ഭാഗമായി ഈ പ്രവണത പ്രത്യക്ഷപ്പെടുന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍ 1990 കളുടെ രണ്ടാം പകുതിയോടെ വ്യക്തമായി. കൊച്ചിക്കടുത്ത വൈപ്പിന്‍ ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന പാലം നിര്‍മിക്കണമെന്ന ദ്വീപു നിവാസികളുടെ ചിരകാലമായ ആവശ്യവും, നെടുമ്പാശ്ശേരി വിമാനത്താവള നിര്‍മ്മാണവുമാണ് ഔദ്യോഗിക നയരൂപീകരണ പ്രക്രിയയുടെ ഭാഗമായി  കുലീനവല്‍ക്കരണം പരിണമിച്ചതിന്റെ വ്യക്തമായ ഉദാഹരണങ്ങള്‍. വൈപ്പിന്‍ ദ്വീപുകളിലേക്കുള്ള പാലം നിര്‍മ്മിക്കുന്നതിനു വേണ്ടുന്ന പണം സ്വരുപിക്കുന്നതിന് കണ്ടെത്തിയ മാര്‍ഗം കുലീനവല്‍ക്കരണത്തിന്റെ ലക്ഷണമൊത്ത മാതൃകയായിരുന്നു. എറണാകുളത്തെ ഹൈക്കോടതിയുടെ സമീപത്തുള്ള  മറൈന്‍ ഡ്രൈവിനോട് ചേര്‍ന്ന കായലിന്റെ 500 ഹെക്ടറോളം നികത്തി കരഭൂമിയാക്കിതിനു ശേഷം അവിടെ വലിയ പട്ടണ സമുച്ചയം നിര്‍മിക്കുകയെന്നതായിരുന്നു പാലം നിര്‍മിക്കുന്നതിന് ആവശ്യമായ പണം സ്വരുപിക്കുന്നതിന് മുന്നോട്ടു വച്ച നിര്‍ദ്ദേശം. ഗോശ്രീ ദ്വീപു വികസന അതോറിട്ടി (ജിഡ) എന്ന പേരില്‍ സംവിധാനവും അതിനായി രൂപീകരിച്ചു. കായല്‍ നികത്തുന്നതിനെതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധങ്ങളുടെയും, കോടതി വ്യവഹാരങ്ങളുടെയും ഫലമായി 500 ഹെക്ടര്‍ കായല്‍ നികത്തുകയെന്ന പദ്ധതി 25 ഹെക്ടര്‍ ആയി കുറച്ചു. നികത്തിയെടുത്ത 25 ഹെക്ടര്‍ ഭൂമി വിറ്റുകിട്ടിയ 340 കോടി രൂപയില്‍ 80 കോടി രുപയാണ് പാലങ്ങളുടെ നിര്‍മാണത്തിനായി ചെലവഴിക്കപ്പെട്ടത്. ബാക്കി തുക ഇപ്പോഴും ജിഡയുടെ കൈവശം ലഭ്യമാണെന്നു കരുതുന്നു.              

നിക്ഷേപസൗഹൃദ സംസ്ഥാനമായി കേരളത്തെ പരിവര്‍ത്തനപ്പെടുത്തുന്നതിന് രാഷ്ട്രീയ നേതൃത്വവും, സര്‍ക്കാര്‍ സംവിധാനവും പ്രതിജ്ഞാബദ്ധമായതോടെ കുലീനവല്‍ക്കരണ പ്രക്രിയ ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടു. സ്വകാര്യമൂലധനവുമായി കൈകോര്‍ക്കുന്നതായിരുന്നു അതിന്റെ അടുത്തപടി. അതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ് നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതി. എറണാകുളം ജില്ലയിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പാടശേഖരങ്ങള്‍ നിറഞ്ഞ നെടുമ്പാശ്ശേരി ഗ്രാമമാണ് വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത ഭൂപ്രദേശം. വിമാനത്താവള പദ്ധതി പൂര്‍ത്തീകരിച്ചതോടെ പ്രദേശത്തെ ഭൂമിവില പതിന്മടങ്ങു വര്‍ദ്ധിച്ചുവെങ്കിലും അതിന്റെ ഗുണഭോക്താക്കള്‍ മാറ്റങ്ങള്‍ മുന്നില്‍ക്കണ്ട് ഭൂമി മുന്‍കൂറായി വാങ്ങികൂട്ടിയ നിക്ഷേപകരായിരുന്നു. വിമാനത്താവളത്തിനുവേണ്ടി ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച വളരെ തുച്ഛമായ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വകാര്യമായി ഭുമി കൈമാറ്റം നടത്തിയവര്‍ക്ക് താരതമ്യേന മെച്ചപ്പെട്ട വില ലഭിച്ചുവെങ്കിലും വന്‍തോതില്‍ ഊഹക്കച്ചവട നിക്ഷേപം (സ്‌പെക്കുലേറ്റീവ് ഇന്‍വെസറ്റുമെന്റ്) നടത്തിയവര്‍ക്ക് മാത്രമാണ് വലിയ ലാഭം കൈവരിക്കുവാനായത്. പൊതു-സ്വകാര്യ മൂലധന പങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കപ്പെട്ട ഈ പദ്ധതി കേരളത്തില്‍ പുതിയ വരേണ്യ ഭരണവര്‍ഗത്തിന്റെ ആവിര്‍ഭാവത്തിനുള്ള തുടക്കമായിരുന്നു എന്നും കരുതാവുന്നതാണ്. ഉന്നത രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വം, വന്‍കിട വിദേശമലയാളി ബിസിനസ്സുകാര്‍, തദ്ദേശീയരായ വന്‍കിട ബിസിനസ്സുകാര്‍ എന്നിവര്‍ ചേര്‍ന്നതാണ് ഈ പുതിയ ഭരണവര്‍ഗം. പുതിയ വരേണ്യതയുടെ താല്‍പര്യാര്‍ത്ഥം രൂപപ്പെടുന്ന പദ്ധതികള്‍ സംസ്ഥാനത്തിന്റെ മൊത്തം വികസനത്തിന്റെ ലേബലില്‍ അവതരിപ്പിക്കപ്പെടുന്ന സാഹചര്യം കേരളത്തില്‍ ഇപ്പോള്‍ പരക്കെ കാണാനാവുന്നു. സംസ്ഥാനത്തെ നയരൂപീകരണ പ്രക്രിയയില്‍ 'നെടുമ്പാശ്ശേരി മോഡല്‍' ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കേരളത്തിലെ ഭരണവര്‍ഗ വചനസദസ്സുകളില്‍ ഏറ്റവും സ്വീകാര്യമായ മാതൃകയായും നെടുമ്പാശ്ശേരി മോഡല്‍ കൊണ്ടാടപ്പെടുന്നു.  

പ്രളയത്തില്‍ മുങ്ങിയ നെടുമ്പാശ്ശേരി വിമാനത്താവളം / Photo : Pti

സാമ്പത്തികവും, സാങ്കേതികവും, പാരിസ്ഥിതികവുമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താല്‍ നീതീകരിക്കാനാവത്ത സില്‍വര്‍ലൈന്‍ പാത പുതിയ വരേണ്യതയുടെ താല്‍പ്പര്യാര്‍ത്ഥം രൂപപ്പെടുന്ന പദ്ധതികളുടെ മാതൃകയായി കരുതേണ്ടി വരും. അവയുമായി ബന്ധപ്പെട്ട മറ്റൊരു ലേഖനം ഇതേ ലക്കത്തില്‍ കൈകാര്യം ചെയ്യുന്നതിനാല്‍ അവ സംബന്ധിച്ച വിശദാംശങ്ങളിലേക്കു കടക്കുന്നില്ല. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളും, പാരിസ്ഥിതികമായ മുന്‍ഗണനകളും തീര്‍ത്തും അവഗണിക്കുന്ന സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതി തികച്ചും വിനാശകരങ്ങളായ പ്രളയങ്ങള്‍ 2018, 2019 വര്‍ഷങ്ങളില്‍ സംഭവിച്ചതാണെന്ന തിരിച്ചറിവന്റെ ലാഞ്ചന പോലും പുലര്‍ത്തുന്നില്ലെന്നതാണ് ഖേദകരം. സില്‍വര്‍ലൈന്‍ പദ്ധതിയുടെ നാനാ വശങ്ങളെ പറ്റിയും കേരളത്തിലെ പൗരസമൂഹം ഗൗരവമായ ആലോചനകള്‍ നടത്തേണ്ടതുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിലുള്ള ഇന്റര്‍ഗവമെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) ഏറ്റവും പുതിയ റിപോര്‍ട്ട് നല്‍കുന്ന വ്യക്തമായ സന്ദേശം. ഐപിസിസിയുടെ ഏറ്റവും പുതിയ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ കാലാവസ്ഥ വ്യതിയാനവും രാഷ്ട്രീയസമ്പദ്ഘടനയുമായുള്ള ബന്ധവും വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടതല്‍ വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്നു കരുതപ്പെടുന്നു. വ്യവസായ നാഗരികതയുടെ ആവിര്‍ഭാവത്തിനു ശേഷം സംഭവിക്കുന്ന 'മനുഷ്യനിര്‍മിതമായ' കാലാവസ്ഥ വ്യതിയാനം ഭൂമിയിലെ ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന തലത്തില്‍ എത്തിയെന്ന ഖണ്ഡിതമായ വിലയിരുത്തലാണ് ഐപിസിസി റിപ്പോര്‍ട്ടിന്റെ സവിശേഷത.

തിരിച്ചുപോക്കിന് സാധ്യതയില്ലാത്ത വിധം യാഥാര്‍ത്ഥ്യമായ വ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്ന ദുരന്തങ്ങളുടെ തീവ്രതയും വ്യാപ്തിയും പരമാവധി ലഘൂകരിക്കുക മാത്രമാണ് പോംവഴിയൈന്ന അടിവരയിടുന്ന റിപ്പോര്‍ട്ട് അതിന് ആവശ്യമായ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്ന മുന്നറിയിപ്പും നല്‍കുന്നു. കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ പുതിയതല്ലെന്ന കാര്യം ഏവര്‍ക്കും അറിയുന്നതാണ്. ഒഴിവുകഴിവുകള്‍ക്ക് ഒട്ടും പ്രസക്തിയില്ലാതായ ഗുരുതരമായ വിപത്തുകളുടെ ദുരന്തമുഖത്താണ് ഭൂമിയിലെ ആവാസവ്യവസ്ഥ എത്തിനില്‍ക്കുതെന്ന വെളിപ്പെടുത്തലാണ് ഇപ്പോഴത്തെ മുന്നറിയിപ്പിനെ വ്യത്യസ്തമാക്കുന്ന ഘടകം. പണ്ഡിതോചിതമായ സംവാദങ്ങള്‍ മാത്രമല്ല മനുഷ്യരുടെ ജീവിതരീതിയുടെ ഗുണനിലവാരം നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങളുടെയും പ്രയോഗങ്ങളുടെയും തലങ്ങളില്‍ അടിയന്തിരവും, സൃഷ്ടിപരവുമായ അഴിച്ചുപണികള്‍ അനിവാര്യമാണെന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളത്തിലെ രണ്ടു പ്രളയങ്ങളും, കാലവര്‍ഷത്തിന്റെ ലഭ്യതയിലും സമയക്രമത്തിലും സംഭവിച്ച മാറ്റങ്ങളും മറ്റനേകം സംഭവവികാസങ്ങളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള ദുരന്തങ്ങള്‍ വിദൂരഭാവിയില്‍ നടക്കാനിരിക്കുന്ന സാധ്യത മാത്രമല്ലെന്നു വ്യക്തമായി രേഖപ്പെടുത്തുന്നു. വന്‍കിട നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട  ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ പാരിസ്ഥിതിക ആഘാതത്തെ പറ്റിയുള്ള വിലയിരുത്തലുകള്‍ സുപ്രധാന ഘടകമായി തിരിച്ചറിയപ്പെടുന്ന കാലഘട്ടത്തിലാണ് സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ പരിസ്ഥിതിക്ക് ഹാനികരമല്ലെന്ന ലാഘവബുദ്ധി നിറഞ്ഞ അവകാശവാദങ്ങള്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങള്‍ പുലര്‍ത്തുന്നത്.

മൂലധനത്തിന്റെ ലാഭേച്ഛയാണ് ഈ ദുരവസ്ഥയുടെ മുഖ്യഹേതവെന്നു ചൂണ്ടിക്കാട്ടുന്ന കൂട്ടര്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം ഭൂമിയിലെ മൊത്തം മനുഷ്യരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതിലെ അധാര്‍മികത ചൂണ്ടിക്കാണിക്കുന്നു.

ദേശീയപാത വികസനത്തിന്റെ  ഭാഗമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നു.

മനുഷ്യരടക്കമുള്ള ജന്തു-സസ്യജാലങ്ങളുടെ വാസയോഗ്യമായ സ്ഥലമെന്ന നിലയിലുള്ള ഭൂമിയിലെ ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിനെ തകിടം മറിക്കുന്ന തരത്തില്‍ കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന വിഷയങ്ങളെ രണ്ടു വിധത്തില്‍ സമീപിക്കാവുന്നതാണ്. പ്രപഞ്ചോല്‍പ്പത്തിയുടെ പരിണാമവും വാസയോഗ്യമായ ഭൂമിയുടെ ആവാസ വ്യവസ്ഥയുടെ ആവിര്‍ഭാവവും മനസ്സിലാക്കുവാന്‍ സഹായിക്കുന്ന വിജ്ഞാന ശാഖകളുടെ അറിവുകളെ ഉള്‍ക്കൊള്ളുന്ന വിശാലമായ ക്യാന്‍വാസിലുള്ള സമീപനമാണ് ഒരു മാര്‍ഗം. ഗഹനങ്ങളായ വൈജ്ഞാനിക വിഷയങ്ങളെന്ന നിലയിലാവും അത്തരമൊരു സമീപനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ജ്ഞാനോല്‍പ്പാദനത്തിന്റെ ഊന്നല്‍. വൈജ്ഞാനിക മണ്ഡലങ്ങളില്‍ രൂപപ്പെടുന്ന ഗഹനങ്ങളായ അറിവുകളും കണ്ടെത്തലുകളും മനുഷ്യരാശിയുടെ ദൈനംദിന ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിനെയും, സ്വാധീനിക്കുന്നതിനെയും എങ്ങനെ വിലയിരുത്തുമെന്നതാണ് രണ്ടാമത്തെ സമീപനം. അത്തരമൊരു സമീപനത്തിന്റെ ഭാഗമായി വരുന്ന വിഷയങ്ങളിലൊന്നാണ് രാഷ്ട്രീയ-സമ്പദ്ശാസ്ത്രം. കാലാവസ്ഥ വ്യതിയാനത്തിന് നിദാനമായ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനം രാഷ്ട്രീയ-സമ്പദ്ഘടനയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നു മാത്രമല്ല കാലാവസ്ഥ വ്യതിയാനത്തെകുറിച്ചുള്ള സംവാദങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുകയും ചെയ്യുന്നതിന്റെ സാഹചര്യമിതാണ്.

വ്യവസായ നാഗരികതയുടെ ഭാഗമായി മനുഷ്യര്‍ നടത്തിയ ഇടപെടലുകള്‍ ഭൂമിയിലെ ആവാസ വ്യവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് നിദാനമായെന്ന അര്‍ത്ഥത്തില്‍ ഇപ്പോഴത്തെ കാലഘട്ടത്തെ ആന്ത്രോപൊസീന്‍ അഥവാ മനുഷ്യയുഗമെന്നു നാമകരണം ചെയ്യണമെന്ന വാദം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പണ്ഡിത സദസ്സുകളില്‍ സജീവ വിഷയമാണ്. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമാക്കുന്ന മൂലധന താല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ ദുര്യോഗത്തിനുള്ള കാരണമെന്നു വാദിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തെ ക്യാപിറ്റലോസിന്‍ അഥവാ മൂലധനയുഗം എന്നു വിശേിപ്പിക്കണമെന്നു വാദിക്കുന്നു. മൂലധനത്തിന്റെ ലാഭേച്ഛയാണ് ഈ ദുരവസ്ഥയുടെ മുഖ്യഹേതവെന്നു ചൂണ്ടിക്കാട്ടുന്ന കൂട്ടര്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഉത്തരവാദിത്തം ഭൂമിയിലെ മൊത്തം മനുഷ്യരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതിലെ അധാര്‍മികത ചൂണ്ടിക്കാണിക്കുന്നു. വിഖ്യാത അമേരിക്കന്‍ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെഫ്രി സെന്റ്ക്ലയറിന്റെ അഭിപ്രായത്തില്‍ 1965-നു ശേഷം ലോകത്തെ മൊത്തം കാര്‍ബണ്‍ നിര്‍ഗമനത്തിന്റെ 35 ശതമാനവും (480 ബില്യ ടണ്‍) 20 ബഹുരാഷ്ട്ര കമ്പനികളുടെയും, പെന്റഗണിന്റെയും മാത്രം സംഭാവനയായിരുന്നു. (3) 'മുതലാളിത്തത്തെ പറ്റി നിശ്ശബ്ദത പുലര്‍ത്തുവര്‍ ഫാസിത്തെ പറ്റിയും മൗനം പാലിക്കണമെന്ന' മാക്‌സ് ഹെര്‍ഖൈമറുടെ (5) നിരീക്ഷണത്തെ ഇപ്പോഴത്തെ സാഹചര്യത്തില്‍ 'മുതലാളിത്തത്തെ പറ്റി നിശ്ശബ്ദത പുലര്‍ത്തുവര്‍ കാലാവസ്ഥ വ്യതിയാനത്തെ പറ്റിയും നിശ്ശബ്ദത പാലിക്കണമെന്നു' മാറ്റിപ്പറയേണ്ടി വരുമെന്നു കരുതിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. കേരളത്തില്‍ ഒട്ടും ക്ഷാമമില്ലാത്ത വികസന ചര്‍ച്ചകളുടെ സങ്കല്‍പ്പനങ്ങളും, പരിപ്രേക്ഷ്യങ്ങളും ഗൗരവമായ പുനര്‍വിചിന്തനം ആവശ്യപ്പെടുന്നതിന്റെ സാഹചര്യമിതാണ്. സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയസമ്പദ്ശാസ്ത്രം വിശകലനം ചെയ്യുവാന്‍ കുലീനവല്‍ക്കരണം പോലുള്ള സങ്കല്‍പ്പനങ്ങള്‍ സഹായകമാവുന്നതിന്റെ സാഹചര്യവും ഇതാണ്.

പെട്ടിമുടിയില്‍ പ്രളയകാലത്ത് നടന്ന രക്ഷാപ്രവര്‍ത്തനം. / Photo : Pti

കേരളത്തില്‍ അരങ്ങേറിയ കുലീനവല്‍ക്കരണത്തിന്റെ ഒന്നാംഘട്ടം 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തോടെ തളര്‍ച്ചയിലായെന്ന നിഗമനം ഇപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ഒരു ദശകത്തിലധികമായി കേരളത്തില്‍ നിലനില്‍ക്കുന്ന തളര്‍ച്ചയും, അനിശ്ചിതത്വവും മുതലാളിത്ത സമ്പദ്ഘടന ആഗോള-ദേശീയ തലങ്ങളില്‍ നേരിടുന്ന പ്രതിസന്ധികളും, വൈരുദ്ധ്യങ്ങളുമായി പ്രത്യക്ഷമായും, പരോക്ഷമായും ബന്ധപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവും കുറവല്ല. കുലീനവല്‍ക്കരണത്തിന്റെ ഒന്നാം ഘട്ടത്തിന്റെ പ്രതിസന്ധിയുടെ സൂചകമായും ഇതിനെ കണക്കാക്കപ്പെടുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീമമായ മൂലധന നിക്ഷേപത്തിന്റെ പിന്‍ബലം അവകാശപ്പെടുന്ന സില്‍വര്‍ലൈന്‍ കുലീനവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ പ്രതീകമായി കണക്കാക്കുന്നതിന്റെ പ്രസക്തി. കുലീനവല്‍ക്കരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ പ്രകടമായിരുന്ന ആസൂത്രണമില്ലായ്മക്കും, കെട്ടുറപ്പിനും പകരം സംഘടിതവും, ആസൂത്രിതവുമായ പദ്ധതിയായി കുലീനവല്‍ക്കരണത്തിന്റെ രണ്ടാം ഘട്ടം ഉരുത്തിരിയുന്നതിന്റെ സൂചനയായും ഈ പദ്ധതിയെ കണക്കാക്കാവുന്നതാണ്. ദുരന്തങ്ങളെ നിക്ഷേപത്തിനുള്ള അവസരമായി പരിവര്‍ത്തനപ്പെടുത്താനുള്ള മുതലാളിത്തത്തിന്റെ ശേഷിയും, പരിസ്ഥിതി നാശം പൊതുജനരോഗ്യ അടിയന്തരാവസ്ഥയായും (കോവിഡ്) അനുഭവപ്പെടുന്ന കാലഘട്ടത്തില്‍ സുസ്ഥിര വികസനത്തെ കുറിച്ചുള്ള ചിന്തകളും, പ്രവര്‍ത്തനങ്ങളും ഭരണകൂട സംവിധാനങ്ങളുടെ പൊള്ളയായ വാചകങ്ങളില്‍ മാത്രമായി ഒതുക്കാനാവില്ല. കേരളത്തിലെ ജനങ്ങളുടെ സമഗ്രമായ അഭിവൃദ്ധിയും, കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയുടെയും, സസ്യ-ജന്തു വംശങ്ങളുടെയും പരിരക്ഷയും ലക്ഷ്യമാക്കുന്ന രാഷ്ട്രീയ-സാമ്പത്തിക ബദല്‍ഭാവനകളുടെ സാധ്യതകള്‍ എന്താണെന്ന ഉത്ക്കണ്ഠകള്‍ ഐപിസിസി-യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നു.        


കുറിപ്പുകള്‍

1: ജെന്‍ട്രിഫിക്കേഷന്‍ എന്ന സങ്കല്‍പ്പനത്തിന്റെ വെളിച്ചത്തില്‍ കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക മേഖലയിലെ കഴിഞ്ഞ 25-കൊല്ലത്തെ മാറ്റങ്ങളെപ്പറ്റിയുള്ള ഒരു പഠനത്തിന്റെ ആമുഖമായി 2019 നവംബര്‍ 10-16-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇതില്‍ പറയുന്ന ആശയങ്ങള്‍ പങ്കു വച്ചിരുന്നു. കുലീനവല്‍ക്കരണം ജെന്‍ട്രിഫിക്കേഷന് പറ്റിയ മലയാളം അല്ലെന്നു ഈ ആശയം പങ്കു വച്ച രണ്ടു സുഹൃത്തുക്കള്‍ പറഞ്ഞുവെങ്കിലും ഉചിതമായ മറ്റൊരു പദം കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ തല്‍ക്കാലം വേറെ നിര്‍വാഹമില്ല.    
2: RFP: റിക്വസ്റ്റ് ഫോര്‍ പ്രപ്പോസല്‍. വലിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള സാധ്യതയുള്ള കമ്പനികളുടെ സന്നദ്ധത അറിയുന്നതിനുള്ള മാര്‍ഗം
3: ജെഫ്രി സെന്റ്ക്ലയര്‍: റോമിംഗ് ചാര്‍ജസ്. കൗണ്ടര്‍പഞ്ച്, ആഗസ്റ്റ് 13, 2021
4: ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂള്‍ ചിന്തകരില്‍ പ്രമുഖന്‍  
     
നീല്‍ സ്മിത്ത്: ദ ന്യൂ അര്‍ബന്‍ ഫ്രോണ്ടിയര്‍: ജെന്‍ട്രിഫിക്കേഷന്‍ ആന്റ് ദ റീവാഞ്ചിസ്റ്റ് സിറ്റി (1996), അണ്‍ഇവന്‍ ഡെവലപ്പ്‌മെന്റ്: നേച്ചര്‍, ക്യാപിറ്റല്‍ ആന്റ് പ്രൊഡക്ഷന്‍ ഓഫ് പബ്ലിക് സെപ്‌യസസ് (1990), ഡേവിഡ് ഹാര്‍വി: റിബല്‍ സിറ്റീസ്: ഫ്രം ദ റൈറ്റു ടു ദ സിറ്റി ടു ദ അര്‍ബന്‍ റെവലൂഷന്‍  (2012), ആന്‍ഡി മെറിഫീല്‍ഡ്: ദ ന്യു അര്‍ബന്‍ ക്വസ്റ്റ്യന്‍ (2014), നവോമി ക്ലെയന്‍: ഷോക് ഡോക്ട്രിന്‍; റൈസ് ഓഫ് ഡിസാസ്റ്റര്‍ ക്യാപിറ്റലിസം തുടങ്ങിയ കൃതികള്‍ ഈ ലേഖനം തയ്യാറാക്കുന്നതിന് ഏറെ ഉപകരിച്ചു

Leave a comment