TMJ
searchnav-menu
post-thumbnail

Gentrification

കമ്മട്ടിപ്പാടം കാട്ടിയ മണ്ണിന്റെ കുലീനവത്കരണം

25 Aug 2021   |   1 min Read

രാജീവ് രവിയുടെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം, ഒരേസമയം നിരൂപകശ്രദ്ധ നേടുകയും വാണിജ്യപരമായി വിജയിക്കുകയും ചെയ്ത സിനിമയായിരുന്നു. ഇന്ത്യൻ നഗരങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന നഗരവൽക്കരണപ്രക്രിയകളുടെ ഭാഗമായുള്ള പുറന്തള്ളലുകളിലേക്ക് തിരിച്ചുവെച്ച ഒരു കണ്ണാടിയായാണ് ഈ സിനിമയെ കാണേണ്ടത്. ഈ പുറന്തള്ളലുകൾ പ്രായോഗികാർത്ഥത്തിൽ ഭൂമിശാസ്ത്രപരവുമാണെന്ന് പറയാം. വിപണിപദ്ധതികളിലൂടെ നഗരപ്രദേശങ്ങൾ വരേണ്യരിലേക്ക് വിതരണം ചെയ്യപ്പെടുന്ന 'ജെൻട്രിഫിക്കേഷൻ' പ്രക്രിയയാണിത്. കേരളത്തിന്റെ അതിവേഗം വളരുന്ന നഗരകേന്ദ്രമായ കൊച്ചിയുടെ പശ്ചാത്തലത്തിൽ, അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ഇടങ്ങൾ ഏതുവിധേനയാണ് വരേണ്യർ കൈയടക്കുന്നതെന്നും, ആ ഇടങ്ങളിലെ കീഴാളരെ അത് എങ്ങനെയെല്ലാമാണ് ബാധിക്കുന്നതെന്നും ഈ സിനിമയുടെ കഥ സമർത്ഥമായി പറഞ്ഞിരിക്കുന്നു

തന്റെ ചെറുപ്പകാലത്തെ സുഹൃത്തായ ഗംഗയെ (വിനായകൻ) തിരഞ്ഞ് കമ്മട്ടിപ്പാടത്തേക്ക് തിരിച്ചെത്തുന്ന കൃഷ്ണന്റെ (ദുൽക്കർ സൽമാൻ) കാഴ്ചയിലൂടെയാണ് കമ്മട്ടിപ്പാടത്തിന്റെ കഥ വികസിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതസന്ദർഭങ്ങളുടെ വിശദീകരണം ദളിത് തൊഴിലാളികൾ താമസിച്ചിരുന്ന ഒരു കേന്ദ്രത്തിന്റെ പരിവർത്തനം കൂടി രേഖപ്പെടുത്തിപ്പോകുന്നു. നടപ്പ് നൂറ്റാണ്ടിന്റെ ആദ്യദശകത്തിന്റെ പകുതിയോടെ സംഭവിച്ച റിയൽ എസ്റ്റേറ്റ് വളർച്ചയാണ് പശ്ചാത്തലം. വിപണിയിലേക്കെത്തിയ ദല്ലാൾ മൂലധനം നിക്ഷേപസാധ്യതയുള്ള ഭൂമി ആർത്തിപൂണ്ട് തിരഞ്ഞുനടക്കുന്ന സമയം. ഈ പരിണതിയിൽ നിന്ന് വിട്ടുനിൽക്കാൻ കമ്മട്ടിപ്പാടത്തിനും സാധിക്കുന്നില്ല. മൂലധനത്തിന്റെ എല്ലാം കവരുന്ന സഹജവാസനയ്ക്കു മുമ്പിൽ കീഴടങ്ങുകയല്ലാതെ ദളിത് പ്രദേശങ്ങൾക്ക് വേറെ വഴികളുണ്ടായിരുന്നില്ല. ഇതോടെ കമ്മട്ടിപ്പാടത്ത് ജെൻട്രിഫിക്കേഷനുള്ള നിലമൊരുങ്ങുന്നു. 

ഗവേഷകനായ ആഷർ ഘെർനർ പറയുന്നത് പ്രകാരം വികസ്വരരാജ്യങ്ങളിൽ ജെൻട്രിഫിക്കേഷൻ പരിപാടി (gentrification process) മൂന്ന് പ്രക്രിയകളിലൂടെയാണ് സാധ്യമാകുന്നത്. അടച്ചുകെട്ടൽ, കുടിയിറക്കൽ, സ്വകാര്യവൽക്കരണം എന്നിങ്ങനെയുള്ള ഈ മൂന്ന് പരിണതികളെ വളരെ വ്യക്തമായി ഈ സിനിമയിൽ കാണാവുന്നതാണ്. ഈ ചിത്രത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത സന്ദർഭങ്ങളെ സ്ഥലകാലബദ്ധമാക്കി ഉറപ്പിച്ചു നിർത്തിയതാണ്. കൃഷ്ണന്റെയും ഗംഗയുടെയും അവരുടെ സുഹൃത്തുക്കളുടെയും ജീവിതകാലത്തിന്റെ വിവിധ ഘട്ടങ്ങളെ കാണിച്ചു കൊണ്ടാണ് സിനിമ അതിന്റെ കാലം വിവരിക്കുന്നത്. ഈ കഥാപാത്രങ്ങളുടെ കുട്ടിക്കാലവും കൗമാരകാലവും ഏറ്റവുമൊടുവിൽ അവർ നാൽപ്പതുകളുടെ തുടക്കത്തിലെത്തി നിൽക്കുന്ന കാലവുമെല്ലാം ചേർന്ന് ചിത്രത്തിന്റെ സമയസന്ദർഭങ്ങളെ വ്യക്തമാക്കുന്നു. ഈ മൂന്ന് കാലങ്ങളെയാണ് ഒരു നഗരത്തിന്റെ പുറമ്പോക്കിന്റെ സാമൂഹിക സ്ഥലപരിണതികളെ വിവരിക്കാനായി സിനിമ ഉപയോഗിക്കുന്നത്.

ഗംഗ: ഇതാണ് നമ്മുടെ വീട്ടിലേക്കുള്ള വഴി. വഴിയൊക്കെ ചെറുതായിപ്പോയി. നോക്ക്!… രണ്ട് കൊല്ലം കൊണ്ടാണ് എല്ലാം നടന്നത്. അവർ (റിയൽ എസ്റ്റേറ്റ് ഏജന്റുമാർ) വന്ന് എല്ലാം അടച്ചുകെട്ടി

കൃഷ്ണന്റെയും ഗംഗയുടെയും ചെറുപ്പകാലത്തെ കമ്മട്ടിപ്പാടം സമൃദ്ധമായ പച്ചപ്പാടങ്ങളും അതിലെ സാധാരണ ജീവിതങ്ങളും അടങ്ങുന്നതാണ്. അവർക്ക് ഒളിച്ചുകളിക്കാനും മറ്റും വിശാലമായ സ്ഥലം അവിടെയുണ്ട് (കമ്മട്ടിപ്പാടം എന്ന സ്ഥലപ്പേരിലുള്ള 'പാടം' തന്നെ സൂചിപ്പിക്കുന്നത് അന്നത്തെ ഭൂമിശാസ്ത്രത്തെയാണല്ലോ). ഗാങ്സ്റ്ററിസത്തിലേക്ക് ഗംഗയെയും കൃഷ്ണനെയും എത്തിക്കുന്നത് ബാലനാണ്. ഗംഗയുടെ സഹോദരനാണയാൾ. നിയമവിരുദ്ധമായ രീതിയിൽ ഒരു ചെറുകിട മദ്യവിൽപ്പനശൃംഖല നടത്തുന്ന സുരേന്ദ്രനു വേണ്ടിയാണ് ബാലൻ പ്രവർത്തിക്കുന്നത്. 

സമൃദ്ധവും ഹരിതാഭവുമായ ഭൂമിയായിരുന്നു കമ്മട്ടിപ്പാടം
ഗംഗ ജനിച്ച വീട്. പറമ്പിന്റെ ഒരുമൂലയിൽ വീട്ടിൽ നിന്നും കുറച്ചകലെയായാണ് കിണറുള്ളത്.

നായകൻ തന്റെ ഇരുപതുകളിൽ ഒരു ജയിൽകാലയളവ് കഴിഞ്ഞ് കമ്മട്ടിപ്പാടത്തേക്ക് തിരിച്ചുവരുമ്പോൾ അവിടുത്തെ ഭൂമിശാസ്ത്രത്തിൽ വന്ന മാറ്റം പ്രകടമായിരുന്നു. താൻ പോകുമ്പോൾ സമൃദ്ധമായിരുന്ന പച്ചപ്പ് കാണാനേയില്ല. പാടങ്ങളെല്ലാം വിൽപ്പനയ്ക്കുള്ള പ്ലോട്ടുകളായി വളച്ചു കെട്ടപ്പെട്ടു. സ്ഥലത്തെ താമസക്കാർക്ക് ഉപയോഗയോഗ്യമായ സ്ഥലങ്ങൾ ഏറെ ചുരുങ്ങിപ്പോയി. ഗംഗയ്ക്കൊപ്പം മോട്ടോർസൈക്കിളോടിച്ച് തന്റെ കുട്ടിക്കാലത്തെ കളിസ്ഥലത്തേക്ക് വരുന്ന കൃഷ്ണൻ അന്തിച്ചു പോകുന്നു. മുള്ളുവേലി കൊണ്ട് തിരിച്ചുകെട്ടിയ നിരവധി പ്ലോട്ടുകളാണ് കൃഷ്ണൻ കാണുന്നത്. ഗംഗയുടെ വീട്ടിലേക്കുള്ള വഴി ചെറുതായി മാറിയിരിക്കുന്നു.

കൃഷ്ണൻ: ഇതെന്താടാ. ഇവിടെ ആകെ മാറിപ്പോയി. എനിക്കീ വഴിതന്നെ
മനസ്സിലാകുന്നില്ല.

ഗംഗ: ഇതാണ് നമ്മുടെ വീട്ടിലേക്കുള്ള വഴി. വഴിയൊക്കെ ചെറുതായിപ്പോയി. നോക്ക്!... രണ്ട് കൊല്ലം കൊണ്ടാണ് എല്ലാം നടന്നത്. അവർ (റിയൽ എസ്റ്റേറ്റ് ഏജന്റുമാർ) വന്ന് എല്ലാം അടച്ചുകെട്ടി

യൌവനകാലത്ത് ഗംഗയുടെ വീട്. വീടിനും മുള്ളുവേലിക്കും ഇടയിൽ പുതിയ കിണർ കാണാം.

കൃഷ്ണനും ഗംഗയും അവരുടെ നാൽപ്പതുകളിലെത്തിയ സമയമാണ് സിനിമയിലെ വർത്തമാനകാലം. തിരിച്ചറിയാൻ കഴിയാത്തവിധം കമ്മട്ടിപ്പാടം മാറിയിരിക്കുന്നു. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന അപ്പാർട്ട്മെന്റ് കോംപ്ലക്സുകളാണ് സ്ഥലത്തിന്റെ ഇപ്പോഴത്തെ മുഖം. വഴികളെല്ലാം പിന്നെയും ഇടുങ്ങിയിരിക്കുന്നു. ഗംഗയുടെ വീട്ടിലേക്കുള്ള ഇടുങ്ങിയ വഴിയുടെ ഒരു വശത്ത് വലിയൊരു കോൺക്രീറ്റ് മതിലാണ്. ഗംഗയുടെ വീടിന് ചെറിയൊരു പറമ്പു പോലുമില്ല. കിണർ കാണാനില്ല. ഗംഗയുടേതടക്കമുള്ള വീടുകൾ നിൽക്കുന്ന ചെറിയ കഷ്ണം ഭൂമി അപ്പാർട്ടുമെന്റുകൾക്കിടയിൽ ഞെരുങ്ങിപ്പോയിരിക്കുന്നു. 

ആദ്യഘട്ട വളച്ചുകെട്ടലുകൾ നടക്കുന്ന സമയത്തെ കമ്മട്ടിപ്പാടം
പുതിയ കമ്മട്ടിപ്പാടം. തന്റെ വീടിനു മുമ്പിലുള്ള വലിയ മതിലിൽ ഇരിക്കുന്ന ഗംഗ. ചുറ്റും അപ്പാർട്ട്മെന്റ് കോംപ്ലക്സുകൾ.

കമ്മട്ടിപ്പാടത്തെ ഭൂസ്വത്തിന്റെയും അധികാരത്തിന്റെയും സാമൂഹ്യബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം സമാനമായ ഇന്ത്യൻ ഇടങ്ങളെക്കുറിച്ചുള്ളതു കൂടിയാണ്. 'അക്കാണും മാമലയൊന്നും നമ്മുടെതല്ലെൻ മകനേ' എന്ന പാട്ട് ഇത് അത്രയും വിശദമാക്കുന്നു.

ഗംഗയുടെ വീട്ടിലേക്കുള്ള വഴി ഇപ്പോൾ ഇത്രയും ഇടുങ്ങിയതാണ്

നഗരത്തിന്റെ അതിവേഗതയിലുള്ള ആക്രാമകമായ വളർച്ച സിനിമ വിവരിക്കുന്നു. സ്വകാര്യ മൂലധനം കുടിയൊഴിപ്പിക്കലുകൾക്കായി ഉപയോഗിച്ച തന്ത്രങ്ങളെ വെളിപ്പെടുത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ബാലൻ കുടിയൊഴിപ്പിക്കാൻ ചെല്ലുമ്പോൾ അതിനെ ചെറുക്കുന്ന യുവാവുമായുള്ള സംഭാഷണം ഇങ്ങനെ പോകുന്നു:

ബാലൻ: എന്താണ്ടപ്പ? നല്ല വെല തരാന്ന് അന്ന് പറഞ്ഞതല്ലേ. പിന്നെന്താ വെറുതെ അലമ്പുണ്ടാക്കുന്നത്?

യുവാവ്: ചേട്ടാ. എറണാകുളം സിറ്റിയില് കൂലിപ്പണിയെടുത്ത് ജീവിക്കണ ആൾക്കാരാണ് ഞങ്ങ. നിങ്ങ തരണ കാശിന് കെടപ്പാടം വിറ്റാൽ ഈ എറണാകുളം സിറ്റിയില് എവിടെപ്പോയി ജീവിക്കാനാണ്? വഴിയാധാരായിപ്പോവും.

ബാലൻ: അതൊന്നും ഞങ്ങൾക്കറിയേണ്ട. വേണമെങ്കിൽ കുറച്ച് കാശുകൂടി തരും. നീ കോളനിക്കാരെയൊക്കെ പറഞ്ഞ് സമാധാനപ്പെടുത്ത്. അതല്ലെങ്കി നീ ഞങ്ങടെ തനിനിറം കാണും. കേട്ടാ!

യുവാവ്: ചേട്ടൻ ചുമ്മാ പേടിപ്പിക്കാതെ. നിങ്ങ എന്തൊക്കെ പറഞ്ഞാലും ഞങ്ങ ഇവിടുന്ന് പോവൂല്ല. എനിക്ക് തന്നോടൊന്നും വർത്തമാനം പറഞ്ഞ് കളയാൻ സമയവുമില്ല.വിട്ടോ.

വരേണ്യവൽക്കരണ പ്രക്രിയകൾ സജീവമാകുന്നതോടെ നഗരത്തിന്റെ ഉൾപ്രദേശങ്ങളിലെ ഭൂമിവില വൻതോതിൽ ഉയരുന്നു. ചിലയാളുകൾ ഈ ഉയർന്ന വില വാങ്ങി സ്ഥലം വിറ്റ് വിലക്കുറവുള്ള മറ്റിടങ്ങളിലേക്ക് മാറാനുള്ള ഒരവസരം കാണും. അത് മിക്കപ്പോഴും നഗരത്തിൽ നിന്ന് ഏറെ വിട്ടുമാറിയുള്ള പ്രദേശങ്ങളായിരിക്കും. ദളിതർ പാർക്കുന്ന ഇടമെന്ന 'ദുഷ്പേരു'ള്ള കമ്മട്ടിപ്പാടം പോലുള്ള സ്ഥലങ്ങൾക്ക് അടുത്തുള്ള മൂല്യമേറിയ ഭൂമികളെക്കാൾ താഴ്ത്തിയാണ് വില കാണുക. ദളിത് വിഭാഗങ്ങളുടെ ചരിത്രപരമായ കുറഞ്ഞ വിലപേശൽ ശേഷിയും ഇതിന് കാരണമാകുന്നു. അത്രിദ്രുതമായറിയൽ എസ്റ്റേറ്റ് വളർച്ചയുടെകാലത്തും ഈ ഭൂമികളുടെ വില ഒരു പരിധി വിട്ട് ഉയരുകയില്ല. ഇക്കാരണങ്ങളാൽ തന്നെ സ്വകാര്യമൂലധനത്തിന് ഏറ്റവും എളുപ്പത്തിൽ പിടിച്ചെടുക്കാവുന്ന കേന്ദ്രങ്ങളായി ദളിത് ഇടങ്ങൾമാറുന്നു. താമസക്കാർ സ്വയം മാറിയില്ലെങ്കിൽ അവരെ അക്രമത്തിലൂടെ നീക്കുന്നതും എളുപ്പമാണ്. 

ആശാനെ, നിസ്സാര വിലയ്ക്ക് നമ്മൾ വാങ്ങിച്ച സ്ഥലത്തൊക്കെ വലിയ വലിയ കെട്ടിടങ്ങൾ വന്നു. പക്ഷെ, അവിടെയൊക്കെ താമസിച്ചിരുന്നവരുടെ അവസ്ഥയെന്താണെന്ന് അറിയുമോ? മാനംമര്യാദയ്ക്ക് കുടുംബത്ത് താമസിച്ചിരുന്നവർ
ഇപ്പോൾ കടത്തിണ്ണയിലും ചെറ്റക്കുടിലിലും കൊതുകുകടിയും കൊണ്ട് കിടക്കുകയാണ്.

കമ്മട്ടിപ്പാടത്തെ നാഗരിക ഇടങ്ങളുടെ പുനഃക്രമീകരണത്തിനൊപ്പം അവിടുത്തെ താമസക്കാരുടെ പുനർവിതരണവും നടക്കുന്നു. അവിടങ്ങളിൽ പാർത്തുവന്നിരുന്ന ദളിത്
കമ്മട്ടിപ്പാടത്തെ നാഗരിക ഇടങ്ങളുടെ പുനഃക്രമീകരണത്തിനൊപ്പം അവിടുത്തെ താമസക്കാരുടെ പുനർവിതരണവും നടക്കുന്നു. അവിടങ്ങളിൽ പാർത്തുവന്നിരുന്ന ദളിത് വിഭാഗങ്ങൾക്കു പകരം ഉയർന്ന ജാതിവിഭാഗങ്ങളിൽ പെട്ട വരേണ്യർ എത്തിച്ചേരുന്നു. നമ്മുടെ സാമൂഹ്യഘടനയിൽ ഉൾച്ചേർന്നിരിക്കുന്ന അസമത്വത്തെക്കുറിച്ചും പറയുന്നു. സുരേന്ദ്രൻ ഇപ്പോൾ താമസിക്കുന്നത് ഒരു ഗേറ്റഡ് കമ്യൂണിറ്റിയിലാണ്. അകത്തുകടക്കാൻ അനുവാദം വേണം. പണക്കാരനായ ബിസിനസ്സുകാരനായി അയാൾ മാറി. എന്നാൽ, ഗംഗ ഇപ്പോഴും ഒരു ഗാങ്സ്റ്ററായി ജീവിക്കുയാണ്. 20 വർഷം മുമ്പ് തുടങ്ങിയ ഇടത്തിൽ തന്നെയാണയാൾ. അയാളുടെ ഭാര്യ ഒരു പെട്രോൾ പമ്പിൽ ജോലി നോക്കുകയാണ്. സുരേന്ദ്രൻ ഗണ്യമായ സാമ്പത്തിക വളർച്ച നേടി. അതെസമയം അധഃകൃതർ തങ്ങളുടെ ഭൂമിയിൽ നിന്നും കുടിയൊഴിക്കപ്പെട്ട് സാധാരണ തൊഴിലുകളിലേക്ക് തള്ളപ്പെട്ടു. 

ഗംഗ മത്തായിയോട് ഒരു പ്ലോട്ടിലേക്ക് ചൂണ്ടി പറയുന്നു: ദാ ആ കിടക്കുന്ന സ്ഥലം കണ്ടോ. അത് രാമന്റെ മൂന്ന് സെന്റ്. (മറ്റൊരു പ്ലോട്ടിലേക്ക് വിരൽചൂണ്ടി) ഈ മൂന്ന് സെന്റ് ഉണ്ണിയേട്ടന്റെ മൂന്ന് മക്കളുടേതായിരുന്നു.

കമ്മട്ടിപ്പാടത്തെ ഭൂസ്വത്തിന്റെയും അധികാരത്തിന്റെയും സാമൂഹ്യബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന ഈ ചിത്രം സമാനമായ ഇന്ത്യൻ ഇടങ്ങളെക്കുറിച്ചുള്ളതു കൂടിയാണ്. 'അക്കാണും മാമലയൊന്നും നമ്മുടെതല്ലെൻ മകനേ' എന്ന പാട്ട് ഇത് അത്രയും വിശദമാക്കുന്നു. 'നമ്മൾ ഭ്രഷ്ടരായ പുലയാടികൾക്ക് ഇവിടെ ഒന്നും സ്വന്തമായിട്ടില്ല. നമ്മുടെ ഭാവനകൾ പോലും നമുക്ക് സ്വന്തമല്ല' എന്ന് ഗാനം പറയുന്നു. ശ്രേണീബദ്ധമായ അസമത്വം നിലനിൽക്കുന്ന ഒരു സാമൂഹ്യക്രമത്തിൽ ഒരു സാമ്പത്തിക കേന്ദ്രീകരണം നടക്കുമ്പോൾ ആരായിരിക്കും വിജയികളും പരാജിതരുമെന്ന് ഈ ചിത്രം തീവ്രതരമായി വരച്ചുകാട്ടുന്നു.  ചിത്രത്തിലെ ഓരോ സീനുകളും സ്വയം സംസാരിക്കുന്നവയാണ്. വരേണ്യവൽക്കരണ പ്രക്രിയയുടെയും നാഗരിക പുറന്തള്ളലുകളുടെയും വിവിധ അടരുകളെ അതിന്റെ തനിമ ചോരാതെ സിനിമയുടെ സൗന്ദര്യവിതാനങ്ങളിലേക്ക് അതിവിദഗ്ധമായി സന്നിവേശിപ്പിച്ച ഒരു രാഷ്ട്രീയ പ്രയോഗം തന്നെയായിരുന്നു കമ്മട്ടിപ്പാടമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

(അല: കേരളസ്റ്റഡീസ്ബ്ലോഗിൽ വന്ന ലേഖനത്തിന്റെ മലയാളപരിഭാഷ.
വിവർത്തനം ചെയ്തത് സന്ദീപ് കരിയൻ )

Leave a comment