സംവരണത്തിന് അര്‍ഹനല്ല: ദേവികുളം എംഎല്‍എ എ രാജ അയോഗ്യനെന്ന് ഹൈക്കോടതി വിധി
ദേവികുളം നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. എംഎല്‍എ എ രാജ സംവരണത്തിന് അര്‍ഹനല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബെഞ്ച് ഫലം റദ്ദാക്കിയത്. ജസ്റ്റിസ് പി സോമരാജന്റേതാണ് വിധി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമായ രാജ പട്ടിക ജാതി സംവരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജി. ക്രിസ്തീയ ജീവിത രീതി പിന്തുടരുന്ന രാജ പട്ടിക ജാതി സംവരണത്തിന് അര്‍ഹനല്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. സിപിഎം എംഎല്‍എ ആയ രാജ എണ്ണായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുപ്പ് ജയിച്ചത്. ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ചെങ്കിലും ഉപതെരഞ്ഞെടുപ്പ് ഉടനുണ്ടാകില്ല. വിധിക്കെതിരായി എ രാജ സുപ്രീം കോടതിയെ സമീപിക്കാനാണ് സാധ്യത.
ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്ന സങ്കീര്‍ണ്ണമായ നിയമ പ്രശ്‌നമാണ് ക്രിസ്തുമതത്തിലേക്കും ഇസ്ലാമിലേക്കും പരിവര്‍ത്തനം ചെയ്ത പട്ടിക ജാതിക്കാരുടെ സംവരണം. ദലിത് ക്രൈസ്തവര്‍ക്ക് പട്ടിക ജാതി സംവരണം ലഭ്യമാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിനു മുന്നില്‍ ഒരു പൊതു താല്‍പര്യ ഹര്‍ജിയും പരിഗണനയിലുണ്ട്. എന്നാല്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്ക് സംവരണം നല്‍കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്ര അധ്യക്ഷനായ കമ്മീഷന്‍ ഈ വിഷയം വിശദമായി പഠിച്ചിരുന്നു. മറ്റു മതങ്ങളിലേക്കു മാറിയവര്‍ക്കും പട്ടിക ജാതി സംവരണം നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍ തങ്ങള്‍ ഇത് അംഗീകരിക്കുന്നില്ലെന്നും, വിഷയം പഠിക്കുന്നതിനായി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ കമ്മീഷനെ പുതുതായി നിയോഗിച്ചിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ഒക്ടോബറില്‍ നിയോഗിക്കപ്പെട്ട കമ്മീഷന് രണ്ടു വര്‍ഷത്തെ കാലാവധിയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ ഹിന്ദു, സിഖ്, ബുദ്ധ എന്നീ മതങ്ങളില്‍ പെട്ടവര്‍ക്ക് മാത്രമാണ് ഭരണഘടനാപരമായി പട്ടിക ജാതി സംവരണത്തിന് അര്‍ഹത. എന്നാല്‍, ജാതി എന്നത് മതംമാറ്റം കൊണ്ടു മാഞ്ഞുപോകാത്ത സാമൂഹ്യ വിവേചനമാണെന്നാണ് സംവരണത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.