പൂക്കാലത്തിനൊപ്പം ബൊക്കെ നിര്‍മാണവും
കനകക്കുന്നിലെ പ്രവേശനകവാടം മുതല്‍ സന്ദര്‍ശകര്‍ക്കായി വ്യത്യസ്തയിനം പൂക്കളുടെ വര്‍ണക്കാഴ്ചകളാണ്. കനകക്കുന്ന് കൊട്ടാരവളപ്പില്‍ ഒരുക്കിയിരിക്കുന്ന കട്ട് ഫ്‌ളവര്‍ പുഷ്പവേദിയില്‍ ദിവസങ്ങളോളം വാടാതെനില്‍ക്കുന്ന ഓര്‍ക്കിഡ്, ജിഞ്ചര്‍ ജില്ലി, ആന്തൂറിയം, ഹെലികോനിയ, ടൂലിപ്‌സ്, ഹൈഡ്രാഞ്ചിയ തുടങ്ങിയ പുഷ്പങ്ങള്‍ വിവിധ തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കേരളീയത്തില്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന വേദികൂടിയാണിത്.
പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് പ്രദര്‍ശനം. തടിയില്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളത്തിലും, ഈറ കൊണ്ടുണ്ടാക്കിയ മുറം, പായ, വട്ടി എന്നിവയിലുമാണ് വ്യത്യസ്തങ്ങളായ ബൊക്കെകള്‍ തീര്‍ത്തിരിക്കുന്നത്. ഇതിനു പുറമെ കട്ട് ഫ്‌ളവര്‍ അറേഞ്ച്‌മെന്റ് മത്സരവും നടക്കുന്നുണ്ട്. പരിപാടിയുടെ ആദ്യ രണ്ടു ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായാണ് മത്സരം നടത്തിയത്. ശനിയും ഞായറും വിദ്യാര്‍ത്ഥികള്‍ക്കാണ്.