കാണികളില്‍ വസന്തം വിരിയിച്ച് പുഷ്പമേള
പൂക്കള്‍കൊണ്ട് അണിയിച്ചൊരുക്കിയ ഗാന്ധിജിയും വേഴാമ്പലും ചുണ്ടന്‍ വള്ളവും തെയ്യവുമായി 'കേരളീയ'ത്തിന്റെ ആകര്‍ഷണകേന്ദ്രമായി മാറിയിരിക്കുകയാണ് പുഷ്പമേള. ജനക്കൂട്ടത്തിന്റെ പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യങ്കാളി ഹാള്‍, എല്‍.എം.എസ്. കോമ്പൗണ്ട്, ജവഹര്‍ ബാലഭവന്‍ എന്നീ ആറു വേദികളിലായിട്ടാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ ആറിടങ്ങളില്‍ പുഷ്പ ഇന്‍സ്റ്റലേഷനും ഏഴു പ്രധാന ജങ്ഷനുകളിലായി പൂക്കള്‍കൊണ്ടുള്ള വിളംബരസ്തംഭങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കനകക്കുന്നില്‍ കടുവയും ഗാന്ധിജിയും പുത്തരിക്കണ്ടത്ത് ചുണ്ടന്‍ വള്ളവും ടാഗോര്‍ തിയറ്ററില്‍ തെയ്യവും എല്‍.എം.എസ് പള്ളിയുടെ മുന്‍പില്‍ വേഴാമ്പലും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരളീയം ലോഗോയുമാണ് പുഷ്പ ഇന്‍സ്റ്റലേഷനുകളായി ഒരുക്കിയിട്ടുള്ളത്. കനകക്കുന്നില്‍ പുഷ്പങ്ങളുടെ അലങ്കാരവും ഫ്‌ളോറിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരുടെ മത്സരങ്ങളും നടക്കും. വെള്ളയമ്പലം, കനകക്കുന്ന് കൊട്ടാരം, എല്‍.എം.എസ്, രാമറാവു ലാംപ്, പി.എം.ജി, പാളയം രക്തസാക്ഷി മണ്ഡപം, സ്റ്റാച്യു മാധവറാവു പ്രതിമ, തമ്പാനൂര്‍ പൊന്നറ ശ്രീധര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് വിളംബരസ്തംഭങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
ഒരുലക്ഷത്തോളം ചെടികളാണ് കനകക്കുന്നിലും മറ്റ് അഞ്ചുവേദികളിലുമായി കാഴ്ചയ്ക്ക് കൗതുകമൊരുക്കുന്നത്. ഇതോടൊപ്പം പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, മ്യൂസിയം, മൃഗശാല, സെക്രട്ടേറിയറ്റ്, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കാര്‍ഷിക സര്‍വകലാശാല, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, പൂജപ്പുര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളും കേരളീയം പുഷ്പമേളയുടെ ഭാഗമാകുന്നുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന പ്രദര്‍ശനത്തിന് പ്രവേശം സൗജന്യമാണ്.