ആറന്മുള വള്ളസദ്യയുമായി ടേസ്റ്റ് ഓഫ് കേരള
ചരിത്ര പ്രസിദ്ധമായ ആറന്മുള സദ്യയുടെ രുചി തലസ്ഥാന നഗരിക്കും പ്രദാനം ചെയ്യുകയാണ് കേരളീയത്തിലൂടെ. ഏത്തക്കാ ഉപ്പേരി, ചേന, ചേമ്പ് ഉപ്പേരികള്‍, അവിയല്‍, പഴം നുറുക്ക്, വെള്ളരിക്ക, ബീറ്റ്‌റൂട്ട് കിച്ചടികള്‍, അച്ചാറുകള്‍, സാമ്പാര്‍, പുളിശ്ശേരി തുടങ്ങി 50 കൂട്ടം വിഭവങ്ങളോടെയുള്ള സദ്യയാണ് ഒരുക്കിയിരിക്കുന്നത്. ചോതി കാറ്ററേഴ്സ് ആണ് ആറന്മുള വള്ളസദ്യയുടെ സംഘാടകര്‍. പുത്തരിക്കണ്ടം മൈതാനത്തെ 'ടേസ്റ്റ് ഓഫ് കേരള' ഫുഡ് ഫെസ്റ്റിലാണ് ആറന്മുള വള്ളസദ്യ ഒരുക്കിയിരിക്കുന്നത്.
സദ്യയ്ക്കു പുറമെ നാടന്‍ പലഹാരങ്ങള്‍ മുതല്‍ മുസാബ ബിരിയാണി വരെ നീളുന്ന നൂറിലേറെ വിഭവങ്ങളും സന്ദര്‍ശകര്‍ക്കായി രുചിയുടെ വൈവിധ്യം തീര്‍ക്കുന്നുണ്ട്. കോഴി പൊരിച്ചത്, മുട്ടസുര്‍ക്ക, ചീപ്പ് അപ്പം, ചിക്കന്‍ ചുക്കപ്പം കോമ്പോയുടെ 'ചിക്കന്‍ കേരളീയ'നാണ് ടേസ്റ്റ് ഓഫ് കേരളയിലെ വേറിട്ട വിഭവം; വില 150 രൂപയും. കാഞ്ഞങ്ങാടുനിന്നുള്ള രാബിത്തയുടെ ഷിഫാ കാറ്ററിംഗിന്റെ ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്‌സ്, പാലട പായസത്തിനും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലബാര്‍ സ്‌റ്റൈല്‍ മട്ടനും ചിക്കന്‍ പൊള്ളിച്ചതും വറുത്തരച്ച കോഴിക്കറിയും ഇവിടത്തെ പ്രത്യേകതയാണ്.
ബിരിയാണികള്‍ക്ക് മാത്രമായി 'കോഴിക്കോടിന്റെ മുഹബത്ത്' സന്ദര്‍ശകരെ കാത്തിരിക്കുന്നു. ചിക്കന്‍ ലഗോണ്‍ ദം ബിരിയാണി, സ്‌പെഷ്യല്‍ ചിക്കന്‍ മുസാബ ബിരിയാണി, മട്ടന്‍ ബിരിയാണി, തലശ്ശേരി ദം ബിരിയാണി അങ്ങനെ പലതരം ബിരിയാണികളുടെ കലവറയാണ് ഒരുക്കിയിട്ടുള്ളത്.
കാസര്‍ഗോട്ടെ ആപ്പിള്‍ പായസവും ലഭ്യമാണ്. ഇതിനൊക്കെ പുറമെ കേരളത്തിന്റെ തനത് ചമ്പാ, ഗോതമ്പ്, മരുന്ന് കഞ്ഞി വിഭവങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മില്ലറ്റ് ഇനത്തില്‍പ്പെടുന്ന തിന ബിരിയാണിക്ക് 60 രൂപയാണ് നിരക്ക്. തിന കഞ്ഞിയും, പായസവും, കൂവരക് പൊടിയും, റാഗി ഔലോസ് പൊടിയും അടക്കം വിവിധ ചെറുധാന്യ ഉത്പന്നങ്ങള്‍ക്കായും സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. അച്ചാറുകള്‍, ആവിയില്‍ വേവിക്കുന്ന വിഭവങ്ങള്‍, ഉന്നക്കായ, ഇലാഞ്ചി, ചട്ടിപത്തിരി, ഇറാനിപോള, കിണ്ണത്തപ്പം തുടങ്ങിയ തനത് വിഭവങ്ങളും ടേസ്റ്റ് ഓഫ് കേരളയെ വേറിട്ടതാക്കുന്നു.