കാഴ്ചയ്‌ക്കൊപ്പം രുചിയുമേകി ഭക്ഷ്യമേള
കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചികള്‍ സമന്വയിപ്പിച്ച ഭക്ഷ്യമേളയാണ് കേരളീയത്തില്‍ ഒരുക്കിയിരിക്കുന്നത്. എകെജി സെന്റര്‍ മുതല്‍ സ്‌പെന്‍സര്‍ ജംഗ്ഷന്‍ വരെയും സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെയും സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഒമ്പത് വേദികളിലായി 11 ഭക്ഷ്യമേളകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോന്നിലും15 സ്റ്റാളില്‍ വീതം ഉള്‍പ്പെടുത്തി ആകെ 150 ഓളം ഭക്ഷണശാലകള്‍ സജ്ജമാക്കും.
മാനവീയം വീഥിയില്‍ പരമ്പരാഗത കേരളീയ ഭക്ഷണങ്ങളും പഴയ അടുക്കള സാമഗ്രികളും പ്രദര്‍ശിപ്പിക്കുന്ന 'പഴമയുടെ തനിമ' യും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫൈവ് സ്റ്റാര്‍ ഫെസ്റ്റിവലും നടക്കുന്നുണ്ട്. പാരമ്പര്യ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുന്ന മേളകള്‍, കുടുംബശ്രീയുടെ ഭക്ഷ്യമേളകള്‍, പാലും പാലുത്പ്പന്നങ്ങളും മത്സ്യോത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന ഭക്ഷ്യമേളകള്‍, സഹകരണ വകുപ്പും കാറ്ററിംഗ് അസോസിയേഷനും സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകള്‍ തുടങ്ങി വിവിധതരം മേളകള്‍ ഉണ്ട്. ഇവ കൂടാതെ പാചക മത്സരങ്ങളും കനകക്കുന്നില്‍ സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യമേളയുടെ ഭാഗമായി മത്സ്യവിഭവങ്ങള്‍ രുചിയോടെ ആസ്വദിക്കാന്‍ കേരളീയം സി ഫുഡ് ഫെസ്റ്റിവലും പുരോഗമിക്കുന്നു. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍ (സാഫ്), സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, മത്സ്യഫെഡ് എന്നീ ഏജന്‍സികളുടെ സഹായത്തോടെ എല്‍.എം.എസ് കോമ്പൗണ്ടിലാണ് സ്റ്റാളുകള്‍ ഒരുക്കിയിട്ടുള്ളത്. കരിമീന്‍ ഫ്രൈ, ചെമ്മീന്‍ ബിരിയാണി, ഫിഷ് പുട്ട്, സാന്‍വിച്ച്, കപ്പ മീന്‍ കറി, ഉണക്ക മത്സ്യങ്ങള്‍, അച്ചാറുകള്‍, ചമ്മന്തി, കക്ക റോസ്റ്റ്, ഫിഷ് കട്ട്ലെറ്റ്, ഫിഷ് സമോസ തുടങ്ങി കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ വിവിധ മത്സ്യ വിഭവങ്ങളാല്‍ സമ്പന്നമാണ് സീ ഫുഡ് ഫെസ്റ്റ്.