സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രവുമായി പെണ്‍കാലങ്ങള്‍
ചരിത്രം രേഖപ്പെടുത്താതെ വിസ്മരിക്കപ്പെട്ടുപോയ ഒട്ടേറെ പെണ്‍ജീവിതങ്ങളുടെ കഥ പറയുകയാണ് കേരളീയം വേദിയിലെ പെണ്‍കാലങ്ങള്‍. കേരളത്തിന്റെ സ്ത്രീ മുന്നേറ്റ-പോരാട്ട ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തല്‍ ഒരുക്കിയിരിക്കുന്നത് വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലാണ്. മാറുമറയ്ക്കല്‍ സമരം മുതല്‍ ആരംഭിച്ച സ്ത്രീ പോരാട്ട ചരിത്രങ്ങളിലൂടെ ഇന്ന് എത്തിനില്‍ക്കുന്ന പെണ്‍ജീവിതത്തിലെ വിജയഗാഥ വെര അടയാളപ്പെടുത്തിയിട്ടുണ്ട്.
രാഷ്ട്രീയം, സാഹിത്യം, സിനിമ, മാധ്യമം, വൈജ്ഞാനിക മേഖല, കായികം, ശാസ്ത്ര സാങ്കേതിക രംഗം, ഭരണ നിര്‍വഹണരംഗം, നീതിന്യായരംഗം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുള്ള സ്ത്രീകളെ ആദരിക്കുകയും സര്‍ക്കാരുകളുടെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഈ പെണ്‍വഴികളെ എങ്ങനെ ഗുണപരമായി മാറ്റിത്തീര്‍ത്തു എന്ന അന്വേഷണവും എക്‌സിബിഷന്റെ ഭാഗമായിട്ടുണ്ട്. ഫോട്ടോ എക്‌സിബിഷനും വീഡിയോ പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയ്യങ്കാളി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നവംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.