TMJ
searchnav-menu
post-thumbnail

Keraleeyam

കേരളീയത്തിന്റെ സന്ദേശവുമായി കെ റണ്‍ മൊബൈല്‍ ഗെയിം

04 Nov 2023   |   1 min Read
TMJ News Desk

കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമെമ്പാടുമുള്ള യുവാക്കളില്‍ എത്തിക്കാന്‍ ആവിഷ്‌കരിച്ച മൊബൈല്‍ ഗെയിം കെ റണ്‍ (കേരള എവലൂഷന്‍ റണ്‍) ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പഴയകാല കേരളത്തില്‍ നിന്ന് ആധുനിക കേരളത്തിലേക്കുള്ള യാത്രയായാണ് കെ റണ്‍ ഗെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗെയിമിന്റെ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തിന്റെ പഴയകാലവും മധ്യകാലവും ആധുനിക കാലവും ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ നേട്ടങ്ങളും അഭിമാന പദ്ധതികളും ഈ യാത്രയില്‍ കാഴ്ചകളായി അണിനിരക്കും. പ്രശസ്തമായ റണ്‍ ഗെയിമുകളുടെ മാതൃകയിലാണ് കേരളീയം മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ഗെയിം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

കെ.എസ്.ആര്‍.ടി.സി, കൊച്ചി മെട്രോ, വാട്ടര്‍മെട്രോ, വിമാനത്താവളം തുടങ്ങി ഗതാഗത മേഖലയുടെ ദൃശ്യവല്‍ക്കരണം ഗെയിമില്‍ ഒരുക്കിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യബന്ധനം തുടങ്ങി സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ മേഖലകള്‍ ഗെയിമിന്റെ ഭാഗമാകും. ആകര്‍ഷകമായ ത്രീഡി അസറ്റുകള്‍, വിഷ്വല്‍ എഫക്ട്‌സ്, സ്‌പെഷ്യല്‍ ഓഡിയോ തുടങ്ങിയവ ഗെയിമിനു മാറ്റുകൂട്ടുന്നു.

ഗെയിമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കിയാല്‍ ബോണസ് പോയിന്റും ലഭിക്കും. വിനോദത്തിലൂടെ വിജ്ഞാനം എന്നതാണ് ഗെയിമിന്റെ ലക്ഷ്യം. കേരളീയം എന്ന സങ്കല്‍പ്പത്തില്‍ ഊന്നിയാണ് നിലവില്‍ ഗെയിമെങ്കിലും ഭാവിയില്‍ സംസ്ഥാനത്തിന്റെ മറ്റു വികസന സന്ദേശങ്ങള്‍ ഉള്‍പ്പെടുത്താനാകും വിധമാണ് രൂപകല്‍പ്പന.  

ആന്‍ഡ്രോയ്ഡ്, വെബ് ആപ്‌ളിക്കേഷനുകളാണ് നിലവില്‍ പൂര്‍ത്തിയായത്. ഗൂഗിള്‍ പ്‌ളേ സ്റ്റോറില്‍ 'K-Run' എന്നു സെര്‍ച്ച് ചെയ്ത് ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാം. വൈകാതെ ഐ.ഒ.എസ് പ്ലാറ്റ്‌ഫോമിലും ലഭ്യമാകും.  ഇന്‍ഫിനിറ്റി റണ്ണര്‍ ഗെയിം ആയിട്ടാണ് കെ റണ്ണിന്റെ രൂപകല്‍പ്പന.  കേരളീയം മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി സ്റ്റാര്‍ട്ട് അപ് കമ്പനിയായ എക്‌സ്.ആര്‍.ഹൊറൈസണുമായി ചേര്‍ന്ന് ആണ് ഗെയിം ഡെവലപ് ചെയ്തത്.

കനകക്കുന്ന് പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായിരുന്നു. ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍,ഐ.ബി സതീഷ് എം.എല്‍.എ, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. എക്‌സ്.ആര്‍. ഹൊറൈസണ്‍ സി.ഇ.ഒ ഡെന്‍സില്‍ ആന്റണി ഗെയിമിന്റെ സവിശേഷതകള്‍ വിശദീകരിച്ചു.

#Keraleeyam 2023
Leave a comment