TMJ
searchnav-menu
post-thumbnail

keraleeyam 2023 Food Festival

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

03 Nov 2023   |   1 min Read
TMJ News Desk

കേരളീയം ഭക്ഷ്യമേള ഫുഡ് ടൂറിസത്തിന് ഭാവിയില്‍ മുതല്‍ക്കൂട്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ഭക്ഷ്യമേള ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഉള്ളത്. ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി പഞ്ചനക്ഷത്ര ഹോട്ടലുകളെ ഉള്‍പ്പെടുത്തുന്നത്. കേരളത്തിന്റെ പ്രത്യേകത വൈവിധ്യങ്ങളായ ഭക്ഷണങ്ങളാണെന്നും ലോകസഞ്ചാരികള്‍ക്ക് സംസ്ഥാനത്തെ പരിചയപ്പെടുത്താന്‍ കേരളീയം ഭക്ഷ്യമേള മികച്ച വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഫൈവ് സ്റ്റാര്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ബ്രാന്‍ഡഡ് സിഗ്‌നേച്ചര്‍ വിഭവങ്ങള്‍ അടക്കം വന്‍ വിലക്കിഴിവില്‍ ലഭ്യമാകും. ഹൈസിന്ത്, ഗോകുലം ഗ്രാന്റ്, കെ.ടി.ഡി.സി മാസ്‌കോട്ട്, ലീല റാവിസ്, ഹില്‍റ്റണ്‍ പഞ്ചനക്ഷത്ര ഹോട്ടലുകളാണ് കേരളീയത്തിന്റെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ പഞ്ചനക്ഷത്ര ഫുഡ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. വൈകിട്ട് നാലുമുതല്‍ 10 വരെയാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. കേരളീയം ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ എ.എ റഹിം എംപി, കണ്‍വീനര്‍ ശിഖ സുരേന്ദ്രന്‍, യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം.ഷാജര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിന്റെ വൈവിധ്യമാര്‍ന്ന രുചികള്‍ സമന്വയിപ്പിച്ച ഭക്ഷ്യമേളയാണ് കേരളീയത്തില്‍ ഒരുക്കിയിരിക്കുന്നത്. എകെജി സെന്റര്‍ മുതല്‍ സ്‌പെന്‍സര്‍ ജംഗ്ഷന്‍ വരെയും സ്‌പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ വാന്റോസ് ജംഗ്ഷന്‍ വരെയും സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ് സജ്ജീകരിക്കും. ഒമ്പതു വേദികളിലായി 11 ഭക്ഷ്യമേളകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോന്നിലും 15 സ്റ്റാള്‍ വീതം ഉള്‍പ്പെടുത്തി ആകെ 150 ഓളം ഭക്ഷണശാലകളാണ് ഒരുക്കിയിരിക്കുന്നത്. മാനവീയം വീഥിയില്‍ പരമ്പരാഗത കേരളീയ ഭക്ഷണങ്ങളും പഴയ അടുക്കള സാമഗ്രികളും പ്രദര്‍ശിപ്പിക്കുന്ന 'പഴമയുടെ തനിമ' യും ഒരുക്കിയിട്ടുണ്ട്. പാരമ്പര്യ  ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കുന്ന മേളകള്‍, കുടുംബശ്രീയുടെ ഭക്ഷ്യമേളകള്‍, പാലും പാലുത്പ്പന്നങ്ങളും മത്സ്യോത്പന്നങ്ങളും ഉള്‍ക്കൊള്ളുന്ന ഭക്ഷ്യമേളകള്‍, സഹകരണ വകുപ്പും കാറ്ററിംഗ് അസോസിയേഷനും സംഘടിപ്പിക്കുന്ന ഭക്ഷ്യമേളകള്‍ തുടങ്ങി വിവിധതരം മേളകള്‍ നടക്കുന്നുണ്ട്. ഇവ കൂടാതെ പാചക മത്സരങ്ങളും കനകക്കുന്നില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

#Keraleeyam 2023
Leave a comment