സാമൂഹിക സുരക്ഷിതത്വത്തിനായി പുതുകേരള മോഡല്‍
നവകേരള സങ്കല്‍പ്പം തുല്യതയില്‍ അധിഷ്ഠിതമായതും മുതിര്‍ന്ന പൗരന്‍മാരെയും ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തെയും ഉള്‍ക്കൊള്ളുന്നതുമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സമഭാവനയില്‍ അധിഷ്ഠിതമായ സാമൂഹിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതുകേരള മോഡല്‍ വികസിപ്പിക്കുന്നതിനു വയോജന ഭിന്നക്ഷേമ വിഭാഗങ്ങളുടെ ക്ഷേമം എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അരികുവല്‍കൃത സമൂഹങ്ങളെ ഉള്‍ക്കൊള്ളുകയും അവരുടെ പുനരധിവാസം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനും ആവശ്യമായ നിര്‍ദേശങ്ങള്‍ സെമിനാറില്‍ നിന്നു പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. വയോജന ക്ഷേമം എന്ന വിഷയത്തെ പ്രത്യേകം അഭിസംബോധന ചെയ്യേണ്ടത് സാമൂഹിക നീതി വകുപ്പിന്റെ ഉത്തരവാദിത്തമാണ്. വയോജന ആരോഗ്യ നിലവാരം ഇന്ത്യയിലേറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. സര്‍വീസ്, ക്ഷേമ പെന്‍ഷനുകള്‍ വയോജന ജീവിതനിലവാരത്തെ ഉയര്‍ത്തുന്നതായും മന്ത്രി പറഞ്ഞു
ഭിന്നശേഷി, വയോജനങ്ങള്‍, ട്രാന്‍സ് ജന്‍ഡര്‍ സമൂഹങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് കേരളം സ്വീകരിക്കുന്നതെന്ന് സാമൂഹിക നീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് പറഞ്ഞു. ജനസംഖ്യയില്‍ 12.9 ശതമാനം വയോജനങ്ങളുള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യരംഗത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളിലൂടെ ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതിന്റെ നേട്ടമാണിത്.
അന്തസോടെയും സുരക്ഷിതത്വത്തോടെയും ജീവിക്കുന്നതിന് പാര്‍ശ്വവല്‍കൃത സമൂഹങ്ങളെ പ്രാപ്തരാക്കുന്നതിനുള്ള ശ്രമങ്ങളാണ് സാമൂഹിക നീതി വകുപ്പ് പിന്തുടരുന്നത്.
വയോജനങ്ങളെ ബാധ്യതയായി കാണുന്ന സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് ഹെല്‍ പേജ് ഇന്ത്യ, പോളിസി റിസര്‍ച്ച് ആന്‍ഡ് അഡ്വക്കേറ്റിംഗ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധി അനുപമ ദത്ത പറഞ്ഞു. ഈ മേഖലയിലെ പ്രശംസാവഹമായ പദ്ധതികള്‍ നടപ്പിലാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ഡിജിറ്റല്‍ സാക്ഷരത വയോജനങ്ങളില്‍ വ്യാപകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനം ഊര്‍ജിതമാക്കണം. വയോജനങ്ങളുടെ മാനസികാരോഗ്യത്തിന് പ്രത്യേക ഊന്നല്‍ നല്‍കേണ്ടതുണ്ട്. വയോജനങ്ങളായ സ്ത്രീകളെ സ്വയം പര്യാപ്തരാക്കാന്‍ പ്രത്യേകശ്രദ്ധ നല്‍കണമെന്നും അനുപമ വ്യക്തമാക്കി.
ഭൗതിക തടസ്സങ്ങള്‍, മനോഭാവത്തിലുള്ള പോരായ്മകള്‍ എന്നിവ ഇല്ലാതാക്കിക്കൊണ്ടാകണം ഭിന്നശേഷി സമൂഹത്തെ ശാക്തീകരിക്കേണ്ടതെന്ന് ഡിജിറ്റല്‍ ശ്രുതി ഡിസബിലിറ്റി റൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഷമ്പ സെന്‍ ഗുപ്ത അഭിപ്രായപ്പെട്ടു. വനിതകളായ ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവമായി കാണണം. കുടുംബത്തിനുള്ളില്‍ നിന്നുതന്നെ അതിക്രമം നേരിടുന്ന സാഹചര്യം നിലവിലുണ്ടെന്നും ഷമ്പ പറഞ്ഞു. ഇത്തരം അതിക്രമങ്ങളുടെ ക്രൈം ഡാറ്റ പ്രത്യേകമായി സൂക്ഷിക്കുകയും പഠന വിധേയമാക്കുകയും ചെയ്യണമെന്നും ഷമ്പ അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യം, പോഷകാഹാര വിതരണം എന്നിവയാണ് ജീവിതദൈര്‍ഘ്യം കൂടാന്‍ സഹായിച്ചതെന്ന് നിംഹാന്‍സ്
പ്രൊഫസര്‍ സഞ്ജീവ് ജയന്‍ അഭിപ്രായപ്പെട്ടു. മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രായം കൂടുന്തോറും മാനസികാരോഗ്യം വര്‍ധിപ്പിക്കാന്‍ വേണ്ട നടപടി കേരളം സ്വീകരിക്കണമെന്ന് സഞ്ജീവ് ജയിന്‍ കൂട്ടിച്ചേര്‍ത്തു.
വരുമാനശേഷി ഇല്ലാത്തവരെന്ന നിലയില്‍ ഭിന്നശേഷിക്കാര്‍ ദാരിദ്ര്യത്തില്‍ ജീവിക്കേണ്ടിവരുന്ന സാഹചര്യം ഗൗരവകരമാണെന്ന് സെന്റര്‍ ഫോര്‍ ഇന്‍ക്ലൂസീവ് പോളിസി പ്രതിനിധി മീനാക്ഷി ബാലസുബ്രഹ്‌മണ്യം അഭിപ്രായപ്പെട്ടു. ഭിന്നശേഷി വിഭാഗത്തിലെ ഓരോ വ്യക്തികളുടെയും പ്രശ്നങ്ങള്‍ വ്യത്യസ്തമാണെന്ന തിരിച്ചറിവ് പ്രധാനമാണ്. ആംഗ്യ ഭാഷയെക്കൂടി ഭരണഘടനാപരമാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കേരളം കൂടുതലായി ഇടപെടലുകള്‍ നടത്തണമെന്നും മീനാക്ഷി പറഞ്ഞു.