TMJ
searchnav-menu
post-thumbnail

keraleeyam 2023 seminars

ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയുന്നുവെന്ന് സെമിനാര്‍

06 Nov 2023   |   2 min Read
TMJ News Desk

ലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിനും കുടിവെള്ള, ജലസേചന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുമാണ് കേരളം ഊന്നല്‍നല്‍കുന്നതെന്ന് 'ജലവിഭവ രംഗം' വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ വരുംകാല ജല ആവശ്യങ്ങളെ നിറവേറ്റാന്‍ കഴിയുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയണം. ഉപയോഗശൂന്യമായ കനാലുകള്‍, ജലസംഭരണികള്‍ തുടങ്ങിയവ കാലാനുസൃതമായി നവീകരിക്കണം. കുടിവെള്ള വിതരണത്തോടൊപ്പം മെച്ചപ്പെട്ട ജലസേചന സൗകര്യങ്ങളും ഒരുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ജലവിഭവ സംരക്ഷണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ സംസ്ഥാനമാണ് കേരളമെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ് അഭിപ്രായപ്പെട്ടു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ സംഭരണശേഷി കൂടിയ ജലസംഭരണികള്‍ കേരളത്തിന് ആവശ്യമാണ്. ഇതോടൊപ്പം ജലമലിനീകരണത്തിന്റെ തോത് കുറയ്ക്കാനും കഴിയണം. നെതര്‍ലാന്‍ഡ്സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളുമായും ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുമായും വിവിധ ജലവിഭവ പദ്ധതികളില്‍ കേരളം സഹകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവകരമായി സമീപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് എക്സ് ഒഫീഷ്യോ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി സുധീര്‍ ചൂണ്ടിക്കാട്ടി. 018ലെ പ്രളയം കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണത സമൂഹത്തെ ബോധ്യപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ തോതില്‍ ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു നിര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല. പ്രളയത്തെ നേരിടേണ്ടി വരുന്ന അതേ ജനത അധികം വൈകാതെ വരള്‍ച്ചയെയും നേരിടേണ്ടി വരുമെന്നത് ഗൗരവമായി കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഭൂഗര്‍ഭജലം കുറയുന്നത് ആശങ്കാജനകമാണെന്ന് സെന്‍ട്രല്‍ ഗൗണ്ട് വാട്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സുനില്‍കുമാര്‍ അംബസ്റ്റ് അഭിപ്രായപ്പെട്ടു. നഗരവല്‍ക്കരണം, ജനസംഖ്യ, ആളോഹരി ഉപഭോഗം എന്നിവയിലുണ്ടായ വര്‍ധനവാണ് ഇതിന് കാരണം. ഭൂഗര്‍ഭജല സംരക്ഷണത്തിനുള്ള മികച്ച സാങ്കേതിക മാതൃകകള്‍ നടപ്പിലാക്കാന്‍ കേരളം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിന്റെ നദീതടങ്ങളിലും ജലദൗര്‍ലഭ്യം നേരിടുന്നതായി കാരുണ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഇ ജെ ജെയിംസ് അഭിപ്രായപ്പെട്ടു. കിണര്‍ വെള്ളത്തെ ആശ്രയിക്കുന്ന രീതിക്ക് പകരം ജലവിതരണ പദ്ധതികള്‍ വ്യാപകമാക്കണം. ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മ അണുക്കളുടെ സാന്നിദ്ധ്യം കിണര്‍ വെള്ളത്തില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഒഴിവാക്കുന്നതിന് കിണറുകള്‍ ശുചിയാക്കുന്ന പ്രവര്‍ത്തനം സമയബന്ധിതമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ കെഎസ്‌സിഎസ്ടിഇ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മനോജ് പി സാമുവല്‍, റൂര്‍ക്ക നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി ഡയറക്ടര്‍ ഡോ. സുധീര്‍ കുമാര്‍, പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രോളജി സയന്റിസ്റ്റ് ഡോ. സ്വപ്ന പണിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

#Keraleeyam 2023
Leave a comment