TMJ
searchnav-menu
post-thumbnail

keraleeyam-2023-exhibitions

കൊച്ചി വാട്ടര്‍ മെട്രോ തലസ്ഥാനത്തും

03 Nov 2023   |   1 min Read
TMJ News Desk


കൊ
ച്ചിയുടെ അഭിമാനമായ വാട്ടര്‍ മെട്രോയെ അടുത്തറിയാന്‍ തലസ്ഥാന നഗരവാസികള്‍ക്കും അവസരമൊരുക്കിയിരിക്കുകയാണ് കേരളീയത്തില്‍. അണക്കെട്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍, ഇടുക്കി അണക്കെട്ടിന്റെ മാതൃക, കായലിന്റെ സൗന്ദര്യം ആസ്വദിച്ച് പൊതുജനങ്ങള്‍ക്ക് വാട്ടര്‍ മെട്രോയില്‍ കയറാനുള്ള അവസരവുമുണ്ട്. കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസില്‍ ഉപയോഗിക്കുന്ന ബോട്ട് തന്നെയാണ് ഇവിടെയും എത്തിച്ചിരിക്കുന്നത്.

ജലസംരക്ഷണ ക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടര്‍ മെട്രോയെ തലസ്ഥാന നഗരിക്കും പരിചയപ്പെടുത്തുന്നത്. കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാണ് വാട്ടര്‍ മെട്രോ ബോട്ടിന്റെ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. നൂറുശതമാനം ഹരിത ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കൊച്ചി വാട്ടര്‍ മെട്രോ. കേരളീയത്തിന്റെ മറ്റു പ്രധാനവേദികളായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലും കനകക്കുന്നിലും യൂണിവേഴ്‌സിറ്റി കോളേജിലും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍ ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. 

കൂടാതെ കനകക്കുന്നിലെ ഭക്ഷ്യമേളയുടെ ഭാഗമായുണ്ടാകുന്ന മലിനജലം സ്വാഭാവികരീതിയില്‍ ശുദ്ധീകരിക്കുന്ന ഡിവാട്ട്‌സ് (ഡീ സെന്‍ട്രലൈസ്ഡ് വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ്) സംവിധാനത്തിന്റെ മാതൃകാപ്രദര്‍ശനവും നടക്കുന്നുണ്ട്. ജലം സംരക്ഷിക്കൂ, ഹരിതമായിരിക്കൂ (സേവ് വാട്ടര്‍,സ്റ്റേ ഗ്രീന്‍) എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്യാമ്പയിന്‍. കേരളത്തിന്റെ തനതായ ജലസംരക്ഷണരീതികള്‍, ജലസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജന്‍സികളുടെയും ഇടപെടലുകളും ജനകീയ ജലസംരക്ഷണ അനുഭവങ്ങളും മേളയുടെ ഭാഗമാകും.

#Keraleeyam 2023
Leave a comment