കേരളീയത്തിന് തുടക്കമായി; തലസ്ഥാനനഗരി ഉത്സവനിറവില്‍
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കേരളീയം പരിപാടിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രിക്കൊപ്പം കലാ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ അണിനിരന്നു. കേരളത്തിന്റെ മികവുകളും നേട്ടങ്ങളും ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍, ഭാവി കേരളത്തെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തുടങ്ങിയവ ഒരു കുടക്കീഴില്‍ അവതരിപ്പിക്കുന്നതാണ് കേരളീയം പരിപാടി. സാമൂഹിക, വ്യാവസായിക മുന്നേറ്റങ്ങളിലും നൂതന വിദ്യാഭ്യാസരംഗത്തും നാം കൈവരിച്ച നേട്ടങ്ങളെ കേരളീയത്തിലൂടെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കും.
കേരളീയം പരിപാടിയുടെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. സാമൂഹ്യക്ഷേമ, വികസന, മതനിരപേക്ഷ അന്തരീക്ഷത്തിന്റെ പരിച്ഛേദം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട വരെ നിറഞ്ഞുനില്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി 41 വേദികളിലായി ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്.
ചുമര്‍ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനങ്ങളും കേരളീയത്തിനു മാറ്റുകൂട്ടാന്‍ അണിനിരക്കും. വ്യാപാരമേള, പുഷ്പമേള, ചലച്ചിത്രമേള, ഭക്ഷ്യമേള തുടങ്ങിയവയും നടക്കും. 30 വേദികളില്‍ 300 കലാപരിപാടികളിലായി 4000 ത്തിലേറെ കലാകാരന്മാരും കേരളീയത്തിന്റെ ഭാഗമായി പങ്കെടുക്കുന്നുണ്ട്. കൂടാതെ നിയമസഭാ മന്ദിരത്തില്‍ പുസ്തകോത്സവവും നടക്കും.
കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയവര്‍ ചടങ്ങില്‍ വിഷ്ടാതിഥികളായിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, എകെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, പി രാജന്‍, ആര്‍ ബിന്ദു, വി അബ്ദുറഹ്‌മാന്‍, കെഎന്‍ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവരും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, രവി പിള്ള ഉള്‍പ്പെടെയുള്ള വ്യവസായ പ്രമുഖരും പങ്കെടുത്തു.