ഔഷധ സസ്യങ്ങളുടെ കലവറയുമായി കാവുകള്‍
അന്യംനിന്നു പോകുന്ന ഔഷധച്ചെടികളുടെ പ്രദര്‍ശനവും കേരളത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന കാവും കുളവും തുളസിത്തറയും വരെ കേരളീയത്തില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ക്ഷീണവും വിശപ്പും മാറ്റുന്നതിനും ഉത്തേജക ഔഷധമായി ഗോത്രവിഭാഗക്കാര്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ആരോഗ്യപച്ച, പശ്ചിമഘട്ടത്തില്‍നിന്നു കണ്ടെത്തിയ നാരങ്ങയുടെ മണവും സ്വാദുമുള്ള കുരുമുളക്, ത്വക്ക്‌രോഗങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന വേമ്പട തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ട്. ഓരോ ഔഷധച്ചെടിയിലും അതിന്റെ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ഔഷധയോഗ്യമായ ഭാഗങ്ങള്‍, ഗുണങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്.
വംശനാശ ഭീഷണി നേരിടുന്ന ഓരില, മൂവില, തിപ്പലി, ആനച്ചുവടി, ശതാപൂവ്, ബലിപൂവ്, കീരിക്കിഴങ്ങ് തുടങ്ങി അനേകം ഔഷധസസ്യങ്ങളും രംഭ, കറിവേപ്പ്, വയണ, കറുവ, ആഫ്രിക്കന്‍ മല്ലി മുതലായ സുഗന്ധ സസ്യങ്ങളും നേരിട്ട് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. അത്യപൂര്‍വമായി കാണുന്ന മരമഞ്ഞള്‍, മഞ്ചട്ടി, അരൂത, മൂന്നിനം കൊടുവേലി, കരിങ്കുറുഞ്ഞി, ഗരുഡക്കൊടി തുടങ്ങിയ ഔഷധ സസ്യങ്ങളും പ്രദര്‍ശനത്തില്‍ സജീവമാണ്. പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധയിനം ഔഷധ സസ്യങ്ങളുടെ തൈകളും സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനും, തിരുവനന്തപുരം ആയുര്‍വേദ കോളേജും, പൂജപ്പുര ആയുര്‍വേദ ഗവേഷണകേന്ദ്രവും ഫാര്‍മകോഗ്‌നോസി യൂണിറ്റും സംയുക്തമായാണ് ഔഷധ സസ്യപ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.