TMJ
searchnav-menu
post-thumbnail

Outlook

സമരം ശക്തമാക്കി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികൾ

13 Dec 2022   |   1 min Read
അനിറ്റ് ജോസഫ്‌

 

 

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലെ വിദ്യാർത്ഥികൾ വീണ്ടും അനിശ്ചിതകാല സമരത്തിലാണ്. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് അതീതമായി ജാതി വിവേചനവും അവരെ അലട്ടുന്ന പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. വിദ്യാർത്ഥികൾ മാത്രമല്ല ജീവനക്കാർക്കും സ്വന്തം ജാതി തെളിയിക്കേണ്ട അവസ്ഥയുണ്ടായെന്നത് പുറത്തുവന്നതോടെയാണ് വിദ്യാർത്ഥികൾ ഡിസംബർ 5 മുതൽ വീണ്ടും സമരത്തിനിറങ്ങിയത്. വിദ്യാർത്ഥികളും ജീവനക്കാരും നേരിടുന്ന ജാതി വിവേചനം, സംവരണ അട്ടിമറി, അക്കാദമിക് മേഖലയിലെ അനിശ്ചിതത്വങ്ങൾ ഇ- ഗ്രാന്റ് വിതരണത്തിലെ തടസങ്ങൾ, എന്നിവയാണ് സമരസമിതി ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ. കാലാകാലങ്ങളായി വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടക്കാലത്തേയ്ക്കുള്ള ആശ്വാസം മാത്രമാണ് ലഭിക്കുന്നതെന്നും പിന്നീട് മറ്റൊരു രീതിയിൽ ഡയറക്ടർ ശങ്കർ മോഹൻ നിയമങ്ങൾ മാറ്റുകയാണെന്നും വിദ്യാർത്ഥികളോടുള്ള സമീപനത്തിൽ ഗുരുതര വീഴ്ചകൾ ഉണ്ടാകുന്നുവെന്നുമാണ് സമരക്കാർ ആരോപിക്കുന്നത്. അതിനാൽ ഡയറക്ടറെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുള്ള ഉറച്ച തീരുമാനത്തിലാണ് വിദ്യാർത്ഥികൾ സമരമുഖത്ത് അണിനിരന്നിരിക്കുന്നത്. എന്നാൽ ഒന്നും തന്റെ മാത്രം തീരുമാനങ്ങൾ അല്ലെന്നും അക്കാദമിക് കൗൺസിൽ ചെയർമാൻ ഗിരീഷ് കാസറവള്ളിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണന്റെയും മറ്റ് അക്കാദമിക് ബോഡികളുടെയും കൂട്ടായ തീരുമാനമാണെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഡയറക്ടർ. ഡയറക്ടറെ അനുകൂലിച്ച് പ്രമുഖരും രംഗത്തുവന്നതോടെ പ്രശ്‌ന പരിഹാരം നീളുകയാണ്.

 

എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളോട് പ്രതികാര നടപടികളുമായാണ് മാനേജ്മെന്റ് മുന്നോട്ടു പോകുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന 27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കുകയെന്നത് ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതാണ്. അതിനായുള്ള താമസ സൗകര്യങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തന്നെ ഏർപ്പെടുത്തുന്നതാണ് പതിവ്. എന്നാൽ ഇത്തവണ പങ്കെടുക്കാൻ വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് സഥാപനത്തിൽ നിന്ന് ഒരുക്കിയ താമസ സൗകര്യങ്ങൾ മുൻകൂട്ടി റദ്ദാക്കിയിരുന്നുവെന്ന കാര്യം അറിയുന്നത്. അതിനുള്ള കാരണമായി സമരത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് സ്ഥാപനത്തിന്റെ ചിലവിൽ ഫെസ്റ്റിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് അറിയിച്ചതെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തി. എന്നാൽ സൗകര്യങ്ങൾ റദ്ദാക്കിയ വിവരം അവരെ മുൻകൂട്ടി അറിയിച്ചില്ലെന്നുള്ളത് മാനേജ്മെന്റിന് വിദ്യാർത്ഥികളോടുള്ള നയം വ്യക്തമാക്കുന്നതാണെന്നും അവർ ആരോപിച്ചു. ഇതിനെതിരെ #wecantbreathe എന്ന ലോകപ്രശസ്തമായ മുദ്രാവാക്യമുയർത്തി ഐഎഫ്എഫ്‌കെ വേദിയിൽ വിദ്യാർത്ഥികൾ ഒത്തുകൂടുകയാണ്. പ്രതിഷേധ കൂട്ടായ്മയിലേയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകരായ ആഷിക് അബു, മഹേഷ് നാരായണൻ, ജിയോ ബേബി, ബിജിപാൽ, കമൽ കെ എം, ഷഹബാസ് അമൻ എന്നിവരും വിദ്യാർത്ഥികൾക്കൊപ്പം ചേരും.

 

Photo: Facebook

 

ജാതി തെളിയിച്ച് ജീവനക്കാർ

 

ഇൻസ്റ്റിറ്റ്യൂട്ടിലെ സ്വീപ്പർ ജോലിക്കാരെ കൊണ്ട് ഡയറക്ടറുടെ വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നുവെന്നതാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന ആരോപണം. നിയമനം ലഭിക്കുമ്പോൾ സ്ഥാപനത്തിലെ ജോലികൾ ചെയ്യണമെന്ന നിർദേശം മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ജോലിക്ക് പ്രവേശിച്ചതു മുതൽ ഡയറക്ടറുടെ വീട്ടിലെ ജോലികൾ കൂടി ഉൾപ്പെടുത്തിയുള്ള നിർദേശമാണ് ലഭിച്ചത്. നിർദേശം ലംഘിച്ചാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നുള്ള ഭീഷണിയുമുണ്ടായി. കിട്ടിയ ജോലി നഷ്ടപ്പെടാതിരിക്കാൻ പരാതിപ്പെടാതെ ജോലിക്ക് പോകുകയായിരുന്നു. സർക്കാർ സ്വീപ്പർ ജോലിക്കാർക്ക് നിശ്ചയിച്ചിട്ടുളള 8 മുതൽ 12 വരെയുള്ള സമയക്രമത്തിനു പുറമെയായിരുന്നു വീട്ടിലെ ജോലി. എന്നാൽ അതിനുള്ള അധിക ശമ്പളവും ജീവനക്കാർക്ക് നല്കിയിരുന്നില്ല. മാത്രമല്ല, ഡയറക്ടറുടെ വീട്ടിൽ സ്വന്തം ജാതിയും റേഷൻ കാർഡിലെ പേരും തെളിയിക്കേണ്ട അവസ്ഥയാണുണ്ടായത്. ദളിത് വിഭാഗത്തിൽപ്പെട്ടവരല്ല എന്നുറപ്പാക്കിയ ശേഷം മാത്രമായിരുന്നു വീട്ടിൽ കയറ്റിയിരുന്നത്. അതിനുമുമ്പായി കുളിച്ച് വസ്ത്രം മാറണം. ശൗചാലയം ബ്രഷ് ഉപയോഗിക്കാതെ കൈകൊണ്ട് തന്നെ കഴുകി വൃത്തിയാക്കണമെന്ന് നിർബന്ധമായിരുന്നു. വെള്ളം കുടിക്കാൻ പ്രത്യേകം ഗ്ലാസുകളും വേണ്ടിയിരുന്നു. ജോലി പോകുമോ എന്ന് ഭയന്നാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്ന് ജീവനക്കാർ വെളിപ്പെടുത്തി. വനിതാ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. അതിനാൽ വിദ്യാർത്ഥികളോടൊപ്പം ജീവനക്കാരും സമരത്തിലാണ്.

 

കോളേജ് കോവിഡ് കേന്ദ്രമായിരുന്നതിനാൽ ശുചീകരണപ്രവർത്തനങ്ങൾ ചെയ്യേണ്ട കാരണം കാട്ടി പ്രാക്ടിക്കൽ ക്ലാസുകൾ പാലായിലുള്ള ഓശാന മൗണ്ടിലേയ്ക്ക് മാറ്റിയതായി വിദ്യാർത്ഥികളെ അറിയിച്ചു. എന്നാൽ കോളേജ് ഉൾപ്പെടുന്ന അകലകുന്ന് ഗ്രാമപഞ്ചായത്തുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടപ്പോൾ കെട്ടിടത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് അറിയിച്ചത്.

 

Photo: facebook

 

വിദ്യാർത്ഥികളെ പുറത്താക്കി കൗൺസിൽ

 

കോളേജ് കെട്ടിടമുണ്ടായിരിക്കെ വാടക കെട്ടിടത്തിൽ പഠനം നടത്തുന്നതിൽ നാല് വിദ്യാർത്ഥികൾ എതിർത്തിരുന്നു. ഇവരെ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികൾ 2022 ജനുവരി 5ന് സമരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് കോളേജ് അടച്ചതോടെ കെട്ടിടം കോവിഡ് ചികിത്സക്കുള്ള കേന്ദ്രമാക്കി മാറ്റി. ഈ സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈനായി തിയറി പഠനം നടന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെ ക്ലാസുകൾ ആരംഭിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളേജ് കോവിഡ് കേന്ദ്രമായിരുന്നതിനാൽ ശുചീകരണപ്രവർത്തനങ്ങൾ ചെയ്യേണ്ട കാരണം കാട്ടി പ്രാക്ടിക്കൽ ക്ലാസുകൾ പാലായിലുള്ള ഓശാന മൗണ്ടിലേയ്ക്ക് മാറ്റിയതായി വിദ്യാർത്ഥികളെ അറിയിച്ചു. എന്നാൽ കോളേജ് ഉൾപ്പെടുന്ന അകലകുന്ന് ഗ്രാമപഞ്ചായത്തുമായി വിദ്യാർത്ഥികൾ ബന്ധപ്പെട്ടപ്പോൾ കെട്ടിടത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് അറിയിച്ചത്. ഇതേ തുടർന്ന് പ്രാക്ടിക്കൽ ക്ലാസുകൾ ഓശാന മൗണ്ടിലെ വാടക കെട്ടിടത്തിൽ വെച്ച് നടത്തരുതെന്നും ഉപകരണങ്ങളിലിരിക്കുന്ന സ്ഥാപനത്തിൽ തന്നെ നടത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. എന്നാൽ അധികൃതർ തയാറാകാതെ വാടക കെട്ടിടത്തിൽ പരിമിതമായ സൗകര്യത്തിൽ വെച്ച് നടത്തി. പ്രാക്ടിക്കൽ ക്ലാസിൽ ഹാജരാകാതിരുന്ന 4 കുട്ടികളോട് കാരണം തേടുകയും പിന്നീട് ഹാജർ ഇല്ല എന്ന കാരണത്തിൽ പുറത്താക്കുകയുമായിരുന്നു. കോവിഡ് കാലത്ത് ഹാജർ പ്രധാനമല്ലെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് ഇത്തരമൊരു കാരണം അധികൃതർ ആരോപിക്കുന്നത്. വാടക കെട്ടിടത്തിന്റെ വരാന്തയിലും മറ്റും ഇരുന്നാണ് ക്ലാസുകളിൽ പങ്കെടുത്തതെന്ന് വിദ്യാർത്ഥികൾ വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല മൂന്ന വർഷത്തെ കോഴ്സ് അഞ്ച് വർഷമായിട്ടും തീരാത്തതിലും 2019ൽ തുടങ്ങിയ കോഴ്സിന് അന്ന് വരെ സിലബസ് നല്കാതെ നീട്ടിക്കൊണ്ട് പോയതിലും പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പുറത്താക്കപ്പെട്ട നാല് വിദ്യാർത്ഥികൾക്കായി സമരം പ്രഖ്യാപിക്കുകയായിരുന്നു.

 

പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ മാപ്പെഴുതി നല്കിയാൽ തിരികെ എടുക്കാമെന്ന ഡയറക്ടറുടെ ആവശ്യം വിദ്യാർത്ഥികൾ ഒന്നടങ്കം തള്ളി. ഇതിനെത്തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും ഡയറക്ടറുമായും ചർച്ച നടത്തുകയുണ്ടായി. ഇരുഭാഗത്തുനിന്നുള്ള വാദങ്ങൾ വിശദമായി കേട്ട ശേഷം പുറത്താക്കിയ നാല് വിദ്യാർത്ഥികളെ ഉടനെതന്നെ തിരിച്ചെടുക്കാനുള്ള നിർദേശം ഡയറക്ടർക്ക് നല്കുകയായിരുന്നു. വിദ്യാർത്ഥികൾ ഉന്നയിച്ച മറ്റ് വിഷയങ്ങളിലും നടപടികൾ സ്വീകരിക്കുമെന്ന ഡയറക്ടറുടെ ഉറപ്പിനെത്തുടർന്നാണ് അന്ന് ഒരാഴ്ച നീണ്ടു നിന്ന് സമരം വിദ്യാർത്ഥികൾ അവസാനിപ്പിച്ചത്.

 

കൃത്യമായ മെറിറ്റ് ലിസ്റ്റോ വെയ്റ്റിംഗ് ലിസ്റ്റോ പ്രസിദ്ധീകരിക്കാതെ ഡയറക്ടർ സ്വന്തം ഇഷ്ടപ്രകാരമുള്ള നിയമനം നടത്തുകയായിരുന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനു പുറമെ പ്രവേശനം നേടുന്ന സമയത്ത് വിദ്യാർത്ഥികൾ സ്ഥാപനം തയാറാക്കുന്ന മുദ്രപത്രത്തിലും ഒപ്പിട്ടു നൽകേണ്ടതുണ്ട്.

 

ആർ ബിന്ദു | PHOTO : Facebook

 

അട്ടിമറി സംവരണത്തിലും

 

സംവരണ കോട്ടയിൽ പ്രവേശനം ലഭിക്കേണ്ട കുട്ടികളെ തഴഞ്ഞ് ജനറൽ കാറ്റഗറിയിലുള്ളവർക്ക് അഡ്മിഷൻ നല്കുന്നുവെന്നാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്ന മറ്റൊരു പരാതി. 2022 ബാച്ച് പ്രവേശന സമയത്ത് എഡിറ്റിംങ് വിഭാഗത്തിൽ പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞു കിടന്നിരുന്നു. സീറ്റുകൾ ഒഴിച്ചിടരുതെന്നും അർഹമായവർക്ക് പ്രവേശനം നല്കണമെന്നും സർക്കാർ ഉത്തരവ് നിലനില്‍ക്കേയാണ് നിയമലംഘനം നടത്തിയത്. എന്നിട്ടും കോളേജ് കൗൺസിൽ പ്രതീക്ഷിക്കുന്ന നിലവാരമില്ലെന്ന കാരണം കാട്ടി ദളിത് വിദ്യാർത്ഥികളുടെ പ്രവേശനം നിഷേധിച്ചു.

 

ഇത്തരത്തിലുള്ള സംവരണ അട്ടിമറി മൂലം ദളിത് വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ഗ്രാന്റുകളും ഫെല്ലോഷിപ്പുകളും നഷ്ടപ്പെടുകയാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പലരും സാമ്പത്തിക ബാധ്യത കാരണം കോഴ്സ് പൂർത്തിയാക്കാനാകാതെ പഠനം പാതി വഴിയിൽ ഉപേക്ഷിച്ച് പോവുകയുണ്ടായി. ചിലരാകട്ടെ തങ്ങളുടെ അവകാശങ്ങൾക്കായി കോടതി കയറിയിറങ്ങുകയാണ്. കൃത്യമായ മെറിറ്റ് ലിസ്റ്റോ വെയ്റ്റിംഗ് ലിസ്റ്റോ പ്രസിദ്ധീകരിക്കാതെ ഡയറക്ടർ സ്വന്തം ഇഷ്ടപ്രകാരമുള്ള നിയമനം നടത്തുകയായിരുന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിനു പുറമെ പ്രവേശനം നേടുന്ന സമയത്ത് വിദ്യാർത്ഥികൾ സ്ഥാപനം തയാറാക്കുന്ന മുദ്രപത്രത്തിലും ഒപ്പിട്ടു നൽകേണ്ടതുണ്ട്. ഡയറക്ടർ പുറപ്പെടുവിക്കുന്ന നിയമങ്ങൾ വിദ്യാർത്ഥികൾക്ക് ബാധകമാണെന്നും കോഴ്സ് ദൈർഘ്യം എപ്പോൾ വേണമെങ്കിലും ഡയറക്ടർക്ക് മാറ്റാം തുടങ്ങിയ നിബന്ധനകളാണ് പിന്നീട് മുദ്രപത്രത്തിൽ ചേർക്കുന്നത്.

 

വിദ്യാർത്ഥികൾ പഠനം പൂർത്തിയായിട്ടും ക്യാംപസിൽ തങ്ങുകയും സ്ഥാപനത്തിന്റെ ചിലവിൽ ഒരു ജോലിയും ചെയ്യാതെ താമസിക്കുകയും ചെയ്യുന്ന പ്രവണത നിർത്തലാക്കിയതോടെ പലരുടെ ആവശ്യങ്ങൾ നടക്കാതെ വന്നു. അതിലുള്ള പ്രതികാര നടപടികളാണ് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എന്നാൽ അവരുടെ ആവശ്യങ്ങൾ നടക്കില്ലെന്നും എല്ലാ സ്ഥാപനങ്ങൾക്കും അതിന്റേതായ ചിട്ടകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഡയറക്ടറെ അനുകൂലിച്ച് അടൂർ ഗോപാലകൃഷ്ണൻ

 

മലയാള സിനിമ സംവിധായകനും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണൻ ശങ്കർ മോഹനെ അനുകൂലിച്ച് രംഗത്ത് വന്നു. വിദ്യാർത്ഥികൾ ആരോപിക്കുന്ന പ്രസ്താവനകൾ ശരിയല്ലെന്നും ശങ്കർ മോഹനെതിരെയുള്ള പൊള്ളയായ ആരാപണങ്ങൾ മാത്രമാണെന്നും വെളിപ്പെടുത്തി. 2014ൽ തുടക്കമിട്ട സ്ഥാപനത്തിൽ ചിട്ടയായ രീതികൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. അതിനാൽ തന്നെ അടൂർ ഇടപെട്ടുകൊണ്ടാണ് ശങ്കർ മോഹനെ ഡയറക്ടർ സ്ഥാനത്തേയ്ക്ക് നിയമിച്ചത്. പിന്നീടാണ് സ്ഥാപനം ചിട്ടയായി പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജാതി നോക്കി ആരെയും വേർതിരിച്ചിട്ടില്ലെന്നും കഴിവ് തെളിയിക്കുന്ന വിദ്യാർത്ഥികളെ ഒരുപോലെ പരിഗണിക്കുമെന്നും അടൂർ വ്യക്തമാക്കി.

 

ഇന്ന് സംസ്ഥാനത്ത് ശങ്കർ മോഹനെപ്പോലെ സിനിമ മേഖലയിൽ വിദ്യാഭ്യാസവും പരിചയവുമുള്ള മറ്റൊരാളില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ സ്ഥാനത്തിരിക്കാൻ എന്തുകൊണ്ടും അദ്ദേഹം യോഗ്യനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾ പഠനം പൂർത്തിയായിട്ടും ക്യാംപസിൽ തങ്ങുകയും സ്ഥാപനത്തിന്റെ ചിലവിൽ ഒരു ജോലിയും ചെയ്യാതെ താമസിക്കുകയും ചെയ്യുന്ന പ്രവണത നിർത്തലാക്കിയതോടെ പലരുടെ ആവശ്യങ്ങൾ നടക്കാതെ വന്നു. അതിലുള്ള പ്രതികാരനടപടികളാണ് വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. എന്നാൽ അവരുടെ ആവശ്യങ്ങൾ നടക്കില്ലെന്നും എല്ലാ സ്ഥാപനങ്ങൾക്കും അതിന്റേതായ ചിട്ടകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

ശങ്കർ മോഹൻ, അടൂർ ഗോപാലകൃഷ്ണൻ | Photo: wiki commons

 

പ്രതികരണമായി ഇൻസ്റ്റിറ്റ്യൂട്ട് അധികാരികൾ

 

വിദ്യാർത്ഥികളും ജീവനക്കാരും ആരോപിക്കുന്ന പ്രസ്താവനകൾക്കെതിരെ ഡയക്ടറുടെ ഔഫീസ് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. നിയമവിരുദ്ധമായി സ്വീപ്പിങ് തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിച്ചിട്ടില്ലെന്നും കൃത്യമായ വേതനം നല്കിയിട്ടുണ്ടെന്നുമാണ്. എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് ലഭിച്ചവർക്ക് കൃത്യമായി പ്രവേശനം നല്കുകയുണ്ടായി. കോവിഡിന്റെ സാഹചര്യത്തിലാണ് കോഴ്സ് നീണ്ടു പോയത്. അതിനാൽത്തന്നെയാണ് ഇ- ഗ്രാന്റ് വിതരണത്തിൽ തടസം നേരിട്ടത്. കൂടാതെ ജോലിക്കാർക്ക് കൃത്യമായ ഹാജർ രജിസ്റ്ററും പഞ്ചിംഗ് സമയവും നടപ്പിലാക്കിയതിൽ പ്രതിഷേധമുള്ള ജീവനക്കാരാണ് വിദ്യാർത്ഥികളൊടൊപ്പം ചേർന്ന് സമരം ശക്തമാക്കാൻ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

 

ഇരുവിഭാഗത്തിന്റെയും ആരോപണങ്ങൾ നിരീക്ഷിച്ച് സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ഉയർന്നു കേട്ട ആരോപണങ്ങളിലെ സത്യാവസ്ഥകൾ എത്രത്തോളമെന്ന് കണ്ടെത്തേണ്ടതും അവയ്ക്ക് പ്രശ്‌നപരിഹാരം സാധ്യമാക്കേണ്ടതും കേരളത്തിന്റെ ആവശ്യങ്ങളിലൊന്നാണ്.

 

 

 

 

 

 

 

 

 

 

Leave a comment