TMJ
searchnav-menu
post-thumbnail

Gentrification

നഗരങ്ങള്‍ക്കുള്ളില്‍ പിറക്കുന്ന നഗരങ്ങള്‍

24 Aug 2021   |   1 min Read
ഡോ. കെ പി രാജേഷ്

Photos : Prasoon Kiran

1990 കൾ മുതൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ മാറ്റങ്ങളെ രണ്ടു വിധത്തിൽ സമീപിക്കാം. ഒന്ന്, പൊതുവിൽ കേരളീയ വികസന മാതൃക അഭിമുഖീകരിച്ച പ്രതിസന്ധിയെ മറികടക്കാനുള്ള ഭരണകൂട ഇടപെടലിനെ മുൻനിർത്തിയും; രണ്ട്, ഇതേ കാലയളവിൽ ദേശീയ തലത്തിൽ നടപ്പിലാക്കപ്പെട്ട ആഗോളവൽക്കരണ-ഉദാരവത്കരണ നയങ്ങളോടുള്ള കേരളീയ സമൂഹത്തിന്റെ പ്രതികരണമെന്ന നിലയിലും. ഇത് രണ്ടും പരസ്പര പൂരകമായും ചിലപ്പോഴൊക്കെ ഇടഞ്ഞും പ്രവർത്തിക്കുന്ന ഒട്ടേറെ സന്ദർഭങ്ങൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ ചരിത്രഗതിയിൽ കാണാൻ കഴിയും. ഇത്തരം മാറ്റങ്ങളിൽ വളരെ സവിശേഷമായ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് നമ്മുടെ നഗരവൽക്കരണ പ്രക്രിയയും നഗര വികാസവും. ഉദാഹരണത്തിന് 2011 ൽ സെൻസസ് കമ്മീഷണർ പ്രസിദ്ധീകരിച്ച ഗ്രാമ-നഗര ജനസംഖ്യയുടെ വിന്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ കേരളത്തിന്റെ നഗരവത്കരണത്തെക്കുറിച്ചു നിരീക്ഷിക്കുന്ന ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. അതിൽ പ്രധാനം കേരളത്തിലെ മനുഷ്യർ താമസിക്കുന്ന ഇടങ്ങളുടെ സവിശേഷതകളാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി (അവിടെയൊക്കെ ഒരു മനുഷ്യവാസ മേഖല കഴിഞ്ഞു ഹെക്ടറുകളോളം ഒന്നുകിൽ കൃഷിയിടങ്ങളായിരിക്കും അല്ലെങ്കിൽ ഒഴിഞ്ഞ സ്ഥലങ്ങളായിരിക്കും) ഇടതടവില്ലാതെ മനുഷ്യർ താമസിക്കുന്ന മേഖലകളാണ് നമ്മുടേത്. അതിനാൽ മനുഷ്യവാസ മേഖലകൾക്കിടയിൽ മറ്റിടങ്ങളിൽ കാണുന്നത് പോലുള്ള വലിയ കൃഷിയിടങ്ങളോ ഒഴിഞ്ഞ സ്ഥലങ്ങളോ ഇവിടെ നമുക്ക് കാണാൻ കഴിയില്ല. നമ്മെ സംബന്ധിച്ചു ഇത് അത്ര അപരിചിതമായ ഒരു അനുഭവ യാഥാർഥ്യമല്ല എങ്കിലും അതെങ്ങനെയൊക്കെയാണ് ആധുനിക കാലത്തു നമ്മുടെ സാമൂഹിക ജീവിതത്തെ രൂപീകരിച്ചിട്ടുള്ളത് എന്നതിനെ മുൻനിർത്തി വേണ്ടത്ര ഗൗരവമായ പഠനങ്ങൾ നടന്നിട്ടില്ല എന്ന് തന്നെ പറയാം. ഈയൊരു പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ നടന്ന മാറ്റങ്ങളെ നിരീക്ഷിക്കുമ്പോൾ അതിൽ പ്രധാനപ്പെട്ട ചിലതാണ് നമ്മുടെ നഗരത്തിന്റെയും കൊച്ചു പട്ടണങ്ങളുടെയും എണ്ണത്തിൽ ഉണ്ടാവുന്ന വർദ്ധനയും, വലിയ നഗരങ്ങളായി നേരത്തെ തന്നെ പരിഗണിക്കപ്പെട്ടവയിൽ ഉണ്ടാവുന്ന പുതിയ മാറ്റങ്ങളും. ഇതിന്റെ ഭാഗമായി നമ്മുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക  ജീവിതം ഒരു പുതിയ ക്രമീകരണത്തിന് വഴിമാറുന്നതായി കൂടി കാണാവുന്നതാണ്. ഇവയെല്ലാം തന്നെ ഒരു ചെറു ലേഖനത്തിന്റെ പരിധിയിൽ കൊണ്ട് വരിക എന്നത് അപ്രായോഗികമാണ്. അതിനാൽ സവിശേഷമായ ശ്രദ്ധ പതിയേണ്ട ചില ഘടകങ്ങൾ മാത്രമാണിവിടെ പരിഗണിക്കുന്നത്. അതിന്റെ മുന്നൊരുക്കമെന്ന നിലയിൽ ഔപചാരിക നഗര നിർവചനങ്ങളുടെ രീതിയും അതിലെ പരിമിതികളും ഒന്ന് വിശകലനം ചെയ്യാം. 

ഔപചാരിക നഗര നിർവചനങ്ങളുടെ പരിമിതികൾ 

മൂന്ന് മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് ഇന്ത്യയിലെ സെൻസസ് റിപ്പോർട്ടുകൾ നഗരത്തെ (Urban) നിർവചിക്കുന്നത്. അതിലൊന്ന് ഏറ്റവും ചുരുങ്ങിയത് 5000 പേർ ഉണ്ടാവുക, രണ്ടാമതായി പുരുഷന്മാരിൽ 75 ശതമാനം പേരെങ്കിലും കാർഷികേതര പ്രവർത്തനങ്ങളിൽ മുഴുകുക, മൂന്നാമതായി ഒരു സ്ക്വയർ കിലോമീറ്ററിലെ ജനസാന്ദ്രത ഏറ്റവും ചുരുങ്ങിയത് 400 ആയിരിക്കുക തുടങ്ങിയവയാണ്. എന്തുകൊണ്ടാണ് ഇപ്പോഴും ഈ പറഞ്ഞ മാനദണ്ഡങ്ങളിൽ പുരുഷന്മാർ മാത്രം പരിഗണിക്കപ്പെടുകയും സ്ത്രീകൾ ഇല്ലാതിരിക്കുകയും ചെയ്യുന്നത് എന്നത് നമ്മുടെ സർക്കാർ-ഭരണകൂട സങ്കല്പനങ്ങളുടെ പുരുഷ കേന്ദ്രീകൃത സ്വഭാവങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇത് പലരും പഠനവിധേയമാക്കിയിട്ടുണ്ട്, ഇനിയും അതിനുള്ള വലിയ സാധ്യത നിലനിൽക്കുന്നുമുണ്ട്. എന്നാൽ അത് ഈ ലേഖനത്തിന്റെ ഒരു മുഖ്യ അന്വേഷണ വിഷയമല്ലാത്തതുകൊണ്ട് തത്കാലം അത്തരമൊരു പരിശോധനയിലേക്ക് കടക്കുന്നില്ല. 

പലരും ചൂണ്ടികാണിച്ചിട്ടുള്ളതുപോലെ ഈ നിർവചനങ്ങളുടെ മറ്റൊരു പ്രധാന പരിമിതി നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും തിരിച്ചു നഗരങ്ങളിലേക്കും തങ്ങളുടെ കാർഷികവൃത്തിയുടെ സീസൺ അനുസരിച്ചു വർഷത്തിന്റെ പലസമയത്തായി മാറി മാറി കുടിയേറുന്ന മനുഷ്യരെ എങ്ങനെയാണ് കാർഷികം, കാർഷികേതരം എന്ന വളരെ കണിശമായ നിർവചന പരിധിയിൽ കൊണ്ടുവരിക എന്നതാണ്. അവരുടെ തൊഴിലിന്റെ സ്വഭാവം വളരെ സങ്കീർണമായതുകൊണ്ടു തന്നെ അത് പലപ്പോഴും ഔപചാരിക നിർവചനത്തെ കവിഞ്ഞു നിൽക്കുന്ന ഒരു യാഥാർഥ്യമാണ്. ഇനി മുകളിൽ പരാമർശിച്ച മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ നഗരങ്ങളെ നിർവചിക്കുമ്പോൾ നാം പരമ്പരാഗതമായി നിർവചിച്ചു വച്ച നമ്മുടെ കൊച്ചിയും, തിരുവനന്തപുരവും, കോഴിക്കോടും മാത്രമല്ല അതിന്റെ പരിധിയിൽ വരുന്നതെന്ന് കാണാം. ആറ് മുനിസിപ്പൽ കോർപറേഷനുകളും, എൺപത്തി ഏഴ് മുനിസിപ്പാലിറ്റികളുമായി അത് വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. 2001 ൽ 99 സെൻസസ് ടൗണുകളായിരുന്നു നമുക്കുണ്ടായിരുന്നതെങ്കിൽ അത് 2011 ൽ 461 ആയി വർധിക്കുന്നത് കാണാം. മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ പിന്തുടർന്നുകൊണ്ടാണ് സെൻസസ് ടൗണുകളെ നിർവചിച്ചു വരുന്നത്. അതിനർത്ഥം ഇന്ത്യയുടെ നഗരവല്കരണ 

പ്രവണതകളിൽ നിന്നും അല്പം വ്യത്യസ്തമായി ആണ് നമ്മുടെ നഗരവല്കരണ പ്രവണതകൾ പുരോഗമിക്കുന്നത് എന്നാണ്. ഇന്ത്യയുടെ മഹാനഗരങ്ങളായ മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നിവ കാണിക്കുന്ന സൂചന മറ്റൊന്നാണ്. ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളിൽ നിന്നും, കൊച്ചു പട്ടണങ്ങളിൽ നിന്നും വലിയ തോതിലുള്ള മനുഷ്യ കുടിയേറ്റം ഇവിടങ്ങളിലേക്ക് നടക്കുകയും അതുവഴി നഗര വിസ്തൃതി വിപുലീകരിക്കുകയും ഒപ്പം തന്നെ നഗരത്തിലെ ഗതാഗത-പശ്ചാത്തല സൗകര്യങ്ങൾ  വർധിപ്പിക്കാൻ അവർ നിർബന്ധിതരാവുകയും ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. അതെ സമയം ഇത് ദരിദ്രരെയും, പാവപ്പെട്ടവരെയും മിക്കപ്പോഴും പരിഗണിക്കുന്നുപോലുമില്ല. എന്നാൽ കേരളം നൽകുന്ന ചിത്രം മറ്റൊന്നാണ്. നമ്മുടെ ഗ്രാമ പ്രദേശങ്ങൾ ക്രമേണ സ്റ്റാറ്റ്യുട്ടറി ടൗണുകളും സെൻസസ് ടൗണുകളും ആയി മാറുകയാണ്. 2011 ലെ സെൻസസ് അനുസരിച്ചു കേരളത്തിലെ മൊത്തം ജനസംഖ്യയിൽ 47. 7 ശതമാനം ആളുകൾ നഗരവാസികളാണ്. 2001 ലെ സെൻസസുമായി താരതമ്യം ചെയ്യുമ്പോൾ നഗര ജനസംഖ്യയിൽ 21. 74 ശതമാനം വർദ്ധനയാണ് കാണുന്നത്.കേരളത്തിന്റെ ആസൂത്രണ കമ്മീഷൻ ഈ വർഷം പ്രസിദ്ധീകരിച്ച 'കേരള വികസന റിപ്പോർട്ടിൽ' പറയുന്നത് പ്രകാരം ഏറ്റവും കൂടുതൽ നഗരവത്കൃതമായ ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കൂടാതെ ഏറ്റവും വേഗത്തിൽ നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മേഖല കൂടിയാണ് നമ്മുടേത്. അതായത് ഒരു പക്ഷെ എറണാകുളം മാറ്റി നിർത്തിയിൽ കേരളത്തിനുള്ളിലെ വലിയ നഗരങ്ങളിലേക്കുള്ള മനുഷ്യ കുടിയേറ്റം വളരെ വിപുലമായ അർത്ഥത്തിൽ കാണുക പ്രയാസമാണ്, അതോടൊപ്പം കേരളത്തിന് മഹാനഗരങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന നഗരങ്ങളില്ലതാനും. അതിനാൽ ഔപചാരിക നിർവചനം പിൻപറ്റുന്ന സാമ്പ്രദായിക അർത്ഥത്തിലുള്ള ഒരു ഗ്രാമ നഗര വിഭജനം കേരളത്തിന്റെ സന്ദർഭത്തിൽ ഇന്ന് അത്രമാത്രം പ്രസക്തമായ ഒരു കാര്യമല്ല. ആവിധത്തിൽ നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള ബന്ധം അഗാധമാംവിധം തുടർച്ചയുള്ളതും സജീവവും ഇഴയടുപ്പമുള്ളതുമാണ്.   

ഏറ്റവും കൂടുതൽ പാടശേഖരങ്ങൾ നികത്തപ്പെടുന്ന തൃശ്ശൂർ ജില്ലയിലെ ദൃശ്യം

ഇത്തരത്തിൽ നോക്കുമ്പോൾ നഗര വളർച്ച എന്നത് ഒരു നഗരത്തിനുള്ളിലെ സാമ്പത്തിക ഇടപാടുകളും, സാമൂഹിക ജീവിതങ്ങളും അതിലെ മാറ്റങ്ങളും മാത്രമല്ല എന്നും സെൻസസ് ടൗണുകളുടെ (കൊച്ചു പട്ടണങ്ങളുടെ) എണ്ണത്തിൽ ഉണ്ടാവുന്ന വർദ്ധനവ് കൂടിയായി അതിനെ കാണേണ്ടി വരും. 2000 ത്തിനു ശേഷമാണ് ഈ പ്രവണത കേരളത്തിൽ കാര്യമായി കണ്ടു വരുന്നത്. 1990 കളിൽ തുടങ്ങിയ ആഗോള-ഉദാരവൽക്കരണ നയങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തിന്റെ ഫലങ്ങൾ വളരെ പ്രകടമായി തന്നെ അനുഭവവേദ്യമായി തുടങ്ങിയ ഒരു കാലം കൂടിയാണിത് എന്ന് കാണാം. ഇതോടൊപ്പം ചേർത്ത് വെക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം 1990 കളുടെ തുടക്കത്തോടെ കേരള വികസന മാതൃക എത്തിച്ചേരുന്ന ഒരു സ്തംഭനാവസ്ഥയാണ്. വേണ്ടത്ര സാമ്പത്തിക വളർച്ചയില്ലാതെ സാമൂഹിക വികസന സൂചികയിൽ നാം കൈവരിച്ച നേട്ടങ്ങൾ ഇനി മുമ്പോട്ടു കൊണ്ടുപോവുക പ്രയാസകരമാണെന്നും അതിനാൽ സാമ്പത്തിക വളർച്ച കൈവരിക്കാനാവശ്യമായ പ്രവർത്തന പദ്ധതികൾ അടിയന്തിരമായി ആസൂത്രണം ചെയ്യണം എന്നുമായിരുന്നു പൊതുവിൽ ഒട്ടേറെ സാമ്പത്തിക ചിന്തകർ എത്തിച്ചേർന്ന ഒരു നിഗമനം. ഈ നിഗമനത്തെ ഭരണകൂടം അതിന്റെ കാ ഴ്ചപ്പാടിലേക്കും പ്രവർത്തന പദ്ധതിയിലേക്കും സന്നിവേശിപ്പിച്ചത് ഇങ്ങനെയാണ്.

സർക്കാർ  വലിയതോതിലുള്ള വിഭവ പ്രതിസന്ധിയെ അഭിമുഖീകരിക്കയാണെന്നും അതുകൊണ്ടു സ്വകാര്യ മൂലധനത്തെ കൂടുതലായി ആകർഷിച്ചു കൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ എന്ന കാഴ്ചപ്പാടിലേക്ക് ഇടതുപക്ഷ സർക്കാരുകൾ ഉൾപ്പെടെ എത്തിച്ചേർന്നു. തുടർന്ന് സ്വകാര്യ മൂലധനത്തെ കേരളത്തിൽ എത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു.രാജ്യത്തിന്റെ ആഗോള ഉദാരവൽക്കരണ നയങ്ങളിലേക്കുള്ള മാറ്റം ഇത്തരത്തിൽ സ്വകാര്യ മൂലധനത്തെ ആകർഷിക്കുന്നതിന് കുറേക്കൂടി അനുകൂലമായ അന്തരീക്ഷം ഒരുക്കുകയും ചെയ്തു. ഇതിന്റെ ശരിതെറ്റുകൾക്കപ്പുറത്ത്, ഇത് എങ്ങനെയൊക്കെയാണ് നമ്മുടെ നഗരങ്ങളിൽ പ്രതിഫലിച്ചത്?  ഈ കാലയളവിൽ നമ്മുടെ നഗരങ്ങളിൽ പ്രകടമാവുന്ന സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? ഇത്തരം മാറ്റങ്ങളെ എങ്ങനെയൊക്കെയാണ് മനിസിലാക്കാൻ കഴിയുക? തുടങ്ങിയ ചോദ്യങ്ങളെ പിന്തുടരുന്ന പ്രാരംഭ ദിശയിലുള്ള ചില ആലോചനകൾ മാത്രമാണിവിടെ പങ്കുവെക്കുന്നത്. 

 Picture only for representational purpose

പ്രകടമാവുന്ന മാറ്റങ്ങൾ, ഒളിഞ്ഞിരിക്കുന്ന പ്രവണതകൾ 

പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിൽ നമ്മുടെ നഗരങ്ങൾ വലിയ മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്, അതിപ്പോഴും തുടരുന്നുമുണ്ട്. പുതിയ റോഡുകൾ, ഗതാഗതകുരുക്ക് ഒഴിവാക്കാനായി രൂപം കൊള്ളുന്ന ഒട്ടേറെ ഇടറോഡുകൾ (bypass roads), പുതിയ പാലങ്ങൾ, മെട്രോ റെയിൽ പ്രൊജക്റ്റ്, റോഡിനോട് ചേർന്നുള്ള നടപ്പാതകൾ, പാർക്കുകൾ തുടങ്ങി അനായാസം നേരിൽ കാണാവുന്ന ഒട്ടേറെ മാറ്റങ്ങളെ നിരത്തി വെക്കാൻ കഴിയും. ഇതോടൊപ്പം എടുത്തു പറയേണ്ടതാണ് ദേശീയപാത 45 മീറ്റർ ആയി വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ. ഇങ്ങനെ വികസിപ്പിക്കപ്പെടുന്ന ഒട്ടുമിക്ക പുതിയ ബൈപാസ് അഥവാ ഇടറോഡുകളുടെ ഇരുഭാഗത്തുമായി ഒരു പുതിയ വിപണി (Market) രൂപംകൊള്ളുന്നത് കാണാം. ഇത്തരം മാറ്റങ്ങളുടെ പരിണിതഫലമെന്നോണം കടന്നു വരുന്ന ഷോപ്പിംഗ് മാളുകൾ അഥവാ വലിയ വാണിഭ ശാലകൾ, ഓരോ അവയവത്തിനും പ്രത്യേ ക ചികിൽസയും പരിചരണവും വാഗ്ദാനം ചെയ്യുന്ന കോർപ്പറേറ്റ് ആശുപത്രികൾ, ദേശീയ അന്തർദേശീയ ശൃംഖലകലകളിൽ പെടുന്ന ഭക്ഷണശാലകൾ, വ്യത്യസ്ത ബ്രാൻഡുകളിൽ പെടുന്ന പലതരം കമ്പനികളുടെ വാഹന ഷോറൂമുകൾ (മുഖ്യമായും കാറും, ഇരുചക്ര വാഹനങ്ങളുമാണ് ഇവിടെ വില്പന നടത്തുന്നത് എന്ന് കാണാം). നഗര ഭേദമില്ലാതെ ഇത് കേരളത്തിൽ പൊതുവിൽ ദൃശ്യമാവുന്ന മാറ്റങ്ങളാണ്. ഇങ്ങനെ രൂപം കൊണ്ടതും (ഇപ്പോഴും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതുമായ) ഒരു പുതിയ വിപണിയാണ് കോഴിക്കോട് ജില്ലയിലെ വെങ്ങളം-രാമനാട്ടുകര ബൈപാസ്സിനോട് ചേർന്ന് ഇരു ഭാഗത്തുമായി ഉയർന്നു വരുന്നത്. പന്തീരങ്കാവ് ജങ്ഷൻ, തൊണ്ടയാട്, പാലാഴി എന്നിങ്ങനെ ഈ ബൈപാസ്സിനോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾ ഒരു പുതിയ വാണിജ്യ കേന്ദ്രം (Commercial hub) എന്നാണിപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. ഈ അനുഭവത്തെ മുൻനിർത്തി, മുകളിൽ പങ്കുവെച്ച വിശാലമായ ചോദ്യങ്ങളുടെ പശ്ചാത്തലത്തിൽ, എന്താണ് ഇത്തരം വാണിജ്യ കേന്ദ്രങ്ങളുടെയും, അതിലൂടെ രൂപപ്പെടുന്ന വിപണിയുടെയും സവിശേഷതകൾ, ഇത്തരം സവിശേഷതകളെ ആഗോളവത്കരണ-ഉദാരവത്കരണ നഗര സങ്കല്പങ്ങളുടെ പശ്ചാത്തലത്തിൽ ഉയർന്നുവന്ന ചില വ്യവഹാരങ്ങളുടെ വിമർശനാത്മക പരിശോധനയിലൂടെ വിശദീകരിക്കാൻ ആണ് ഇനി ശ്രമിക്കുന്നത്.  

കാസർഗോഡ്, കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന എല്ലാ വാഹനങ്ങളും കോഴിക്കോട് നഗരത്തിലൂടെ കടന്നു പോകുന്നത് വഴി വലിയ ഗതാഗത തടസ്സം ഉണ്ടാവുകയും, അതിനാൽ ഇത് ഒഴിവാക്കുന്നതിനുവേണ്ടിയാണ് കോഴിക്കോട് ജില്ലയിലെ വെങ്ങളം മുതൽ രാമനാട്ടുകര വരെ 28. 4 കിലോമീറ്റർ നീളം വരുന്ന ബൈപാസ് പദ്ധതി നടപ്പിലാക്കിയത്. നാഷണൽ ഹൈവേ 66 ന്റെ ഭാഗമായുള്ള ഈ ഇടപ്പാത ഇപ്പോൾ ആറ് വരി പാതയായി നവീകരിക്കാൻ പോവുകയാണ്. നിലവിൽ ഈ ബൈപ്പാസ് വന്നതിന്റെ ഭാഗമായി വന്ന മാറ്റങ്ങളെ ഒന്ന് വിവരിക്കാം. 

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷനുമായി അതിരു പങ്കിടുന്ന ഒളവണ്ണ പഞ്ചായത്തിനെ കീറി മുറിച്ചുകൊണ്ടാണ് ഈ ബൈപാസ് കടന്നു പോവുന്നത്. ഈ ബൈപ്പാസ് പദ്ധതി അംഗീകരിച്ചപ്പോൾ തന്നെ അതിന്റെ ഇരു ഭാഗത്തുമുള്ള സ്ഥലം, പ്രത്യേകിച്ചും തൊണ്ടയാട് പ്രദേശത്ത് ഭൂമി വാങ്ങിച്ചു കൂട്ടാൻ കച്ചവടക്കാരും അവരുടെ മൂലധനവും എത്തി തുടങ്ങിയിരുന്നു. ഇത് മുമ്പ് സ്ഥലം വാങ്ങാൻ വന്നിരുന്ന പഴയ കച്ചവടക്കാർ ആയിരുന്നില്ല മറിച്ച് ദേശീയവും ആഗോളവുമായ വിപണിയിൽ വലിയ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള കച്ചവടക്കാർ ആയിരുന്നു വന്നത്. ഇവരും കേരളത്തിലെ ചില മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളൂം തമ്മിലുള്ള ബന്ധം ആ കാലത്തു തന്നെ വലിയ ചർച്ചാ വിഷയമായിരുന്നു. കോഴിക്കോട് ജില്ലയിലെ ഒരു  പ്രമുഖ ഷോപ്പിംഗ് മാൾ ഉദാഹരണമായി എടുത്തു കഴിഞ്ഞാൽ അതൊരു ഒറ്റപ്പെട്ട സംരംഭമല്ല എന്ന് കാണാം. രാജ്യത്തിനകത്തും പുറത്തുമായി ആയിരം കോടിയിലധികം ആസ്തിയുള്ള രണ്ടായിരത്തിലധികം പദ്ധതികളുള്ള ഒരു കെട്ടിട നിർമാണ കമ്പനി എന്നാണ് അത് കണക്കാക്കപ്പെടുന്നത്. ഇവർ ആദ്യം ചെയ്തത് അവിടെ തന്നെ ഉണ്ടായിരുന്ന ചില സാധാരണ തൊഴിലാളികളെ സമീപിക്കുകയും അവർ വഴി ആ പ്രദേശവാസികളെ സ്വാധീനിക്കുകയുമായിരുന്നു. ഒപ്പം ഒരു സെന്റിന് 5000 രൂപ പോലും അന്നത്തെ മാർക്കറ്റ് വിലയനുസരിച്ചു കിട്ടാത്ത സ്ഥലത്തു ഇവർ 50000 രൂപ വരെ വാഗ്ദാനം ചെയ്യുന്നു. തുടർന്ന് ഈ പറഞ്ഞ സാധാരണ തൊഴിലാളികൾ ഇടനിലക്കാർ ആയി നിന്നുകൊണ്ടാണ് സ്വകാര്യ മൂലധനം ഈ സ്ഥലം വാങ്ങി കൂട്ടുന്നത്.

കേരളത്തിന്റെ സവിശേഷമായ സാഹചര്യത്തിൽ സാധാരണ തൊഴിലാളിക്ക് തന്റെ പ്രദേശങ്ങളിൽ ഉള്ള പരിചയത്തെയും സ്വാധീനത്തെയും ഉപയോഗപ്പെടുത്തിയാണ് സ്വകാര്യ മൂലധനം ഇത് ചെയ്യുന്നത്. മാർക്സ് സൂചിപ്പിക്കുന്ന വളരെ പ്രാകൃതമായ ഒരു സംഭരണ രീതിയല്ല (primitive accumulation) മുതലാളിത്തം ഇവിടെ അവലംബിക്കുന്നത് എന്നു കാണാം. പകരം വലിയ പ്രോലോഭനങ്ങൾ നൽകി തങ്ങൾക്കിടയിലുള്ള ആളുകളിലേക്ക് നുഴഞ്ഞു കയറി അവർ വഴി ആ പ്രദേശവാസികളുടെ സമ്മതി നിർമിച്ചെടുത്താണ് മുതലാളിത്തം മുന്നേറുന്നത്. അഞ്ചും പത്തും സെന്റ് ഭൂമി (പുരയിടം) കൈവശം വയ്ക്കുന്ന സാധാരണ തൊഴിലാളിയും മനുഷ്യരും കുറേക്കൂടി മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാവുമെന്ന പ്രതീക്ഷയിൽ തങ്ങളുടെ പുരയിടം വിറ്റ് മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറുന്നു. ഇങ്ങനെ കൂടുമാറുന്ന മനുഷ്യരുടെ തൊഴിലിന് എന്ത് സംഭവിക്കുന്നു, അവരുടെ ജീവിതം അതുവരെയുള്ളതിൽ നിന്നും മെച്ചപ്പെട്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരം ലഭ്യമാകണമെങ്കിൽ കൂടുതൽ ദത്ത ശേഖരണം ആവശ്യമുണ്ട്. അത് മറ്റൊരു അന്വേഷണത്തിന്റെ വിഷയമായി തൽകാലം മാറ്റിവക്കുകയാണ്. 

കണ്ണൂർ വിമാനത്താവള നിർമ്മാണസമയത്തെ കാഴ്‌ച

ആഗോളവൽക്കരണ-നവഉദാരവൽക്കരണ ആശയങ്ങളുടെ പ്രാദേശികമായ ആവിഷ്കാരങ്ങൾ 

സാമ്പത്തിക വളർച്ചയെയും വികസനത്തെയും മുൻനിർത്തിയാണ് മുതലാളിത്തം ഇത്തരത്തിൽ ഭൂമി സമാഹരിക്കുന്നത് എന്നാണ് പൊതുവെയുള്ള അവകാശ വാദം. ഭരണകൂടം തന്നെ ബ്രോക്കർമാരായി നിന്നുകൊണ്ട് സ്വകാര്യ മൂലധനത്തിനുവേണ്ടി ഭൂമി സമാഹരിക്കുന്ന നവഉദാരവത്കരണ സാഹചര്യം നവഉദാരവത്കൃത ഇന്ത്യയിലെ ഭൂമി കൈയ്യേറ്റങ്ങളെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുള്ള മൈക്കൽ ലവിൻ സൂചിപ്പിക്കുന്നുണ്ട്. അത്തരം സാഹചര്യം കേരളത്തിൽ ചിലയിടത്തെങ്കിലും കാണാൻ കഴിയുമെങ്കിലും മുകളിൽ വിവരിച്ച കോഴിക്കോടിന്റെ സാഹചര്യം അതിൽ നിന്നും വ്യത്യസ്തമാണ്. ഈ വ്യത്യസ്ഥതയെ ആഗോളവത്കരണ നവഉദാരവൽക്കരണ ആശയങ്ങളുടെ പ്രാദേശികമായ ആവിഷ്കാരങ്ങളായി കാണാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. അതെങ്ങനെയാണ് ആവിഷ്കൃതമാവുന്നത് എന്ന് വിശദീകരിക്കാം. പ്രമുഖ നഗര സമൂഹ പഠിതാക്കളായ നീൽ ബ്രെന്നരും നൈക് തിയോഡോറും മുന്നോട്ടു വയ്ക്കുന്ന "യഥാർത്ഥത്തിൽ നിലനിൽക്കുന്ന നവലിബറലിസം" (Actually existing neoliberalism) എന്ന ആശയം പ്രസക്തമാവുന്നത് ഇവിടെയാണ്. പൊതുവെ നമ്മുടെ നാട്ടിൽ ഉൽപ്പാദിപ്പിക്കപ്പെട്ട എഴുത്തുകളിലും ചർച്ചകളിലും മനിസിലാക്കപ്പെട്ടപോലെ അല്ലെങ്കിൽ തെറ്റായി വായിക്കപ്പെട്ടപോലെ നവലിബറലിസം എന്നത് വിപണിയുടെ അദൃശ്യമായ നിയമാവലികൾക്കകത്ത് ലോകത്താകമാനം ഒരേ പോലെ പ്രവർത്തിക്കുന്ന ഒരു പ്രത്യയശാത്രമല്ല. മറിച്ചു അത് ഓരോ രാജ്യത്തിന്റെയും ദേശീയമായ സവിശേഷതകളെ പരിഗണിച്ചും അതോടൊപ്പം വ്യത്യസ്തമായ പ്രദേശങ്ങളുടെ സമൂഹ രൂപീകരണത്തിന്റെയും സമ്പദ്ഘടനയുടെയും ചരിത്രപരമായ വികാസവും പരിവർത്തനവും മനസ്സിലാക്കികൊണ്ടും, അതിന്റെ പിന്നിൽ പ്രവർത്തിച്ച സാമൂഹികവും, രാഷ്ട്രീയവും, ഭരണപരവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടും വിലയിരുത്തികൊണ്ടും കടന്നു വരുന്ന ആശയങ്ങളാണ്. ധനമൂലധനത്തിന്റെ (finance capital) വികേന്ദ്രീകൃതമായ വിന്യാസത്തിനു ഇത് വളരെ അത്യന്താപേക്ഷിതമാണ് എന്ന് ആഗോള മുതലാളിത്തത്തിന് നല്ല ബോധ്യമുണ്ട്.  ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സമീപിക്കുമ്പോൾ ചെറുതാണെങ്കിലും തങ്ങളുടെ ഭൂമിയോ പുരയിടമോ വിറ്റ് കോഴിക്കോട് ജില്ലയിലെ പന്തീരങ്കാവ്, തൊണ്ടയാട്, പാലാഴി എന്നീ പ്രദേശങ്ങളിൽ നിന്നും കുടി ഒഴിഞ്ഞു പോവാനുള്ള സാധാരണക്കാരായ മനുഷ്യരുടെ തെരെഞ്ഞെടുപ്പ് തങ്ങളുടെ താല്പര്യങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത ഒരടിച്ചേൽപ്പികലാണ് എന്ന് പൂർണമായും പറയുക വയ്യ. അതെ സമയം അവരെ ഈ തെരഞ്ഞെടുപ്പിലേക്കു എത്തിച്ച സാഹചര്യം ഒരുക്കുന്നതിൽ മൂലധനം സ്വീകരിച്ച തന്ത്രങ്ങൾ കാണാതിരിക്കാനും വയ്യ. മുകളിൽ സൂചിപ്പിച്ചതുപോലെ ഇത് വളരെ അപരിഷ്കൃതമായ കയ്യേറ്റത്തിൽ നിന്നും വളരെ വിഭിന്നമാണ്. ഭരണകൂടം നേരിട്ട് നടത്തുന്ന ഭൂമി ഏറ്റെടുക്കലിൽ  മൂലധനം ഒന്നാം വോള്യത്തിൽ മാർക്സ് സൂചിപ്പിക്കുന്ന വളരെ അപരിഷ്കൃതമായ കയ്യേറ്റത്തിന്റെ (primitive accumulation) സ്വഭാവം ഇപ്പോളും ഉള്ളടങ്ങിയിട്ടുണ്ട്.

അതിന്റെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു 2006 ൽ ഇടതുപക്ഷം നേതൃത്വം നൽകിയ പശ്ചിമ ബംഗാൾ സർക്കാർ ടാറ്റയുടെ നാനോ കാർ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഏതാണ്ട് ആയിരത്തോളം ഏക്കർ സ്ഥലം ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ ഏറ്റെടുത്ത രീതി. ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് നവലിബറൽ കാലത്തെ സ്വകാര്യ മൂലധനം പ്രവർത്തിക്കുന്നത്. തങ്ങൾക്കനുകൂലമായ സമ്മതി നിർമിച്ചെടുക്കുന്നതിൽ നേരിട്ടുള്ള സംഘർഷവും ശത്രുതയും ഒഴിവാക്കിക്കൊണ്ടുള്ള ചില തന്ത്രപരമായ പ്രവർത്തന രീതികൾ അവർ അവലംബിക്കുന്നു. അതിലൊന്നാണ് ഞാൻ മുകളിൽ വിവരിച്ച പ്രദേശവാസികളെയും തൊഴിലാളികളെയും ഉപയോഗപ്പെടുത്തികൊണ്ടുള്ള സമ്മതി നിർമിച്ചെടുക്കുന്ന രീതി. വലിയ തൊഴിൽ വാഗ്ദാനങ്ങൾ നൽകിയും, വരാനിരിക്കുന്ന വികസനത്തെക്കുറിച്ചും, സാമ്പത്തിക വളർച്ചയെക്കുറിച്ചുമെല്ലാമുള്ള പലതരം വ്യാമോഹങ്ങൾ ഉൽപ്പാദിപ്പിച്ചെടുക്കുന്ന സമ്പ്രദായം, പ്രാദേശിക സമൂഹങ്ങൾക്കിടയിൽ പരസ്പര ശത്രുതയും, സംഘർഷവുമുണ്ടാക്കുക, ഇത്തരം സംരംഭങ്ങളെ എതിർക്കുന്നവരെ വികസന വിരോധികൾ, നാടിന്റെ പുരോഗതിക്ക് തടസമായി നിൽക്കുന്നവർ എന്ന രീതിയിൽ മുദ്രകുത്തി അവരെ മറ്റു പ്രദേശവാസികളിൽ നിന്നും ഒറ്റപ്പെടുത്തുക തുടങ്ങി ഓരോയിടത്തും എന്താണോ ഫലപ്രദമായിട്ടുള്ളത് അത് കണ്ടെത്തുകയും പ്രയോഗിക്കുകയുമാണ് ഇവർ ചെയ്യുന്നത്.

കേരളത്തിൽ ഇങ്ങനെ ചെയ്യുന്നതിന് മറ്റു ചില കാരണങ്ങൾ കൂടിയുണ്ട്. ചില യൂറോപ്യൻ രാജ്യങ്ങളിലോ, അമേരിക്കയിലോ, ഇന്ത്യയിലെ തന്നെ മറ്റു ചില സംസ്ഥാനങ്ങളിലോ നവലിബറലിസം ആവിഷ്കൃതമായ രീതിയിലല്ല അതിവിടെ പ്രവർത്തനക്ഷമമാവുന്നത് എന്നതുകൊണ്ടാണ്. ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും, ഒട്ടൊക്കെ ഇന്ത്യയിലും നവലിബറലിസം മുമ്പോട്ടുവച്ച ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. അതിനെ പൊതുവിൽ ഇങ്ങനെ സംഗ്രഹിക്കാം: ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പരിപാടികളിൽ നിന്നുമുള്ള ഭരണകൂടത്തിന്റെ പടിപടിയായ പിന്മാറ്റം, ആഗോളതലത്തിൽ മൂലധനത്തിന്റെ അനിയന്ത്രിതമായ സഞ്ചാരം ഉറപ്പുവരുത്തുക, പ്രധാനപ്പെട്ട വ്യവസായങ്ങൾക്കുമേലുള്ള ഭരണകൂട നിയന്ത്രണം എടുത്തുമാറ്റുക, കോർപ്പറേറ്റ് നികുതി വൻതോതിൽ വെട്ടികുറക്കുക, സംഘടിത തൊഴിലിന്മേലുള്ള കയ്യേറ്റം, പൊതുസേവനങ്ങൾ ഭരണകൂടത്തിന്റെ ഉത്തരവാദിത്വം അല്ലാതാക്കി മാറ്റുക അല്ലെങ്കിൽ അതിനെ സ്വകാര്യവത്കരിക്കുക, സംസ്ഥാനങ്ങൾക്കിടയിലും വിവിധ മേഖലകൾക്കിടയിലും അനാരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന അഭിപ്രായം രേഖപ്പെടുത്തുന്ന പാവപെട്ട മനുഷ്യരെ കുറ്റവാളികൾ ആക്കിമാറ്റുക എന്നിവയാണവ. എന്നാൽ ഈ തത്വങ്ങൾ അതേപടി ആവിഷ്കൃതമായ ഒരു സമൂഹമല്ല കേരളം. എന്നാൽ ഇതിൽ ചിലതെല്ലാം ചെറിയ മാറ്റങ്ങളോടെ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കാണാം. അതിൽ പ്രധാനമാണ് 1990 കൾക്ക് ശേഷം സ്വകാര്യ മൂലധനത്തിന് വിഹരിക്കാനുള്ള സ്വാതന്ത്ര്യം,  നിയന്ത്രണങ്ങളോടെ ആണെങ്കിൽ പോലും,  ഭരണകൂടം ഉറപ്പുവരുത്തുന്ന ചില മാർഗ്ഗങ്ങൾ. ഇത്തരമൊരു സവിശേഷമായ കാലാവസ്ഥ നിലനിൽക്കുന്നതുകൊണ്ടാണ് സ്വകാര്യ മൂലധനം കേരളത്തെ മുൻനിർത്തി ചില അനന്യമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരിക്കുന്നത്. അതിന്റെ അനുഭവമാത്രമായ ചില വിശദീകരണങ്ങളാണ് കോഴിക്കോടിനെ അടിസ്ഥാനമാക്കി ഇവിടെ വിശദീകരിച്ചത്.   

ഇതിനനുബന്ധമായി ഉയർന്നു വരുന്ന മറ്റൊരു ചോദ്യം ഇങ്ങനെ കടന്നു വരുന്ന മുതലാളിത്തവും സ്വകാര്യ മൂലധനവും മനുഷ്യരുടെ സാമൂഹിക ജീവിതത്തിൽ എന്ത് തരം പരിവർത്തനങ്ങാളാണ് ഉണ്ടാക്കുന്നത് എന്നതാണ്. പലപ്പോഴും ഉയർന്നു വരുന്ന വളരെ വൈകാരികവും ഉപരിപ്ലവുമായ ഒരഭിപ്രായം അത് ഒഴിഞ്ഞു പോകുന്ന മനുഷ്യരുടെ കൂട്ടായ്മയെയും സാമൂഹി ക ജീവിതത്തെയും ചിന്നഭിന്നമാക്കുന്നു. കാരണം കുറഞ്ഞ വിലക്ക് താമസസ്ഥലം കിട്ടുന്ന പ്രദേശങ്ങൾ തേടി ഭൂമി കൈമാറ്റം ചെയ്തവർ പോവുന്നു എന്നതിനാൽ. എന്നാൽ വിമർശന രഹിതമായി ഈ അഭിപ്രായത്തെ പിൻപറ്റുക പ്രയാസകരമാണ്. പലപ്പോഴും തങ്ങൾ സ്വാംശീകരിച്ച സമൂഹത്തെക്കുറിച്ചും കൂട്ടായ്മകളെക്കുറിച്ചുമുള്ള വളരെ കാല്പനികമായ സങ്കല്പങ്ങളെ ഇത്തരം അഭിപ്രായങ്ങളിലൂടെ അവർക്കുമേൽ ചുമത്തുകയാണ് ചെയ്യുന്നത്. അതെ സമയം ഇങ്ങനെ നിലനിന്ന കൂട്ടായ്മകളിൽ മനുഷ്യർ എത്ര മാത്രം സന്തോഷവാന്മാരായിരുന്നു? ജാതീയമായ വിവേചനങ്ങളും, അസമത്വവും ഇവർ അനുഭവിച്ചിരുന്നോ? ഈ പ്രദേശങ്ങൾ വിട്ടുപോകാൻ അവർ ഒരവസരം കാത്തിരിക്കുകയായിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾ കൂടുതൽ ആഴത്തിലുള്ള പഠനങ്ങൾക്കായി ഇവിടെ അവശേഷിപ്പിക്കുകയാണ്. അതിലൂടെ മാത്രമേ ഒഴിഞ്ഞു പോവേണ്ടി വന്ന മനുഷ്യരുടെ സാമൂഹിക ജീവിതത്തെ സമകാലിക മുതലാളിത്തം ഏതു തരത്തിലാണ് ബാധിച്ചതെന്ന് പറയാൻ കഴിയുകയുള്ളൂ. അതെ സമയം ഇത്തരത്തിൽ സമാഹരിച്ച സ്ഥലത്തു വികസിച്ചു വരുന്ന ഒരു പുതിയ വിപണിയും അതുൾക്കൊള്ളുന്ന കച്ചവട സംരംഭങ്ങളും സമ്പന്നരായ ഉപരി വർഗ്ഗത്തിന്റെയും അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു മധ്യവർഗ്ഗത്തിന്റെയും ഉപഭോഗ ശേഷിയെയും താല്പര്യങ്ങളെയും മുന്നിൽ കണ്ടുകൊണ്ടാണ് വികസിച്ചു വന്നിട്ടുള്ളത് എന്ന് കാണാം. പൊതുവിൽ കേരളത്തിന്റെയും സവിശേഷമായി കോഴിക്കോടിന്റെയും ഭൂമിശാത്രപരവും, സാമൂഹികവുമായ സവിശേഷതകൾ പരിഗണിച്ചു ഉപഭോഗത്തെ പരമാവധി പ്രോത്സാഹിപ്പിക്കുകയും അതുവഴി ലാഭം ഉണ്ടാക്കാനും കഴിയും വിധത്തിലാണ് ഈ വിപണി വികസിച്ചു വന്നിട്ടുള്ളത്.

ഈ സന്ദർഭത്തിൽ ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ചെയർമാനും എം ഡി യുമായ പി സുലൈമാൻ പങ്കുവെച്ച അഭിപ്രായം. അദ്ദേഹം പറയുന്നത് "നഗരത്തിനുള്ളിൽ സ്വയം ചെറുനഗരങ്ങളായി നിലനിൽക്കുന്ന സാറ്റലൈറ്റ് ടൗൺഷിപ്പുകളാണ് ഇനി യാഥാർഥ്യമാവേണ്ടത് " (മാതൃഭൂമി, നഗരം പേജ്, ഡിസംബർ 31, 2017 ). ഇത് പഴയതും പുതിയതുമായ രണ്ടു കോഴിക്കോട് നഗരത്തെ വിഭാനം ചെയ്യുന്നുണ്ട്. അതിനർത്ഥം അത് രണ്ടു കാലങ്ങളിൽ നിലകൊള്ളുന്നു എന്നല്ല മറിച്ചു ഉപഭോഗത്തിൽ പുതിയ തരം ശീലങ്ങളുണ്ടാക്കുന്ന, അതിന്റെ രൂപകല്പനയിൽ തന്നെ തങ്ങളാഗ്രഹിക്കുന്ന ഉപഭോഗ ശേഷിയില്ലാത്ത മനുഷ്യരെ പുറംതള്ളുന്ന ഒരു പുതിയ നഗര ഇടം രൂപമെടുക്കുന്നതായി കാണാം. ഏറെ ഗൃഹാതുരതയോടെയും ഒട്ടൊക്കെ കാല്പനികമായും മനുഷ്യർ വാതോരാതെ സംസാരിച്ച ഒരു കോഴിക്കോടല്ല ഇത് മറിച്ചു തുറന്ന കമ്പോളത്തിന്റെയും ഉപഭോഗത്തിന്റെയും ഉത്സവത്തിൽ പങ്കുചേരാൻ കഴയുന്ന ഉപഭോഗാസക്തിയും ഉപഭോഗശേഷിയും കൈമുതലായുള്ള വ്യക്തി കേന്ദ്രീകൃതവും കുടുംബ കേന്ദ്രീകൃതവുമായ ഒരു ഉപഭോക്താവിനെ ലക്ഷ്യം വയ്ക്കുന്ന ഒരു പുതിയ നഗര ഇടമാണിത്. മുകളിൽ വിവരിച്ച പശ്ചാത്തല സൗകര്യങ്ങളുടെ പരിണിത ഫലമെന്നോണം വികസിച്ചു വരുന്നതാണ് ഈ പുതിയ ഇടം എന്ന് കൂടി കാണാം. ഈ നിരീക്ഷണങ്ങളെ കേരളത്തിൽ പലയിടത്തായി രൂപംകൊള്ളുന്ന പുതിയ നഗര ഇടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ കഴിയുന്നതാണ്, ഒപ്പം അത് കൂടുതൽ സങ്കീർണമായ പ്രവണതകളിലേക്ക് വഴിതുറക്കുകയും ചെയ്യും. അത് തുടർ അന്വേഷണങ്ങൾക്കുള്ള ഒരു മേഖലയായി അവശേഷിപ്പിച്ചുകൊണ്ട് ഈ ലേഖനം ഉപസംഗ്രഹിക്കാം.

Leave a comment