TMJ
searchnav-menu
post-thumbnail

Labour

കേരളത്തിലെ കാർഷിക മേഖലയും കർഷകത്തൊഴിലാളികളും

26 May 2022   |   1 min Read
Deepak Johnson

PHOTO: PXHERE

കാർഷിക മേഖല നേരിടുന്ന തളർച്ച, അതായത് കാർഷിക ഉത്പ്പാദനം ഉയരുമ്പോഴും കൃഷി ചെയ്യുന്നവരുടെ വരുമാനം വർധിക്കാതിരിക്കുന്ന അവസ്ഥ, രാജ്യത്താകമാനം ചർച്ചാവിഷയമായി ഉയർത്തിക്കൊണ്ടുവന്ന കർഷക പ്രക്ഷോഭം അവസാനിച്ചിട്ട് അധികം നാളുകളായിട്ടില്ല. കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെപ്പോലെ തന്നെ പ്രധാനവും പഠനവിഷയമാകേണ്ടതുമാണ് കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ.

കൃഷിയിൽ നിന്നും സർക്കാരിന്റെ 1990കൾ മുതലുള്ള പിൻവാങ്ങൽ കാർഷികമേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കി വരുകയാണ്. 1984-85 മുതൽ 1994-95 വരെ കാർഷിക മേഖല വർഷത്തിൽ നാല് ശതമാനം വച്ച് വളർന്നുവെങ്കിൽ, അതിനു ശേഷമുള്ള പത്ത് വർഷക്കാലം 0.6 ശതമായിരുന്നു വാർഷിക വളർച്ച. പിന്നീട് കാർഷിക മേഖല കുറച്ച് വർഷത്തേക്ക് വളർന്നുവെങ്കിലും, കഴിഞ്ഞ ദശാബ്ദത്തിൽ, പ്രത്യേകിച്ചും 2014 ന് ശേഷം വളർച്ചാനിരക്ക് കുറയുകയാണുണ്ടായത്. കാർഷിക മേഖലയിൽ വളർച്ച മുരടിക്കുക വഴി കർഷകർക്ക് ലഭിക്കുന്ന വരുമാനത്തിൽ ഇടിവ് വരികയുണ്ടായി. ഇതിനോടൊപ്പം തന്നെയുണ്ടായ യന്ത്രവത്കരണം, സാങ്കേതിക വിദ്യയുടെ വളർച്ച, തുടങ്ങി പല കാരണങ്ങൾ കൊണ്ട് കർഷക തൊഴിലാളികൾക്ക് ലഭിച്ചിരുന്ന തൊഴിലവസരങ്ങൾ കുറയുകയും ചെയ്തു. സാമൂഹിക-സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കർഷക തൊഴിലാളികൾക്ക് ഈ കാലഘട്ടം കൂടുതൽ ദുരിതങ്ങളാണ് നൽകികൊണ്ടിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഇന്ത്യയിൽ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന, കുറഞ്ഞ കൂലി ലഭിക്കുന്ന കർഷകത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണം കുറയുന്നത് ആശാവഹമായ കാര്യമല്ലേ എന്ന സംശയം ന്യായമായും ഉണ്ടാകാം. എന്നാൽ സാമ്പത്തിക രംഗത്തെ അസമമായ വളർച്ച കാരണം കർഷക തൊഴിലാളി കുടുംബങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട വേതനം തരുന്ന ജോലികളിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കാർഷിക മേഖലയിലെ തൊഴിലിനോടൊപ്പം വ്യവസായ-സേവന മേഖലകളിൽ കൂടി തുച്ഛമായ കൂലി ലഭിക്കുന്ന ജോലികളിൽ പണിയെടുക്കേണ്ടി വരുന്ന തൊഴിലാളികളാണ് ഇന്നത്തെ ബഹുഭൂരിപക്ഷം കർഷകത്തൊഴിലാളികളും. ഇത്തരത്തിലുള്ള തൊഴിൽപരമായ വൈവിധ്യവത്കരണം നിലനിൽപ്പ് അപകടത്തിലായ ഒരു തൊഴിൽസേനയെയാണ് സൂചിപ്പിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ കുറയാൻ മറ്റു കാരണങ്ങളുമുണ്ട്. പൊതുവെ കൃഷിയിൽ നിന്നുള്ള ഉത്പാദനത്തിന്റെ തോത് കുറഞ്ഞതിനോടൊപ്പം, ധാരാളമായി കായികാധ്വാനം ഉപയോഗിക്കപ്പെട്ടിരുന്ന നെല്ല് പോലുള്ള വിളകളിൽ നിന്നും കൃഷി ഭൂമി മാറ്റിയതും, ഗൾഫ് മേഖലയിൽ വന്ന തൊഴിലവസരങ്ങളും എന്നിവയും കർഷകത്തൊഴിലാളികളുടെ എണ്ണം കുറയാൻ ഇടയായി.

കേരളത്തിലെ കർഷകത്തൊഴിലാളികൾ

2018-19ൽ ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ (NSSO) നടത്തിയ ഗ്രാമീണ കാർഷിക-കുടുംബങ്ങളുടെ സ്ഥിതിവിവര സർവേ (Situation Assessment of Agricultural Households) പ്രകാരം കേരളത്തിൽ 44 ലക്ഷം കുടുംബങ്ങൾ ഗ്രാമപ്രദേശങ്ങളിൽ വസിക്കുന്നവരാണ്. അതിൽ ഏകദേശം മൂന്നിലൊന്ന് (14.7 ലക്ഷം കുടുംബങ്ങൾ) മാത്രമാണ് കൃഷി പ്രധാന വരുമാന സ്രോതസ്സായി ഉള്ളവർ. ഇന്ത്യ മൊത്തം എടുക്കുകയാണെങ്കിൽ ഗ്രാമപ്രദേശങ്ങളിലെ പകുതിയിലധികം കുടുംബങ്ങളും (54 ശതമാനം; ഏകദേശം 9.3 കോടി കുടുംബങ്ങൾ) കാർഷിക കുടുംബങ്ങളാണ്. ഇനി കർഷക തൊഴിലാളി കുടുംബങ്ങളിലേക്ക് വന്നാൽ, കേരളത്തിലെ ഗ്രാമങ്ങളിലെ 9 ശതമാനം കുടുംബങ്ങൾ (ഏകദേശം 4 ലക്ഷം കുടുംബങ്ങൾ) കർഷക തൊഴിലാളി കുടുംബങ്ങളായി കണക്കാക്കപ്പെടുന്നവർ ആണ്. അതേ സമയം കാർഷികേതര തൊഴിലാളി കുടുംബങ്ങൾ 26 ശതമാനം (ഏകദേശം 11 ലക്ഷം) വരും. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്ന കർഷകത്തൊഴിലാളികളും ഇതിലുൾപ്പെടും.

ഇന്ത്യയിൽ ആകമാനം കർഷകത്തൊഴിലാളി കുടുംബങ്ങളുടെ എണ്ണത്തിൽ വന്ന കുറവിനെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചു. കേരളത്തെ സംബന്ധിച്ചിടത്തോളം കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ കുറയാൻ മറ്റു കാരണങ്ങളുമുണ്ട്. പൊതുവെ കൃഷിയിൽ നിന്നുള്ള ഉത്പാദനത്തിന്റെ തോത് കുറഞ്ഞതിനോടൊപ്പം, ധാരാളമായി കായികാധ്വാനം ഉപയോഗിക്കപ്പെട്ടിരുന്ന നെല്ല് പോലുള്ള വിളകളിൽ നിന്നും കൃഷി ഭൂമി മാറ്റിയതും, ഗൾഫ് മേഖലയിൽ വന്ന തൊഴിലവസരങ്ങളും എന്നിവയും കർഷകത്തൊഴിലാളികളുടെ എണ്ണം കുറയാൻ ഇടയായി. തൊഴിലാളികളോടൊപ്പം തന്നെ, യന്ത്രവത്കരണം കൊണ്ട് കർഷക തൊഴിൽ ദിനങ്ങളും കുറഞ്ഞു. കണക്കുകൾ പ്രകാരം 2004-05ൽ കേരളത്തിൽ 102 തൊഴിൽദിനങ്ങളാണ് ഒരു ഹെക്ടറിൽ (ഏകദേശം 2.5 ഏക്കർ) നെല്ല് ഉത്പാദിപ്പിക്കാനായി ഉപയോഗിച്ചിരുന്നത്. എന്നാൽ 2018-19 ആകുമ്പോഴേക്കും ഇത് 67 ദിവസമായി കുറഞ്ഞു.

തൊഴിൽ കുറഞ്ഞുവെങ്കിലും കർഷക തൊഴിലാളികൾക്കുള്ള കൂലിയിൽ വലിയ വർധന കേരളത്തിലുണ്ടായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന കർഷകത്തൊഴിലാളികൾ കേരളത്തിലാണ് ഉള്ളത്. കേരളത്തിൽ 2019-20-ൽ ഒരു പുരുഷ തൊഴിലാളിക്ക് ഗ്രാമീണ മേഖലയിൽ കിട്ടുന്ന ശരാശരി കൂലി ഒരു ദിവസത്തിന് 701 രൂപയാണ്. ഇന്ത്യ ആകെയെടുത്താൽ ഈ തുക വെറും 287 രൂപയാണ്. എന്നാൽ കേരളത്തിൽ എല്ലാ കർഷകത്തൊഴിലാളിക്കും ഇതേ നിരക്കിൽ തന്നെയാണ് കൂലി ലഭിക്കുന്നത് എന്നർത്ഥമില്ല. പ്രധാനമായും സ്ത്രീ തൊഴിലാളികളുടെ വേതനം ഇതിലും വളരെ കുറവാണ്. 2010 ലെ കണക്കുകൾ പ്രകാരം സ്ത്രീകളുടെ കൂലി പുരുഷന് ലഭിക്കുന്ന കൂലിയുടെ ഏകദേശം പകുതിയാണ്. അതുപോലെ, ദിവസവേതനത്തിന് പകരം പ്രത്യേകം പണിയ്ക്ക് ലഭിക്കുന്ന മൊത്തക്കൂലി (കരാർ അടിസ്ഥാനത്തിലുള്ള വേതനം) വഴിയായി കുറവ് കൂലി ലഭിക്കുന്ന അവസ്ഥയുമുണ്ട്. കർഷക തൊഴിലാളികളായി പണിയെടുക്കുന്ന ഇതരസംസ്ഥാനക്കാർക്ക് മലയാളികളായ കർഷകത്തൊഴിലാളികളേക്കാൾ കുറവ് കൂലി ലഭിക്കുന്ന സാഹചര്യങ്ങളും നിലനിൽക്കുന്നു.

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളേക്കാൾ പൊതുവെ കൂലി ഉയർന്നതാണെങ്കിലും, വേണ്ടത്ര തൊഴിൽ ദിനങ്ങൾ ലഭ്യമല്ലാത്തത് കൊണ്ട് തന്നെ മതിയായ വരുമാനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. അതോടൊപ്പം തന്നെ മറ്റ് തൊഴിലുകൾ പോലെ ആകർഷകമാണോ കർഷകത്തൊഴിൽ എന്നതും ചിന്തിക്കേണ്ടതാണ്. ഗൾഫ് മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക വഴി, കുറെയധികം മലയാളികൾക്ക് അവിടെ കുറച്ചു കൂടി ഉയർന്ന വേതനത്തിൽ ജോലി നേടാൻ കഴിഞ്ഞു. കാർഷിക മേഖലയിൽ ഇപ്പോഴത്തെ അവസ്ഥയെ മറികടന്നു കൊണ്ട് വളർച്ച നേടാൻ കഴിഞ്ഞാലും, എത്ര യുവാക്കൾക്ക് ഇന്നത്തെ രീതിയിലുള്ള കർഷക തൊഴിൽ ആകർഷകമായി തോന്നും?

തൊഴിൽപരമായി നിലനിൽക്കുന്ന പ്രതിസന്ധികളോടൊപ്പം തന്നെ സാമൂഹികമായ പിന്നോക്കാവസ്ഥയും കർഷകത്തൊഴിലാളികളുടെ സമൂഹം നേരിടുന്നുണ്ട്. അതിൽ തന്നെ ദളിത് സമൂഹം നേരിടുന്ന പ്രശ്നങ്ങൾ പ്രത്യേകമായ ശ്രദ്ധ അർഹിക്കുന്നുണ്ട്. 2011 സെൻസസ് പ്രകാരം കേരളത്തിന്റെ മൊത്തം തൊഴിലാളികളുടെ 16 ശതമാനം കർഷകത്തൊഴിലാളികൾ ആയിരിക്കവേ ദളിത് വിഭാഗത്തിലെ തൊഴിലാളികളുടെ 34 ശതമാനവും കർഷകത്തൊഴിലാളികളായിരുന്നു. ഇതര സമൂഹത്തെ അപേക്ഷിച്ച് ഉയർന്നു നിൽക്കുന്ന ഭൂരാഹിത്യം, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ പിന്നോക്കാവസ്ഥ തുടങ്ങിയ മറ്റു പ്രശ്നങ്ങളും ദളിത് കർഷകത്തൊഴിലാളികൾ അനുഭവിക്കുന്നുണ്ട്.

കർഷകത്തൊഴിലാളികളുടെ ഭാവി

എങ്ങനെയാണ് കേരളത്തിൽ നിലനിൽക്കുന്ന കാർഷികമേഖലയിലെ തൊഴിൽപരമായ പ്രതിസന്ധി - മതിയായ വരുമാനം ലഭ്യമല്ലാത്തതും യുവാക്കളെ ആകർഷിക്കാൻ സാധിക്കാത്തതുമായ സാഹചര്യം - പരിഹരിക്കാൻ കഴിയുക? ഒന്ന്, ആധുനിക സാങ്കേതികവിദ്യയെ മാറ്റിനിർത്തിക്കൊണ്ട്‌ ഇന്നത്തെ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സാധ്യമല്ല എന്നുള്ളതാണ് യാഥാർഥ്യം. വലിയ യന്ത്രങ്ങളുടെ ഉപയോഗം വന്നതോടെ തൊഴിൽ ദിനങ്ങൾ കുറഞ്ഞെങ്കിലും, യന്ത്രങ്ങൾ ഉപയോഗിക്കാൻ അറിയാവുന്ന തൊഴിലാളികളുടെ ആവശ്യം കൂടാൻ കാരണമായി. തുണ്ടുവത്കരിക്കപ്പെട്ട കൃഷിഭൂമിയും ചെറുകിട കർഷകരുടെ ബാഹുല്യവുമുള്ള കേരളത്തിൽ കൃഷി ചെയ്യാൻ അനുയോജ്യമായ യന്ത്രങ്ങളുടെ ഉത്‌പാദനവും വിപുലമായ ഉപയോഗവും കൂടുതൽ തൊഴിൽ ലഭ്യാമാക്കാൻ സാധിക്കും. അനുയോജ്യമായ യന്ത്രവത്കരണം കൂടുതൽ നൈപുണ്യ ശേഷിയുള്ളതും ഉയർന്ന വേതനമുള്ളതുമായ തൊഴിൽ മാർഗങ്ങൾക്ക് വഴിയൊരുക്കും. ആധുനിക സാങ്കേതികവിദ്യ വഴി കൂടുതൽ ഉത്പാദനക്ഷമതയുള്ള വിളകൾ കൃഷിയിലേക്ക് കൊണ്ടുവരാനും അത് വഴി കർഷകരുടെ വരുമാനം ഉയർത്താനും സാധിക്കും. ഈ വരുമാന വർധനവിന്റെ ഒരു ഭാഗം കർഷകത്തൊഴിലാളികൾക്ക് ലഭിക്കത്തക്കവിധമുള്ള കൂലി വർദ്ധനവ് സർക്കാർ ഇടപെടൽ, തൊഴിലാളി സംഘടനകളുടെ പ്രയത്നങ്ങൾ എന്നിവ വഴിയായി സാധിക്കും.

രണ്ട്, തൊഴിൽ സേനകളുടെയും മറ്റ് കൂട്ടായ്മകളുടെയും രൂപീകരണം ഭാവിയിലെ കർഷകതൊഴിൽ കൂടുതൽ കാര്യക്ഷമമായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് സഹായിക്കും. വിവിധയിനം കൃഷി വിളകളും കൃഷി രീതികളും ഒരുമിച്ച് കൊണ്ടുപോകുന്ന സംയോജിത കൃഷിയാണ് കേരളത്തിന്റെ കൂടുതൽ പുരയിടങ്ങളിലും കൃഷിഭൂമിയിലും കണ്ടു വരുന്നത്. കൂടുതൽ വൈദഗ്ദ്യം ആവശ്യപ്പെടുന്നതും പല തരത്തിലുള്ള ജോലികൾ വേണ്ടതുമായ ഈ പ്രക്രിയയിൽ കർഷകത്തൊഴിലാളികളുടെ കൂട്ടായ്മകൾക്ക് കർഷകനും കർഷകത്തൊഴിലാളികൾക്കും ഗുണകരമാകുന്ന രീതിയിൽ തൊഴിലിൽ ഇടപെടാൻ സാധിക്കും. കാർഷിക കൂട്ടായ്മകൾ വഴി സ്ഥിരതയാർന്ന സേവനം ലഭ്യമാക്കാനും ചിലയിടങ്ങളിലെങ്കിലും കേട്ട് വരുന്ന തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും ഒരു പരിധി വരെ സാധിക്കും.

Representational Image: Lollypop.design

മൂന്ന്, ഗ്രാമീണ മേഖലകളിൽ തൊഴിൽ ദിനങ്ങളും അടിസ്ഥാന വരുമാനവും ഒരുക്കുന്നതിന് വേണ്ടി മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികൾ പോലെയുള്ള പദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തേണ്ടതാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പ് നോക്കിയാൽ കേരളം ഇന്ത്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണെന്ന് കാണാം. ദേശീയ തലത്തിൽ 2019-20ൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒരു കുടുംബത്തിന് ശരാശരി 48 ദിവസത്തെ തൊഴിൽ ലഭിച്ചപ്പോൾ, കേരളത്തിൽ ഒരു കുടുംബത്തിന് ശരാശരി 56 ദിവസങ്ങളാണ് ലഭിച്ചത്. കാർഷിക മേഖലയിലെ തൊഴിൽ ദിനങ്ങളുടെ അഭാവം ചുരുങ്ങിയ കാലത്തേക്കെങ്കിലും തൊഴിലുറപ്പ് പോലുള്ള സംവിധാനങ്ങൾ വഴി പരിഹരിക്കാനാകും.

അവസാനമായി, സർക്കാരിന്റെയും പൊതു മേഖലയുടെയും ഇടപെടൽ കർഷകത്തൊഴിലാളികളുടെ ക്ഷേമത്തിന് ആവശ്യമാണ്. പ്രായമായി വരുന്ന കർഷകത്തൊഴിലാളികൾക്ക് ഇന്ത്യയിൽ തന്നെ ആദ്യമായി ക്ഷേമപെൻഷൻ അവതരിപ്പിച്ച സംസ്ഥാനമാണ് കേരളം. കർഷകത്തൊഴിലാളികളുടെ കുടുംബങ്ങളിലെ വരും തലമുറയ്ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്. ആരോഗ്യ രംഗത്തെ പൊതു നിക്ഷേപങ്ങളും സാമൂഹികമായി പിന്നോക്കം നിൽക്കുന്ന കർഷകത്തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമാണ്. അതോടൊപ്പം തന്നെ വിദ്യാഭ്യാസ-ആരോഗ്യ രംഗത്തെ മുന്നേറ്റം തൊഴിലാളികളുടെ വേതനം കൂട്ടാൻ കാരണമാകുന്ന പരോക്ഷമായ ഘടകമാണ് (മികച്ച വിദ്യാഭ്യാസവും ആരോഗ്യവും തൊഴിലാളിയുടെ കരുതൽ വേതനം - reservation wage - ഉയർത്തുകയും അത് വഴി അവർക്ക് ലഭിക്കുന്ന വേതനം ഉയരുകയും ചെയ്യും എന്നാണ് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത്).

സർക്കാരിന് നടത്താവുന്ന മറ്റൊരു തരം ഇടപെടൽ, ഭൂപരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കാതെ കർഷകത്തൊഴിലാളികളുടെ ഇടയിൽ ഇപ്പോഴും ഭൂരഹിതരായവർക്ക് ഭൂമി ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ വേഗത്തിലാക്കുക എന്നുള്ളതാണ്. സർക്കാരിന്റെ സാമ്പത്തിക മേഖലയിലെ ഇടപെടലുകൾ - തൊഴിൽപരമായ പ്രതിസന്ധികൾ മറികടക്കുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള പദ്ധതികൾ - കർഷകത്തൊഴിലാളികളുടെ ജീവിതസാഹചര്യം കൂടുതൽ ഭേദപ്പെട്ടതാക്കും (സാമൂഹികമായ ഒറ്റപ്പെടലിനും ജാതീയമായ പ്രശ്നങ്ങൾക്കും മറ്റ് രീതിയിലുള്ള പ്രതിവിധികൾ വേണ്ടി വരുമെന്നിരിക്കിലും).

കാർഷികമേഖലയുടെ വളർച്ചയും ആധുനികവത്കരണവുമാണ് കർഷകത്തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി അവശ്യമായി ചെയ്യേണ്ട പ്രവർത്തികൾ. ഈ രണ്ടു കാര്യങ്ങളും ഇന്നത്തെ കേരളത്തിന്റെ സാഹചര്യത്തിൽ പരസ്പര പൂരകങ്ങളാണ്. കായിക അദ്ധ്വാന ശേഷി മാത്രം മുൻനിർത്തിയുള്ള തൊഴിൽ എന്ന മുൻകാല സങ്കല്പം പരിഷ്കരിച്ച്, കർഷകത്തൊഴിൽ യുവാക്കൾക്കും കൂടി ആകർഷകമാക്കുന്ന രീതിയിൽ മാറ്റിയാൽ മാത്രമേ കാർഷിക മേഖലയ്ക്ക് കൂടുതൽ വളർച്ച നേടാൻ കഴിയുകയുള്ളൂ. കേരളത്തിന് ആവശ്യമായ രീതിയിലുള്ള കൃഷി നിലനിർത്തണമെങ്കിൽ കർഷകത്തൊഴിലാളികൾ വേണം. എന്നാൽ മാറുന്ന സാഹചര്യത്തിനനുസരിച്ച്, സംഘടിതമായ, സഹകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന കർഷകത്തൊഴിലാളി കൂട്ടായ്മകൾ രൂപീകരിച്ചാൽ മാത്രമേ സ്ഥിരതയാർന്ന രീതിയിൽ കർഷകതൊഴിൽ മുന്നോട്ട് പോകൂ.

Leave a comment