ആമസോണിലെ തൊഴിലാളി യൂണിയൻ ഉയർത്തുന്ന പ്രതീക്ഷകൾ
PHOTO: WIKI COMMONS
നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ലോകമാകെ തൊഴിലാളികളുടെ അരക്ഷിതാവസ്ഥയും ജീവിതനിലവാരവും പരിതാപകരമായ നിലയിലെത്തിയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല. മുതലാളിത്തത്തിനും, വിപണിക്കും ബദലുകളില്ലെന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറിന്റെ TINA (There is no alternative) സിദ്ധാന്തം അരങ്ങു വാഴുന്ന കാലത്ത് വ്യവസായ തൊഴിലാളികള്‍ക്ക് മാത്രമല്ല വൈറ്റ്‌കോളര്‍ പ്രൊഫഷനുകളില്‍ തൊഴിലെടുക്കുന്നവരും രക്ഷയില്ലെന്ന അവസ്ഥയിലാണ്. പരിതാപകരമായ ഈ സ്ഥിതിയെ കൂടുതല്‍ രൂക്ഷമാക്കുന്നതാണ് മനുഷ്യരുടെ ജീവിതോപാധിയുടെ മുഖ്യ സ്രോതസ്സെന്ന നിലയിലുള്ള അദ്ധ്വാനത്തിന്റെ പങ്കിനെ പറ്റി സമീപകാലത്തായി ഉയരുന്ന ആശങ്കകള്‍. കണക്കെഴുത്തു മുതല്‍ രോഗനിര്‍ണ്ണയം വരെയുള്ള മേഖലകളില്‍ നിന്നും മനുഷ്യരുടെ അദ്ധ്വാനം നിഷ്‌ക്കാസിതമാവുമെന്ന മുന്നറിയിപ്പുകള്‍ അതിന്റെ ഭാഗമാണ്. സാങ്കേതിക വിദ്യയില്‍ വന്ന/വരുന്ന വലിയ മാറ്റങ്ങളാവും മനുഷ്യാദ്ധ്വാനത്തെ തൊഴില്‍മേഖലയില്‍ നിന്നും നിഷ്‌ക്കാസിതമാക്കുന്നതിന്റെ മുഖ്യകാരണമെന്ന വിലയിരുത്തലുകളാണ് മേല്‍പ്പറഞ്ഞ മുന്നറിയിപ്പുകളുടെ അടിസ്ഥാനം. അദ്ധ്വാനിക്കുന്ന മനുഷ്യരുടെ ഭാഗത്തു നിന്നും ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശാവഹമല്ലാത്ത സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെങ്കിലും സമീപകാലത്ത് ആഗോളതലത്തിലുണ്ടായ ചില സംഭവങ്ങള്‍ പ്രതീക്ഷകളുടെ പുതിയ ഉണര്‍വുകള്‍ പ്രദാനം ചെയ്യുന്നു. TINA ഫാക്ടര്‍ കൊടികുത്തി വാഴുന്ന അമേരിക്കയില്‍ നിന്നാണ് ഉണര്‍വുകളുടെ വാര്‍ത്തകള്‍ വരുന്നതെന്ന കാര്യം കൂടുതല്‍ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു.
ഓണ്‍ലൈന്‍ റീട്ടൈല്‍ വ്യാപാരമേഖലയിലെ ആഗോളകുത്തകയായ ആമസോണിന്റെ അമേരിക്കയിലെ ഒരു വെയര്‍ഹൗസില്‍ യൂണിയന്‍ രൂപീകരിക്കാന്‍ അവിടുത്തെ ഭൂരിഭാഗം തൊഴിലാളികളും വോട്ടു ചെയ്തതാണ് അതില്‍ പ്രധാനം. ആമസോണിന് തൊട്ടുപുറകെ ഭക്ഷ്യവിതരണ കുത്തകയായ സ്റ്റാര്‍ബക്ക്‌സിന്റെ ശൃംഖലകളിലും യൂണിയന്‍ രൂപീകരിക്കുന്നതിന് ലഭിച്ച അനുകൂലമായ പ്രതികരണങ്ങള്‍ തൊഴിലാളി മുന്നേറ്റങ്ങളുടെ സാധ്യതകളെ പറ്റിയുള്ള പുതിയ ചിന്തകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുന്നു. ആമസോണിന്റെ കാര്യത്തില്‍ വന്ന മാറ്റമാണ് അതില്‍ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം അലാബാമയിലെ ആമസോണ്‍ വെയര്‍ഹൗസില്‍ യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള വോട്ടെടുപ്പില്‍ യൂണിയന്‍ അനുകൂലികള്‍ പരാജയപ്പെട്ടത് ആഗോളതലത്തില്‍ വാര്‍ത്തയായിരുന്നു. ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ദ്വീപിലെ വെയര്‍ഹൗസ് ജീവനക്കാരാണ് യൂണിയന്‍ രൂപീകരിക്കുന്നതിന് അനുകൂലമായി വോട്ടു രേഖപ്പെടുത്തിയത്. ആമസോണ്‍ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുള്ള കടുത്ത എതിര്‍പ്പിനെ മറികടന്നാണ് യൂണിയന്‍ രൂപീകരിക്കാനുളള ശ്രമം വിജയിച്ചത്. യൂണിയന്‍ രൂപീകരണം തൊഴിലാളികള്‍ക്ക് ഒരു ഗുണവും പ്രദാനം ചെയ്യില്ലെന്നും കാര്യക്ഷമമായി പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന വാദങ്ങള്‍ നിരത്തിയാണ് ആമസോണ്‍ മാനേജ്‌മെന്റ് യൂണിയനായുള്ള പ്രവര്‍ത്തനങ്ങളെ പൊളിക്കുവാന്‍ ശ്രമിച്ചത്. അത്തരം വിഷയങ്ങളില്‍ പ്രത്യേകം പ്രാവീണ്യം നേടിയ സ്ഥാപനങ്ങളെ അതിനായി നിയോഗിക്കുകയായിരുന്നു. യൂണിയന്‍ വരുത്തുന്ന നഷ്ടങ്ങളെയും, ആപത്തുകളെയും പറ്റി വെയര്‍ഹൗസിന്റെ മുക്കിലും മൂലയിലും (ശുചിമുറികളടക്കം) പ്രചാരണം അഴിച്ചു വിട്ടതിനെ അതിജീവിച്ചാണ് യൂണിയന് അനുകൂലമായി തൊഴിലാളികള്‍ വോട്ടു രേഖപ്പെടുത്തിയത്. ആമസോണ്‍ മാനേജ്‌മെന്റ് 4 ദശലക്ഷം ഡോളര്‍ യൂണിയന്‍ രൂപീകരിക്കുന്നതിനെ പൊളിക്കുന്നതിനായി ചെലവഴിച്ചപ്പോള്‍ ആമസോണ്‍ ലേബര്‍ യൂണിയന്റെ (എഎല്‍യു) പ്രചാരണങ്ങള്‍ക്കായുള്ള കൈമുതല്‍ 120,000 ഡോളര്‍ മാത്രമായിരുന്നു. സ്റ്റാറ്റന്‍ ദ്വീപിലെ വിജയത്തിനു ശേഷം ആമസോണിന്റെ 50 വെയര്‍ഹൗസുകളിലെ ജീവനക്കാര്‍ യൂണിയന്‍ രൂപീകരിയ്ക്കുന്നതിനായി എഎല്‍യുവിനെ സമീപിച്ചു കഴിഞ്ഞു.
ആമസോണിലും, സ്റ്റാര്‍ബക്ക്‌സിലും മറ്റുള്ള നിരവധി സ്ഥാപനങ്ങളിലും യൂണിയന്‍ രൂപീകരിക്കുവാന്‍ തൊഴിലാളികള്‍ മുന്നോട്ടു വരുന്നത് വര്‍ഗരാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണെന്ന് കാനഡയില്‍ നിന്നുള്ള ഫൈറ്റ്ബാക്ക് എന്ന പ്രസിദ്ധീകരണത്തില്‍ ജൂലിയന്‍ അര്‍സനേയു അവകാശപ്പെടുന്നു. അമേരിക്കയില്‍ ഇപ്പോള്‍ നടക്കുന്ന യൂണിയന്‍ അനുകൂല പ്രവര്‍ത്തനങ്ങള്‍ തൊഴിലാളികള്‍ പുതിയ അവബോധത്തില്‍ എത്തിയതിന്റെ തെളിവായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നിയോലിബറല്‍ നയങ്ങള്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണം അസഹനീയമായ പശ്ചാത്തലത്തിലാണ് ഈ പുതിയ അവബോധത്തെ മനസ്സിലാക്കാനാവുക. 1979 മുതല്‍ 2019 വരെയുള്ള 40 ദശകക്കാലം ഉല്‍പ്പാദനക്ഷമത 70 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ വേതനം 12 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്. ഈ കാലയളവിലെ നാണയപ്പെരുപ്പത്തിന്റെ തോത് വിലയിരുത്തുമ്പോള്‍ യഥാര്‍ത്ഥ വേതനം (റിയല്‍ വേജസ്) കൂടുകയല്ല കുറയുകയാണ് ചെയ്തതെന്നു കാണാനാവും. അമേരിക്കയുടെ കാര്യത്തില്‍ യൂണിയനുകള്‍ ഏറ്റവും ദുര്‍ബലമായ കാലഘട്ടം കൂടിയായിരുന്നു ഈ ഇപ്പറഞ്ഞ നാലു ദശകങ്ങള്‍. 1983 ല്‍ മൊത്തം തൊഴിലാളികളുടെ 20.1 ശതമാനം പേര്‍ യൂണിയനില്‍ അംഗങ്ങളായിരുന്നുവെങ്കില്‍ 2018 ല്‍ വെറും 10.5 ശതമാനം പേര്‍ മാത്രമാണ് യുണിയന്‍ അംഗങ്ങള്‍. ചെറുപ്പക്കാരായ തൊഴിലാളികളുടെ ഇടയിലാണ് യൂണിയന്‍ അംഗത്വം ഏറ്റവും കുറഞ്ഞ നിലയില്‍ കാണാനാവുക. 1950-70 വരെയുള്ള മുതലാളിത്തത്തിന്റെ സുവര്‍ണ്ണ കാലഘട്ടം ചെറുപ്പക്കാരായ തൊഴിലാളികള്‍ക്ക് പൂര്‍ണ്ണമായും അന്യമാണ്. 50-70 കാലഘട്ടത്തില്‍ സ്ഥിരജോലി, ആരോഗ്യ പരിരക്ഷ, അവധി ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ തുടങ്ങിയവ തൊഴിലാളികള്‍ക്ക് ലഭ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഏറ്റവുമധികം തൊഴില്‍പരമായ സമ്മര്‍ദ്ദം അനുഭവിക്കുന്നത് അമേരിക്കയിലെ തൊഴിലാളികളാണ്. അമേരിക്കന്‍ തൊഴിലാളികളില്‍ 57 ശതമാനം ദിവസവും തൊഴില്‍പരമായ സമ്മര്‍ദ്ദമനുഭവിക്കുന്നു. ആഗോള ശരാശരി ഇക്കാര്യത്തില്‍ 43 ശതമാനം മാത്രമാണ്. കുറഞ്ഞ വേതനം, മോശമായ തൊഴില്‍ സാഹചര്യങ്ങള്‍, നാണയപ്പെരുപ്പം, ഉയരുന്ന അസമത്വം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ചേര്‍ന്ന് ജീവിതം തികച്ചും ദുസ്സഹമായ സാഹചര്യത്തില്‍ എത്തിയതിന്റെ പ്രതിഫലനമാണ് യൂണിയന്‍ രൂപീകരണത്തില്‍ തെളിയുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം കുറച്ചു കാലങ്ങളായി ഈ പ്രവണത കാണാനാവുമെന്നും അവര്‍ വിലയിരുത്തുന്നു. 2018-19 വര്‍ഷങ്ങളില്‍ അദ്ധ്യാപകര്‍ നടത്തിയ പണിമുടക്കുകള്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരായി 2020 ല്‍ പ്രകടമായ വലിയ ജനമുന്നേറ്റം, പണിമുടക്കുകളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വളര്‍ച്ച എന്നിവ ഇപ്പോഴത്തെ യൂണിയന്‍ അനുകൂല മനോഭാവത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ചതായി കണക്കാക്കപ്പെടുന്നു.
യൂണിയന്‍ അനുകൂല മനോഭാവം പോലെ ശ്രദ്ധേയമായ മറ്റൊരു പ്രവണത ജോലി ഉപേക്ഷിച്ചു പോവുന്നവരുടെ എണ്ണത്തില്‍ വന്ന അഭൂതപൂര്‍വ്വമായ വര്‍ദ്ധനയാണ്. 40 ലക്ഷത്തോളം പേരാണ് ചില മാസങ്ങളില്‍ ജോലി ഉപേക്ഷിച്ചത്. തൊഴില്‍രഹിതരായ എല്ലാപേര്‍ക്കും കോവിഡിന്റെ കാലത്ത് സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം, കോവിഡിന്റെ തീവ്രത കുറഞ്ഞതോടെ മൊത്തം സാമ്പത്തിക മേഖലയിലുണ്ടായ ഉണര്‍വ് സൃഷ്ടിച്ച കൂടുതല്‍ അവസരങ്ങള്‍ എന്നിവ തൊഴിലാളികളുടെ വിലപേശല്‍ ശേഷി ഉയര്‍ത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഈ ഘടകങ്ങളെയെല്ലാം മറികടക്കുന്ന നിലയില്‍ ജീവിതത്തിന്റെ ദൈന്യത ബോധ്യപ്പെട്ട സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ജോലി ഉപേക്ഷിക്കുന്ന പ്രവണത പടര്‍ന്നു പിടിച്ചതെന്നു കരുതപ്പെടുന്നു. കോവിഡിന്റെ കാലത്ത് അമേരിക്കയില്‍ ലക്ഷങ്ങള്‍ പ്രത്യേകിച്ച് വലിയ പരിചരണങ്ങളൊന്നും ലഭിക്കാതെ മരിച്ചു വീണതിന്റെ ആഘാതം മനുഷ്യര്‍ക്ക് ഒരു വിലയും കല്‍പ്പിക്കാത്ത സാമൂഹ്യാവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവ് കൂടിയായിരുന്നു.
അമേരിക്കയില്‍ രോഗ ചികിത്സക്ക് അനിവാര്യമായ ഇന്‍ഷ്വറന്‍സ് പരിരക്ഷ പോലും നല്‍കാത്ത തൊഴിലിടങ്ങളില്‍ എന്തിന് പണിയെടുക്കണമെന്ന ചിന്ത മുതല്‍ കുറഞ്ഞ വേതനത്തെക്കുറിച്ചുള്ള ആവലാതികള്‍ വരെ ജോലി ഉപേക്ഷിക്കുന്നതിന് കാരണമായി. കോവിഡിന്റെ മുര്‍ദ്ധന്യത്തിലെ കണക്കുകള്‍ പ്രകാരം 2020 ല്‍ അമേരിക്കയിലെ 65 വയസ്സില്‍ താഴെയുള്ള 31.5 ദശലക്ഷം പേര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷകല്‍ ഒന്നുമില്ലായിരുന്നു. അതേ കാലയളവില്‍ 30 ലക്ഷം പേര്‍ ദരിദ്രരുടെ പട്ടികയില്‍ പുതുതായി ഇടം പിടിച്ചു. കോവിഡിന്റെ രൂക്ഷത കുറഞ്ഞ 2021 ല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായെങ്കിലും അതില്‍ നല്ലൊരു പങ്കും കുറഞ്ഞ വേതനം ലഭിക്കുന്ന മേഖലകളിലായിരുന്നു. ആഴ്ചയില്‍ 1,110 ഡോളര്‍ വേതനം ലഭിക്കുന്ന തൊഴിലുകളില്‍ 2020 ഡിസംബര്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ വര്‍ദ്ധന 477,000 മാത്രമായിരുന്നപ്പോള്‍ ആഴ്ചയില്‍ 880 ഡോളര്‍ മാത്രം വേതനം ലഭിക്കുന്ന മേഖലകളിലെ തൊഴിലുകള്‍ 45 ലക്ഷമായി ഉയര്‍ന്നു.
അമേരിക്കയില്‍ മാത്രമല്ല ലോകമാകെയുള്ള തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളില്‍ സമീപകാലത്തായി വ്യാപകമായി ഉപയോഗിക്കുന്ന പ്രിക്കേറിയസ് (പരിതാപകരം) എന്ന വാക്കിനെ അന്വര്‍ത്ഥമാക്കുന്ന സാഹചര്യം അമേരിക്കന്‍ യാഥാര്‍ത്ഥ്യത്തിന്റെ നേര്‍ സാക്ഷ്യമാണെന്ന തിരിച്ചറിവാണ് യൂണിയന്‍ രൂപീകരിക്കാനുള്ള താല്‍പ്പര്യത്തിലും, ജോലി ഉപേക്ഷിക്കുന്ന സമീപനങ്ങളിലും കാണാനാവുന്നതെന്ന വിലയിരുത്തലുകള്‍ ഏറെയാണ്. അമേരിക്കയില്‍ കഴിഞ്ഞ 40 കൊല്ലമായി നടക്കുന്ന അസഹനീയമായ ചൂഷണങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നതെന്ന് ലേബര്‍ നോട്‌സ് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകനായ കിം മൂഡി അഭിപ്രായപ്പെടുന്നു. അമേരിക്കന്‍ തൊഴില്‍ വിപണിയില്‍ ദൃശ്യമാകുന്ന ദൗര്‍ലഭ്യവും, നാണയപ്പെരുപ്പം സൃഷ്ടിക്കുന്ന ഉയര്‍ന്ന ജീവിതച്ചെലവും ശക്തമായ തൊഴില്‍ സമരങ്ങള്‍ക്കുള്ള സാഹചര്യമൊരുക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. തൊഴില്‍ മേഖലയില്‍ പ്രകടമാവുന്ന പുതിയ ഉണര്‍വുകളെ രാഷ്ട്രീയമായ മുന്നേറ്റങ്ങളുമായി എങ്ങനെ കണ്ണി ചേര്‍ക്കുമെന്നുള്ളതാണ് പുരോഗമന ശക്തികള്‍ അഭിമുഖീകരിയ്ക്കുന്ന പ്രധാന വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആഗോളതലത്തില്‍ പുരോഗമന രാഷ്ട്രീയം നേരിടുന്ന പ്രധാന വെല്ലുവിളിയും അതാണ്. ഈ ദശാസന്ധി എങ്ങനെ മറികടക്കുമെന്നതിനെ ആശ്രയിച്ചാവും രാഷ്ട്രീയത്തിലും പുതിയ ഉണര്‍വുകളുടെ സാധ്യതകള്‍ തെളിയുക.
ജൂലിയന്‍ അര്‍സനേയു, കിം മൂഡി എന്നിവര്‍ യഥാക്രമം ഫൈറ്റ്ബാക്ക്, സ്‌പെക്ടര്‍ ജേര്‍ണല്‍ എന്നിവയില്‍ എഴുതിയ ലേഖനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.