കേരളത്തിലെ തൊഴിൽ കുടിയേറ്റം ആശങ്കകളും പ്രതീക്ഷകളും
PHOTO: PTI
കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ സാമൂഹിക സുരക്ഷയുടെയും ക്ഷേമ നടപടികളുടെയും കാര്യത്തിൽ മികച്ച ശ്രദ്ധയാണ് ഇപ്പോൾ ലഭിക്കുന്നത്. കേരളത്തിലേക്ക് തൊഴിലന്വേഷകരായി വരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയുടെ തന്നെ ഒരു അഭിവാജ്യ ഘടകമായി മാറിയിരിക്കുന്നു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനമനുസരിച്ച് ഏതാണ്ട് 25 ലക്ഷത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളത്. അതേസമയം 2011 ലെ മൈഗ്രേഷൻ സർവ്വേയനുസരിച്ച് 22.80 ലക്ഷം മലയാളികൾ വിദേശ രാജ്യങ്ങളിൽ തൊഴിലെടുക്കുന്നു.
കേരളത്തിലേക്കുള്ള കുടിയേറ്റത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
കേരളത്തിലെ കുടിയേറ്റത്തിന് പിറകിൽ വ്യത്യസ്തങ്ങളായ കാരണങ്ങൾ നമുക്ക് കണ്ടെത്താനാകും. 1970 കളുടെ തുടക്കം മുതൽ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും കേരളത്തിൽ നിന്ന് തൊഴിൽ രഹിതരുടെ വലിയ തോതിലുള്ള കുടിയേറ്റം നടന്നിട്ടുണ്ട്. കാർഷിക മേഖലയിലേയും മറ്റ് ഉൽപാദന സംരംഭങ്ങളിലേയും തൊഴിൽ സാധ്യതകൾ കുറഞ്ഞതും ഉന്നത വിദ്യാഭ്യാസം നേടിയ ആൾക്കാരുടെ എണ്ണം വർധിച്ചതും ജനസംഖ്യയിലുണ്ടായ മാറ്റങ്ങളും കേരളത്തിന് പുറത്തേക്കുണ്ടായ കുടിയേറ്റത്തിന്റെ വിവിധ കാരണങ്ങളാണ്. സാക്ഷരതയിലുണ്ടായ കുതിച്ചുചാട്ടം സംസ്ഥാനത്ത് തൊഴിൽരഹിതരായ വിദ്യാസമ്പന്നരുടെ എണ്ണം വർദ്ധിപ്പിച്ചു. സംസ്ഥാനം മതിയായ ഉൽപ്പാദന സംരംഭങ്ങളും തൊഴിൽ അവസരങ്ങളും വിദ്യാഭ്യാസമുള്ള ആളുകൾക്ക് നൽകുന്നതിൽ പരാജയപ്പെട്ടതോടെയാണ് അവർ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും വിദേശത്തും തൊഴിലന്വേഷിച്ച് പോകാനാരംഭിച്ചത്. കേരളത്തിലെ തൊഴിൽ ശക്തിയില്‍ ഒരു വിടവുണ്ടാവുന്നതിന് ഇത് കാരണമായി മാറി. വിദ്യാസമ്പന്നരായ മലയാളികൾ അവിദഗ്ധ ജോലികൾ ചെയ്യുന്നത് അഭിമാന പ്രശ്നമായി കണ്ടതോടെ അത്തരം തൊഴിലുകളിൽ നിന്ന് അകലാൻ ആരംഭിച്ചു. കാർഷികോൽപ്പാദനത്തിലുണ്ടായ ഇടിവ് പ്രാഥമിക മേഖലയിൽ നിന്ന് ദ്വിതീയ-തൃതീയ മേഖലകളിലേക്കുള്ള തൊഴില്‍ ഘടനയുടെ മാറ്റത്തിന് കാരണമായി. ഇതിനു പുറമേ കേരളത്തിലെ ജനന-മരണ നിരക്കുകൾ കുറയുകയും തൊഴിൽ ക്ഷമതയുള്ളവരുടെ എണ്ണം വർധിക്കാനും ആരംഭിച്ചു. കേരളത്തിൽ ശിശു മരണ നിരക്ക് കുറയുകയും ശരാശരി ആയുസ്സ് കൂടുകയുമാണ് ചെയ്യുന്നത്. (2011-15ൽ പുരുഷന്മാരുടെ ശരാശരി ആയുസ്സ് 72.2 ഉം സ്ത്രീകൾക്ക് 78.2 ഉം ആയിരുന്നു); 2015-16 ൽ പ്രത്യുൽപാദന ശേഷിയുടെ തോത് 1.6 ലേക്ക് കുറഞ്ഞു. ഇതിന്റെ ഫലമായി ജനസംഖ്യാവളർച്ച നിരക്കിൽ കുറവുണ്ടായി.
കഴിഞ്ഞ മൂന്ന് ദശകങ്ങളായി കൗമാരക്കാരുടെ എണ്ണം കുറയുകയും പ്രായമായവരുടെ എണ്ണം കൂടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ഇത് തൊഴിലെടുക്കുന്ന ആൾക്കാരിൽ സമ്മർദ്ദം കൂട്ടുകയും, ഉയർന്ന വേതനമുള്ള മികച്ച തൊഴിലിനായി മറ്റു രാജ്യങ്ങളിലേക്കു പോകുവാൻ നിർബന്ധിതരാകുകയും ചെയ്‌തു. പഠനങ്ങളനുസരിച്ച്, ഗൾഫ് രാജ്യങ്ങളിൽ അവതരിക്കപ്പെട്ട നിർബന്ധിത സ്വദേശിവത്കരണവും മറ്റ് സമാനമായ നടപടികളും കാരണം കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര കുടിയേറ്റം സമീപ ഭാവിയില്‍ തന്നെ കുറയാൻ സാധ്യതയുണ്ട്. മറ്റ് രാജ്യങ്ങളും ഇതുപോലുള്ള നടപടികൾ സ്വീകരിച്ചാൽ മലയാളികൾ പുതിയ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തേണ്ടതായി വരും.എങ്കിലും പരിമിതമായ തൊഴിൽ സാധ്യത കാരണം, കുടിയേറ്റത്തിനുള്ള പ്രവണത കേരളത്തിൽ എക്കാലവും നിലനിൽക്കും.
കേരളത്തിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ
കേരളത്തിലേക്കുള്ള ഇതര സംസ്ഥാന കുടിയേറ്റക്കാരുടെ പ്രവാഹത്തിന്റെ കാരണങ്ങൾ വിശദീകരിക്കുന്നതിനായി കുടിയേറ്റ സാഹിത്യത്തിൽ പുനഃസ്ഥാപന കുടിയേറ്റം (Replacement Migrants) എന്ന ആശയം അവതരിപ്പിക്കപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തി, പ്രത്യേകിച്ച് കാർഷികേതര, നിർമ്മാണ, സേവന മേഖലകളിൽ ജോലി ചെയ്യുന്ന താത്കാലിക തൊഴിലാളികളാണ് ‘Replacement Migrants ’എന്നറിയപ്പെടുന്നത്. ഗൾഫിലേക്കും മറ്റ് വിദേശരാജ്യങ്ങളിലേക്കും മലയാളികളായ തൊഴിലാളികൾ കുടിയേറുന്നത് കേരളത്തിലെ വിപണിയിൽ തൊഴിലാളികളുടെ ആവശ്യം വർധിച്ചു. കേരളത്തിൽ ജോലിക്ക് വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ പരിശോധിച്ചാൽ, ഇവരെല്ലാം രാജ്യത്തെ പിന്നോക്ക, ദരിദ്ര ജനവിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് മനസ്സിലാക്കാം. ജോലിസ്ഥലത്ത് അവരുടെ അവകാശം ഉറപ്പാക്കുകയും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്.
കേരളത്തിലെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇവർ തൊഴിലെടുക്കുന്നു. കുടിയേറ്റ തൊഴിലാളികൾ കൃഷി, കെട്ടിട നിർമ്മാണം, ഹോട്ടൽ, മറ്റ് സേവന മേഖലകളിലൊക്കെ വ്യാപിച്ചിരിക്കുന്നു. നിർമാണ മേഖലയിൽ പ്രധാനമായും അവിദഗ്ധ തൊഴിലാളികളായാണ് കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്നത്. നൈപുണ്യമോ പരിശീലനമോ ആവശ്യമില്ലാത്ത തൊഴിലുകളാണ് ഇവ ഭൂരിഭാഗവും. വിവിധ മേഖലകളിൽ അവിദഗ്ത തൊഴിലാളികൾക്ക് ആവശ്യകത ഏറെയുണ്ടെങ്കിലും അധ്വാനമുള്ള ജോലി ചെയ്യാൻ മലയാളികൾ മടിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ ഉയർന്ന വിദ്യാഭ്യാസം ഇതിനൊരു കാരണമായി മാറിയിട്ടുണ്ട്. മെച്ചപ്പെട്ട സാമ്പത്തിക നിലയും സാമൂഹിക സുരക്ഷിതത്വവും സ്ഥിരതയുമുള്ള ജോലികളാണ് മലയാളികൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്. കേരളത്തിലെ തൊഴിൽ വിപണി അവിദഗ്ധ ജോലികൾ ചെയ്യാൻ കുടിയേറ്റ തൊഴിലാളികളെയാണ് നിലവിൽ ആശ്രയിക്കുന്നത്. തുടക്കത്തിൽ കേരളത്തിലേക്കുള്ള കുടിയേറ്റം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് കേരളത്തിൽ കൂടുതലുള്ളത്. കുടിയേറ്റ ജനത അവിദഗ്ധ ജോലികളിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അവർ കൂടുതലും താൽക്കാലിക തൊഴിലിലാണ് ചെയ്യുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. അവരുടെ താഴ്ന്ന വിദ്യാഭ്യാസ നിലവാരവും വൈദഗ്ധ്യത്തിന്റെ അഭാവവുമായിരിക്കാം അവിദഗ്ധ-അനൗപചാരിക മേഖലയിൽ ഒതുങ്ങിപ്പോവാനുള്ള കാരണം.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടും സിഎംഐഡിയും (Centre for Migration and Inclusive Development) ചേര്‍ന്ന് നടത്തിയ പഠനങ്ങൾ അനുസരിച്ച് ഇതര സംസ്ഥാന കുടിയേറ്റക്കാർ പ്രധാനമായും അനൗപചാരിക മേഖലയിൽ അവിദഗ്ധ ജോലിയാണ് ചെയ്യുന്നത്. ഇക്കണോമിക് റിവ്യൂ (2018) പ്രകാരം മരപ്പണിക്കാരുടെയും ആശാരിമാരുടെയും പ്രതിദിന വേതന നിരക്ക് 2016-17ൽ 792.83 രൂപയും 789.50 രൂപയും ആയിരുന്നത് യഥാക്രമം 841.17 രൂപയായും 2017-18ൽ 834.83 രൂപയായും ഉയർന്നു. അവിദഗ്ധ തൊഴിലാളികളുടെ ശരാശരി പ്രതിദിന വേതനം 2006-07ൽ പുരുഷന്മാർക്ക് 179.01 രൂപയും സ്ത്രീ തൊഴിലാളികൾക്ക് 123.96 രൂപയും ആയിരുന്നത് 2017-18ൽ പുരുഷന്മാർക്ക് 656.79 രൂപയായും സ്ത്രീ തൊഴിലാളികൾക്ക് 480.90 രൂപയായും വർദ്ധിച്ചു. ഉയർന്ന കൂലിയും ജോലി ലഭ്യതയുമാണ് ഈ കുടിയേറ്റ തൊഴിലാളികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. കേരളത്തിൽ 500 മുതൽ 800 രൂപ വരെ സമ്പാദിക്കുമ്പോൾ അവരുടെ ഗ്രാമത്തിൽ 150 മുതൽ 200 രൂപ വരെ മാത്രമാണ് വരുമാനം ലഭിക്കുന്നത്.
ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾക്കിടയിൽ സാമൂഹ്യ ബന്ധം വളരെ ശക്തമാണ്. വീട്ടിലേക്ക് പോകുമ്പോഴെല്ലാം മൂന്ന് നാല് സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ഇവിടേക്ക് ജോലിക്ക് കൊണ്ടുവരാന്‍ അവര്‍ ശ്രമിക്കും. ഈ തൊഴിലാളികൾ വരുമ്പോൾ കരാറുകാരും ഇടനിലക്കാരും കൂടുതൽ ആളുകളെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു. ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ തൊഴിലിൽ ഇടനിലക്കാരുടെ പങ്ക് വളരെ വലുതാണ്. ഇവരുടെ കൂലിയിൽ നിന്നുള്ള വിഹിതം കൊണ്ട് ജീവിക്കുന്ന ഇടനിലക്കാരുണ്ട്. എട്ടോ പത്തോ വർഷമായി കേരളത്തിൽ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾ പോലും തൊഴിൽ വിപണിയിൽ പിടിമുറുക്കുകയും തൊഴിലുടമകളുമായി സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഈ അസംഘടിത സ്വഭാവം കൊണ്ടാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
കുടിയേറ്റ തൊഴിലാളികളെക്കുറിച്ചുള്ള കണക്കുകളുടെ അഭാവം
2017-2018 ൽ കേരള പ്ലാനിങ് ബോർഡ് നടത്തിയ പഠനമനുസരിച്ച്; 31.40 ലക്ഷം കുടിയേറ്റ തൊഴിലാളികളാണ് കേരളത്തിലുള്ളത്. 17.50 ലക്ഷം കുടിയേറ്റ തൊഴിലാളികൾ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു; എറണാകുളം ജില്ലയിൽ മാത്രം 6.30 ലക്ഷം കുടിയേറ്റക്കാരുണ്ട്, ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന ജില്ലയാണിത്. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല, എന്നാൽ കേരള സർക്കാരിന്റെ 2018 ലെ സാമ്പത്തിക സർവേ പ്രകാരം 3.5 ദശലക്ഷം ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ ഉള്ളതായി കണക്കാക്കുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ആദ്യ ലോക്ക്ഡൗൺ സമയത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിയേറ്റ തൊഴിലാളികള്‍ പ്രതിഷേധങ്ങള്‍ നടത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് പലചരക്ക് സാധനങ്ങളും പണവും ഇല്ലാതെ ഈ തൊഴിലാളികൾ വലയുകയായിരുന്നു. അത്തരം സമയങ്ങളിൽ, സംസ്ഥാന സർക്കാർ കമ്മ്യൂണിറ്റി കിച്ചണിലൂടെയും സിവിൽ സപ്ലൈസ് വകുപ്പിലൂടെയും ഇവര്‍ക്ക് ആവശ്യമായ സാധനങ്ങളുടെ വിതരണം ഉറപ്പാക്കി. ലോക്ക്ഡൗൺ സമയത്ത് സംസ്ഥാനം നടത്തിയ പ്രവർത്തനങ്ങൾക്ക് വ്യാപകമായ അംഗീകാരം ലഭിച്ചു.
കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും സമയത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. പ്രത്യേക ട്രെയിനുകൾ ഏര്‍പ്പാടാക്കി തൊഴിലാളികളെ അവരുടെ സ്വന്തം സംസ്ഥാനത്തേക്ക് അയക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. ജൂൺ മാസത്തോടെ 1.53 ലക്ഷം കുടിയേറ്റ തൊഴിലാളികളെ കേരളം തിരിച്ചയച്ചിട്ടുണ്ടെന്നും 1.2 ലക്ഷം കുടിയേറ്റക്കാരെ അയക്കാൻ കാത്തിരിക്കുകയാണെന്നും സംസ്ഥാനം സുപ്രീം കോടതിയിൽ സമർപ്പിച്ചു. 4.3 ലക്ഷം കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമേ സേവനം നൽകാൻ സംസ്ഥാനത്തിന് നേരിട്ട് കഴിയൂ. അങ്ങനെയെങ്കിൽ, കോവിഡ് സമയത്ത് ബാക്കിയുള്ള കുടിയേറ്റ തൊഴിലാളികൾ എവിടെ പോയി, എങ്ങനെയാണ് അവർ പകർച്ചവ്യാധിയെ അതിജീവിച്ചത്?
ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലാ എന്നത് സംസ്ഥാന സർക്കാര്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തേക്ക് കുടിയേറുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്, എന്നാൽ അടിയന്തിര സമയങ്ങളിൽ സര്‍ക്കാര്‍ സേവനങ്ങൾ നൽകുമ്പോൾ അത് കണക്കാക്കിയ സംഖ്യയുടെ പകുതി പോലും എത്തുന്നില്ല. ഈ കുടിയേറ്റ തൊഴിലാളികൾ സര്‍ക്കാര്‍ കണക്കുകളില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണോ എന്നതാണ് ഇവിടെയുള്ള യഥാർത്ഥ ചോദ്യം. ആവാസ് രജിസ്ട്രേഷൻ വിവരമനുസരിച്ച്, 2019 ഡിസംബറിൽ 490067 ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. അപ്പോൾ ബാക്കിയുള്ള തൊഴിലാളികൾ എവിടെ പോയി, എല്ലാ തൊഴിലാളികളും രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ സർക്കാർ മതിയായ നടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? കുടിയേറ്റ തൊഴിലാളികൾ അദൃശ്യരാണോ അതോ കണക്കുകൾക്ക് കൃത്യതയില്ലേ?
രജിസ്‌ട്രേഷൻ നിർബന്ധമാക്കുകയും ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനങ്ങൾ കൃത്യമായി ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിലെ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും സംരക്ഷണവും കൂടുതൽ ഫലപ്രദമാക്കാനാകും. നിരവധി കുടിയേറ്റ തൊഴിലാളികൾ സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് കേൾക്കുകയോ ഇപ്പോഴും രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ല; അടിയന്തര സാഹചര്യങ്ങളില്‍ എവിടെ പോകണമെന്നോ ആരെ സമീപിക്കണമെന്നോ അറിയാത്ത കുടിയേറ്റക്കാരുണ്ട്. കേരളത്തിലെ കുടിയേറ്റ തൊഴിലാളികൾക്കായി ആവാസ്, അപ്നാ ഘർ തുടങ്ങിയ നിരവധി പരിപാടികൾ സംസ്ഥാനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ അത്തരം പരിപാടികളുടെ ശരിയായ നിർവഹണം ഉറപ്പുവരുത്തേണ്ടതുണ്ട്. കേരളം തൊഴിലാളി പ്രസ്ഥാനങ്ങൾക്കും തൊഴിൽ അവകാശങ്ങൾക്കും പേരുകേട്ട നാടാണ്. കുടിയേറ്റ തൊഴിലാളികളെ സംഘടിതരാക്കുന്നത് അവരുടെ ആശങ്കകളെ ദൂരീകരിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്തും. അസംഘടിതരെ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.