മലയാള സിനിമയിലെ കുടുംബസങ്കല്പം
നാടകീയമായതോ അതിഭാവുകത്വം നിറഞ്ഞതോ ആയ കുടുംബപശ്ചാത്തലം തിരശ്ശീലയിൽ തെളിഞ്ഞ കാലത്തുനിന്നും മലയാള സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. റിയലിസ്റ്റിക് സിനിമകൾ പ്രേക്ഷകരെ കൂട്ടുമ്പോൾ മലയാളികളുടെ ആസ്വാദനത്തിലും മാറ്റം വന്നുവെന്ന് വ്യക്തമാണ്. ഒളിഞ്ഞും പൊതിഞ്ഞും പറഞ്ഞിരുന്ന മലയാളി കുടുംബ ജീവിതങ്ങളെ ഇന്ന് കുറച്ചുകൂടി വ്യക്തമായി ദൃശ്യാവിഷ്കാരം നടത്തുന്നു. മലയാളി മനസ്സിൽ ഇന്നും ഉറങ്ങികിടക്കുന്ന ആണധികാരത്തെയും പാട്രിയാർക്കിയൽ സങ്കല്പങ്ങളെയും മാത്രമല്ല മലയാളി സ്ത്രീകളിലും കുടുംബങ്ങളിലും വന്ന പുരോഗമനപരമായ മാറ്റങ്ങളെയും ഇന്നത്തെ സിനിമകൾ വിഷയമാകുന്നുണ്ട്.
സ്നേഹനിധിയായ അപ്പന്റെ ത്യാഗനിർഭരമായ കഥ പ്രതീക്ഷിച്ച പ്രേക്ഷകരെ വെല്ലുവിളി നിറഞ്ഞ കുടുംബ പശ്ചാത്തലത്തിലേക്ക് കൊണ്ടുപോയ ചിത്രമാണ് 'അപ്പൻ'. ലളിതമായ കഥാപരിസരത്തിൽ ' അപ്പൻ' കഥ പറഞ്ഞിറങ്ങിയത് കരുതലും സുരക്ഷയുമായി ചിത്റരീകരിക്കപ്പെടുന്ന അച്ഛൻ കഥാപാത്രങ്ങളുടെ മേൽ നീട്ടി തുപ്പിയാണ്. ഭ്രാന്തു പിടിപ്പിക്കുന്ന ജീവിതാവസ്ഥകളിൽ നിസ്സഹായരായി പോകുന്ന പച്ച മനുഷ്യരെയാണ് സിനിമ അഡ്രെസ്സ് ചെയ്തത്. കുടുംബത്തിനകത്തുള്ള ഒരാൾ തന്നെ ആകെ കുടുംബങ്ങളുടെയും ശത്രു ആയി മാറിയാൽ സങ്കീർണമായേക്കാവുന്ന ഏതൊരു കുടുംബത്തിന്റെയും റിയലിസ്ടിക് പോർട്രൈറ്റ് ആണ് യഥാർത്ഥത്തിൽ 'അപ്പൻ'. രണ്ടുതരം അപ്പന്മാരുടെ മനോവ്യാപാരങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്. അപ്പനെന്ന നിലയിലുള്ള ഞ്ഞൂഞ്ഞിന്റെ വേവലാതികൾ നിത്യജീവിതത്തിലും മക്കളെപ്പറ്റിയുള്ള നിരവധി അപ്പന്മാരുടെ വേവലാതികളാണ്. എന്നാൽ, ഒരിക്കൽ പോലും ഇട്ടിച്ചനിലെ അപ്പനോട് ദയ തോന്നാത്തവണ്ണം വെറുപ്പ് സൃഷ്ട്ടിക്കാൻ കഥാപശ്ചാത്തലവും കഥാപാത്രങ്ങളും പക്വത കാണിക്കുന്നു. അപ്പൻ മരിച്ചു കാണാൻ ആഗ്രഹിക്കുന്ന വില്ലൻ കഥാപാത്രങ്ങളെ കണ്ടിട്ടുണ്ടെങ്കിലും അത്തരം കഥാപാത്രങ്ങളോട് ഒരിക്കലും അടുപ്പം പുലർത്താത്ത സാധാരണ സിനിമ ശൈലിയിൽ നിന്ന് വ്യത്യസ്തനാണ് സണ്ണിവെയിൻ അവതരിപ്പിക്കുന്ന ഞ്ഞൂഞ് എന്ന കഥാപാത്രം. ജീവിതത്തിൽ തീർത്തും നിസ്സഹായനായി പോകുന്ന ഞ്ഞൂഞ്ഞിനോട് പ്രേക്ഷകന് തോന്നുന്ന അടുപ്പത്തിൽ ഒരിക്കലും വെറുപ്പ് കലർത്താൻ പറ്റാത്തവിധം അവശത അയാളിലെ മകൻ പേറുന്നുണ്ട്. പുറമേനിന്ന് നോക്കുമ്പോൾ അപരിചിതമായി പലർക്കും തോന്നിയേക്കാവുന്ന കഥാപരിസരം അടുത്ത് നിന്ന് ദിവസവും കാണുന്ന നിരവധി ഞ്ഞൂഞ്ഞുമാരെയും കുട്ടിയമ്മമാരെയുമാണ് സിനിമ തൊട്ടത്.
ആയുഷ്കാലം മുഴുവൻ ഭർത്താവിന്റെ കാൽകീഴിൽ കഴിയേണ്ടിവരുന്ന നിരവധി കഥാപാത്രങ്ങളെ മലയാള സിനിമ കണ്ടിട്ടുണ്ട്. എങ്ങനെയാണ് ഈ ദുരിതത്തിൽ നിന്ന് പുറത്തുകടക്കുക എന്ന് നിസ്സഹായമായി ചിന്തിക്കുന്ന അനേകം കുട്ടിയമ്മമാർ നമ്മുടെ നാട്ടിലെ ഓരോ കുടുംബത്തിലുമുണ്ട്. മറ്റൊരു സ്ത്രീക്കൊപ്പം ഭർത്താവിന് കഴിയാൻ അവസരം ഉണ്ടാക്കി കൊടുത്ത്, സ്വന്തം മക്കൾക്കൊപ്പം അടഞ്ഞ വാതിലിനു പുറത്ത് കാവലിരിക്കേണ്ടി വരുന്ന ഒരു ഭാര്യ തന്റെ ഭർത്താവ് എങ്ങനെയെങ്കിലും ഒന്ന് തുലഞ്ഞു കാണാൻ ആഗ്രഹിച്ചാൽ അവരെ എങ്ങനെയാണ് കുറ്റപ്പെടുത്താനാകുക. പലപ്പോഴും ഇത്തരം യാഥാർത്ഥ്യങ്ങൾ അഡ്രസ്സ് ചെയ്യപ്പെടാതെ പോകുന്ന സിനിമകളിൽ നിന്നും പ്രമേയത്തിലും പെർഫോമെൻസിലും വേറിട്ട് നിൽക്കുന്ന മികച്ച സിനിമയാണ് അപ്പൻ.
കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിക്കുന്ന ഓരോ പെൺകുട്ടിയും തീർച്ചയായും കേൾക്കാനിടയുള്ള സംഭാഷണങ്ങളും, കടന്നു പോയേക്കാവുന്ന കഥാപരിസരങ്ങളുമടങ്ങിയതാണ് വിപിൻ ദാസ് സംവിധാനം ചെയ്ത 'ജയ ജയ ജയ ജയഹേ' എന്ന സിനിമ. കുടുംബിനിയായ സ്ത്രീ ഇതുവരെ നേരിട്ട എല്ലാ അവഗണകളും മറന്ന് ഭർത്താവിലേക്കും സന്തോഷത്തിലേക്കും തിരിച്ചെത്തിയിരുന്ന 'വടക്കുനോക്കി യന്ത്രങ്ങൾ' അവസാനിപ്പിച്ചിടത്താണ് ജയ തുടങ്ങുന്നത്. എല്ലാ കാലത്തും കുടുംബത്തിലെ 'പ്രിവിലേജ്ഡ്' അമ്മ, മകൾ, ഭാര്യ പദവികൾ പേറേണ്ടിവരുന്ന ഒരു ശരാശരി മലയാളി സ്ത്രീകളിലൊരാളാണ് ജയയും. കുടുംബജീവിതത്തിൽ ഒരു സ്ത്രീക്കു വേണ്ട മൂന്നു കാര്യങ്ങളെന്തൊക്കെയാണെന്ന ചോദ്യമാണ് ചിത്രത്തിനൊടുവിൽ പ്രേക്ഷകരുടെ മുന്നിലേക്കുവരുന്നത്. അനുസരണ, സംസ്‌കാരം, പാചകം അങ്ങനെ സ്ത്രീകള്‍ക്കായി കല്‍പ്പിച്ചുനല്‍കിയ കാര്യങ്ങള്‍ മൂവായിരത്തോളം വരും. എന്നാല്‍ സമത്വം സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നതും.
ഓരോ വീടിനും ഒരു കഥ പറയാനുണ്ട്. ഒലിവർ ട്വിറ്റിന്റെ കുടുംബത്തിലൂടെ # ഹോം കഥ പറഞ്ഞപ്പോൾ
നമ്മളിൽ പലരുടെയും വീടുകൾ സ്‌ക്രീനിൽ തെളിഞ്ഞു കാണണം. സ്വന്തം വീടിനെക്കുറിച്ചുള്ള ആത്മപരിശോധന നടത്താൻ ഓരോരുത്തരും തുനിഞ്ഞും കാണണം. കാലത്തിനൊത്തു സഞ്ചരിക്കാത്തവരായിരിക്കും മക്കളുടെയും കാഴ്ചപ്പാടിൽ മിക്ക അച്ഛനമ്മമാരും. കാലത്തിനൊപ്പമെത്താൻ ശ്രമിക്കുന്ന ഒലിവർ ട്വിസ്റ്റിനെ സ്വന്തം കുടുംബത്തിലേക്ക് പതിപ്പിക്കുമ്പോൾ ചിലപ്പോൾ കണ്ണ് നിറഞ്ഞുപോവും. ഈ ഇന്റർനെറ്റ് യുഗത്തിൽ മൊബൈൽ ഫോണിലേക്ക് ഒതുങ്ങിപ്പോകുന്ന ഒട്ടനവധി മക്കളെയും അവർക്കൊപ്പം ജീവിക്കുന്ന മാതാപിതാക്കളെയും മികച്ച രീതിയിൽ ചിത്രീകരിച്ച സിനിമ അവശേഷിപ്പിക്കുന്ന നിശബ്ദത തീർച്ചയായും സ്വന്തം കുടുംബത്തിലേക്കെത്തി നോക്കാൻ നമ്മെ പ്രേരിപ്പിക്കും. അതിഭാവുകത്വങ്ങളില്ലാത്ത അഭിനയമികവിൽ ഇന്ദ്രൻസും മഞ്ജുപിള്ളയും അടക്കമുള്ളവർ സിനിമയെ ഹൃദയസ്പർശി ആക്കി.
മഹത്തായ അടുക്കളയുടെ ഉള്ളിലേക്കുള്ള എത്തിനോട്ടമായിരുന്നു ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സിനിമയുടെ ഭൂരിഭാഗവും അടുക്കളയിലാണെന്ന വിരസത ഒരു പെണ്ണിന്റെ ജീവിതത്തിലെ ആവർത്തന വിരസതയുള്ള അടുക്കള താരതമ്യം ചെയ്യുമ്പോൾ മറന്നു പോയേക്കാവുന്ന ഒന്നായിമാറും. കുടുംബത്തിലെ വിളക്കെന്നും കുടുബത്തെ ഒത്തൊരുമയോടെ കൊണ്ട് പോകുന്നവളെന്നും തുടങ്ങി ബഹുമുഖ പദവികളിൽ അസ്വസ്ഥായാകുന്ന ഒരു പറ്റം സ്ത്രീകളെ അഡ്രസ്സ് ചെയ്യാതെ പോകുന്ന ഈ സമൂഹത്തിൽ കൃത്യമായ അടയാളപ്പെടുത്തലായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സമാന പ്രേമയത്തിൽ 2008 ൽ പുറത്തിറങ്ങിയ അക്കു അക്ബർ ചിത്രം 'വെറുതെ ഒരു ഭാര്യ'യിൽ നിന്നും ബഹുദൂരം മുന്നോട്ട് പോയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ഭാരതത്തിലെ മഹത്തായ അടുക്കളകളെ തുറന്നു കാട്ടിയത്. കുടുംബത്തിലെ അടുക്കള മുതൽ കിടപ്പറ വരെ നീളുന്ന വയലിൻസിന്റെ ഇരയാകേണ്ടിവരുന്നവരാണ് മിക്ക സ്ത്രീകളും. എന്റെ പ്രോപ്പർട്ടിയിൽ എന്തും ചെയ്യാൻ എനിക്കധികാരമുണ്ടെന്ന പുരുഷധാരണയെ നായിക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ് സംവിധായകൻ സിനിമയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്.
ശ്യാം പുഷ്‌ക്കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. സമൂഹത്തിലെ പച്ചയായ മനുഷ്യർക്കിടയിലിരുന്ന്, അവരുടെ കഥ പറഞ്ഞ സിനിമയായിരുന്നു ഇത്. വീടുതന്നെ കഥാപാത്രമായ സിനിമയിലെ ഓരോ കഥാപാത്രങ്ങളും പരമ്പരാഗത കുടുംബ സങ്കല്പങ്ങളുടെ സങ്കീർണ്ണതകളോട് മുഖം തിരിഞ്ഞു നിൽക്കുന്നവരാണ്. മനുഷ്യ ജീവിതത്തിലെ അരാജകത്വങ്ങൾക്കെല്ലാം മറക്കാൻ പറ്റുന്ന ഭൂതകാലങ്ങളുണ്ടെന്ന് സിനിമ അടയാളപ്പെടുത്തുന്നു. ലോകത്ത് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലം വീടാണ്, വീട്ടുകാരാണെന്ന് പറയുന്നവർക്കിടയിൽ വേറിട്ടു കേൾക്കുന്ന ശബ്ദങ്ങൾ പലപ്പോഴും വായിക്കപ്പെടാറില്ല. അത്തരം ശബ്ദങ്ങൾ കൂട്ടിയിണക്കിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ആർക്കുമെപ്പോഴും കേറിചെല്ലാവുന്ന ആ വീട്ടിലേക്ക് പ്രണയബന്ധങ്ങൾ കയറിവരുന്നതും അത്രയും സ്വാഭാവികമായാണ്. ചിന്നിച്ചിതറി നിന്ന കുടുംബാങ്ങളോരോരുത്തരും അടുത്തടുത്തു കൂടുന്നതോടെ ഇമ്പമുള്ള കുടുംബത്തെ വരച്ചുകാട്ടിയാണ് സിനിമ അവസാനിക്കുന്നത്.
സിനിമകൾക്കൊപ്പം സമാന്തരമായി തന്നെ മലയാളത്തിലിറങ്ങിയ പല വെബ് സീരീസുകളും പച്ചയായ കുടുംബപച്ഛാത്തലങ്ങളെ അവതരിപ്പിച്ച് പോന്നിട്ടുണ്ട്. 'അനുരാഗ് എഞ്ചിനീയറിംഗ് വർക്‌സ്' പോലുള്ള ഷോർട്ഫിലിമുകളിൽ കാണാൻ കഴിഞ്ഞ കുടുംബങ്ങളും നാട്ടുമ്പുറത്തെ ജീവിത സാഹചര്യങ്ങളെ ചിത്രീകരിക്കുന്നതും യഥാർത്ഥ ജീവിതത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നവയുമായിരുന്നു.