TMJ
searchnav-menu
post-thumbnail

Food

മിഷെലിൻ; ദി നമ്പർ വൺ

16 Mar 2023   |   3 min Read
അനഘ ഉദയഭാനു

യറും ഭക്ഷണവും തമ്മിലുള്ള ബന്ധത്തിന്റെ സവാരിഗിരിഗിരി എന്താണെന്നു ചോദിച്ചാൽ മോഹൻലാൽ പോലും മോളിലോട്ട് നോക്കിപ്പോകും. ഭക്ഷണത്തിന്റെയും ഭക്ഷണശാലകളുടെയും നക്ഷത്ര ചിഹ്നങ്ങളുടെ അവസാന വാക്കായി എങ്ങനെയാണ് ഒരു ടയർ നിർമ്മാതാവ് മാറിയത്. അതാവും ഒരുപക്ഷേ കച്ചവട വിജയങ്ങളുടെ രസക്കൂട്ടിന്റെ രഹസ്യവും. ടയറും ഭക്ഷണവും, തീർത്തും വിഭിന്ന കോണുകളിൽ നിൽക്കുന്ന രണ്ട് വ്യത്യസ്ത സാധ്യതകളെ ഒരു സമാന്തര രേഖയായി അവതരിപ്പിച്ച ബിസിനസ് തന്ത്രമാണ് 'മിഷെലിൻ സ്റ്റാർ'. 'മിഷെലിൻ' എന്ന് നാം ഏറ്റവും അധികം കേട്ടിരിക്കുന്നത് ടയർ നിർമ്മാണവുമായി ബന്ധപ്പെട്ട് തന്നെയാവും. ടയർ നിർമ്മാണ രംഗത്ത് അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി ആർജിച്ച കമ്പനികളിൽ ഒന്നാണ് 'മിഷെലിൻ ടയേഴ്‌സ്'. എന്നാൽ അന്താരാഷ്ട്ര തലത്തിൽ പാചക മികവിന്റെ അവസാന വാക്കുകൂടിയാണ് 'മിഷെലിൻ സ്റ്റാർ'. ലോകത്തെ ഉന്നത നിലവാരം പുലർത്തുന്ന റെസ്റ്റോറന്റുകൾക്കും ഷെഫുമാർക്കും മാത്രം അവകാശപ്പെട്ടതാണ് 3 സ്റ്റാർ വരെ നീളുന്ന മിഷെലിൻ സ്റ്റാർ.  യാത്രാ മാപ്പുകൾ ഉൾപ്പെടുത്തിയ ആദ്യ മിഷെലിൻ റെഡ് ഗൈഡ് കമ്പനി പുറത്തിറക്കിയത് യൂറോപ്പിലായിരുന്നെങ്കിലും ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും മിഷെലിൻ റേറ്റിംഗ് സിസ്റ്റം നിലവിലുണ്ട്.

മിഷെലിൻ ഗൈഡ്

1900 ൽ ഫ്രഞ്ച് ടയർ നിർമ്മാണകമ്പനി ആയ മിഷെലിൻ തങ്ങളുടെ ബിസിനസ്സ് വർധിപ്പിക്കുന്നതിനായാണ് 'മിഷെലിൻ ഗൈഡ്' ഫ്രാൻസിന് പരിചയപ്പെടുത്തുന്നത്.  1900 ത്തിൽ ഫ്രാൻസിലെ റോഡുകളിൽ 3,000 ത്തിൽ താഴെ കാറുകളേ ഉണ്ടായിരുന്നുള്ളൂ. കാറുകളുടെ ആവശ്യം വർധിപ്പിക്കുന്നതിനും അതനുസരിച്ച് കാർ ടയറുകളുടെ ബിസിനസ്സ് വർധിപ്പിക്കുന്നതിനായി കാർ ടയർ നിർമ്മാതാക്കളും സഹോദരന്മാരായ എഡ്വാർഡും ആന്ദ്രേ മിഷെലിനും ഫ്രഞ്ച് വാഹനപ്രേമികൾക്കായി ഒരു ഗൈഡ് പ്രസിദ്ധീകരിച്ചു. ഡ്രൈവർമാരെ അവരുടെ യാത്രകളിൽ വർക്ക് ഷോപ്പുകൾ, പെട്രോൾ സ്റ്റേഷനുകൾ, ഹോട്ടലുകൾ റസ്റ്റോറന്റുകൾ മുതലായവ കണ്ടെത്താൻ സഹായിക്കുന്നതായിരുന്നു മിഷെലിൻ ഗൈഡ്. 35,000 സൗജന്യ കോപ്പികൾ പുറത്തിറക്കിയ ഗൈഡിന്റെ ആദ്യ പതിപ്പ് മാപ്പുകൾ, ടയർ റിപ്പയർ, റീപ്ലേസ്‌മെന്റ് നിർദ്ദേശങ്ങൾ, കാർ മെക്കാനിക് ലിസ്റ്റിംഗുകൾ, ഹോട്ടലുകൾ, ഫ്രാൻസിലുടനീളമുള്ള പെട്രോൾ സ്‌റ്റേഷനുകൾ എന്നിവ അടങ്ങുന്നതായിരുന്നു. 1904 ൽ, മിഷേലിൻ ഗൈഡിന് സമാനമായി ബെൽജിയത്തിലും 1907 ൽ അൾജീരിയയിലും ടുണീഷ്യയിലും ഗൈഡുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. വടക്കൻ ഇറ്റലി, സ്വിറ്റ്സർലൻഡ്, ബവേറിയ, നെതർലാൻഡ്സ് 'ജർമ്മനി, സ്പെയിൻ, പോർച്ചുഗൽ, വടക്കൻ ആഫ്രിക്ക, തെക്കൻ ഇറ്റലി, കോർസിക്ക തുടങ്ങിയവിടങ്ങളിലെല്ലാം പിന്നീട് ഗൈഡ് അവതരിപ്പിക്കപ്പെട്ടു.




മിഷെലിൻ സ്റ്റാർ

"a very good restaurant" എന്ന ഒറ്റ സ്റ്റാർ സൂചിപ്പിക്കുന്നതായിരുന്നു 1926 ൽ അവതരിപ്പിക്കപ്പെട്ട ആദ്യ സ്റ്റാർ സിസ്റ്റം. 1933 ലാണ്  "excellent cooking that is worth a detour", "exceptional cuisine that is worth a special journey" എന്ന രണ്ടും മൂന്നും സ്റ്റാറുകൾ മിഷെലിന് സ്റ്റാറിന്റെ ഭാഗമാകുന്നത്.  കസ്ടമർ റിവ്യൂ അടിസ്ഥാനമാക്കിയുള്ള മറ്റ്‌ റേറ്റിംഗ് സിസ്റ്റങ്ങളിൽ നിന്നും വ്യത്യസ്തമായി 'മിഷെലിൻ ഇൻസ്പെക്ടറു'ടെ രഹസ്യ പരിശോധനകളെ അടിസ്ഥാനമാക്കിയാണ് മിഷെലിൻ സ്റ്റാർ നൽകിവരുന്നത്. എന്നാൽ മിഷെലിൻ ഇൻസ്‌പെക്ടർമാർ എന്നും സമൂഹത്തിൽ അജ്ഞാതരായിരിക്കുക എന്നത് രഹസ്യ പരിശോധനകൾ പോലെത്തന്നെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം തയ്യാറാക്കുന്ന രീതിയും ഗുണനിലവാരവും രുചിയും അടിസ്ഥാനമാക്കി എല്ലാ റെസ്റ്റോറന്റുകൾക്കും ഒരേ രീതിയിലുള്ള ജഡ്ജിങ് ക്രൈറ്റീരിയയാണ് മിഷെലിൻ സ്റ്റാർ നൽകുന്നതിനായി പരിഗണിക്കുന്നത്. റസ്റ്റോറന്റ് ഉടമകൾക്ക് പോലും പരിശോധനയെ സംബന്ധിക്കുന്ന യാതൊരു വിവരങ്ങളും ലഭ്യമാക്കാതെയുള്ളതാണ് മിഷെലിൻ ഇന്സ്പെക്ഷന്റെ രീതി. മൂന്നു മുതൽ ആറു തവണ വരെയുള്ള പരിശോധനകൾക്കും കൂട്ടായ ചർച്ചകൾക്കും ശേഷമാണ് മിഷെലിൻ സ്റ്റാർ നൽകുന്നത്  സംബന്ധിച്ച അവസാന തീരുമാനം കൈക്കൊള്ളുക. മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം നൽകുന്ന റെസ്റ്റോറന്റുകൾക്ക് 'ബിബ് ഗോർമണ്ട്' അവാർഡും ലഭിക്കും. ഒന്നിലധികം റെസ്റ്റോറന്റ്സ് നടത്തുന്ന ഷെഫുകൾക്ക് മൂന്നിലധികം സ്റ്റാറുകളും സ്വന്തമാക്കാൻ കഴിയും. 32 മിഷെലിൻ സ്റ്റാറുകൾ സ്വന്തമായുണ്ടായിരുന്ന റെക്കോർഡ് അന്തരിച്ച ഷെഫ് ജോയൽ റോബുചോനിന്റെ പേരിലായിരുന്നു. മിഷെലിൻ സ്റ്റാർ നൽകിയതിന് ശേഷവും റെസ്റ്റോറന്റുകളിൽ പരിശോധന നടത്താനും വീഴ്ച കണ്ടെത്തിയാൽ സ്റ്റാർ തിരിച്ചെടുക്കാനും കഴിയും.



മിഷെലിൻ താരങ്ങൾ

ഷെഫ് വിനീത് ഭാട്ടിയയാണ് മിഷെലിൻ സ്റ്റാർ  സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരൻ . 2001 ലാണ് ലണ്ടനിലെ  ഇദ്ദേഹത്തിൻറെ റസ്റ്റോറന്റിനെ തേടി ബഹുമതി എത്തിയത്. 2002 ൽ മിഷെലിൻ  നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാണ് ആൽഫ്രെഡ് പ്രസാദ് . 2001 ലണ്ടൻ ടാമറിന്റിന് വേണ്ടിയും  2007 ൽ സ്വന്തം സ്ഥാപനമായ ബനാറസിന് വേണ്ടിയും ഇദ്ദേഹത്തെ തേടി മിഷെലിൻ ബഹുമതി എത്തി. ലണ്ടൻ അമയയിലെ ഹെഡ് ഷെഫ് ആയിരുന്ന കരുണേഷ് ഖന്ന 2006 ലാണ് മിഷെലിൻ സ്റ്റാർ സ്വന്തമാക്കിയത്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെലിബ്രിറ്റി ഷെഫ് വികാസ് ഖന്ന 2012 ൽ മിഷെലിൻ സ്റ്റാർ  നേടിയ ഇന്ത്യൻ ഷെഫ് ആണ്. പാചകമികവിന്റെ താരത്തിളക്കം സ്വന്തമാക്കിയവരിൽ ഇന്ത്യൻ വംശജരായ ഷെഫുമാർ ഉൾപ്പെടുന്നുണ്ടടെങ്കിലും ഇന്ത്യയിലെ ഒരു റെസ്റ്റോറന്റിനും ഇതുവരെ മിഷെലിൻ സ്റ്റാർ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യയെ പ്രധാന മാർക്കറ്റായി മിഷെലിൻ കണക്കാക്കാത്തതിനാൽ ഇന്ത്യയിൽ മിഷെലിൻ ഗൈഡ് ഇതുവരെ പുറത്തിറക്കിയിട്ടുമില്ല.


#food
Leave a comment