TMJ
searchnav-menu
post-thumbnail

Fashion

ദി ഗ്രേറ്റ് ഇന്ത്യൻ വെഡിങ്

11 Mar 2023   |   2 min Read
മിസ്‌രിയ ചന്ദ്രോത്ത്

വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഭൂരിഭാഗം ആളുകൾക്കും വിവാഹം. വീടുകളിലോ ഓഡിറ്റോറിയത്തിലോ മാത്രമായി നടന്നിരുന്ന ചെറിയ വിവാഹ ചടങ്ങുകൾ ഇന്ന് ഇവന്റ് മാനേജ്മെന്റ് നിയന്ത്രിക്കുന്ന വലിയ ഇവന്റുകളായാണ് നടത്തുന്നത്, ഏതൊക്കെ രീതിയിൽ വിവാഹം വ്യത്യസ്തമാക്കാം എന്നാണ് ഇന്നത്തെ തലമുറ ആലോചിക്കുന്നത്. റിസോർട്ടുകൾ ടൂറിസ്റ്റ് സ്പോട്ടുകൾ, കൊട്ടാരങ്ങൾ, ബീച്ച്, ഹിൽ റിസോർട്ടുകൾ എന്നിവിടങ്ങളിലാണ് പല വിവാഹങ്ങളും നടക്കുന്നത്. എല്ലാ വിവാഹങ്ങളും കാലങ്ങളായി തുടർന്നുവരുന്ന പാറ്റേണുകളിൽ നിന്നും വ്യത്യസ്തമായിരിക്കണം എന്നാണ് ഓരോ വധു-വരന്മാരും ചിന്തിക്കുന്നത്. വിവാഹ ക്ഷണക്കത്തുകളുടെ കാര്യത്തിൽ പോലും വ്യത്യസ്തത കൊണ്ടുവരുന്നു, ഒന്നിലധികം പേജുകൾ ഉള്ള കല്ലുകൾ പിടിപ്പിച്ച ബ്രോഷറുകളായാണ് ഇന്ന് ക്ഷണക്കത്തുകൾ ഉണ്ടാക്കുന്നത്, കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിപുലവും പ്രൗഢവുമായ ചടങ്ങുകളിൽ നിന്ന് ചിലത് കടംകൊണ്ടാണ് വിവാഹങ്ങൾ നടത്തുന്നത്. സംഗീത്, മെഹന്ദി, ഹൽദി തുടങ്ങിയ ചടങ്ങുകൾ ഇത്തരത്തിൽ കടംകൊണ്ടിട്ടുള്ളവയാണ്, മാത്രമല്ല ഒന്നോ രണ്ടോ ദിവസത്തിൽ നടന്നിരുന്ന കല്യാണങ്ങൾ ഇന്ന് ഉത്തരേന്ത്യൻ മാതൃകയിൽ ഒരാഴ്ചയോളം നീണ്ടു നിൽക്കുന്നു.

ഏകദേശം എൺപത് ശതമാനം ആളുകളും ഇവന്റ് മാനേജ്മെന്റുകളെ സമീപിക്കുന്നത് ഡെസ്റ്റിനേഷൻ വെഡിങ്ങുകൾക്ക് വേണ്ടിയാണ്. വളരെ ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഡെസ്റ്റിനേഷൻ വെഡിങ്ങുകൾ നടത്തുന്നത്.  ഇന്ത്യയിലെ ആളുകൾ വെഡിങ് ഡെസ്റ്റിനേഷനുകളായി കൂടുതലായും തെരഞ്ഞെടുക്കുന്നത് സ്വിറ്റ്സർലൻഡ്, ഇറ്റലി, ഫ്രാൻസ് എന്നീ സ്ഥലങ്ങളാണ്. വിവാഹത്തിന് മുമ്പ് നടക്കുന്ന സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടുകളും വ്യത്യസ്തമായ ഡസ്റ്റിനേഷൻ ഷൂട്ടുകളായാണ് നടത്തുന്നത്. വിനോദസഞ്ചാരം, സംഗീതം, വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, തുടങ്ങിയ സമാന വ്യവസായങ്ങളുടെ വളർച്ചയ്ക് ഡെസ്റ്റിനേഷൻ വെഡിങ്ങുകൾ ഒരു കാരണമാവുന്നുണ്ട്. ഇന്ത്യയിൽ എന്നും വർത്തയാവുന്നതും ചർച്ചചെയ്യപ്പെടുന്നതും അനുകരിക്കപ്പെടുന്നതുമാണ് താരവിവാഹങ്ങൾ. അനുഷ്ക ശർമ്മ, രൺവീർ കപൂർ, കാജൾ അഗർവാൾ, നയൻ‌താര എന്നിവരുടെ വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. താരങ്ങളെ അനുകരിച്ചുകൊണ്ട് പ്രമുഖരായ ഡിസൈനേഴ്സിനെ കൊണ്ട്  വിവാഹ വസ്ത്രങ്ങളും ആഭരണങ്ങളും വ്യക്തിപരമായ ഇഷ്ടങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്യിക്കുന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബോളിവുഡ് താരം അനുഷ്ക ശർമ്മയുടെ വിവാഹ ഫോട്ടോകളും വീഡിയോകളും ചിത്രീകരിച്ചതിന് ശേഷം പ്രശസ്തി നേടിയ സെലിബ്രറ്റി വീഡിയോഗ്രാഫറായ വിശാൽ പറയുന്നത് അദ്ദേഹം അടുത്തിടെ കവർ ചെയ്യുന്ന മൊത്തം വിവാഹങ്ങളുടെ ഒരു ശതമാനം മാത്രമേ ഇന്ത്യയിൽ നടക്കുന്നുള്ളൂ എന്നാണ്. ആഡംബര വിവാഹങ്ങൾ നടത്തുന്ന, മുംബൈ ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ എ ന്യൂ നോട്ടിന്റെ സഹസ്ഥാപകയായ നിത്യ ബാഗ്രി പറയുന്നത് 4 കോടി മുതൽ 15 കോടി വരെയാണ് അവർ 2021 ൽ നടത്തിയ ഓരോ വിവാഹങ്ങളുടെയും ചിലവ് എന്നാണ്.




ഒരു സാമ്പത്തിക വർഷത്തെ കണക്കു പ്രകാരം ഇന്ത്യയിൽ വിവാഹ ക്ഷണക്കത്തുകൾക്ക് 10,000 കോടി,  ബ്രൈഡൽ മെഹന്ദി 5,000 കോടി, ഫോട്ടോഗ്രാഫി 1,500 കോടി, വെന്യു ഡെക്കറേഷൻ 10,000 കോടി, ആഭരണം 90,000 കോടി, വസ്ത്രം 50,000 കോടി, ഹോട്ടൽ 7,000 കോടി, മറ്റുള്ളവ 30, 000 കോടി എന്നിങ്ങനെ ചിലവായി എന്നാണ് കണക്ക് (from ICIC diect. com). വിവാഹങ്ങൾ എത്രമാത്രം വിപുലമായാണ് നടത്തുന്നതെന്ന് ഈ കണക്കുകളിൽ നിന്നും മനസിലാക്കാം. 32 ലക്ഷം വിവാഹങ്ങളാണ് കഴിഞ്ഞ നവംബർ14 മുതൽ ഡിസംബർ 14 വരെ ഇന്ത്യയിൽ നടന്നത്. 2021ൽ ഇതേ സമയത്ത് 25 ലക്ഷം വിവാഹങ്ങളായിരുന്നു നടന്നിരുന്നത്. വിവാഹങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിവാഹ മാർക്കറ്റുകളും വളർന്നു കൊണ്ടിരിക്കുകയാണ്. 50 ബില്യൺ ഡോളർ വെഡിങ് മാർക്കറ്റ് ആണ് നിലവിൽ ഇന്ത്യയുടേത്. മാരേജ് ഇന്റസ്ട്രി ഇന്ത്യയിലെ നാലാമത്തെ ലാർജസ്റ്റ് ഇൻഡസ്ട്രിയായി വളർന്നു കഴിഞ്ഞു. ഇന്ത്യക്കാരുടെ വെഡിങ് പ്ലാനുകൾ നിരന്തരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡ്രോൺ ഷൂട്ടുകൾ മുതൽ ഹെലികോപ്റ്ററിൽ വധു-വരന്മാരുടെ എൻട്രി എന്ന തരത്തിലേക്ക് വരെ ആശയങ്ങൾ നിലവിൽ വളർന്നിട്ടുണ്ട്. കോവിഡിനു ശേഷം വീണ്ടും മാരേജ് ഇന്റസ്ട്രി അറുപത് ശതമാനത്തിന്റെ സാമ്പത്തിക വളർച്ചയാണ് നേടിയിട്ടുള്ളത്.

Leave a comment