ഏക്‌നാഥ് ഷിൻഡെ | Photo: PTI
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ്; ഏക്‌നാഥ് ഷിൻഡെ സർക്കാർ തുടരും, ഗവർണർക്ക് രൂക്ഷവിമർശനം
മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ ഭാവിയെ സംബന്ധിച്ച ഹർജിയിൽ നിർണായക വിധി പ്രസ്താവിച്ച് സുപ്രീം കോടതി. ഇപ്പോഴുള്ള സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഉദ്ദവ് താക്കറെ വിശ്വാസവോട്ട് നേരിട്ടിരുന്നെങ്കിൽ പുനഃസ്ഥാപിക്കാൻ സാധിക്കുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു.
എന്നാൽ, ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിയത് ചട്ടവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ഷിൻഡെ വിഭാഗം ചീഫ് വിപ്പിനെ നിയമിച്ചതും, ഗവർണർ വിശ്വാസവോട്ടെടുപ്പ് നടത്താൻ അനുമതി നൽകിയതും ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീം കോടതി പരാമർശിച്ചു. ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാൻ കഴിയാത്തതു മൂലം ഏക്‌നാഥ് ഷിൻഡെ സർക്കാരിന് രാജി വെക്കേണ്ടതായി വരില്ല. എന്നാൽ ഏക്‌നാഥ് ഷിൻഡെ സർക്കാരിനെ അധികാരത്തിലേയ്ക്ക് കൊണ്ടുവന്ന നീക്കത്തിനെതിരെ കോടതി രൂക്ഷ വിമർശനം ഉയർത്തി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസിലെ നിർണായകമായ വിധി പ്രസ്താവിച്ചത്.
ശിവസേനയിലെ പിളർപ്പിനെ തുടർന്ന് മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹർജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്. ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങൾ നൽകിയ ഹർജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി പ്രസ്താവം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസുമാരായ എം. ആർ ഷാ, കൃഷ്ണ മുരാരി, ഹിമ കോഹ്ലി, പിഎസ് നരസിംഹ എന്നിവരാണ് മറ്റ് അംഗങ്ങൾ.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാരെ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെ വിഭാഗത്തിന്റെ ആവശ്യം. കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ ഡപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഷിൻഡെയും ഹർജി നൽകിയിരുന്നു. ഷിൻഡെ ഉൾപ്പെടെയുള്ളവരെ അയോഗ്യരാക്കുകയും ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാണെന്നു വിധിക്കുകയും ചെയ്താൽ മഹാരാഷ്ട്രയിൽ ഉദ്ധവ് സർക്കാർ രാജിവയ്ക്കുന്നതിനു മുൻപുള്ള തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നായിരുന്നു ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടത്.
2016 ൽ അരുണാചൽ പ്രദേശിൽ കോൺഗ്രസ് നേതാവ് ആയിരുന്ന നബാം തുക്കിയുടെ സർക്കാരിനെ പുനഃസ്ഥാപിച്ചതുപോലെ തങ്ങളുടെ സർക്കാരിനെയും പുനഃസ്ഥാപിക്കണമെന്നാണ് ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയിൽ വാദിച്ചത്. എന്നാൽ വിശ്വാസ വോട്ടെടുപ്പ് തേടുന്നതിന് മുൻപ് സ്വയം രാജിവച്ചുപോയ സർക്കാരിനെ എങ്ങനെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വാദം കേൾക്കലിനിടെ ചോദിച്ചിരുന്നു.
പാർട്ടി പിളർത്തി ഷിൻഡെ
വിമത സ്വരമുയർത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായിരുന്ന ഏക്‌നാഥ് ഷിൻഡെ 20ലേറെ എം.എൽ.എമാരുമായി 2022 ജൂണിൽ പാർട്ടി വിട്ടതോടെയാണ് മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ മഹാവികാസ് അഗാഡി സർക്കാർ പ്രതിസന്ധിയിലായത്. കോൺഗ്രസ്- എൻ.സി.പി സഖ്യം ഉപേക്ഷിച്ച് ശിവസേന ബി.ജെ.പിക്കൊപ്പം സർക്കാർ രൂപവത്കരിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ഏക്‌നാഥ് ഷിൻഡെ 20ലേറെ എംഎൽഎമാരുമായി സൂറത്തിലെ ലേ മെരിഡിയൻ ഹോട്ടലിലേയ്ക്കാണ് മാറിയത്.
ബാൽതാക്കെറെയോട് കൂറുള്ള ശിവസൈനീകനായ താൻ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്ന് ഷിൻഡെ പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയെ പിളർപ്പിന്റെ വക്കിലെത്തിച്ച ഷിൻഡെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിക്കുകയും ചെയ്തു. ശിവസേനയുടെ 55 എം.എൽഎമാരിൽ 35 പേരും തനിക്കൊപ്പം ഉണ്ടെന്നാണ് ഏക്‌നാഥ് ഷിൻഡെ അവകാശപ്പെട്ടത്. എന്നാൽ എം.എൽ.എമാരെ അത്താഴവിരുന്നിന് ക്ഷണിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും പലർക്കും സൂറത്തിലെ ഹോട്ടലിൽ മർദനമേറ്റതായും ആരോപണമുയർന്നിരുന്നു. ഏക്‌നാഥ് ഷിൻഡെയ്ക്ക് പിന്നിൽ ബിജെപിയുടെ ഓപറേൻ താമരയായിരുന്നെന്ന് പിന്നീട് നടന്ന കരുനീക്കങ്ങളിലൂടെ മനസിലായി.
റിസോർട്ട് രാഷ്ട്രീയത്തിനും ആരോപണ പ്രത്യാരോപണങ്ങൾക്കും രാഷ്ട്രീയനാടകങ്ങൾക്കും ശേഷം ഉദ്ധവ് താക്കറെ സർക്കാർ പാതിവഴിയിൽ കാൽ വഴുതി വീണു. പിടിച്ച് നിൽക്കാൻ പല വഴികളും നോക്കിയെങ്കിലും ഗവർണർ ഭഗത് സിങ് കോഷിയാരി അപ്രതീക്ഷിതമായി വിശ്വസവോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചതും മഹാവികാസ് അഘാഡി നേതാക്കളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. 2019-ൽ ദേശീയ,സംസ്ഥാന രാഷ്ട്രീയത്തെ അമ്പരപ്പിച്ച നാടകങ്ങളിലൂടെ അധികാരത്തിൽ വന്ന ഉദ്ധവ് സർക്കാരിന് മറ്റൊരു രാഷ്ട്രീയ നാടകത്താൽ രണ്ടര വർഷത്തിന് ശേഷം അധികാരം നഷ്ടമായി.
ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോൺഗ്രസ്-എൻ.സി.പി. സഖ്യം ഉപേക്ഷിക്കുക, ബി.ജെ.പിയുമായി ചേർന്ന് സർക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകൾ ഏക്‌നാഥ് ഷിൻഡെയും വിമതരും മുന്നോട്ട് വെച്ചപ്പോൾ അതെല്ലാം അംഗീകരിക്കാൻ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. വിമതരെയും കൂട്ടി മുംബൈയിൽ തിരിച്ചെത്തണമെന്ന് താക്കറെയുടെ നിബന്ധന അംഗീകരിക്കാൻ ഷിൻഡെ തയാറാകാതെ വന്നതോടെ ഷിൻഡെയ്ക്കും കൂട്ടർക്കുമെതിരെ നടപടികളിലേയ്ക്ക് പോകാൻ താക്കറെ നിർബന്ധിതനായി.
ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായിരുന്ന ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിൻഡെയെ ചൊടിപ്പിച്ചത്. മകൻ വന്നപ്പോൾ തന്നെ തഴയുന്നുവെന്ന ഏക്‌നാഥ് ഷിൻഡെയുടെ പരാതിക്ക് പരിഹാരം കാണാൻ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച് അവസരം കാത്തിരുന്ന ബി.ജെ.പി. ദേവേന്ദ്ര ഫട്‌നാവിസിലൂടെ ഷിൻഡേയെ ഒപ്പം ചേർക്കുകയും ചെയ്തു.
ശിവസേനാ മന്ത്രിസഭയിൽ മന്ത്രിയായിട്ടുപോലും ഷിൻഡെ നിരാശനായിരുന്നു. തന്റെ വകുപ്പിൽ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിൻഡെയ്ക്കുണ്ടായത്. ഇതിലെല്ലാം നിരാശനായിരുന്ന ഷിൻഡെയാണ് ഒരു സുപ്രഭാതത്തിൽ എം.എൽ.എമാരെ ചാക്കിലാക്കി റിസോർട്ടിലേക്ക് പറന്നത്. 2019-ൽ ശിവസേന- എൻ.സി.പി. സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്‌നാഥ് ഷിൻഡെ. പക്ഷെ, പാർട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിർദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എൻസിപി എം.എൽ.എമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്‌നാഥ് ഷിൻഡെയ്ക്കായിരുന്നു പാർട്ടി നൽകിയത്. അതനുസരിച്ച് എം.എൽ.എമാരെ മുംബൈയിലെ വിവിധ റിസോർട്ടുകളിൽ താമസിപ്പിച്ചതും അദ്ദേഹമായിരുന്നു. അതേഷിൻഡെയെക്കൊണ്ടു തന്നെ ഉദ്ധവ് താക്കറെ സർക്കാരിനെ മറിച്ചിടാനുള്ള എം.എൽ.എമാരെ റിസോർട്ടിൽ താമസിപ്പിച്ചുവെന്നതും ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയുടെ തന്ത്രമാണ്.