Representational Image: PTI
മണിപ്പൂര്‍ സംഘര്‍ഷം: മിസോറാമില്‍ അഭയം തേടി അയ്യായിരത്തിലധികം ആളുകള്‍
മണിപ്പൂരില്‍ മെയ്തികളും ഗോത്രവര്‍ഗക്കാരും തമ്മില്‍ അടുത്തിടെയുണ്ടായ അക്രമാസക്തമായ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 5,800 അധികം ആളുകള്‍ മിസോറാമിലേക്ക് പലായനം ചെയ്തു. ചിന്‍-കുക്കി-മിസോ വിഭാഗത്തില്‍പ്പെട്ട 5,822 പേരാണ് മിസോറാമിലെ ആറ് ജില്ലകളിലായി താത്കാലിക ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.
നിലവില്‍ ഐസ്വാള്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചത്. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നിരവധി പേര്‍ മണിപ്പൂരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ മെയ്തികളും ഗോത്രവര്‍ഗക്കാരും തമ്മിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മെയ് മൂന്നിന് പട്ടികവര്‍ഗ പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിനു പിന്നാലെയാണ് മണിപ്പൂരില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത്.
അതിനിടെ, ഗോത്രവര്‍ഗക്കാര്‍ക്ക് പ്രത്യേക ഭരണം വേണമെന്ന മണിപ്പൂരിലെ ആദിവാസി എംഎല്‍എമാരുടെ ആവശ്യം മിസോറാം ലോക്‌സഭാംഗം സി ലാല്‍റോസംഗ അംഗീകരിച്ചു. മണിപ്പൂര്‍ സര്‍ക്കാരിന് കീഴില്‍ ഗോത്രവര്‍ഗക്കാര്‍ക്ക് ഇനി നിലനില്‍ക്കാനാവില്ലെന്ന് അവകാശപ്പെട്ട് അക്രമാസക്തമായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക ഭരണം രൂപീകരിക്കണമെന്ന് ബിജെപിയില്‍ നിന്നുള്ള ഏഴുപേര്‍ ഉള്‍പ്പെടെ 10 കുക്കി എംഎല്‍എമാര്‍ വെള്ളിയാഴ്ച കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മെയ് മൂന്നിന് പട്ടികവര്‍ഗ പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മലയോര ജില്ലകളില്‍ ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. റിസര്‍വ് വനഭൂമിയില്‍ നിന്ന് കുക്കി ഗ്രാമവാസികളെ കുടിയൊഴിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനു മുമ്പായിരുന്നു അക്രമം.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങ് നാല് മുതിര്‍ന്ന മന്ത്രിമാരോടൊപ്പം ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. മണിപ്പൂരിലെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും അമിത് ഷായുമായി ചര്‍ച്ച നടത്തിയതായി അധികൃതര്‍ അറിയിച്ചു. മണിപ്പൂരില്‍ സംസ്ഥാനത്തെ ഭൂരിപക്ഷമായ മെയ്തി സമുദായവും കുക്കി-സോമി ഗോത്രങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ 60 പേരോളം മരണപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ധ്രുവീകരണം നേരിട്ട് മണിപ്പൂര്‍
30 ലക്ഷം മാത്രം ജനസംഖ്യയുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് മണിപ്പൂര്‍. അവിടെ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷം വടക്കു-കിഴക്കന്‍ മേഖലയിലാകെ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ പ്രതീകമാണ്. ഇംഫാല്‍ താഴ്‌വാരവും അതിന് ചുറ്റിലുമുള്ള കുന്നിന്‍പുറങ്ങളും ചേര്‍ന്നതാണ് മണിപ്പൂരിന്റെ ഭൂമിശാസ്ത്രം. ജനങ്ങളുടെ ആവാസവ്യവസ്ഥയിലും ഈ സവിശേഷത കാണാം. താഴ്വരയില്‍ പ്രധാനമായും മെയ്തി വംശജരും കുന്നിന്‍പുറങ്ങള്‍ മലയോര നിവാസികളായ ഗോത്ര വര്‍ഗ്ഗങ്ങളും എന്നതാണ് മണിപ്പൂരിന്റെ ആവാസവ്യവസ്ഥ. വൈഷ്ണവ വിശ്വാസികളായ മെയ്തികളാണ് മണിപ്പൂരില്‍ ഭൂരിപക്ഷവും. നാഗ, കുക്കി തുടങ്ങിയ മലയോര ഗോത്ര വര്‍ഗങ്ങളാണ് മറ്റുള്ള പ്രബല വിഭാഗം.
വടക്കു-കിഴക്കന്‍ മേഖലയിലെ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതിരുന്ന ബിജെപി തങ്ങളുടെ സാന്നിധ്യം അവിടെ ശക്തമാക്കിയതാണ് മതപരമായ ധ്രുവീകരണത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചതിന്റെ പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. മണിപ്പൂരിലടക്കം വടക്കു-കിഴക്കന്‍ മേഖലയില്‍ കാലങ്ങളായി സ്വന്തം സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള വാദം ശക്തമാണ്. എന്നാല്‍ ഈ സമരങ്ങളെ തകര്‍ക്കുന്നതിനായി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന ഭിന്നിപ്പിച്ചുള്ള ഭരണമാണ് ഇപ്പോഴത്തെ കലാപങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് വിലയിരുത്തലുകള്‍.
മണിപ്പൂരിലെ പുരാതന ജനവിഭാഗമെന്ന് അവകാശപ്പെടുന്ന മെയ്തികള്‍ ഇംഫാലിനോടുചേര്‍ന്ന താഴ്വരകളിലാണ് താമസിക്കുന്നത്. ഗോത്രസംവരണത്തിനു വേണ്ടിയുള്ള മെയ്തികളുടെ ആവശ്യത്തിന് ഒരു ദശാബ്ദം പഴക്കമുണ്ട്. മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റത്തിന്റെ ഫലമായി തങ്ങളുടെ അസ്തിത്വം നിലനിര്‍ത്താന്‍ ഗോത്ര വിഭാഗങ്ങള്‍ക്ക് ഉള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്നുമാണ് മെയ്തികളുടെ ആവശ്യം. 1949 സെപ്റ്റംബര്‍ 21-ന് മണിപ്പൂര്‍ നാട്ടുരാജ്യവും ഇന്ത്യന്‍ യൂണിയനുമായി ലയന കരാറില്‍ ഒപ്പുവച്ചപ്പോള്‍ മെയ്തി വിഭാഗത്തിന് ആദിവാസി പദവി ഉണ്ടായിരുന്നെന്നും അതിനാല്‍ അവരെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പുനഃസ്ഥാപിക്കണമെന്നുമാണ് വാദം. മലയോര മേഖലകളില്‍ താമസിക്കുന്ന ആദിവാസികളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തിയും, ഭൂരിപക്ഷ സമുദായത്തിന് എസ്ടി പദവി നല്‍കാന്‍ തീരുമാനം എടുത്തും ക്രിസ്ത്യന്‍ ഭൂരിഭാഗമുള്ള ഗോത്രവര്‍ഗ വിഭാഗങ്ങളെ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദത്തിലാക്കുന്നതിന്റെ പ്രതിഫലനങ്ങള്‍ ഇപ്പോഴത്തെ കലാപങ്ങളില്‍ കാണാനാവും.
ധാരണയാകാത്ത നേതൃമാറ്റം
സംസ്ഥാനത്ത് ഇരു സമുദായങ്ങള്‍ക്കിടയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതൃത്വം ജാഗ്രതയോടെയാണ് നീങ്ങുന്നത്. സംസ്ഥാനത്തെ സംഭവവികാസങ്ങളിലും പ്രശ്‌നത്തെ മുഖ്യമന്ത്രി കൈകാര്യം ചെയ്ത രീതിയിലും കേന്ദ്ര നേതൃത്വം ഒട്ടും തൃപ്തരല്ല. എന്നാല്‍ നേതൃമാറ്റം എന്ന ആവശ്യത്തോട് പാര്‍ട്ടി നേതൃത്വം അനുകൂലിക്കുന്നില്ല. സംസ്ഥാനത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് പാര്‍ട്ടി നേതൃത്വത്തിനും ബോധ്യമുണ്ട്. മുഖ്യമന്ത്രിക്ക് മെയ്തി സമുദായത്തിന്റെ ഉറച്ച പിന്തുണയുണ്ടെന്നും അദ്ദേഹത്തിനെതിരെയുള്ള ഏത് നീക്കവും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്. കൂടാതെ, കുക്കിയുടെ ഭാഗത്തു നിന്നുള്ള ആവശ്യങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്നുമാണ് അധികൃതരുടെ വാദം.
കുക്കി-സോമി വിമത ഗ്രൂപ്പുകളും സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ചകളെത്തുടര്‍ന്ന് ശാന്തമായ പ്രത്യേക ഭരണത്തിനായുള്ള ആവശ്യം, സമുദായ ഏറ്റുമുട്ടലിനുശേഷം വീണ്ടും ഉയര്‍ന്നു. കുക്കി ഗോത്രങ്ങള്‍ മണിപ്പൂരില്‍ ഇനി സുരക്ഷിതരല്ലെന്നും സമുദായത്തെ സംരക്ഷിക്കുന്നതില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടുവെന്നുമാണ് ആരോപണം. കൂടാതെ, മണിപ്പൂരിലെ സംഘര്‍ഷം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ സമുദായത്തെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളെ മുറിവേല്‍പ്പിക്കുകയും ചെയ്തു. മണിപ്പൂരില്‍ അടുത്തിടെ നടന്ന അക്രമങ്ങളില്‍ നിരവധി പള്ളികളും ക്രിസ്ത്യന്‍ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഇതിനെതിരെ സഭാ നേതൃത്വം പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളായ കുക്കികള്‍ ബിജെപിക്ക് പിന്തുണ നല്‍കിയിരുന്നു. കുക്കി എംഎല്‍എമാരും വിമത മെയ്തി എംഎല്‍എമാരും സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു.