തോൽവികളിൽ ജീവിതഭാഗധേയം നിർണ്ണയിക്കപ്പെടുന്ന മനുഷ്യർ
The world's longest penalty (el penal más largo del mundo) എന്ന പേരിൽ അർജന്റീനിയൻ എഴുത്തുകാരനായ ഓസ്‌വാൾഡോ സോറിയാനോയുടെ ഒരു ചെറുകഥയുണ്ട്, 1993 ൽ എഴുതിയത്. ഓസ്‌വാൾഡോ ആ കഥ എഴുതുമ്പോൾ അമേരിക്കയിൽ 1994 ലോകകപ്പിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. 94 ലോകകപ്പ് ഡീഗോ മറഡോണയുടെ അവസാന ലോകകപ്പാണ്. നൈജീരിയക്കെതിരെയുള്ള രണ്ടാം മത്സരത്തിന് ശേഷം നടന്ന പരിശോധനയിൽ നിരോധിത മരുന്നായ എഫഡ്രിൻ ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് മറഡോണയ്ക്ക് വിലക്ക് വരുന്നത്. മറഡോണ പുറത്തായിട്ടില്ലെങ്കിൽ ചിലപ്പോൾ ആ ലോകകപ്പിൽ അർജന്റീന കുറച്ചുദൂരം കൂടി പോയേനെ എന്ന് വിശ്വസിക്കുന്നവർ അനവധി.
അതേ ലോകകപ്പിലാണ് മനപ്പൂർവ്വമല്ലാത്ത ഒരു പിഴവിന്റെ പേരിൽ കൊളംബിയൻ ഡിഫൻഡർ ആന്ദ്രെ എസ്കോബാർ വെടിയേറ്റ് മരിക്കുന്നത്. അമേരിക്കയുമായുള്ള മത്സരത്തിനിടെ അബദ്ധവശാൽ സംഭവിച്ച സെൽഫ് ഗോളാണ് എസ്കോബാറിന്റെ വിധിയെഴുതിയത്. ലോകകപ്പിൽ നിന്നും കൊളംബിയ പുറത്തായതിന്റെ അഞ്ചാം ദിവസം മെഡലിനിലെ ഒരു നിശാക്ലബ്ബിന് പുറത്ത് കാറിലിരിക്കുകയായിരുന്ന എസ്കോബാറിനെ അക്രമികൾ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ആറുവട്ടമാണ് അയാളുടെ ശരീരത്തിലൂടെ വെടിയുണ്ടകൾ കടന്നുപോയത്. ഓരോ വെടിയുതിർക്കുമ്പോളും ഗോൾ ഗോൾ എന്ന് ആർത്തുവിളിക്കുന്നുണ്ടായിരുന്നു ആ അക്രമി.
എന്നാൽ ആ ലോകകപ്പിന്റെ ഏറ്റവും വലിയ കണ്ണീർകാഴ്ച റോബർട്ടോ ബാജിയോ എന്ന ഇറ്റാലിയൻ താരമാണ്. 1994 ലോകകപ്പ് ഫൈനലിലേക്ക് അസൂറി പട എത്തുന്നത് ബാജിയോയുടെ മാന്ത്രിക സ്പർശമുള്ള കാലുകളുടെ പിന്തുണയിലാണ്. എന്നാൽ ഏറ്റവും നിർണായകമായ ഫൈനൽ ദിവസം ആ കാലുകൾ അവരെ തുണച്ചില്ല. നിശ്ചിത സമയവും 30 മിനിറ്റ് അധിക സമയവും കഴിഞ്ഞിട്ടും സമനിലയിൽ തുടർന്ന മത്സരം ഒടുവിൽ പെനാൽറ്റിയിലേക്ക് നീങ്ങുകയാണ്. അവസാനത്തെ കിക്ക് എടുക്കാൻ തന്റെ പോണിടെയിൽ മുടിയുമായി ബാജിയൊ നടന്നടുക്കുകയാണ്. ടൂർണമെന്റിൽ ഉടനീളം ഇറ്റലിയുടെ വിശ്വസ്തനായിരുന്ന ആ പടയാളി തങ്ങളെ വിജയിപ്പിക്കും എന്ന് തന്നെ ആരാധകർ ഉറച്ചു വിശ്വസിച്ചിരുന്നു. എന്നാൽ ആ നിമിഷത്തിന്റെ സംഘർഷം താങ്ങാനാവാതെ അയാൾക്ക് ലക്ഷ്യം പിഴക്കുന്നു. നീണ്ട 18 വർഷങ്ങൾക്കിപ്പുറവും അയാൾ ഓർത്തിരിക്കപ്പെടുന്നത് ആ പെനാൽറ്റി നഷ്ടത്തിന്റെ പേരിലാണ്.
ഇവിടെ നമ്മൾ പരാമർശിക്കുന്ന ഈ കഥയും ചലച്ചിത്രവും പറയുന്നത് ഒരു പെനാൽറ്റിയെ കുറിച്ചാണ്. ഒരു ഫൈനൽ മത്സരത്തിലെ ഏറ്റവും നിർണായകമായ ഒരു പെനാൽറ്റി. ഒരേയൊരു വ്യത്യാസം മാത്രം. ആ പെനാൽറ്റി കിക്ക് സംഭവിക്കുന്നത് മത്സരം കളിച്ച ദിവസവും കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ്. ഒരു പെനാൽറ്റിക്ക് മാത്രമായി ഒരാഴ്ച നീണ്ട ഇടവേള. അതുകൊണ്ടാണ് ആ കഥയുടെ പേര് ലോകത്തിലെ ഏറ്റവും ദൈർഘ്യം ഏറിയ പെനാൽറ്റി എന്നാവുന്നത്.
1958 ലാണ് കഥ നടക്കുന്നത്. അർജന്റീനയിലെ റിയോ നെഗ്ര താഴ്വരയിലുള്ള നദീതീരത്തെ എസ്ട്രെല്ല പോളാർ എന്ന ചെറിയ ക്ലബ്ബാണ് ഈ കഥയിൽ പ്രധാനികൾ. താഴ്വരയിലെ ഫുട്‌ബോൾ ടൂർണമെന്റിൽ അവർ സ്ഥിരമായി പങ്കെടുത്തുപോന്നു. എക്കാലവും ഒരേ കളിക്കാർ മാത്രമായിരുന്നു ടീമിൽ. ഒരു വയസ്സൻകൂട്ടം. ഗാറ്റോ ഡിയാസ് എന്ന അവരുടെ ഗോളിക്ക് നാല്പതിനടുത്തായിരുന്നു പ്രായം. നര കയറിയ അയാളുടെ മുടിയിഴകൾ എപ്പോഴും അനുസരണയില്ലാതെ നെറ്റിത്തടത്തിലേക്ക് വീണുകിടന്നു എന്നാണ് ഓസ്‌വാൾഡോ സോറിയാനോ വിവരിക്കുന്നത്.
ഏറെ പ്രശംസ ഏറ്റുവാങ്ങിയ കഥയായിരുന്നു സോറിയാനോ എഴുതിയത്. അതുകൊണ്ടാണ് അതിനൊരു ചലച്ചിത്രഭാഷ്യം വേണമെന്ന ഒരു തീരുമാനം ഉണ്ടാകുന്നത്. എന്നാൽ നിർഭാഗ്യകരം എന്ന് പറയട്ടെ, എന്താണോ ആ കഥയെ ഒരു മികച്ച കഥയാക്കിയത്, ആ കഥയുടെ ആത്മാവ് എന്ന് പോലും വിശേഷിപ്പിക്കാവുന്ന കഥാപാത്രരൂപീകരണങ്ങളുടെ സവിശേഷതകൾ ഒന്നും തന്നെ ഈ ചലച്ചിത്രത്തിൽ ഉണ്ടായിരുന്നില്ല. അതിൽ ഏറ്റവും പ്രധാനം ഗാറ്റോ ഡിയാസ് എന്ന ഗോളി തന്നെ. ചിത്രത്തിൽ ഫെർണാണ്ടോ ഡിയാസ് എന്നാണ് അയാളുടെ പേര്. ടൂർണമെന്റിൽ ഒരിക്കൽ പോലും അവസരം ലഭിക്കാത്ത ഫൈനലിന്റെ അവസാന മിനുട്ടിൽ സ്ഥിരം ഗോളിക്ക് പരിക്ക് പറ്റുന്നു എന്ന ഒറ്റക്കാരണത്താൽ ഗോളിയാവുന്ന ഒരുവൻ. പ്രചോദനമേകുന്ന നായകകഥാപാത്രം ആവേണ്ടിയിരുന്നയാളെ വെറുമൊരു കോമേഡിയൻ ആക്കി തരംതാഴ്ത്തുകയാണ് ഈ ചിത്രത്തിൽ ചെയ്യുന്നത്.
കഥയിൽ ഒരു ലോക്കൽ ടൂർണമെന്റാണ് സോറിയാനോ വിവരിക്കുന്നത്. ആകെ പതിനാറു ടീം കളിക്കുന്ന ടൂർണമെന്റിൽ എപ്പോഴും ആദ്യ പത്തിന് പുറത്തായിരുന്നു എസ്‌ട്രെല്ല പോളാറിന് സ്ഥാനം. 1957 ലെ സീസൺ അവർ അവസാനിപ്പിക്കുന്നത് പതിമൂന്നാമതായാണ്. പരിതാപകരം എന്ന് പറയാവുന്ന അവസ്ഥ. എന്നാൽ 1958 ലെ സീസൺ എസ്‌ട്രെല്ല പോളാർ തുടങ്ങുന്നത് എസ്ക്യൂഡോ ചിലെനോക്കെതിരെ ഒരു ജയവുമായാണ്. എസ്ക്യൂഡോയും അവരെപോലെ തന്നെ ഒരു മോശം ക്ലബ് ആയത് കൊണ്ടാവും ആ വിജയം ആരും കാര്യമാക്കുന്നില്ല. എന്നാൽ ഒരു മാസത്തിനുള്ളിൽ തുടർച്ചയായ നാലു മത്സരങ്ങൾ വിജയിച്ച് അവർ പോയിന്റുനിലയിൽ ഒന്നാമതായി. ഓരോ കളിയും അവര്‍ വളരെ കഷ്ടപ്പെട്ടാണ് ജയിച്ചത്. 1-0 എന്ന സ്കോർ തന്നെ സ്ഥിരം. പക്ഷെ സ്ഥിരം ചാമ്പ്യന്മാരായ ഡിപോർട്ടിവോയേക്കാൾ-പാഡിനിയുടെയും, കോൺസ്റ്റന്റെ ഗോണയുടെയും, ടാറ്റ കാർഡിലെസ്സിന്റെയും ഡിപ്പോർട്ടിവോയെക്കാൾ- മുന്നിലെത്താൻ ആ വിജയങ്ങൾ ധാരാളമായിരുന്നു.
ഈ കഥ ആദ്യമായി വായിക്കുമ്പോൾ എസ്ട്രെല്ല പോളാറിനെക്കുറിച്ചുള്ള ഈ വിവരണം സമാനമായ മറ്റ് പല ദൃശ്യങ്ങളും ഓർമിപ്പിച്ചിരുന്നു. മുൻ അർജന്റീനിയൻ താരവും കോച്ചും ആയ മാർസെലോ ബിയെൽസയുടെ കീഴിൽ ലീഡ്സ് യുണൈറ്റഡ് രണ്ടാം ഡിവിഷനിൽ നിന്നും പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവ് നടത്തിയതും, ക്ലോഡിയോ റാനിയേരിയുടെ കീഴിൽ ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആയതും ആയിരുന്നു പെട്ടെന്നോർത്ത ദൃശ്യങ്ങൾ. ഒരു മുത്തശ്ശിക്കഥയോളം വിചിത്രമായ, അവിശ്വസനീയമായ തുടർവിജയങ്ങളുടെ ഒരു ശ്രേണിയായിരുന്നു ആ രണ്ടു തിരിച്ചുവരവുകളുടെയും പിന്നിൽ.
ഇവിടെ എസ്ട്രെല്ല പോളാറും അത്തരമൊരു തിരിച്ചുവരവിന്റെ പാതയിൽ തന്നെയാണ്. നഗരത്തിൽ എല്ലായിടത്തും എസ്‌ട്രെല്ല പോളാർ സംസാരവിഷയമായി. അവർ ഒരു കളി തോല്‍ക്കുന്നത് കാണാൻ ആളുകൾ മൈതാനങ്ങളിൽ ഇടിച്ചുകയറി. കളി നടക്കുന്ന സമയമത്രയും കറുത്ത കോട്ടും ഒതുക്കിവെട്ടിയ മീശയും നെറ്റിയിൽ മറുകുമുള്ള അവരുടെ കോച്ച്, ചുണ്ടിൽ എരിയുന്ന സിഗരറ്റും കയ്യിലൊരു ഊന്നുവടിയുമായി വരക്കിപ്പുറം ഓടിനടന്നു. തരംകിട്ടുമ്പോഴെല്ലാം അരികിലൂടെ പോകുന്ന കളിക്കാരെ അയാൾ കണക്കറ്റ് പ്രഹരിച്ചു. അത്ര ആജ്ഞാശേഷിയുണ്ടായിരുന്ന ഒരു കോച്ചിന്റെ സ്ഥാനത്ത് ചിത്രത്തിൽ പലപ്പോഴും നമ്മൾ കാണുക എന്തുചെയ്യണം എന്ന് തീർച്ചയില്ലാതെ നിൽക്കുന്ന സാൻറോസിനെയാണ്. അയാളുടെ രൂപഭാവങ്ങൾക്ക് പോലും ചിത്രത്തിൽ മാറ്റം വന്നിരുന്നു. വളരെ ഗൗരവകരമായ പാത്രവിവരണമാണ് കഥയിൽ നമ്മൾ ദർശിക്കുന്നതെങ്കിൽ അതിനെ അപനിർമ്മിക്കുന്ന വേഷഭൂഷകളോടെയാണ് സാന്റോസിനെ സംവിധായകൻ റോബർട്ടോ സാന്റിയാഗോ അണിയിച്ചൊരുക്കുന്നത്. ഒതുക്കിവെട്ടിയ മീശയുടെ സ്ഥാനത്ത് ക്ലീൻ ഷേവ് ചെയ്ത മുഖമുള്ള, ഡിയാസിന്റെ മനപ്പൂർവ്വമുള്ള ശാഠ്യങ്ങൾ അനുവദിച്ചു കൊടുക്കുന്ന ഒരു മോശം കോച്ച് ആയി സാന്റോസിനെ കാണുമ്പോൾ കഥയിലെ കോച്ചിനെ നഷ്ടബോധത്തോടെ ഓർമിക്കാനേ കഴിയൂ. അകാലത്തിലുണ്ടായ ഒരു ക്യാൻസർ ബാധയാൽ നേരത്തെ കളമൊഴിഞ്ഞില്ലായിരുന്നെങ്കിൽ സോറിയാനോ തന്നെ തന്റെ കഥയ്ക്ക് ഒരു ചലച്ചിത്രഭാഷ്യം ഒരുക്കിയേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കിൽ തന്റെ കഥയുടെ ഈ ചലച്ചിത്രാവിഷ്കാരം എന്നെങ്കിലുമൊരിക്കൽ അയാൾ കാണാൻ ഇടവന്നാൽ കഥയിലെ കോച്ചിനെപ്പോലെ കണ്മുന്നിൽ കാണുന്നവരെയെല്ലാം പ്രഹരിക്കാൻ അയാളും ഓടിനടന്നേനെ.
റോബർട്ടോ സാന്റിയാഗോ ഈ കഥയോട് ചെയ്ത ഏറ്റവും വലിയ അപരാധം ഫൈനലിന്റെ അവസാനത്തെ നിമിഷങ്ങളിലേക്ക് ചലച്ചിത്രത്തെ ചുരുക്കിക്കളഞ്ഞു എന്നുള്ളതാണ്. അതിമനോഹരമായി രചിച്ച എസ്‌ട്രെല്ല പോളാറിന്റെ ഫൈനലിലേക്കുള്ള യാത്രയെ പൂർണമായും നിരാകരിച്ചു കൊണ്ടാണ് ഈ ചലച്ചിത്രം നിലകൊള്ളുന്നത്. ഓരോ മത്സരവും ജീവന്മരണ പോരാട്ടം എന്ന നിലയിൽ തന്നെ കളിച്ചുവന്ന ഒരു കൂട്ടം കളിക്കാരെ നാം ഈ ചിത്രത്തിൽ എങ്ങും കാണുന്നില്ല.
എസ്ട്രെല്ല പോളാർ ആ പട്ടണത്തിലെ ആളുകളുടെ ഏറ്റവും സ്വകാര്യമായ സന്തോഷമായിരുന്നു. ഓരോ കളി വിജയിക്കുമ്പോഴും നദിക്കരയിലെ നനഞ്ഞ മണലിൽ കുഴിച്ചിട്ടു തണുപ്പിച്ചെടുത്ത വീഞ്ഞിൻകുപ്പികൾ കാണികൾ അവർക്ക് സമ്മാനമായി നൽകിവന്നു. ആ കാലത്തിന്റെ ഏറ്റവും വലിയ ആകർഷണം അവർ തന്നെയായിരുന്നു. അവർക്ക് വേണ്ടി എന്തും ചെയ്യാൻ ആളുകൾ തയ്യാറായി. മദ്യപിച്ചു പരസ്പരം വഴക്കിടുന്ന കളിക്കാരെ മുതിർന്നവർ സമാധാനിപ്പിച്ചു വീട്ടിലെത്തിച്ചു. ഏതു കടകളിൽ നിന്നും മക്കൾക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളും അവർക്ക് സൗജന്യമായി കിട്ടി. കാമുകിമാർ സിനിമാതിയേറ്ററിന്റെ ഇരുട്ടിൽ, തുടയിലേക്കിഴയുന്ന അവരുടെ കൈകളെ കണ്ടില്ലെന്ന് നടിച്ചു.
എന്നാൽ വിജയങ്ങൾ മാത്രമുള്ള ഒരു ജൈത്രയാത്രയല്ല ഓസ്‌വാൾഡോ സോറിയാനോ എസ്ട്രല്ല പോളാർ എന്ന ടീമിനായി ഒരുക്കി വെച്ചിരുന്നത്. ബാർഡ ഡെൽ മെഡിയോയിൽ നടക്കുന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഡിപ്പോർട്ടിവോ ബെൽഗ്രാനോ അവരെ നാണം കെടുത്തുന്നത്. വിജയക്കുതിപ്പിൽ നിൽക്കുന്ന ഒരു ടീമിന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഏഴു ഗോളുകളുടെ തോൽവി അവരുടെ ആത്മവിശ്വാസത്തിൽ ഏൽപ്പിക്കുന്ന ആഘാതം വളരെ വലുതാണ്. കഥയിലാണ് നാമത് വായിച്ചതെങ്കിലും അതിന് സമാനമായ ഒരു കാഴ്ച ഈ ലോകകപ്പിൽ തന്നെ കണ്ടു. സ്പെയിനിനു മുന്നിൽ മറുപടിയില്ലാത്ത ഏഴു ഗോളുകൾക്ക് തരിപ്പണമായ കോസ്റ്ററിക്ക. 1993 ൽ എഴുതിവെച്ച ആ ദൃശ്യം നീണ്ട 18 വർഷങ്ങൾക്ക് ശേഷവും ആവർത്തിക്കുന്നത് കാണുമ്പോൾ ത്രികാലജ്ഞാനിയായ എഴുത്തുകാരനു മുന്നിൽ ആദരവോടെ അഭിവാദ്യമർപ്പിക്കാതെ വയ്യ.
ഫുട്ബോൾ എന്ന കളിയുടെ ഏറ്റവും വലിയ സൗന്ദര്യം അതിന്റെ അപ്രവചനീയതയാണ്. ഏത് നിമിഷവും എന്തും സംഭവിക്കാം എന്നതുതന്നെയാണ് ഒരു നിമിഷം പോലും കണ്ണെടുക്കാതെ ആ പന്തിനു ചുറ്റും സഞ്ചരിക്കാൻ നാമോരോരുത്തരെയും പ്രേരിപ്പിക്കുന്നത്. അതിനുദാഹരണം അയാൾ കഥയിൽ തൊട്ടടുത്തതായി എഴുതുന്ന വരികൾ ആണ്. എസ്‌ട്രെല്ലയുടെ മാന്ത്രികക്കുതിപ്പ് അവസാനിച്ചു എന്ന് തന്നെ എല്ലാവരും കരുതി. പക്ഷേ, അടുത്ത ഞായറാഴ്ച അവർ വീണ്ടും 1-0 ന് ജയിച്ചു. തുടരെയുള്ള ജയങ്ങൾക്കൊടുവിൽ, ടൂർണമെന്റിന്റെ അവസാനമെത്തുമ്പോൾ ഡിപ്പോർട്ടിവോയും അവരും തമ്മിൽ ഒരു പോയിന്റ് വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ.
കഥയിലിനി വിവരിക്കുന്നത് ഡിപ്പോർട്ടിവോയും എസ്‌ട്രെല്ല പൊളാറും തമ്മിലുള്ള ഫൈനൽ മത്സരമാണ്. സ്റ്റേഡിയത്തിലും, തൊട്ടടുത്തുള്ള കെട്ടിടങ്ങളുടെ മേൽക്കൂരയിലും തിങ്ങിനിറഞ്ഞ ആൾക്കൂട്ടം മുഴുവൻ ഡിപ്പോർട്ടിവോ വീണ്ടും എസ്‌ട്രെല്ലയെ ചുരുട്ടിക്കെട്ടും എന്ന് കരുതിയവരായിരുന്നു. എസ്‌ട്രെല്ലയെ പിന്തുണയ്ക്കാൻ ആകെ ഉണ്ടായിരുന്നത് അഞ്ഞൂറുപേർ. എൺപത്തഞ്ചാം മിനുട്ടിലും 1-1 സ്‌കോർ നിൽക്കുമ്പോഴും ഡിപോർട്ടീവോ ആരാധകർ ഭയക്കുന്നില്ല. ഫൈനൽ സമനിലയായാലും ഹോംഗ്രൗണ്ട് ആനുകൂല്യത്തിൽ ഡിപ്പോർടിവോ ജയിക്കുമെന്നറിഞ്ഞതുകൊണ്ടാണ് അവർ സന്തോഷിച്ചത്.
പക്ഷെ രണ്ടു മിനുറ്റിനിപ്പുറം അവിശ്വസനീയമായ ഒരു ഫ്രീകിക്ക് ഡിപ്പോർട്ടീവോ വലയിലെത്തിച്ച എസ്‌ട്രെല്ലയുടെ മുന്നേറ്റക്കാരൻ സ്കോർ 2-1 ആക്കി ഉയർത്തി. അങ്ങനെയാണ് ഡിപ്പോർട്ടിവോയിൽ ഭാഗ്യക്കുറി വിൽപ്പനക്കാരൻ കൂടിയായിരുന്ന റഫറി അവർക്കനുകൂലമായി പെനാൽറ്റി കൊടുത്തത്. കളി തീരാൻ കഷ്ടിച്ച് ഒരു മിനുറ്റ് മാത്രം ബാക്കി. എസ്ട്രെല്ലോയുടെ ബോക്സിലേക്ക് കുതിച്ച ഡിപ്പോർടിവോ സ്‌ട്രൈക്കർ പാഡിനിയെ തടയാൻ പ്രതിരോധനിരയിലെ ഒരാൾ തുനിഞ്ഞതും പെനാൽറ്റി അനുവദിച്ചുകൊണ്ടുള്ള റഫറിയുടെ വിസിൽ മുഴങ്ങി. ചലച്ചിത്രത്തിൽ എസ്‌ട്രെല്ല പൊളാറിന്റെ ഒന്നാം കീപ്പറിന് നേരെ ഒരു ഫൗൾ ഉണ്ടാവുന്നെന്നും എന്നിട്ടും പെനാൽറ്റി ഡിപ്പോർട്ടീവോയ്ക്ക് അനുകൂലമായി വിധിക്കുന്നു എന്നുമാണ് കാണിക്കുന്നത്.
അക്രമാസക്തരായ ആൾക്കൂട്ടം ഗ്രൗണ്ടിലേക്ക് ഇരച്ചെത്തുന്നു. പിന്നെ അവിടെ ഒരു യുദ്ധമായിരുന്നു. നേരം ഇരുട്ടിയിട്ടും ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ കഴിയുന്നില്ല. ഒടുവിൽ മേയർ തന്നെ നേരിട്ടെത്തി പൊലീസിനെക്കൊണ്ട് ആകാശത്തേക്ക് വെടിയുതിർത്തശേഷമാണ് ബഹളം ഒതുങ്ങുന്നത്. അന്ന് രാത്രി പട്ടാളമിറങ്ങുകയും സ്ഥലത്ത് അടിയന്തരാവസ്ഥ നിലവിൽ വരികയും ചെയ്തു. അപരിചിതരെയെല്ലാം അറസ്റ്റ് ചെയ്‌തുനീക്കി.
അക്രമാസക്തരായ ആരാധാകക്കൂട്ടം അർജന്റീനിയൻ ക്ലബ് ഫുട്ബോളിന് തീർത്തും അപരിചിതമല്ല. ബൊക്ക ജൂനിയേർസ്, റിവർപ്ളേറ്റ് എന്നീ ടീമുകളുടെ ആരാധകർ തമ്മിലുണ്ടായിട്ടുള്ള ഉരസലുകൾ ഇതിനകം തന്നെ കുപ്രസിദ്ധി നേടിയിട്ടുള്ളതാണ്. എതിർടീമിന്റെ കളിക്കാരെ പോലും ആക്രമിക്കുന്ന തരത്തിൽ വളർന്നിരിക്കുന്നു അവിടെ ആരാധനയുടെ അങ്കംവെട്ട്. കഷ്ടിച്ച് രണ്ടുമാസം മുൻപാണ് ഒരു ബൊക്ക ജൂനിയേർസ് ഫാൻ പോലീസിന്റെ ടിയർ ഗ്യാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഡീഗോ മറഡോണയും മാർട്ടിൻ പലെർമോയും കാർലോസ് ടെവസും ഹുവാൻ റോമൻ റിക്വൽമിയും അടങ്ങുന്ന പ്രമുഖർ ബൊക്കക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. റിക്വൽമി ഇപ്പോൾ ആ ക്ലബിന്റെ വൈസ് പ്രസിഡന്റുമാണ്. ആരവങ്ങളില്ലാതെ ദേശീയടീമിൽ നിന്നും പിൻവാങ്ങിയ ആ മനുഷ്യനാണ് ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച അർജന്റീനിയൻ പ്ലെയർ. 2006 ലോകകപ്പിൽ ഉടനീളം അർജന്റീനയുടെ പ്ലേമേക്കറായി കളം നിറഞ്ഞു കളിച്ച മനുഷ്യൻ. ജർമ്മനിക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ഒരു ഗോളിന് മുന്നിട്ട് നിൽക്കെ എഴുപത്തിരണ്ടാം മിനുട്ടിൽ റിക്വൽമി സബ്സ്ടിട്യൂറ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ ആ ലോകകപ്പിന്റെ ഫലം തന്നെ മറ്റൊന്നായേനേ. കൃത്യമായ നിമിഷത്തിൽ കോച്ച് പെക്കർമാന് തോന്നിയ ഒരു ബുദ്ധിമോശം, ഒരു സമനിലയിലേക്കും പെനാൽറ്റി ഷൂട്ടൗട്ടിലെ തോൽവിയിലേക്കും നയിച്ചു. റിക്വൽമിയെ പിൻവലിക്കാതിരുന്നെങ്കിൽ അല്ലെങ്കിൽ കാമ്പിയാസോയ്ക്ക് പകരം അന്ന് ബെഞ്ചിലുണ്ടായിരുന്ന മെസ്സിയോ സാവിയോളയോ കളത്തിലിറങ്ങിയിരുന്നെങ്കിൽ എന്ന് ആരാധകർക്ക് നെടുവീർപ്പിടാം എന്നുമാത്രം.
ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ബൊക്കാ ജൂനിയേഴ്സിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ പുതിയൊരു നിര കളിക്കാരെ തന്റെ ക്ലബിലൂടെ അവതരിപ്പിക്കുക എന്നതാണ് ഇപ്പോൾ അയാൾക്ക് മുന്നിലുള്ള ലക്ഷ്യം . ഒരുപരിധി വരെ അതിനു വിഘാതമാവുക അതിരുകവിഞ്ഞ ആരാധന പ്രകടിപ്പിക്കുന്ന ബൊക്കയുടെ ആരാധകക്കൂട്ടം തന്നെയാവും. അക്രമാസക്തരായ രണ്ടു ബൊക്ക ആരാധകരെ Nazi Literature in the Americas എന്ന നോവലിൽ വിഖ്യാത ചിലിയൻ എഴുത്തുകാരൻ റോബർട്ടോ ബൊലാനോ അടയാളപ്പെടുത്തുന്നുണ്ട്. ഇറ്റാലോ ഷിയാഫിനോ, അർജന്റിനോ ഷിയാഫിനോ എന്ന സഹോദരങ്ങൾ കവികളും ബൊക്കയുടെ ആരാധകരുമാണ്. ആരാധകക്കൂട്ടത്തിന്റെ മുൻനിരയിൽ നിന്നുകൊണ്ട് അവർ ആസൂത്രണം ചെയ്യുന്ന അക്രമപരിപാടികളുടെ വിവരണം നൽകുന്നുണ്ട് ബൊലാനോ തന്റെ നോവലിൽ. എഴുത്തുകൾ അതിശയകരമായ സാമ്യത്തോടെ ജീവിതത്തിൽ പുനരാവിർഭവിക്കുന്ന കാഴ്ച, എഴുത്ത് എന്ന കലയുടെ ജൈവികത നിലനിൽക്കേണ്ടത് എത്ര അത്യാവശ്യമാണെന്നതിന് അടിവരയിടുന്നു.
ചൊവ്വാഴ്ച്ച ടൂർണമെന്റ് ഓഫീസിൽ നടന്ന യോഗത്തിൽ അടുത്ത ഞായറാഴ്ച അതേ മൈതാനത്ത് കളി തുടരാൻ തീരുമാനമാവുന്നു. പെനാൽറ്റിക്ക് ശേഷം ഇരുപത് സെക്കന്റ് സമയം കൂടി ബാക്കിയുണ്ടായിരുന്നു. ഒരു കലാപത്തിനുള്ള സാധ്യത മുൻകൂട്ടിക്കണ്ടതിനാൽ ആളുകളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കണ്ട എന്നായിരുന്നു തീരുമാനം. ഒരർത്ഥത്തിൽ അത് ഗാറ്റോ ഡിയാസ് എന്ന ഗോളിയും കോൺസ്റ്റന്റെ ഗോണ എന്ന സ്‌ട്രൈക്കറും തമ്മിലുള്ള വ്യക്തിപരമായ ഒരു മത്സരമാണ്. പക്ഷെ ചലച്ചിത്രത്തിൽ ഒരിക്കൽ പോലും ആ പെനാൽറ്റി കിക്കിന് അത്തരമൊരു മാനം കൈവരുന്നില്ല. ജീവിതത്തിൽ ഒന്നിനോടും ആത്മാർഥതയില്ലാത്ത ഒരു അലസന്റേതാണ് ഡിയാസിനായി അവർ ഒരുക്കിയ വേഷം. പെനാൽറ്റികിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത എന്ന പീറ്റർ ഹാൻഡ്‌കെ നോവലും ഹിഗ്വിറ്റ എന്ന എൻ എസ് മാധവൻ കഥയും നമ്മുടെ വായനാപരിസരങ്ങളിലുണ്ട്. മാനസികസ്ഥൈര്യം ഏറ്റവുമധികം വേണ്ടിവരുന്ന ഒന്നാണ് ഗോൾകീപ്പറായുള്ള ജോലിയെന്നത് ആർക്കും അറിയുന്ന കാര്യമാണ്. അവിടെയാണ് ഫെർണാണ്ടോ ഡിയാസിന്റെ പാത്രസൃഷ്ടി ഒരു വൻപരാജയമാവുന്നത്.
വിഖ്യാത ഉറുഗ്വിയൻ എഴുത്തുകാരൻ എഡ്വാർഡോ ഗലിയാനോയുടെ ഒരു പുസ്തകമുണ്ട്, ഫുട്ബാൾ ഇൻ സൺ ആൻഡ് ഷാഡോ എന്ന പേരിൽ. ഫുട്ബോൾ ഇഷ്ടപ്പെടുന്നവരെല്ലാം നിർബന്ധമായും വായിച്ചിരിക്കേണ്ടത് എന്ന് ഞാൻ കരുതുന്ന പുസ്തകം. അതിൽ ഗോൾകീപ്പറെ കുറിച്ച് ഗലിയാനോ കുറിക്കുന്നത് ഇങ്ങനെയാണ്.
“It is always the keeper’s fault. And when it isn’t, he still gets blamed. Whenever a player commits a foul, the keeper is the one who gets punished: they abandon him there in the immensity of the empty net to face his executioner alone. And when the team has a bad afternoon, he is the one who pays the bill, expiating the sins of others under a rain of flying balls.
The rest of the players can blow it once in a while, or often, and then redeem themselves with a spectacular dribble, a masterful pass, a well-placed volley. Not him. The crowd never forgives the goalkeeper. Was he drawn out by a fake? Left looking ridiculous? Did the ball skid? Did his fingers of steel turn to putty? With a single slip-up the goalie can ruin a match or lose a championship, and the fans suddenly forget all his feats and condemn him to eternal disgrace. Damnation will follow him to the end of his days.”
നമ്മുടെ കാഴ്ചയിൽ തന്നെ എത്രയോ പെനാൽറ്റി ഷൂട്ടൗട്ടുകളുണ്ട്. തടയാൻ കഴിയാതെ പോയ ഒരു കിക്കിന്റെ പാപഭാരവും പേറി അതുവരെ തുടർന്ന മനോഹര കേളീജീവിതം അവസാനിപ്പിച്ചു പിൻവാങ്ങിയ എത്രയോ ഗോൾകീപ്പർമാരുണ്ട്.
അവസാന ഇരുപതു സെക്കൻഡ് വീണ്ടും കളിക്കുമെന്നുറപ്പായതോടെ ഗാറ്റോയ്ക്കുള്ള പരിശീലനം തുടങ്ങി. എല്ലാവരും മുഴുവൻ സമയവും മൈതാനത്തായിരുന്നു. കുട്ടികളും മുതിർന്നവരും പ്രായം ചെന്നവരുമായി ഒരു നീണ്ട നിര പെനാൽറ്റികിക്ക് എടുക്കാൻ തയ്യാറായിനിന്നു. തുച്ഛമായ സമയത്തിനുള്ളിൽ ഒരാളെ പെനാൽറ്റി കിക്കിന് സജ്ജനാക്കാൻ ഇതിലും മികച്ചൊരു മാർഗ്ഗമില്ല എന്നായിരുന്നു കോച്ചിന്റെ പക്ഷം. ആദ്യദിവസത്തെ പരിശീലനത്തിനൊടുവിൽ കുറച്ചു പേരുടെ ഷോട്ടുകൾ മാത്രമാണ് ഗാറ്റോക്ക് തടുക്കാൻ കഴിഞ്ഞത്. ചുറ്റുമുള്ളവർ ചീട്ടുകളിയിൽ മുഴുകുമ്പോഴും പെനാൽറ്റിയുടെ സാധ്യതയെക്കുറിച്ചുമാത്രം ചിന്തിക്കുന്ന, കോൺസ്റ്റന്റെ ഏത് ഭാഗത്തേക്കാവും പന്തടിക്കുക എന്നതിനെപ്പറ്റി സംസാരിക്കുന്ന ഗാറ്റോയെ നമുക്ക് കഥയിൽ കാണാം. അടുത്ത രണ്ടുദിവസം ട്രെയിനിങ്ങിൽ പങ്കെടുക്കാതെ വാലില്ലാത്ത ഒരു നായയോട് സംസാരിച്ചുകൊണ്ട്, അലക്ഷ്യമായി റെയിൽപാളത്തിനരികിലൂടെ നടക്കുന്ന ഗാറ്റോയെ ഓസ്‌വാൾഡോ സോറിയാനോ നമുക്കുമുന്നിൽ അവതരിപ്പിക്കുന്നുണ്ട്. പെനാൽറ്റി കിക്ക് തടഞ്ഞാൽ നമ്മുടെയെല്ലാം ജീവിതം മാറുമെന്നു പറയുന്നവരോട്, എന്റെ ജീവിതം മാറണമെങ്കിൽ ആ സ്വർണതലമുടിക്കാരി ഫെരേര എന്നെ പ്രേമിക്കണം എന്നുമാത്രം മറുപടി പറഞ്ഞു വീട്ടിലേക്ക് നടക്കുന്നുണ്ട് ഗാറ്റോ.
ചലച്ചിത്രത്തിൽ പക്ഷെ ഫെരേരയുടെ സ്ഥാനത്ത് കോച്ച് സാന്റോസിന്റെ മകൾ സിസീലിയയാണ്. അവരാകട്ടെ അതേസമയം ടീമിന്റെ ഒന്നാം ഗോളിയായ റോമൻറെ കാമുകിയും. അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി ഫെർണാണ്ടോ ഡിയാസിനൊപ്പം സായാഹ്നം ചിലവഴിക്കുന്ന സിസീലിയയ്ക്ക് ഒരിക്കൽപോലും കഥയിലെ ഫെരേരയ്ക്കൊത്തുയരാൻ കഴിയുന്നില്ല. "എനിക്ക് ആ പെനാൽറ്റി തടുക്കാൻ കഴിഞ്ഞില്ലെങ്കിലോ?" എന്ന് ചോദിക്കുന്ന ഗാറ്റോയോട് കൗശലപൂർവ്വം "എങ്കിൽ നിങ്ങൾക്കെന്നോട് സ്നേഹമില്ലെന്ന് ഞാൻ കരുതും." എന്ന് പറയുന്ന ഫെരേരയ്ക്ക് മുന്നിൽ സിസീലിയ ഒരു താരതമ്യത്തിനുപോലും അർഹയല്ല.
1976 ലെ സൈനികഅട്ടിമറിയ്ക്ക് ശേഷം അർജന്റീനയിൽ നിന്നും പുറത്തുകടന്ന സോറിയാനോ പിന്നീട് വർഷങ്ങളോളം ജീവിതം ചിലവഴിച്ചത് പാരീസിലും ബ്രസൽസുമാണ്. 1983 ൽ സൈനികഭരണം അവസാനിച്ചതിന് ശേഷം മാത്രമാണ് അയാൾ അർജന്റീനയിൽ തിരിച്ചെത്തുന്നത്. തുടർന്നുള്ള ഒരു പതിറ്റാണ്ടിൽ അയാൾ എഴുതിയ പുസ്തകങ്ങൾ പലരാജ്യങ്ങളിലും വൻ വിജയമായി. ശ്വാസകോശാർബുദത്താൽ 1997 ൽ മരണപ്പെടുന്ന സോറിയാനോ തന്റെ സൃഷ്ടികളിലൂടെ ലോകമെങ്ങും ഇപ്പോഴും ആരാധകരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓസ്‌വാൾഡോ സോറിയാനോയെ കുറിച്ചൊരു അനുഭവം തന്റെ പുസ്തകത്തിൽ എഡ്വാർഡോ ഗലിയാനോ പങ്കുവെക്കുന്നുണ്ട്.
അതും ഒരു ബൊക്ക ജൂനിയർസ് ആരാധകനെക്കുറിച്ചാണ്. ജീവിതകാലം മുഴുവൻ എതിരാളികളായ റിവർപ്ളേറ്റിനെ വെറുത്തിരുന്ന അയാൾ മരണക്കിടക്കയിൽ തന്റെ മൃതദേഹത്തിൽ റിവർപ്ളേറ്റിന്റെ പതാക പുതപ്പിക്കണം എന്ന് ആവശ്യപ്പെടുന്നു. അതിന്റെ കാരണം അന്വേഷിക്കുന്ന മക്കളോട് അയാൾ പറയുന്നത്, അവരിലൊരുവൻ മരിക്കുന്നു എന്ന ആശ്വാസത്തിൽ എനിക്കെന്റെ അവസാനശ്വാസമെടുക്കാം എന്നാണ്. സാമാന്യയുക്തിയിൽ വിചിത്രമെന്ന് തോന്നുന്ന ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഫുട്ബോളിന്റെ വൈകാരികത. സോറിയാനോയുടെ കഥയിലുള്ളതും റോബർട്ടോയുടെ ചലച്ചിത്രാവിഷ്കാരത്തിൽ നഷ്ടപ്പെടുന്നതും ഇത്തരമൊരു വൈകാരിക മുഹൂർത്തമാണ്.
പെനാൽറ്റി നടക്കുന്ന ഞായറാഴ്ച ഇരുപത് ലോറി നിറയെ ആളുകളാണ് എസ്‌ട്രെല്ല പോളാർ ക്ലബിൽ നിന്നും ബെൽഗ്രാനോ നഗരത്തിലേക്ക് പുറപ്പെടുന്നത്. നഗരാതിർത്തിയിൽ പോലീസ് അവരുടെ വണ്ടികൾ തടയുമ്പോൾ ആരാധകർ ആ പൊരിവെയിലത്ത് പാതയോരത്ത് ഇരിക്കുകയാണ്. 1958 ആണ് കഥ നടക്കുന്ന കാലം. റേഡിയോയോ ടെലിവിഷനോ പ്രചാരത്തിലായിട്ടില്ലാത്ത കാലം. തത്സമയം വിവരങ്ങളറിയാൻ ഒരാൾ ഡിയാസിനെയും ഗോൾ പോസ്റ്റും കാണാവുന്ന രീതിയിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയറിനിന്നു. അയാൾ താൻ കാണുന്ന കാഴ്ചകൾ എല്ലാം അരികിൽ നിന്ന കുട്ടിയോട് പറഞ്ഞു. കുട്ടി കുറച്ചകലെ നിന്ന മറ്റൊരാളോട്. അങ്ങനെ വിവരങ്ങൾ കൈമാറി കൈമാറി ആരാധകരിലേക്ക് എത്തി. ഗാറ്റോ ഗോൾ ലൈനിൽ തന്റെ കൈകൾ കൂട്ടിത്തിരുമ്മിതുടങ്ങിയപ്പോഴേക്കും കുട്ടികൾ കോൺസ്റ്റന്റെ ഏത് വശത്തേക്കാവും കിക്ക് എടുക്കുക എന്ന് പന്തയം വെക്കാനാരംഭിച്ചു.
മൂന്നരയോടെ കോൺസ്റ്റന്റെ ബോളിനരികിൽ എത്തുന്നു. മെലിഞ്ഞതെങ്കിലും ഉറച്ച ശരീരവും, കട്ടിയുള്ള പുരികങ്ങളുമുള്ള അയാൾ ആ പെനാൽറ്റിക്ക് വേണ്ടി ഒരുപാട് പരിശീലിച്ചിരുന്നു. എങ്കിലും ജീവിതകാലം മുഴുവൻ ഊണിലും ഉറക്കത്തിലും ആ ഷോട്ട് വീണ്ടും വീണ്ടും പുനരാവിഷ്കരിക്കാനായിരുന്നു അയാളുടെ വിധി.
മൂന്നേമുക്കാലോടെ റഫറി ഹെർമിനിയോ സിൽവ പെനാൽറ്റി കിക്ക് എടുക്കാനുള്ള വിസിൽ ഊതി. എന്നാൽ കോൺസ്റ്റന്റെ കിക്കെടുത്തതിന് പുറകെ തന്നെ റഫറി കടവായിലൂടെ നുരയും പതയും ഒലിപ്പിച്ചുകൊണ്ട് നിലത്ത് വീണ് പിടക്കാൻ തുടങ്ങി. അതേസമയം ഗോൾമുഖത്ത് ഗാറ്റോ മുന്നോട്ടാഞ്ഞ് വലത്തേക്ക് ചാടുകയും ചെയ്തു. ഗാറ്റോയുടെ കാലിൽ തട്ടിയ പന്ത് പുറത്തുപോയി. കളി വിജയിച്ച സന്തോഷത്തിൽ ആഘോഷമാരംഭിച്ച എസ്‌ട്രെല്ല പോളാർ ടീമംഗങ്ങളെ ഞെട്ടിച്ചുകൊണ്ട് പെനാൽറ്റി വീണ്ടും എടുക്കേണ്ടിവരും എന്ന് ലൈൻ റഫറി അറിയിക്കുന്നു. അപസ്മാരത്തിൽ നിന്ന് മുക്തനായി ഹെർമിനിയോ സിൽവ എഴുന്നേറ്റ് നിൽക്കുംവരെ എന്താണ് നടക്കുക എന്ന് ആർക്കും ഒരു എത്തും പിടിയുമില്ലായിരുന്നു.
"എന്താ ഇവിടെ നടന്നത്?" എന്നാണ് ഹെർമിനിയോ ആദ്യം ചോദിച്ചത്. പെനാൽറ്റി തടഞ്ഞെന്ന് പറഞ്ഞ എസ്‌ട്രെല്ല പോളാർ ടീമംഗങ്ങളോട് താൻ അത് കണ്ടിട്ടില്ലെന്നും റഫറി വീണുകിടക്കുമ്പോൾ എടുക്കുന്ന പെനാൽറ്റിക്ക് നിയമസാധുത ഇല്ലാത്തതിനാൽ പെനാൽറ്റി ആവർത്തിക്കേണ്ടിവരുമെന്നും അയാൾ പറഞ്ഞു. അതിൽ കോപാകുലരായ ടീമംഗങ്ങൾ റഫറിയെ കയ്യേറ്റം ചെയ്യാനൊരുങ്ങിയതും ഗാറ്റോ ഡിയാസ് അവരെ തടഞ്ഞു. അയാൾ സധൈര്യം ഗോൾമുഖത്തേക്ക് നടന്നു. അയാളുടെ മനസ്സ് നിറയെ ഫെരേരക്കൊപ്പമുള്ള നൃത്തമായിരുന്നു.
വീണ്ടും പെനാൽറ്റി എടുക്കാൻ ധൈര്യം വരാതെ കോൺസ്റ്റന്റെ ആ അവസരം മറ്റൊരാൾക്ക് വെച്ചുനീട്ടുന്നുണ്ട്. പക്ഷെ ഒരിക്കൽ തടയപ്പെട്ട പെനാൽറ്റി വീണ്ടുമെടുക്കാൻ ആരും ധൈര്യം കാണിക്കുന്നില്ല. ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ആ പെനാൽറ്റി വീണ്ടും അയാളിലെത്തുന്നു. കോൺസ്റ്റന്റെയുടെ കിക്ക് ഇടതുവശത്തേക്കാണ് വന്നത്. ഗാറ്റോ ജീവിതത്തിൽ ഇനിയൊരിക്കലും അയാൾക്ക് കൈവരാനിടയില്ലാത്തൊരു ആത്മവിശ്വാസത്തോടെ ഇടത്തേക്ക് ചാടുന്ന ദൃശ്യം സോറിയാനോ നമുക്ക് പകർന്നുനൽകുന്നു. രണ്ടാം വട്ടവും കിക്ക് പിഴച്ചതിന്റെ ഞെട്ടലിൽ കോൺസ്റ്റന്റെ ഗോണ ആകാശത്തേക്ക് കണ്ണുകളുയർത്തി ഉച്ചത്തിൽ പൊട്ടിക്കരയുന്നു. ഗാറ്റോ അപ്പോഴും തന്റെ കയ്യിലെ പന്തിലേക്ക് തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു.
രണ്ടുവർഷങ്ങൾക്ക് ശേഷം മറ്റൊരു കളിയിൽ ഗാറ്റോയെ കണ്ടുമുട്ടുന്ന കഥാകൃത്തിലാണ് കഥ അവസാനിക്കുന്നത്. അയാൾ ഒരു വയസനും ഞാൻ ഒരു യുവാവുമായി മാറിയിരുന്നുവെന്നാണ് സോറിയാനോ ആ സന്ദർഭത്തെക്കുറിച്ചു പറയുന്നത്. ഗോൾപോസ്റ്റിനു കീഴെ തന്റെ വലിയ കൈകൾ വിടർത്തി നിന്ന ഗാറ്റോയുടെ കണ്ണുകളിൽ നോക്കാതെ, ഇടംകാലുകൊണ്ട് പന്ത് നിലംപറ്റെ അടിക്കുന്നുണ്ട് ആഖ്യാതാവ്. ഡിയാസ് അത് തടുക്കില്ല എന്നുറപ്പായിരുന്നു എന്നാണ് അയാൾ പറയുന്നത്. പന്തെടുക്കാൻ നടന്നു ചെല്ലുന്ന അയാളോട് ഡിയാസ് "ചെക്കാ, നിനക്ക് പ്രായമാവുമ്പോൾ, നീ ഗാറ്റോ ഡിയാസിനെതിരെ ഗോൾ അടിച്ചിട്ടുണ്ട് എന്ന് പറഞ്ഞുനടക്കും. പക്ഷെ അപ്പോഴേക്കും എന്നെ ആരും ഓർക്കാതാവും." എന്ന് പറയുന്നിടത്താണ് കഥ അവസാനിക്കുന്നത്. എത്ര മനോഹരമായ കാഴ്ചകളും പിന്നീടൊരുകാലത്ത് ദുഃഖം മാത്രം ബാക്കിയാക്കുന്നു എന്നതുപോലെ.
ഫുട്ബോൾ പ്രമേയമായി വേറെയും ചിത്രങ്ങളും കഥകളുമുണ്ട് ഈ ലോകത്ത്. എന്നിട്ടും ഇന്നത്തെ ഈ ലേഖനത്തിന് വിഷയമായി ഓസ്‌വാൾഡോ സോറിയാനോയുടെ കഥ തെരഞ്ഞെടുക്കുന്നത് ഈ ലേഖകന്റെ തീർത്തും വൈകാരികമായ ഒരു തീരുമാനമാണ്. ഇഷ്ടടീം അർജന്റീനയാണ് എന്നത് കൊണ്ട് മാത്രമല്ല ഈ ചിത്രം ഞാൻ തിരഞ്ഞെടുക്കുന്നത്. ഫുട്ബോൾ വൈകാരികതയെക്കുറിക്കാനായിരുന്നെങ്കിൽ The Road to San Diego എന്ന ചിത്രം തിരഞ്ഞെടുക്കാമായിരുന്നു എനിക്ക്. ഒരു തലമുറക്കാകെ ദൈവതുല്യനായ ഇതിഹാസനായകൻ മറഡോണയെ കാണാനായി യാത്ര ചെയ്യുന്ന ആരാധകന്റെ കഥ പറയുന്ന ചിത്രമാണത്. ജോലിയിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം ഒരു ശില്പിക്ക് വേണ്ടി കൊത്തുപണികൾക്കുള്ള മരം ശേഖരിക്കുന്ന ബെനിറ്റസാണ് ആ ചിത്രത്തിലെ നായകൻ. മറഡോണയുടെ മുഖത്തോട് സാദൃശ്യമുള്ള ഒരു മരക്കഷ്ണം ഒരുദിവസം ബെനിറ്റസ് കണ്ടെത്തുന്നു. അതുമായി തന്റെ ഇഷ്ടതാരത്തെ കാണാനായി ബെനിറ്റസ് നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. ജീവിതത്തിൽ തോൽവികളുണ്ടാവുമ്പോൾ പ്രതീക്ഷ നശിക്കുമ്പോൾ ബിംബങ്ങളിൽ ആശ്രയം കണ്ടെത്താനുള്ള സ്വാഭാവികത്വര മനുഷ്യനുണ്ട്. അത്തരമൊന്നാണ് ഈ ചിത്രത്തിൽ ബെനിറ്റസിനുള്ള മറഡോണ ഭ്രമം.
El penalti más largo del mundo എന്ന ചിത്രം തെരഞ്ഞെടുത്തത് മനോഹരമായ ഒരു കഥയുടെ വികലമായ ആവിഷ്കാരം എന്ന നിലക്ക് തന്നെയാണ്. ഒരോ വട്ടവും കിരീടം സ്വന്തമാക്കുമെന്നുറച്ച് ടീമിന് പുറകിൽ അണിനിരന്നിട്ടും, ആരാധകരുടെ പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുക്കാതെ പുറത്തുപോവുന്ന ടീമിന്റെ ഓർമയ്ക്ക്, പൂർണ്ണതയുള്ളൊരു ആവിഷ്കാരം എല്ലാവരാലും സാധ്യമാകുന്ന ഒന്നല്ല എന്നതിന്റെ ഓർമ്മപ്പെടുത്തലായി. ഇതൊരിക്കലും ഒരു കുറ്റപ്പെടുത്തലല്ല. പക്ഷെ കണക്കുകൾ മാത്രം കഥ പറയുന്ന പുതിയകാലത്ത് വൈകാരികതയുടെ കഥ പറയുന്ന ഇതുപോലുള്ള ചിലർ ഏതൊരിടത്തും അധികപ്പറ്റാണ്. അനുഭാവപൂർവം ചേർത്തുനിർത്തുന്ന മനുഷ്യരിൽ പോലും ക്ഷണനേരത്തേക്ക് പുച്ഛം നിറക്കാൻ പ്രാപ്തമാക്കുന്ന വിചിത്രമായ ഒരു വികാരം.
ജർമനിയുടെ ആദ്യ മത്സരത്തിന് മുമ്പ് ജർമൻ ആരാധകർ ഒരിക്കലും സ്വന്തം ടീമിന്റെ തോൽവിയിൽ കരയില്ല എന്നുപറഞ്ഞ സുഹൃത്തിനോട് അല്ലെങ്കിലും നിങ്ങൾക്ക് പ്രൊഡക്ടിവിറ്റി അല്ലെ പ്രധാനം എന്ന് തിരിച്ചുചോദിച്ചത് ഓർമ്മയുണ്ട്. വൈകാരികത ഒരു മോശം കാര്യമായി അടിവരയിട്ടുറപ്പിക്കപ്പെടുന്ന ഒരു കാലത്ത് പറയത്തക്ക വിജയങ്ങൾ ഒന്നുമില്ലാതിരിക്കിലും ഓരോ ടൂർണ്ണമെന്റിലും കൃത്യമായി ആകാശനീലയും വെളുപ്പും ഇടകലർന്ന ജേഴ്‌സിക്ക് പിന്നിൽ അണിനിരക്കുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട് ലോകത്ത്. മറ്റ് ആരാധകരുടെ ഭാഷയിൽ കളർ ടെലിവിഷനിൽ ഒരു ലോകകപ്പ് ജയിച്ചിട്ടില്ലാത്ത മനുഷ്യർ. അർജന്റീനയുടെ തോൽവിയിൽ ഭ്രാന്തായിപ്പോയവരെ കുറിച്ചുള്ള തമാശയ്ക്ക് മാനസികാരോഗ്യത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന പുതിയ ദശാബ്ദത്തിലും ആവശ്യക്കാരുണ്ട്. ഓരോ തോൽവിയിലും അതൊരു വലിയ തമാശയായി ആഘോഷിക്കപ്പെടുന്നുണ്ട്.
ഒരു ബിംബം രൂപംകൊള്ളുന്നത്, അയാൾ അയാൾക്ക് ചുറ്റുമുള്ളവരെ ഏതെങ്കിലും വിധം പ്രചോദിപ്പിക്കുമ്പോഴാണ്. തങ്ങളുടെ തീർത്തും വിരസമായ, കഠിനമായ നിത്യവൃത്തിയിൽ നിന്നും ക്ഷണനേരത്തേക്കെങ്കിലും മോചനം നൽകാൻ അവർക്ക് കഴിയുന്നുണ്ട് എന്ന തിരിച്ചറിവാണ് ഓരോ കാൽപ്പന്ത് ആരാധകനിലും വർത്തിക്കുന്നത്. മറഡോണയുടെ കളി നേരിൽ കണ്ടവരല്ല ഇന്നത്തെ തലമുറയിലെ അർജന്റീന ആരാധകർ. അർജന്റീന ആദ്യ റൗണ്ടിൽ തന്നെ പുറത്തായ 2002 ലോകകപ്പാണ് എന്റെ ആദ്യ കാഴ്ച. കരഞ്ഞുകൊണ്ട് കളിക്കളം വിടുന്ന ഗബ്രിയേൽ ബാറ്റിസ്റ്റുട്ട എന്റെ മാത്രം ആദ്യ കാഴ്ചയാവില്ല.
ഹോസെ പെക്കർമാന്റെ കീഴിൽ അണിനിരന്ന 2006 ലോകകപ്പ് ക്വാർട്ടറിലെ ഒരു മോശം തീരുമാനം കൊണ്ടുമാത്രം കൈവിട്ടതാണെന്ന് വിശ്വസിക്കുന്നവർ ചുരുക്കമല്ല. 2006 ലോകകപ്പിന്റെ ഓർമ്മയിൽ ഇപ്പോളുള്ളത്, ഗാലറിയിൽ ഓരോ മത്സരത്തിലും അതിവൈകാരികതയോടെ പങ്കെടുത്ത ഡീഗോ മറഡോണയാണ്. അത്ഭുതബാലൻ എന്ന വിശേഷണവുമായി വന്ന ലയണൽ മെസിയുടെ ആദ്യ ഗോളാണ്. റിക്വൽമി എന്ന സ്പോർട്ടിങ് ബ്രെയിൻ അതിവിദഗ്ധമായി നെയ്തെടുത്ത 24 പാസ് സിംഫണിയാണ്. പക്ഷെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. പതിവുപോലെ കണ്ണീരിലും നിരാശയിലും അവസാനിച്ചു ആ ലോകകപ്പ്. തൊട്ടടുത്ത ലോകകപ്പിൽ മറഡോണയായിരുന്നു കോച്ച്. പക്ഷെ കളിക്കളത്തിലെ മാന്ത്രികനീക്കങ്ങൾ ഒരിക്കൽ പോലും തന്റെ കോച്ചിങ് കരിയറിൽ ആവർത്തിക്കാൻ കഴിയാതിരുന്ന മറഡോണയ്ക്ക് കീഴിൽ ടീം അടിമുടി പരാജയമായിരുന്നു. ക്വാർട്ടറിൽ വീണ്ടും ജർമ്മനിയ്ക്കു മുന്നിൽ എതിരില്ലാത്ത നാലുഗോളുകളുടെ പരാജയം.
2014 ലോകകപ്പ്, 2015 കോപ്പ അമേരിക്ക, 2016 കോപ്പ അമേരിക്ക,തുടർച്ചയായ മൂന്നു വർഷങ്ങൾ, മൂന്ന് ഫൈനൽ പരാജയങ്ങൾ… ജീവിതത്തിലെ സന്തോഷങ്ങളത്രയും ലയണൽ മെസ്സി എന്ന മനുഷ്യനിൽ അർപ്പിച്ചുകാത്തിരിക്കാൻ അതിനകം ആരാധകരും ശീലിച്ചുകഴിഞ്ഞിരുന്നു. അതിനാലാണ് അതിതീവ്ര സമ്മർദ്ദം മുറ്റിനിന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ കിക്ക് പുറത്തേക്കടിച്ചതിൽ കരയുന്ന, വിരമിക്കാനൊരുങ്ങുന്ന അയാളോട് അനുഭാവപ്പെടുവാൻ ആരാധകർക്ക് കഴിയുന്നത്.
തുടർച്ചയായ മൂന്നു ഫൈനലുകൾക്ക് ശേഷം 2018 ൽ റഷ്യൻ ലോകകപ്പ് കളിക്കുമ്പോൾ അതുവരെയും സംഭവിച്ചതിൽ നിന്നും വിഭിന്നമായ മറ്റൊന്നായിരുന്നില്ല വിധി. ഫ്രാൻസിനോട് തോറ്റു പ്രീക്വാർട്ടറിൽ അർജന്റീന പുറത്തായി. ടീമിന്റെ ഏറ്റവും വിശ്വസ്തനായ പടയാളി ഹവിയർ മഷരാനോയും ഗോൺസാലോ ഹിഗ്വയ്നും അടക്കമുള്ളവർ വിരമിച്ചു. അതിനുശേഷമാണ് ലയണൽ സ്കലോണി ടീമിന്റെ കോച്ചാവുന്നത്. അധികമാരുടെയും ശ്രദ്ധയിൽ പെടാതെ തുടർവിജയങ്ങളിലേക്ക് അയാൾ ടീമിനെ നയിച്ചു. 28 വർഷങ്ങൾക്കിടയിൽ ആദ്യ അന്താരാഷ്‌ട്ര കിരീടം കഴിഞ്ഞ വർഷത്തെ കോപ്പ അമേരിക്ക കപ്പിലുടെ നേടിത്തന്നു. ജീവിതത്തിൽ അത്ര സന്തോഷിച്ച ദിവസമില്ലെന്ന് ഞങ്ങൾ ആരാധകർ തമ്മിൽ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു. സന്തോഷത്താൽ കരയുന്ന ആൾക്കൂട്ടമായിരുന്നു അന്ന് ഞങ്ങൾ. തോൽവികളിൽ മാത്രം തുടർച്ചയായി അടയാളപ്പെടുവാൻ വിധിക്കപ്പെട്ട ആരാധകക്കൂട്ടമാണ് അർജന്റീനയുടേത്. അതാണ് ചരിത്രം.
ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ലയണൽ മെസിയെ നേരിൽ കാണാനായി ഖത്തർ ലോകകപ്പിന് ടിക്കറ്റെടുത്ത സുഹൃത്തുണ്ട് എനിക്ക്. എന്നെങ്കിലും ലയണൽ മെസ്സിയും ഞാനും എന്നൊരു പുസ്തകം തന്നെയെഴുതുമെന്നു പറയാറുള്ള സുഹൃത്ത്. പരാജിതരുടെ പന്തുകളിയെന്ന് ജീവിതത്തെ വിശേഷിപ്പിക്കുന്ന, തന്റെ ജീവിതത്തിലെ സന്തോഷമത്രയും അയാളുടെ കാൽച്ചുവടുകളിൽ അർപ്പിക്കുന്ന സുഹൃത്ത്. ആദ്യമത്സരത്തിലെ തോൽവിക്കിപ്പുറം സന്തോഷമുള്ള കാഴ്ചകൾ നമുക്കന്യമാണെന്നു തോന്നുന്നുവെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു.
ഇരുപത് വർഷങ്ങൾക്കിപ്പുറം മറ്റൊരു ആദ്യഘട്ടപുറത്താവലിനെ അഭിമുഖീകരിക്കുകയാണ് ടീം. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ചിലപ്പോൾ ടീം ലോകകപ്പിൽ നിന്നും പുറത്തായേക്കാം. അന്ന് കരഞ്ഞുകൊണ്ട് കളം വിട്ടത് ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ട ആയിരുന്നെങ്കിൽ ഇത്തവണ അത് ലയണൽ മെസിയും ആൻഹെൽ ഡി മരിയയും ആവാം. അറിയില്ല. അപ്പോഴും അർജന്റീന തോറ്റത് ടി വിയുടെ കുഴപ്പം കൊണ്ടാണെന്ന് കരുതി ടി വി അഴിച്ചുപണിയുന്ന ആരാധകനെക്കുറിച്ചുള്ള തമാശക്കും റൊസാരിയോ തെരുവിലെ മുത്തശ്ശിയെച്ചൊല്ലിയുള്ള തമാശക്കും ഇപ്പോഴുള്ളതിന്റെ ഇരട്ടി ആവശ്യക്കാരുണ്ടാവും. പക്ഷെ ഒന്നുറപ്പാണ്, ആകാശനീലയും വെള്ളയും കലർന്ന ജേഴ്‌സിക്ക് കീഴെ നിന്നും ഒരാരാധകരും പിരിഞ്ഞുപോകില്ലെന്ന്.