TMJ
searchnav-menu
post-thumbnail

Labour

സ്ത്രീ ഗാർഹികത്തൊഴിലാളികളുടെ ഗൾഫ് കുടിയേറ്റം: വെല്ലുവിളികളും, നയങ്ങളും

29 Jun 2022   |   1 min Read
Thasliya Ahammed

PHOTO: ILO

വിദേശ രാജ്യങ്ങളിൽ സ്ത്രീകൾക്ക് ഗാർഹിക-അവിദഗ്ദ തൊഴിലുകൾ നേടുന്നതിന് നിലവിലുള്ള കർശനമായ എമിഗ്രേഷൻ നിയമങ്ങൾ പലപ്പോഴും വിലങ്ങുതടിയാവുന്നതായി പഠനം. "ചൂഷണത്തിൽ നിന്ന് സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനു പകരം ഇത്തരത്തിലുള്ള കർശനമായ നിബന്ധനകൾ നിഷ്കർഷിക്കുന്നത് വിദേശങ്ങളിൽ ജോലിക്കായി പോകുവാൻ അനൗദ്യോഗികവും നിയമവിരുദ്ധവുമായ മാർഗങ്ങളെ ആശ്രയിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു", പഠനം ചൂണ്ടിക്കാണിക്കുന്നു. “കേരളത്തിൽ നിന്നും ഗൾഫിലേക്കുളള സ്ത്രീ ഗാർഹികത്തൊഴിലാളികളുടെ കുടിയേറ്റം: വെല്ലുവിളികളും, നയങ്ങളും“ (Migration of Women Domestic Workers from Kerala to the Gulf: Challenges and Policy Options) എന്ന പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. കൊച്ചിയിലെ Centre for Socio-economic and Environmental Studies (CSES), ഫെലോ ഡോ. രാഖി തിമോത്തിയാണ് പഠനത്തിന് നേതൃത്വം നൽകിയത്. പഠനത്തിലെ മറ്റുള്ള പ്രധാന നിഗമനങ്ങൾ ഇവയാണ്. സെക്കന്ററി ഡേറ്റ, നിലവിലുള്ള മറ്റു പഠനങ്ങൾ, ഗൾഫിൽ ജോലി ചെയ്യുന്ന/ചെയ്തിട്ടുള്ള മലയാളികളായ സ്ത്രീ ഗാർഹികത്തൊഴിലാളികളുമായി നടത്തിയിട്ടുള്ള അഭിമുഖങ്ങൾ എന്നിവയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. പഠനത്തിൽ നിന്നുയർന്നു വന്ന പ്രധാനപോയിന്റുകൾ താഴെ നൽകുന്നു.

കർക്കശമായ നിയമഘടനയാണ് സ്ത്രീ ഗാർഹിക തൊഴിലാളികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലനിൽക്കുന്നത്

1983ലെ കുടിയേറ്റ നിയമമാണ് (Emigration Act 1983) കുടിയേറ്റവുമായി ബന്ധപ്പെട്ടു ഇന്ത്യയിൽ നിലനിൽക്കുന്ന നിയമസംവിധാനം. നിലവിൽ വന്നതിനു ശേഷം ഈ നിയമത്തിൽ പലതവണ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഏറ്റവും അവസാനം വന്ന ഭേദഗതി 2009ലാണ്. സ്ത്രീകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യ കേന്ദ്രീകൃതമായ ഒരു സംരക്ഷണ മനോഭാവ കാഴ്ചപ്പാടാണ് ഈ നിയമം മുന്നോട്ടുവെക്കുന്നത് എന്നത് കാലങ്ങളായുള്ള വിമർശനമാണ്. ഉദാഹരണത്തിന് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലിക്കായി പോകുന്നതിനു മുമ്പ് സ്ത്രീകളും ഗാർഹികത്തൊഴിലാളികളും എമിഗ്രേഷൻ ക്ലിയറൻസ് എടുക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നുണ്ട്. സ്വകാര്യ ഏജൻസികൾ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് തടയാനായി ആണ് ഇങ്ങനെയൊരു നിബന്ധന നിയമത്തിലുൾപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, ചില രാജ്യങ്ങളിലേക്ക് ഗാർഹികത്തൊഴിലിനായുള്ള കുടിയേറ്റം പൂർണമായും നിരോധിക്കുകയോ, അധിക നിബന്ധനകൾ വെച്ചുകൊണ്ട് നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, സ്ത്രീ ഗാർഹികത്തൊഴിലാളികളുടെ സ്പോൺസേഴ്സ് 2500 യു.എസ് ഡോളര്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകണമെന്ന നിബന്ധന 2011ൽ ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയിട്ടുണ്ട്. എന്തെങ്കിലും കാരണങ്ങൾ കൊണ്ട് ഈ സ്ത്രീകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടു വരണമെങ്കിൽ ഉപയോഗിക്കാനുള്ള തുകയാണിത്. വിദേശത്തുള്ള തൊഴിലുടമ നേരിട്ട് എമിഗ്രേറ്റ് വെബ്‌സൈറ്റിൽ അപേക്ഷിക്കുകയോ, നിഷ്കർഷിച്ചിട്ടുള്ള ആറ് പൊതുമേഖലാ ഏജൻസികൾ മുഖേനയോ, മാത്രമേ സ്ത്രീ ഗാർഹിക തൊഴിലാളികളെ ജോലിക്കായി വിദേശത്തേക്ക് കൊണ്ടുപോകാൻ പാടുള്ളൂവെന്ന നിബന്ധനയും ഇന്ത്യൻ ഗവൺമെന്റ് 2016ൽ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ, സ്വന്തമായി തീരുമാനങ്ങളെടുക്കാനും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ നേടിയെടുക്കാനുമുള്ള സ്ത്രീകളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നുവെന്ന് നിലവിലുള്ള പഠനങ്ങളും, ഈ പഠനത്തിന്റെ ഭാഗമായി നടത്തിയ അഭിമുഖങ്ങളും സൂചിപ്പിക്കുന്നു. കുടിയേറ്റത്തിനായുള്ള പ്രായ നിബന്ധനയുൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഇവയിൽ ഉൾപ്പെടും. ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വെക്കുന്നതിനു പകരം, പ്രവാസികളായ സ്ത്രീകൾക്ക് കൂടുതൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും, ജീവിത സൗകര്യങ്ങളും, സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിനാണ് ശ്രമിക്കേണ്ടതെന്ന് പഠനം വെളിപ്പെടുത്തുന്നു. നിലവിൽ അഭിപ്രായങ്ങൾക്കായി ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്ന 2021ലെ എമിഗ്രേഷൻ ബിൽ (ഈ ബിൽ നിയമമായാൽ 1983ലെ എമിഗ്രേഷൻ നിയമം അസാധുവാകും), ഭരണകൂടം സ്ത്രീ കുടിയേറ്റത്തൊഴിലാളികളുടെ അവകാശങ്ങൾക്കു മേൽ നടത്തുന്ന ഇത്തരത്തിലുള്ള കടന്നുകയറ്റങ്ങളെ കുറേയെങ്കിലും പരിഹരിക്കുമെന്ന് പ്രതീക്ഷിക്കാം.

Representational image: pti

വീട്ടുജോലിയുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറാൻ ലക്ഷ്യമിടുന്ന സ്ത്രീകളെ അവരുടെ ജോലി ഫലപ്രദമായും തൊഴിൽദായകർക്ക് തൃപ്തികരമായ രീതിയിലും ചെയ്യുന്നതിനായി തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ ആവശ്യമാണെന്ന് പഠനം നിർദ്ദേശിക്കുന്നു. ഗാർഹികതൊഴിലാളികളെപ്പോലെയുളള അവിദഗ്ദ്ധതൊഴിലാളികൾക്ക് വിദേശരാജ്യങ്ങളിലെ ജോലികൾക്ക് സജ്ജമാക്കുന്നതിന് പ്രത്യേകം ഓറിയന്റേഷനുകൾ നടത്തുന്നത് അവർക്ക് മെച്ചപ്പെട്ട തൊഴിൽ ലഭിക്കുന്നതിനും കൂടിയ വരുമാനം ലഭിക്കുന്നതിനും സഹായകരമാകും എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് അവിദഗ്ധ സ്ത്രീ തൊഴിലാളികളെ അയക്കുന്ന ഫിലിപ്പൻസുംശ്രീലങ്കയും പോലെയുള്ള പ്രധാന രാജ്യങ്ങൾ നൽകുന്ന പരിശീലനങ്ങൾ അവിടെ നിന്നുമുള്ള തൊഴിലാളികളെ കൂടുതൽ സ്വീകാര്യരാക്കുന്നു എന്നത് നമുക്ക് വഴികാട്ടിയാകണം. കേരളത്തിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് വിദേശരാജ്യങ്ങളിൽ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിൽ നോർക്കയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാർച്ചർ പ്രോഗ്രാമുകൾക്ക് പകരം, ഗാർഹികത്തൊഴിലാളികളെ പോലെയുളള അവിദഗ്ദ്ധതൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം

ഗൾഫ് രാജ്യങ്ങളിലെ നിയമാവകാശങ്ങൾ

ജിസിസി രാജ്യങ്ങൾ വീട്ടുജോലിക്കായി വരുന്ന സ്ത്രീകൾക്ക് നൽകുന്ന കുറഞ്ഞ പദവി സ്ത്രീ ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന ഒരു ഘടകമാണ്. കുടിയേറ്റക്കാരായ ഗാർഹികത്തൊഴിലാളികൾ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും തൊഴിലാളി നിയമത്തിനു പുറത്താണ്. തൊഴിലുടമയുടെയും കുടുംബത്തിന്റെയും സ്വകാര്യതയുമായി ബന്ധമുള്ള ഗാർഹികത്തൊഴിലിനെ മറ്റു ജോലികളെ പോലെ നിയന്ത്രിക്കാൻ പറ്റില്ല എന്നതാണ് പലപ്പോഴും ഈ ഒഴിവാക്കലിനു കാരണമായി പറയാറുള്ളത്. ഇതിനുപുറമെ, എല്ലാ ഗൾഫ്‌രാജ്യങ്ങളിലും ഗാർഹിക തൊഴിലിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള പരിശോധനാ സംവിധാനവും, തർക്കപരിഹാര സംവിധാനവും അത്ര ശക്തമല്ല. ഇത് പലപ്പോഴും വീട്ടുജോലിക്കായി കുടിയേറുന്നവരുടെ അടിസ്ഥാനാവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ, തൊഴിലുടമയുടെ വീട്ടിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന കുടിയേറ്റ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങൾ ഉറപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഗാർഹിക ജോലിയെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ മിക്ക ജി.സി.സി. രാജ്യങ്ങളിലും അടുത്തിടെ നടന്നിട്ടുണ്ടെന്നുള്ളത് ആശാവഹമാണ്; ആ നിയമങ്ങളുടെ വ്യാപ്തിയും, ഫലപ്രാപ്തിയും വ്യത്യസ്തങ്ങളാണെങ്കിൽ പോലും. ഉദാഹരണത്തിന്, ഗാർഹിക തൊഴിലാളികൾക്കായുള്ള അംഗീകൃത കരാറിനെ ആഴ്ചയിൽ ഒരു ദിവസം അവധി കൂടി ഉൾപ്പെടുത്തി 2014ൽ യുഎഇ പരിഷ്കരിച്ചു. 2015ൽ, കുവൈത്ത് പാർലമെന്റ് ഗാർഹികതൊഴിലാളികളെ സംബന്ധിച്ച 'നമ്പര്‍ 68 നിയമം' അംഗീകരിച്ചു. ഈ നിയമം ഗാർഹിക തൊഴിലാളികൾക്ക് ദിവസേന 12 മണിക്കൂർ തൊഴിൽ പരിധി വ്യവസ്ഥ ചെയ്യുന്നു. ഉത്ഭവരാജ്യങ്ങളും (origin countries) ലക്ഷ്യസ്ഥാന രാജ്യങ്ങളും (destination countries) തമ്മിൽ ഉഭയകക്ഷികരാറുകളോ ധാരണാപത്രങ്ങളോ (MoU) നിലവിലുമുണ്ട്.ഉദാഹരണത്തിന്, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം എല്ലാ ECR രാജ്യങ്ങളിലും സ്വീകരിക്കേണ്ട ഒരു മാതൃകാ കരാർ നിർദ്ദേശിച്ചിരുന്നു.എന്നാൽ ഏതെങ്കിലും രാജ്യങ്ങൾ ആ മാതൃക സ്വീകരിച്ചിട്ടുണ്ടോ എന്നുള്ളത്വ്യക്തമല്ല. കുടിയേറ്റ ഗാർഹിക തൊഴിലാളികൾക്ക്മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ നൽകുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള നിരീക്ഷണ-നിർവ്വഹണ സംവിധാനങ്ങൾ എങ്ങനെ നടപ്പിലാക്കുകയും ഉറപ്പുവരുത്തുകയും ചെയ്യും എന്നതിനെക്കുറിച്ചുള്ള വ്യക്തതയില്ലായ്മയാണ് ധാരണാപത്രത്തിലെ ഒരു പ്രധാനപ്രശ്നം.

കുടിയേറ്റ സൗഹൃദ സേവനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്

വിദേശരാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നവർക്കായി കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഈ സേവനങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ച് സംശയങ്ങളുയരുന്നുണ്ട്. അരികുവൽക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗത്തിന് ഇവയൊന്നും ഇപ്പോഴും പ്രാപ്യമല്ല. ഇതിനു പുറമെ, എല്ലാ വശങ്ങളും മനസിലാക്കി ഒരു കൃത്യമായ തീരുമാനം എടുക്കാൻ കുടിയേറ്റത്തിനാഗ്രഹിക്കുന്നവരെ സഹായിക്കുന്നതിനു പകരം, കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പിന്റെ സ്വരവുമായാണ് കുടിയേറ്റ ബോധവൽക്കരണ പരസ്യങ്ങൾ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. ഞങ്ങൾ ഈ പഠനത്തിന്റെ ഭാഗമായി സംസാരിച്ച ചില സ്ത്രീകളും പറഞ്ഞത് അവർ വീട്ടുജോലിക്കായി ആദ്യമായി വിദേശത്തേക്ക് പോയപ്പോൾ തങ്ങൾ എത്തിച്ചേരാൻ പോകുന്ന രാജ്യമേതായിരുന്നു എന്ന് പോലും അവർക്കറിയില്ലായിരുന്നു എന്നാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പലപ്പോഴും പാലിക്കപ്പെടുന്നിലെന്നും ഇവർ സൂചിപ്പിച്ചു. ഉദാഹരണത്തിന്, ECR രാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകളുമായി ബന്ധപ്പെട്ട് കുടിയേറുന്ന തൊഴിലാളികൾക്ക് ഇന്ത്യൻ സർക്കാർ മിനിമം റഫറൽ വേജസ് ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുടമകളോ ഏജന്റുമാരോ ഏകപക്ഷീയമായി വേതനം നിശ്ചയിക്കുന്നത് ഒഴിവാക്കി വിദേശത്തുള്ള ഇന്ത്യൻ തൊഴിലാളികളെ സംരക്ഷിക്കുക എന്നതാണ് റഫറൽ വേതനം അവതരിപ്പിച്ചതിലൂടെ സർക്കാർ ലക്ഷ്യം വെച്ചത്. എന്നാൽ,എമിഗ്രേഷൻ ക്ലിയറൻസ് സമയത്ത് ഉപയോഗിക്കാനായി റഫൽ വേജ് ഉൾപ്പെടുത്തിക്കൊണ്ട് ഒരു താൽക്കാലിക കരാർ നൽകുക എന്നത് മാത്രമണ് പലപ്പോഴും നടക്കുന്നത്. തൊഴിലിടത്തിൽ എത്തിക്കഴിയുമ്പോൾ ഈ കരാർ മാറ്റി കുറഞ്ഞ വേതനം രേഖപ്പെടുത്തിയ പുതിയൊരു കരാർ നൽകുകയും ചെയ്യും. കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനായി സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ ഈ പഠനവുമായി ബന്ധപ്പെട്ട് സംസാരിച്ച പല സ്ത്രീകളും ഈ മേഖലയിൽ ഇപ്പോഴും നിലനിൽക്കുന്ന പല ചൂഷണങ്ങളും ചൂണ്ടിക്കാണിച്ചു; തൊഴിൽ നിബന്ധനകൾ പാലിക്കാത്തത്, തൊഴിലിടത്തിലെ അരക്ഷിതാവസ്ഥ, ജോലിയുടെ സ്വഭാവവും വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയൊക്കെ ഇവയിൽ ഉൾപ്പെടുന്നു. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ പോലും, വീട്ടുജോലിക്കാരായ സ്ത്രീകൾക്ക് ലഭിക്കുന്ന നിയമപരമായ സംരക്ഷണം പരിമിതമാണ്.

മടങ്ങിവരുന്ന പ്രവാസികളെ പിന്തുണയ്ക്കുന്നതിനോ അവരുടെ പുനരധിവാസത്തിനു സഹായിക്കുന്നതിനോ ഉള്ള സേവനങ്ങൾ ഇന്ത്യയിൽ പരിമിതമാണ്. നിലവിലുള്ള മിക്ക പദ്ധതികളും വലിയ നിക്ഷേപം നടത്താൻ കഴിയുന്ന പ്രവാസികൾക്ക് മാത്രം അനുയോജ്യമാണ്. മൂലധനമോ, വിപണിക്കാവശ്യമായ മറ്റു വൈദഗ്ദ്ധ്യങ്ങളോ ഇല്ലാത്ത ഗാർഹികത്തൊഴിലാളികളായ സ്ത്രീകളെപ്പോലെയുള്ള പ്രവാസികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പ്രവാസികളെക്കുറിച്ചുള്ള കൃത്യമായ ഡേറ്റയുടെ അഭാവം, ഫണ്ടിന്റെ അഭാവം, വ്യക്തമായ കാഴ്ചപ്പാടിന്റെ അഭാവം എന്നീ കാരണങ്ങളാൽ മടങ്ങിവരുന്ന പ്രവാസികൾക്കായുള്ള പുനരധിവാസ സേവനങ്ങൾ ഇന്ത്യയിൽ ദുർബലമാണ്. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന ഫിലിപ്പീൻസും, ശ്രീലങ്കയുംപോലെയുള്ള പ്രധാന രാജ്യങ്ങളിൽ നിലനിൽക്കുന്ന പകർത്താവുന്ന മാതൃകകളിലേക്ക് ഇന്ത്യാ ഗവൺമെന്റിന്റെ ശ്രദ്ധ പതിയണം. ഈ രാജ്യങ്ങൾ, യാത്രയ്ക്ക് മുമ്പുതന്നെ മടങ്ങിവരുന്ന ഘട്ടത്തെക്കുറിച്ചുള്ള വിവരങ്ങൾ കുടിയേറ്റക്കാർക്കും കുടുംബാംഗങ്ങൾക്കും നൽകുന്നുണ്ട്. വീട്ടുജോലിക്കാരായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിനുള്ള അത്തരം തയ്യാറെടുപ്പുകൾ വളരെ പ്രധാനമാണ്.

പ്രവാസി തൊഴിലാളികളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും ഊന്നൽ നൽകാത്തതാണ് ഇന്ത്യയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെ ഒരു പ്രധാന പോരായ്മ. കുറഞ്ഞ സമ്പാദ്യമുള്ള കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും, കേരളത്തിൽ വരുമാനദായകമായ മാർഗങ്ങൾ കണ്ടെത്താനുള്ള സാധ്യതകൾ പരിമിതമാണ്.

അവിദഗ്ദ്ധ സ്ത്രീ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ചില നിർദ്ദേശങ്ങൾ താഴെ നൽകുന്നു:

(a) കുടിയേറ്റം ലക്ഷ്യം വെക്കുന്നവരെ തയ്യാറാക്കുന്നതിനുള്ള പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകൾ ഇന്ത്യയിൽ വളരെ മോശമാണ്. ഗാർഹിക തൊഴിലാളികളെപ്പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളെ, വിദേശരാജ്യങ്ങളിലെ ജോലികൾക്ക് സജ്ജമാക്കുന്നതിന് അത്തരം ഓറിയന്റേഷനുകൾ വളരെ പ്രധാനമാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് വിദേശരാജ്യങ്ങളിൽ അവരുടെ ജോലി ഫലപ്രദമായി ചെയ്യുന്നതിന് ആവശ്യമായ നൈപുണ്യം വികസിപ്പിക്കുന്നതിൽ നോർക്കയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും. ഒറ്റപ്പെട്ട പ്രീ ഡിപ്പാർച്ചർ പ്രോഗ്രാമുകൾക്ക് പകരം, ഗാർഹികത്തൊഴിലാളികളെ പോലെയുള്ള അവിദഗ്ദ്ധ തൊഴിലാളികളുടെ കാര്യത്തിലെങ്കിലും സമഗ്രമായ ഒരു സമീപനം സ്വീകരിക്കണം.
(b) കുടിയേറ്റം നിരോധിക്കുകയോ അവരുടെ സഞ്ചാരത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തുകൊണ്ട് വീട്ടുജോലിക്കാരായ സ്ത്രീകളെ നിയന്ത്രിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പുരുഷാധിപത്യ-സംരക്ഷണ മനോഭാവം സ്ത്രീകളെ സഹായിക്കുന്നതിനു പകരം, കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവരെ കൂടുതൽ ദുർബലമാക്കുന്നു എന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനങ്ങളെ കൂടുതൽ ലിംഗസൗഹൃദമാക്കുക എന്നതിനാണ് ഊന്നൽ നൽകേണ്ടത്.
(c) തൊഴിൽ ശക്തിയെ കയറ്റിയയ്ക്കുന്ന ഒരു പ്രധാന രാജ്യമെന്ന നിലയിൽ, മറ്റു രാജ്യങ്ങളിലെ സർക്കാരുകൾ, റിക്രൂട്ടിംഗ് ഏജൻസികൾ, തൊഴിലുടമകൾ, സാമൂഹ്യസംഘടനകൾ എന്നിവരുമായി ബന്ധം സ്ഥാപിച്ച് സൗഹാർദപൂർവമായ ഒരന്തരീക്ഷം കെട്ടിപ്പടുക്കാനുള്ള സാധ്യതകൾ ഇന്ത്യാ ഗവൺമെന്റ് അന്വേഷിക്കണം. കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കുന്നതിന് ഇന്ത്യയും, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റം ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളും തമ്മിൽ ധാരണാപത്രം ഒപ്പിടുന്നത് പ്രോത്സാഹിപ്പിക്കേണ്ടതാണ്. കൂടാതെ, ഓരോ രാജ്യങ്ങളിലെയുംപ്രവാസി അസോസിയേഷനുകളെ ഉപയോഗപ്പെടുത്തി കുടിയേറ്റ സ്ത്രീ തൊഴിലാളികൾക്കിടയിൽ അവരുടെ അവകാശങ്ങളെക്കുറിച്ചും അതാതു രാജ്യങ്ങളിലെ പരാതി പരിഹാരസംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാനും ശ്രമിക്കേണ്ടതുണ്ട്.
(d) പ്രവാസി തൊഴിലാളികളുടെ തിരിച്ചുവരവിനും പുനരധിവാസത്തിനും ഊന്നൽ നൽകാത്തതാണ് ഇന്ത്യയിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഭരണസംവിധാനത്തിന്റെ ഒരു പ്രധാന പോരായ്മ. കുറഞ്ഞ സമ്പാദ്യമുള്ള കുടിയേറ്റക്കാർക്കും സ്ത്രീകൾക്കും, കേരളത്തിൽ വരുമാനദായകമായ മാർഗങ്ങൾ കണ്ടെത്താനുള്ള സാധ്യതകൾ പരിമിതമാണ്. അതിനാൽ, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് കേരളത്തിന്റെ തൊഴിൽ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് ആവശ്യമായ നൈപുണ്യ വികസന പരിപാടികൾ നൽകുന്നത് കേരള സർക്കാർ പരിഗണിക്കണം.
(e) കേരളം പോലെ സുശക്തമായതദ്ദേശഭരണ സംവിധാനം ഉള്ള ഒരു സംസ്ഥാനത്ത്, കുടിയേറ്റവുമായി ബന്ധപ്പെട്ട ചില ഉത്തരവാദിത്തങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നത് സഹായകമാകും. ഉദാഹരണത്തിന്, കുടിയേറ്റത്തിന് തയ്യാറെടുക്കുന്നവർക്കായി ബോധവൽക്കരണ പരിപാടികൾ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാം. അതുപോലെ തിരിച്ചുവരുന്ന പ്രവാസികൾക്ക്, വരുമാനദായകമായ പ്രവൃത്തികളിലേർപ്പെടാനാവശ്യമായ പിന്തുണ നൽകിക്കൊണ്ട് അവരെ പുനരധിവസിപ്പിക്കാനുള്ള ഇടപെടലുകൾ നടത്താനും തദ്ദേശസ്ഥാപനങ്ങൾക്ക് സാധിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ കുടുംബശ്രീസംവിധാനത്തിനും പ്രധാന പങ്ക് വഹിക്കാനാവും.
(f) തൊഴിലുമായി ബന്ധപ്പെട്ട കുടിയേറ്റത്തെക്കുറിച്ചുള്ള ഡേറ്റ മെച്ചപ്പെടുത്തുക എന്നത് വളരെ പ്രധാനമാണ്. തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള ജെൻഡർ-വൈസ് ഡേറ്റ നിലവിലില്ല എന്നുള്ളത് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന് തടസമാണ്. കുടിയേറ്റക്കാരായ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും, ചൂഷണങ്ങളിൽ നിന്ന് അവരെ തടയാനും, സമ്പദ്‌വ്യവസ്ഥയിലേക്ക് അവരുടെ സംഭാവനകൾ കണക്കാക്കാനും, അവരുടെ തിരിച്ചുവരവിനും, പുനരധിവാസത്തിനുമുള്ള സംവിധാനങ്ങൾ ഒരുക്കാനും ഈ ഡേറ്റ വളരെ പ്രധാനമാണ്.

Centre for Socio-economic and Environmental Studies (CSES) പുറത്തുവിട്ട റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.

Leave a comment