അമൃത്പാല്‍ സിങ്ങിനെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍; യുഎസില്‍ വീണ്ടും ഖലിസ്ഥാന്‍ പ്രകടനം
ഖലിസ്ഥാന്‍ അനുകൂലിയും 'വാരിസ് പഞ്ചാബ് ദേ' നേതാവുമായ അമൃത്പാല്‍ സിങ്ങിനെ നേപ്പാള്‍ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. തീവ്ര മതപ്രഭാഷകനും അക്രമകാരിയുമായ അമൃത്പാലിനെ നാടുവിടാന്‍ അനുവദിക്കരുതെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നേപ്പാള്‍ സര്‍ക്കാര്‍ ഇയാളെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് ഇയാള്‍ക്കെതിരെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇയാള്‍ നേപ്പാളിലേക്ക് കടന്നതായി സ്ഥിരീകരിക്കുന്ന ചില രേഖകള്‍ എംബസ്സിയില്‍ നിന്ന് കിട്ടിയിട്ടുള്ളതായി ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കമല്‍ പ്രസാദ് പാണ്ഡെ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം നേപ്പാളില്‍ നിന്ന് കിട്ടിയിട്ടില്ലെന്ന് പാണ്ഡെ പറഞ്ഞു.
അമൃത്പാല്‍ സിങ്ങിന്റെ വ്യക്തിഗത വിവരങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്കും ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍ തുടങ്ങിയവയ്ക്കും കൈമാറിയിട്ടുണ്ട്. വ്യത്യസ്ത പേരില്‍ ഒന്നിലേറെ പാസ്‌പോര്‍ട്ടുകള്‍ ഇയാള്‍ക്കുണ്ടെന്നാണു വിവരം. ഈ മാസം 18 നാണ് ഇയാള്‍ അമൃത്‌സറില്‍ നിന്നും പോലീസിനെ വെട്ടിച്ചു കടന്നത്.
അതേസമയം, അമൃത്പാല്‍ സിങ്ങിനു പിന്തുണ പ്രഖ്യാപിച്ച് ഒരു സംഘം ഖലിസ്ഥാന്‍ അനുകൂലികള്‍ മന്‍ഹാറ്റന്‍ നഗരത്തിലെ ടൈംസ് സ്‌ക്വയറില്‍ പ്രകടനവും വാഹന റാലിയും നടത്തി. ഖലിസ്ഥാന്‍ പതാകയേന്തിയ വാഹനങ്ങള്‍ ഉച്ചത്തിലുള്ള സംഗീതത്തിനൊപ്പം തുടരെ ഹോണ്‍ മുഴക്കിയായിരുന്നു പ്രകടനം. ട്രക്കുകളില്‍ അമൃത്പാലിന്റെ എല്‍ഇഡി ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.