നിയമം മാത്രമല്ല നടത്തിപ്പുകാരും മാറണം
PHOTO: WIKI COMMONS
വീട്ടിനകത്ത് സ്ത്രീകൾക്ക് ലഭിക്കേണ്ട നിയമ സംരക്ഷണത്തെക്കുറിച്ച് 2005 വരെ നിശബ്ദതയായിരുന്നു നമ്മുടെ രാജ്യത്ത്. ഈ ജനാധിപത്യ രാജ്യത്തിൽ, ജനസംഖ്യയുടെ പാതിയോളം വരുന്നവർ ഏറ്റവും സുരക്ഷിതരായിരിക്കും എന്ന് കരുതിയ ഇടത്ത് നിന്നും അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങളെ വേണ്ടവിധം അഭിമുഖീകരിക്കാൻ അന്ന് വരെ തയ്യാറായിരുന്നില്ല. രാഷ്ട്രം, സ്വാതന്ത്ര്യം നേടി 58 വർഷങ്ങൾ പിന്നിടേണ്ടി വന്നു അതിന്. 2005 ലാണ് ആ ശൂന്യത നികത്തികൊണ്ട് അങ്ങനെയൊരു നിയമം വന്നത്. ഗാർഹിക അതിക്രമത്തിൽ നിന്നും സ്ത്രീയെ സംരക്ഷിക്കുന്ന നിയമം (Protection of women from Domestic violence. Act 2005). CEDAW (Convention of Elimination of all kind of Discrimination against Women) ഉടമ്പടിയിൽ ഒപ്പിട്ട രാജ്യങ്ങളുടെ മീതെയുണ്ടായ സമ്മർദ്ദവും, ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഉണ്ടായ അനുകൂല അന്തരീക്ഷവും ചേർന്നാണ് അതിപ്രധാനമായ ഈ നിയമം വരുന്നത്.
പാട്രിയാർക്കിയുടെ മൂല്യബോധം അത്രമാത്രം പേറുന്നവയാണല്ലോ നമ്മുടെ കുടുംബങ്ങൾ? അവിടങ്ങളിലെ സ്ത്രീകളനുഭവിക്കുന്ന തുല്യതക്കുറവും അതിക്രമങ്ങളും സ്വാഭാവികമാണെന്നും, അതൊക്കെ സ്ത്രീകൾ അനുഭവിക്കേണ്ടവ തന്നെയാണെന്നുമുള്ള ബോധ്യമാണല്ലോ രാജ്യത്തെ ഭരിച്ചിരുന്നത്. (ഇപ്പോഴും വലിയ മാറ്റം വന്നിട്ടുണ്ട് എന്നല്ല) ഭരണഘടനയിൽ തുല്യതയും, വിവേചനമരുത് എന്നതും ലിംഗനീതിയിൽ അധിഷ്ഠിതമായി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കുടുംബത്തിനകത്തെ തുല്യത, ജനാധിപത്യം എന്നിവയൊന്നും ഇതിന്റെ പരിധിയിലേക്ക് വന്നതേയില്ല. സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണത്തിനും അതിക്രമത്തിനും വിവേചനത്തിനുമെതിരായി, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അനുഛേദം 15(3) ൽ പ്രത്യേക നിയമം നിർമിക്കാനുള്ള അധികാരത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും വീട്ടിനകത്തേക്ക് ആ അവകാശങ്ങൾ കയറി വരാൻ 2005 വരെ കാത്തിരിക്കേണ്ടി വന്നു. സ്ത്രീധനം, ബാലവിവാഹം, ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം ഇവയൊക്കെ നിരോധിക്കുന്ന നിയമം വളരെ മുമ്പ് തന്നെ രാജ്യത്ത് നിലവിൽ വന്നിരുന്നു എന്നോർക്കണം. അത് കൂടെ ചേർത്ത് നോക്കുമ്പോഴാണ് ഗാർഹിക പീഡന നിരോധന നിയമം വരാൻ എത്ര മാത്രം വൈകി എന്ന കാര്യം നമ്മുടെ ശ്രദ്ധയിൽ പെടുക.
അതെ, പക്ഷം പിടിച്ചുള്ള നിയമമാണ്
സാധാരണ നിയമങ്ങൾ പക്ഷപാത രഹിതമാണ്. എന്നാൽ ഈ നിയമത്തിൽ പക്ഷപാതമുണ്ട്. നീതി ദേവതയുടെ കണ്ണിലെ കെട്ട് അഴിച്ച് മാറ്റി, തുലാസിന്റെ സൂചി ഒരു ഭാഗത്തേക്ക് ചെരിച്ച്, സ്ത്രീകളുടെ ഭാഗത്തേക്ക് ചാഞ്ഞ് നിൽക്കുന്ന നിയമമാണ് ഗാർഹികാതിക്രമത്തിൽ നിന്നും സ്ത്രീയെ സംരക്ഷിക്കുന്ന നിയമം. സ്ത്രീകളോടുള്ള പക്ഷപാതമുണ്ടെന്ന് (Its a biased legislation, bias towards women) പരസ്യമായി പ്രഖ്യാപിച്ച നിയമമാണിത്. ഇന്ത്യൻ പാർലമെന്റിൽ ബിജെപി ഒഴികെയുള്ള ബഹുഭൂരിപക്ഷം പാർട്ടികളും ഈ നിയമത്തിന് അനുകൂലമായി ഒറ്റക്കെട്ടായി നിന്നു. ഈ നിയമത്തിന്റെ സവിശേഷതകളിൽ ഒന്ന് ഇത് ഗാർഹിക അതിക്രമത്തെ തിരിച്ചറിയാൻ തയ്യാറായി എന്നതാണ്.വിപുലമായ വിധത്തിൽ നിയമം ഗാർഹിക അതിക്രമത്തെ നിർവ്വചിക്കുന്നു.
1.വാക്കു കൊണ്ടും വൈകാരികവുമായ അതിക്രമം (verbal and emotional violence)
2.ശാരീരിക അതിക്രമം (Physical violence
3.സാമ്പത്തിക അതിക്രമം (Economic violence)
4.ലൈംഗികാതിക്രമം (Sexual violence)
എന്നിങ്ങനെ നാല് തലങ്ങളിലായി വിവിധ തരം അതിക്രമങ്ങളെ അതിക്രമങ്ങളായി തന്നെ തിരിച്ചറിയാൻ ഈ നിയമത്തിന് കഴിഞ്ഞു.
കുടുംബത്തിനകത്തെ അതിക്രമം അനുഭവിക്കുന്ന സ്ത്രീ ഭാര്യ മാത്രമായിരുന്നു. ഈ നിയമം വരും വരെ. എന്നാൽ എതിർ കക്ഷിയുമായി രക്തബന്ധത്തിൽ പെട്ട സ്ത്രീ (അമ്മ, മകൾ, സഹോദരി, വലിയമ്മ, ചെറിയമ്മ, അമ്മായി, അച്ഛമ്മ, അമ്മമ്മ, മുത്തശ്ശി തുടങ്ങിയവർ). വിവാഹ ബന്ധത്തിൽ പെട്ട സ്ത്രീ (ഭാര്യ), വിവാഹം പോലത്തെ ബന്ധത്തിൽ പെട്ട സ്ത്രീകൾ (ലിവിംഗ് റ്റുഗെതർ ബന്ധത്തിൽ ഉൾപ്പെടെ) ഇവർക്കെല്ലാം ഈ നിയമപ്രകാരം സംരക്ഷണത്തിന് അവകാശം ഉണ്ട്; ഈ ഗണത്തിൽ പെട്ട എല്ലാ സ്ത്രീകൾക്കും പരാതിക്കാരികളായി കോടതിക്കു മുന്നിൽ എത്താം. പരാതിക്കാരിക്ക് പരാതിയുമായി കോടതിയിൽ എത്തിപ്പെടാൻ പ്രയാസമുണ്ടെങ്കിൽ മൂന്നാമതൊരാൾക്കും (third person) ഈ നിയമപ്രകാരം പരാതി ബോധിപ്പിക്കാം. വർഷങ്ങളോളം നീളുന്ന നിയമ യുദ്ധങ്ങളും അതിന്റെ സാമ്പത്തിക ചിലവുകളും കൂടെയാരുമില്ല എന്ന ചിന്തയുമൊക്കെ കാരണമാണ് പല സ്ത്രീകളും പരാതിക്കാരികളായി മാറാൻ ഭയക്കുന്നതും മടിക്കുന്നതും. അതിനെ മറികടക്കാൻ ഈ നിയമം തന്നെ പോംവഴി നിർദ്ദേശിക്കുന്നുണ്ട്. അതിലൊന്ന്, പെട്ടെന്ന് തീർപ്പു കൽപ്പിക്കണം എന്നതാണ്. പരാതി ബോധിപ്പിക്കുന്ന ഘട്ടത്തിൽ തന്നെ താത്കാലിക നിവൃത്തി (interim ex-parte order) ലഭ്യമാക്കുമെന്ന് നിയമം ഉറപ്പു വരുത്തുന്നു.
രണ്ടാമത് പരാതിക്കാരിക്ക് സൗജന്യ നിയമ സഹായം ഉറപ്പാക്കുന്ന സേവന ദാതാക്കളാണ് (Service Providing Centres) രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ നോൺ ഗവൺമെന്റൽ ഓർഗനൈസേഷനുകളാണ് ഈ നിയമ പ്രകാരം സേവന ദാതാക്കളായി തെരഞ്ഞെടുക്കപ്പെട്ടത്. അവിടെ എത്തുന്ന ഗാർഹിക അതിക്രമത്തിന്റെ ഇരയെ അതിജീവിതയായി മാറ്റി എടുക്കാൻ ഈ നിയമം പരാതിക്കാരിക്ക് വേണ്ട എല്ലാ സഹായങ്ങളും സൗജന്യമായി നൽകി വരുന്നു. ഫാമിലി കൗൺസലിംഗ്, നിയമ സഹായം, മെഡിക്കൽ സഹായം, താത്ക്കാലികമായി താമസിക്കാനുള്ള സംവിധാനം, ഇതൊക്കെ നിയമം വഴി തന്നെ ഉറപ്പാക്കുന്നുണ്ട്. കേരളത്തിൽ അത്തരം നൂറിൽ പരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവിടെയൊക്കെ സൗജന്യ നിയമ സഹായം ഉറപ്പാക്കാൻ ലീഗൽ കൗൺസിലർമാരായി പരിചയസമ്പന്നരായ വനിതാ അഭിഭാഷകരുടെ സേവനം ലഭ്യമാണ്. ഇതിനു പുറമെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വുമൺ പ്രൊട്ടക്ഷൻ ഓഫീസുകളും പ്രൊട്ടക്ഷൻ ഓഫീസർമാരുമുണ്ട്. പരാതിക്കാരിക്കൊപ്പം തന്നെ നിയമം നിർദ്ദേശിക്കുന്ന സംവിധാനങ്ങളുമുണ്ട്.
നിയമം വന്നു, പക്ഷെ നേടിയോ ലക്ഷ്യം?
ജനാധിപത്യം നിലനിർത്താൻ കഴിയുന്ന ഗാർഹികാന്തരീക്ഷമാണ് ഈ നിയമം ലക്ഷ്യം വെക്കുന്നത്. പക്ഷെ നിയമത്തെ ആ നിലക്ക് ഉൾക്കൊള്ളാൻ നമ്മുടെ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് നിയമത്തിന്റെ 17 വർഷത്തെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്. കോടതി മുറികളുടെ സ്ത്രീപക്ഷ സമീപനമില്ലായ്മ നിയമത്തിന്റെ നടത്തിപ്പിനെ വലിയ രീതിയിൽ ബാധിച്ചു. മജിസ്ട്രേറ്റ് കോടതി മുതൽ സുപ്രീം കോടതി വരെ ഇത് കാണാനായി. പല നിലക്കും നിയമത്തെ ദുർബലപ്പെടുത്തുന്ന നിലപാടുകളും വിധിന്യായങ്ങളുണ്ടായി.പരാതിക്കാരികളോട് വളരെ ഇൻസെൻസിബ് ളായി പെരുമാറുന്ന കോടതി മുറികളെ കണ്ടു.
അച്ഛനെ കൊന്ന കേസിലെ പ്രതിയായ ഭർത്താവ് പരോളിലിറങ്ങി വീട്ടിലേക്ക് വരുമോ അയാൾക്കെതിരെ സാക്ഷി പറഞ്ഞ തന്നെയും മകനെയും ഉപദ്രവിക്കുമോ എന്ന ആധിയിൽ ഭർത്താവ് വീട്ടിൽ വരുന്നത് തടഞ്ഞു കൊണ്ട് ഉത്തരവ് വാങ്ങാനായി കോടതിയിൽ എത്തിയ സ്ത്രീയോട് അച്ഛനോ മരിച്ചില്ലേ ഭർത്താവെങ്കിലും വേണ്ടേ ജീവിതത്തിൽ എന്ന് ചോദിക്കുന്നത് കോടതിയിൽ നിന്നു കേട്ടു. ഭാര്യക്കെതിരായി അപകീർത്തികരമായ കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന ഭർത്താവിനെ അതിൽ നിന്നും തടയുന്നതിനായി കോടതിയെ സമീപിച്ച കോളേജ് അധ്യാപികയായ പരാതിക്കാരിയോട് നിങ്ങൾക്കിതൊക്കെ സംസാരിച്ച് പരിഹരിച്ചാൽ പോരെ അയാളെ ഇന്ത്യയിൽ നിന്നു തന്നെ പുറത്താക്കണോ എന്ന പരിഹാസവും പരസ്യമായി കേട്ടു കോടതിയിൽ നിന്നും. മാസമുറ സമയത്തു മാത്രം ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് മാനസികാരോഗ്യം തകരുന്നതിന് കാരണമായപ്പോൾ നിവൃത്തിയില്ലാതെ കോടതിയെ സമീപിച്ച അമ്പലത്തിൽ വഴിപാട് ക്ലർക്കായി ജോലി ചെയ്യുന്ന പരാതിക്കാരിക്ക് ഇതും കോടതി പറഞ്ഞ് തടഞ്ഞു തരണോ എന്ന പരിഹാസത്തെ നേരിടേണ്ടി വന്നു അവർക്ക്. ജാതക പ്രകാരം ഈ ദിവസത്തിനകം വിവാഹം കഴിക്കണം എന്ന വീട്ടുകാരുടെ സമ്മർദ്ദത്തിന്റെ ഭാഗമായി മുറിയിൽ പൂട്ടിയിടപ്പെട്ട പെൺകുട്ടി തന്റെ P G പരീക്ഷ കഴിയുന്നതു വരെ വിവാഹത്തിന് നിർബന്ധിക്കുന്നത് തടഞ്ഞ് വൈകാരിക പീഡനത്തിൽ നിന്നും രക്ഷ നേടാൻ കോടതിയിൽ എത്തിയപ്പോൾ പരീക്ഷയൊക്കെ ഇനിയും വരില്ലേ അച്ഛനമ്മമാരെ ഇങ്ങനെ നോവിക്കണോ എന്ന ചോദ്യം കൊണ്ട് പരാതിക്കാരിയെ ഇമോഷണൽ ട്രോമയിലാക്കി കോടതി.
എന്നിട്ടും മറ്റു മാർഗ്ഗങ്ങളില്ലാതെ ഗാർഹികാതിക്രമങ്ങൾ സഹിക്കാനാവാത്ത അവസ്ഥയിൽ കോടതി പടികൾ കയറി സ്ത്രീകൾ വന്നുകൊണ്ടേയിരിക്കുന്നു. അന്തസുളള മനുഷ്യരായി ജീവിക്കുന്നതിന് ഒരു കച്ചിത്തുരുമ്പായി എങ്കിലും നിയമത്തെ ഉപയോഗപ്പെടുത്താൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിയമം എന്ന നിലക്ക് സ്ത്രീപക്ഷ സമീപനവും ഗാർഹികാതിക്രമ രഹിത സ്ത്രീജീവിതവും ലക്ഷ്യം വെക്കുമ്പോഴും അതിന്റെ നടത്തിപ്പിൽ അത്രമാത്രം മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. പിറവിയിൽ തന്നെ വന്ന ചില പരിമിതികളും ദുരുപയോഗം സംബന്ധിച്ച അമിത ഉത്കണ്ഠയും നിയമത്തിന് കുടുംബത്തിനകത്തെ സ്ത്രീകളുടെ ജീവിതത്തിൽ കാതലായ മാറ്റങ്ങൾ ഉണ്ടാക്കാനായില്ല. പെരുകിയ ഗാർഹികാതിക്രമങ്ങൾ തടയാനുള്ള പല ആയുധങ്ങളിൽ ഒന്നായി മാത്രം അത് പരിമിതപെട്ടിരിക്കുകയാണ് ഇപ്പോൾ.
ന്യായാധിപരും മാറണം
ഭാര്യയെ ഒരടി അടിക്കുന്നതിൽ തെറ്റുണ്ടോ എന്ന് ഒരു ചോദ്യം ന്യായാധിപരോട് ചോദിച്ചു. ഈ നിയമത്തിന്റെ അഞ്ചാം വർഷം, ന്യായാധിപരെ ജെൻഡർ സെൻസിറ്റൈസ് ചെയ്യാൻ നടത്തിയ ട്രെയിനിംഗിന്റെ ഭാഗമായിരുന്നു. 64 ശതമാനം ന്യായാധിപരുടെയും അഭിപ്രായം ഒരടി അടിക്കുന്നതിലൊന്നും തെറ്റില്ല എന്നതായിരുന്നു. വാക്കു കൊണ്ടും വൈകാരികവുമായ അതിക്രമങ്ങളെ പോലും ഗാർഹിക പീഡനമായി കണക്കാക്കുന്ന, അടിക്കാൻ ഓങ്ങുന്നത് പോലും (ശരീരത്തിൽ കൊള്ളണമെന്നില്ല) ശാരീരിക അതിക്രമമായി കരുതുന്ന ഒരു നിയമം പ്രാബല്യത്തിൽ വന്ന് അഞ്ച് വർഷത്തിന് ശേഷമാണ് എന്ന് ഓർക്കണം, അതും ഈ നിയമം ആധാരമാക്കിയുള്ള അഞ്ച് ദിവസത്തെ ജെൻഡർ സൈൻസിറ്റൈസേഷന് ശേഷം. ഞെട്ടലുണ്ടാക്കുന്നതാണെങ്കിലും ഇതാണ് നമ്മുടെ മുന്നിലെ വസ്തുത.ഭരണഘടനാ മൂല്യങ്ങൾക്കും ഗാർഹികാതിക്രമ നിയമത്തിന്റെ സ്ത്രീ പക്ഷ സമീപനങ്ങൾക്കും അപ്പുറം വ്യക്തി ജീവിതത്തിൽ പാട്രിയാർക്കിയുടെ സ്ത്രീ വിരുദ്ധ ആശയങ്ങൾ എത്ര വലിയ സ്വാധീനമാണ് എന്നത് ബോധ്യപ്പെട്ട ഒരു അവസരം കൂടിയായിരുന്നു അത്.
കുടുംബങ്ങളെ ജനാധിപത്യവത്ക്കരിക്കാൻ ഭരണഘടനയിലെ തുല്യത വഴിയോ, പ്രത്യേക നിയമങ്ങളുടെ നിർമ്മാണം വഴിയോ മാത്രം സാധിക്കില്ല എന്നതിന് ഇങ്ങനെയുള്ള തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. സ്ത്രീക്ക് തുല്യത "നൽകിയാൽ" ഗൃഹപരിപാലനം, ശിശു പരിപാലനം, പശു പരിപാലനം ഒക്കെ പിന്നെ ആരു നിർവഹിക്കും എന്ന ഉത്കണ്ഠ ഭരണഘടനയുടെ പിറവി കാലത്ത് തന്നെ മനുവാദികൾ മുന്നോട്ട് വച്ചതാണ്. കാലം കുറേ കടന്നുപോയിട്ടും, നിരവധി സ്ത്രീമുന്നേറ്റങ്ങൾ നമുക്ക് ചുറ്റിലും നടന്നിട്ടും അതിന്റെ സ്വാധീനം വീടിന്റെ പടി കടത്തി കൊണ്ട് വരുന്നത് ഇപ്പോഴും വളരെ ശ്രമകരമാണ്. കുടുംബം എന്നത് എന്നും ഇങ്ങനെയല്ലായിരുന്നു എന്നതും, മാനവ വികാസ ചരിത്രത്തിൽ നിരന്തരം മാറ്റങ്ങൾക്ക് വിധേയമായ ഒന്നാണ് എന്നും, അതുകൊണ്ട് തന്നെ സ്ത്രീകളെ തുല്യരായി കാണാൻ കഴിയാത്ത ഇപ്പോഴത്തെ കുടുംബഘടന മാതൃകാപരമായ ഒന്നല്ല എന്നുമുള്ള അടിസ്ഥാന ധാരണകൾ വികസിക്കാത്ത ഒരിടത്ത് ഇത്തരം നിയമങ്ങൾക്ക് കടലാസിന്റെ വില പോലും ഉണ്ടാവില്ല എന്നത് ഈ നിയമത്തിന്റെ പതിനേഴ് വർഷത്തെ അനുഭവസാക്ഷ്യം. അങ്ങനെ പറയുമ്പോഴും മേൽ പറഞ്ഞ ലക്ഷ്യം നേടാൻ നമുക്ക് അതും ഒരു ആയുധം തന്നെ എന്ന ശുഭാപ്തി വിശ്വാസം തന്നെയുമാണ് വേണ്ടത്.