ഡി വൈ ചന്ദ്രചൂട്
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെതിരെ ഓൺലൈൻ ആക്രമണം
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ ഓൺലൈൻ ആക്രമണം. മഹാരാഷ്ട്രയിലെ ഭരണപക്ഷാനുഭാവികളെന്നു കരുതപ്പെടുന്ന ട്രോൾ ആർമി എന്ന ഓൺലൈൻ ഗ്രൂപ്പാണ് ആക്രമണം അഴിച്ചുവിടുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് 13 പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്ത് നൽകി. അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും ഇതേ വിഷയത്തിൽ രാഷ്ട്രപതിക്ക് പ്രത്യേകം കത്ത് നൽകിയിട്ടുണ്ട്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ വീഴ്ചക്ക് കാരണമായ വിശ്വാസ വോട്ടെടുപ്പിന് അനുമതി നൽകിയ മുൻ ഗവർണർ ഭഗത് സിംഗ് കോഷിയാരിയുടെ നടപടിയുടെ സാധുത സംബന്ധിച്ച പരാമർശം നടത്തിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ആക്രമണം എന്ന് പ്രതിപക്ഷ നേതാക്കൾ തങ്ങളുടെ കത്തിൽ വ്യക്തമാക്കി. ഗവർണ്ണറുടെ നടപടിയുമായി ബന്ധപ്പെട്ട കേസിന്റെ വാദം കേൾക്കലിനിടയിലാണ് ചീഫ് ജസ്റ്റിസ് പരാമർശങ്ങൾ നടത്തിയത്. മോശം പദപ്രയോഗങ്ങൾ ഉപയോഗിച്ചുള്ള ട്രോൾ നിലവിൽ നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്.