അസഹിഷ്ണുതയാൽ അർത്ഥശൂന്യമാകുന്ന ജനാധിപത്യമൂല്യങ്ങൾ
PHOTO: WIKI COMMONS
ക്ലാസുകളിലേക്ക് ഹിജാബ് ധരിക്കുന്നത് സംബന്ധിച്ചു കർണാടകയിൽ വിവാദങ്ങൾ കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ വിസ്മരിക്കപ്പെടുന്ന ഒന്നാണ് സഹിഷ്ണുത എന്ന സങ്കല്പം. മതപരവും വംശീയവുമായ ബഹുസ്വരത നിലനിൽക്കുന്ന ഇന്ത്യ പോലൊരു ഭരണ സംവിധാനത്തിന് തികച്ചും അടിസ്ഥാന പ്രമാണമാകേണ്ട ഒന്നാണ് സഹിഷ്ണുത. അതിന്റെ അഭാവത്തിൽ ജനാധിപത്യം എന്ന ആശയം ശൂന്യവും നിരർത്ഥകവുമായി തീരുന്നു. സഹിഷ്ണുത എന്നത്, കുറഞ്ഞ പക്ഷം, വിരുദ്ധാഭിപ്രായങ്ങളോടും ആചാരസംഹിതകളോടും ഒത്തുചേർന്നു പോവുക എന്നതിനെ സൂചിപ്പിക്കുന്നു.
ഒരു വ്യക്തിയുടെ പ്രവൃത്തികൾ മറ്റുള്ളവർക്ക് ഹാനികരമോ ഹാനികരമാകാനുള്ള സാധ്യതയോ ഇല്ലാത്ത പക്ഷം, അവയോടുള്ള ഇഷ്ടക്കേടുകളോ സാമൂഹികമായ എതിരഭിപ്രായങ്ങളോ ഭരണകൂട ഇടപെടലിന് മതിയായ കാരണങ്ങൾ അല്ല എന്ന തത്വം അഥവാ ‘നോ ഹാം ടെസ്റ്റ്’ ആണ് സാധാരണഗതിയിൽ പിന്തുടരേണ്ടതായി പറയാറുള്ളത്. സഹിഷ്ണുതയുടെ ഏറ്റവും വിശാലമായ അർത്ഥത്തിൽ ആലോചിക്കുകയാണെങ്കിൽ ‘ഹാനി’ എന്നത് അതീവ സൂക്ഷ്മമായി നിർവചിക്കേണ്ട ഒന്നാകും. എന്നാൽ, പലപ്പോഴും “ക്രമാസമാധാനത്തിനു” ഹാനികരമായേക്കാം എന്ന അനുമാനങ്ങൾ അടിസ്ഥാനമാക്കി ഭരണകൂടം വിശ്വാസസംഹിതകളോടും ആചാരാനുഷ്ഠാനങ്ങളോടുമുള്ള സഹിഷ്ണുതയെ നിയന്ത്രിക്കാറുണ്ട്. അതിന്റെ ഏറ്റവും ലളിതമായ വ്യാഖ്യാനത്തിൽ പോലും, “ക്രമസമാധാനതകർച്ച” എന്നത് വിശ്വാസപ്രമാണങ്ങളോ ആചാരാനുഷ്ഠാനങ്ങളോ മൂലം ഉണ്ടാകുന്ന മൂർത്തമായ ‘ഹാനി’യെ ആണ് അർത്ഥമാക്കുന്നതെന്നും ഊഹാപോഹങ്ങളെയോ അനുമാനങ്ങളെയോ അടിസ്ഥാനപ്പെടുത്തിയുള്ളവ അല്ലെന്നുളളതും വ്യക്തമാണ്.
ഒരു കൂട്ടം ആളുകളുടെ വ്യവഹാരങ്ങൾ നിരോധിക്കുന്നതിന് മുൻപ് അവയുടെ ഗുണങ്ങളും ദോഷങ്ങളും തുലനം ചെയ്യുക, അവയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സൂക്ഷ്മവും വസ്തുതാപരവും ആണോയെന്ന് ഉറപ്പിക്കുക, എന്നീ പ്രക്രിയകൾ സഹിഷ്ണുതയുള്ള ഒരു സമൂഹത്തിൽ വളരെ പ്രധാനമാണ്. സഹിഷ്ണുത എന്ന പഴക്കമുള്ള ആശയം ഒരു ഔദാര്യമായോ രക്ഷാകർത്തൃ സ്വഭാവമുള്ള പ്രവൃത്തി ആയോ തെറ്റിദ്ധരിക്കപ്പെട്ടു പോന്നിരുന്നുവെങ്കിലും അതിന്റെ ആധുനിക ഭാഷ്യം കൃത്യമായും അവകാശങ്ങളുടെയും അർഹതകളുടെയും പശ്ചാത്തലത്തിലാണ് ചർച്ച ചെയ്യപ്പെടേണ്ടത് എന്നത് പ്രധാനമാണ്. ഗുജറാത്തിലെ സഞ്ജനിലെ രാജാവ് ജഡി (Jadi) റാണാ സരതുഷ്ടമതക്കാർക്ക് അഭയം നൽകിയപ്പോൾ അവരുടെ വിശ്വാസം സ്വകാര്യമായി ആചരിക്കാനുള്ള സമ്മതം നൽകിയതിനെ പറ്റിയൊരു പാർസി കിസ്സ പ്രചാരത്തിലുണ്ട്. അതൊരു ഭരണാധികാരിയുടെ ഔദാര്യമോ മഹാമനസ്കതയോ ആയി കണക്കാക്കാവുന്നതാണ്. അത് പോലെ തന്നെ, വളരെ കൊണ്ടാടപ്പെട്ട ഒട്ടോമാൻ തുർക് മില്ലറ്റ് സിസ്റ്റത്തിൽ മതന്യൂനപക്ഷങ്ങൾക്ക് വ്യക്തി നിയമങ്ങൾ വഴി മതപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യങ്ങൾ നൽകി പോന്നിരുന്നു. എന്നാൽ, ഇവയൊന്നും തന്നെ രാഷ്ട്രീയ നയതന്ത്ര അധികാരസ്ഥാനങ്ങളിലേക്ക് അവരെ എത്തിക്കാൻ പ്രാപ്തിയുള്ളവയായിരുന്നില്ല. മൗര്യൻ ചക്രവർത്തി അശോകന്റെ ശാസനയാണ് മതസ്വാതന്ത്ര്യത്തിനോടൊപ്പം അപരനുണ്ടായേക്കാവുന്ന ഹാനി എന്ന ആശയം ചേർത്ത് വച്ചതു. അതായത്, സ്വന്തം മതത്തിന്റെ സ്തുതിയും അപരന്റേതിനോടുള്ള വിമർശനവും, രണ്ടും മിതമായിരിക്കണം എന്നത്. സഹിഷ്ണുത എന്ന സങ്കല്പം മുൻപും നിലനിന്നിരുന്നുവെങ്കിലും, അവ കൂടുതലും വിശ്വാസങ്ങളെ അടിസ്ഥനപ്പെടുത്തി ഉള്ളവയായിരുന്നു. മതനിരപേക്ഷമായ സമത്വം ഒരു വിദൂര സ്വപ്നം മാത്രമായിരുന്നു.
ഭരണഘടനാപരമായ സ്വാതന്ത്ര്യങ്ങൾ
എന്നാൽ, ആധുനിക ഇന്ത്യൻ ഭരണഘടന ഈ പ്രതിസന്ധികളെ മറികടന്ന് സഹിഷ്ണുത എന്ന സങ്കൽപ്പത്തെ അതിന്റെ വിശാലതയിൽ ഉൾകൊള്ളുന്നു. അലംഘനീയമായ ഈ അവകാവശങ്ങളുടെ വാഹകർ ഇവിടെ വ്യക്തികളാണ്, സമൂഹങ്ങളോ സംഘങ്ങളോ അല്ല. അത് പോലെ, വ്യക്തികൾക്ക് മതഘടനകളിൽ നിന്ന് പുറത്തു പോകാനോ, അതിന്റെ ഭാഗമായി കൊണ്ട് തന്നെ പരിഷ്കാരങ്ങളും പരിവർത്തനങ്ങളും സാധ്യമാക്കാനോ കഴിയേണ്ടതാണ്. മതസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള സാഹചര്യങ്ങൾ പ്രധാനമായും ക്രമസമാധാനം, ധാർമികത, ആരോഗ്യം എന്നിവയെ സംബന്ധിക്കുന്നതാണ്. നമ്മുടേത് പോലുള്ള സങ്കീർണമായ ഒരു വ്യവസ്ഥിതിയിൽ സ്വാതന്ത്ര്യം എന്നതിന്റെയും, അത് നിയന്ത്രിക്കാനുള്ള സാഹചര്യങ്ങളുടെയും വ്യാഖ്യാനങ്ങൾ അങ്ങേയറ്റം ജാഗ്രത ആവശ്യപെടുന്നു. ഇല്ലെങ്കിൽ ഒരു പക്ഷെ അവ പരസ്പരവിരുദ്ധമായ രണ്ട് ആരോപണങ്ങൾക്ക് കാരണമായേക്കാം - ഭൂരിപക്ഷ ഹിംസയും ന്യൂനപക്ഷ പ്രീണനവും. ഹിജാബിനെതിരെ പലവിധ എതിർപ്പുകളുണ്ട്. അതിൽ പ്രത്യക്ഷത്തിൽ ഏറ്റവുമധികം മുഴങ്ങി കേൾക്കുന്നത് ഹിന്ദുത്വ പ്രവർത്തകരുടേതാണ്. അവരുടെ വാദം ഏകതാനത (uniformity) അടിസ്ഥനമാക്കിയുള്ളതാണ്, ഒരു പോലെയുള്ള വസ്ത്രങ്ങൾ മുതൽ യൂണിഫോം സിവിൽ കോഡ് വരെ. ഇവിടെ സാർവലൗകികതയും (universality) ഏകതാനതയും (uniformity) ഒന്നായി കണ്ട് ഒരു ആശയകുഴപ്പം ഉണ്ടായിരിക്കുന്നു. ഈ ഏകതാനതയുടെ സാംസ്കാരിക ചിഹ്നങ്ങളാകട്ടെ, യാതൊരു സംശയവുമില്ലാത്തവണ്ണം പ്രബലമായ സംസ്കാരത്തിന്റെ ആചാര വിശ്വാസ വ്യവഹാരങ്ങളിൽ നിന്നും കടം കൊണ്ടവയാണ്.
ഇന്ത്യയിൽ ഇസ്‌ലാമും മുസ്ലിങ്ങളും വെറുപ്പിന്റെ പാത്രങ്ങളായിട്ടുണ്ടെങ്കിലും, ഇപ്പറഞ്ഞ വാദം മറ്റുപലരെയും എതിർക്കാനും ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, വാലെന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് എതിരെ ജനങ്ങളെ ഉത്ബോധിപ്പിക്കാൻ, പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്ക് എതിരെ സംസാരിക്കാൻ, പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ, കാതോലിക്കാ സഭയുടെ കീഴിൽ വരുന്ന സ്കൂളുകളിലെ വസ്ത്രരീതികൾക്കെതിരെ പ്രതിഷേധിക്കാൻ. സഹിഷ്ണുതയുടെ ഏറ്റവും പ്രാഥമികമായ പ്രമാണങ്ങൾക്ക് വിരുദ്ധമാണ് ഇത്തരമൊരു മേധാവിത്വവാദം. രണ്ടാമതൊരു വാദം മതേതര ആധുനിക ആശയങ്ങൾ പിൻപറ്റുന്ന ഒരു വിഭാഗത്തിന്റേതാണ്. ഇവർക്കാകട്ടെ പരമ്പരാഗത സമ്പ്രദായങ്ങളും ആചാരങ്ങളുമെല്ലാം അരോചകമായും അവയുടെ സാമൂഹ്യ ദൃശ്യത ലിബറൽ മൂല്യങ്ങളോടും അഭിരുചികളോടും ചേർന്ന് നിൽക്കാത്തതായും തോന്നുന്നു. ഈ വാദം പിൻപറ്റുന്ന ഫെമിനിസ്റ്റുകൾ ഹിജാബ് വിലക്കിനെ അനുകൂലിക്കുകയും അത് അടിമത്തത്തിന്റെ ചിഹ്നമാണെന്ന കാരണത്താൽ വിലക്കിനെതിരെയുള്ള പ്രതിഷേധങ്ങളെ പിന്തുണക്കാതിരിക്കുകയും ചെയ്യുന്നു.
സാധാരണയായി വസ്ത്രധാരണം, തൊഴിൽ, പങ്കാളികൾ, ലൈംഗികത എന്നിവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ സംബന്ധിച്ച് ലിബറൽ ഫെമിനിസ്റ്റുകൾ ഉയർത്താറുള്ള ‘ചോയ്സ്’ എന്ന വാദം ഇവിടെ തിരസ്കരിക്കപ്പെടുന്നു. ആധുനികതയിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പാത മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്ന മുൻവിധിയാണ് ഈ വാദത്തിന്റെ അടിസ്ഥാനം. മറ്റൊരു വാദം ബോധനരീതികളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് . യൂണിഫോമിനെ സംബന്ധിച്ച തീരുമാനങ്ങൾ സ്കൂളുകളുടെ അധികാരപരിധിയിൽ വരുന്നതാണെന്നും, അതിന്റെ ഉദ്ദേശം പല വരുമാനങ്ങൾ ഉള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ തമ്മിലുള്ള വേർതിരിവുകൾ ഇല്ലാതാക്കാൻ ആണെന്നതും. എന്നാൽ, വർഗപരമായ വ്യത്യാസങ്ങൾ ഇന്ന് വിദ്യാർത്ഥികളുടെ വസ്ത്രധാരണങ്ങൾക്കപ്പുറം, ഏതു തരത്തിലുള്ള വിദ്യാഭാസ സ്ഥാപനങ്ങളിൽ അവർക്ക് പോകാൻ കഴിയുന്നുവെന്നത് മുതൽ ചിന്തിച്ചു തുടങ്ങിയാൽ ഈ വാദത്തിനു കഴമ്പില്ലാതാകുന്നു. ഈ രാജ്യത്തെ വിദ്യാഭാസ സമ്പ്രദായം അസമത്വത്തെ പരിഹരിക്കുന്നതിന് പകരം, അവയെ ഘടനാപരമായി തന്നെ പുനരുത്പാദിപ്പിക്കുന്നു . ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരേ യൂണിഫോം എന്നത് തീർത്തും ഉപരിപ്ലവമായ ഒരു ആശയമാകുന്നു. മാത്രമല്ല, ഹിജാബിനെയോ ടർബനെയോ പിന്തുണക്കുന്നവർ യൂണിഫോമിന് എതിരുമല്ല . അവരവരുടെ വിശ്വാസസംഹിതകൾ ഉൾക്കൊള്ളിക്കാൻ അതിൽ ചെറിയൊരു മാറ്റം മാത്രമേ അവർ ആവശ്യപെടുന്നുള്ളു.
‘എസ്സെൻഷ്യൽ പ്രാക്റ്റീസസ്’
പിന്നെയുള്ളത് മതം, മതഗ്രന്ഥങ്ങൾ, നൈതികത എന്നിവയെ സംബന്ധിച്ച വ്യാഖ്യാനശാസ്ത്രങ്ങളാണ്. ഒരു കൂട്ടർ ഹിജാബ് ഒരു ഇസ്ലാമിക് രീതി അല്ലായെന്ന് അവകാശപ്പെടുമ്പോൾ, മറ്റൊരു കൂട്ടർ മതം മാത്രമാണ് അവരെ അതുപയോഗിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് സമർത്ഥിക്കുന്നു. പ്രശ്നം എന്താണെന്നു വച്ചാൽ, ഇത് മതത്തിനകത്തു നടക്കുന്ന വ്യാഖാനപരമായ തർക്കങ്ങളിൽ ഒതുങ്ങുന്നില്ല എന്നതാണ്. ഇവരെല്ലാം ആധുനിക കോടതികളുടെ ഇടപെടൽ ആവശ്യപ്പെടുന്നുണ്ട്. കോടതികളാകട്ടെ,ശിരൂർ മഠം കേസ് മുതൽ ആനന്ദ് മാർഗി കേസിൽ വരെ ചെയ്തത് അവരുടെ കണ്ണിൽ “അത്യന്താപേക്ഷിതം” എന്ന് തോന്നുന്ന ആചാരങ്ങൾക്ക് മാത്രം നിയമപരമായ സംരക്ഷണം കൊടുക്കുക എന്നതാണ്. നിയമാനുസൃതമായി ഹിജാബ് അനുവദിക്കണമെങ്കിൽ അത് ‘എസ്സെൻഷ്യൽ പ്രാക്ടീസ്’ ന്റെ ചട്ടക്കൂടിൽ വരേണ്ടതുണ്ട്. എന്നാൽ, ഇത് മതത്തിനെ ഏകതാനമായി കാണാൻ പ്രോത്സാഹിപ്പിക്കുന്നു. കോടതികൾ ശെരി വയ്ക്കുന്ന മതഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭാഷ്യത്തെക്കാൾ നിത്യജീവിതത്തോടു അടുത്ത് നില്കുന്നത് വിശ്വാസികൾ ആചരിച്ചു പോരുന്ന വ്യവഹാരങ്ങളാണ്. ഇതെല്ലാം കൊണ്ട് തന്നെ, ഹിജാബിനെ പറ്റി കർണാടകയിലെ മുസ്ലിം പെൺകുട്ടികൾ ഉയർത്തിയ ചോദ്യം വളരെ സങ്കീർണമാണ്. മതേതരത്വം എപ്രകാരം ആയിരിക്കണം, ഏകതാനതയും സാർവലൗകികതയും തമ്മിൽ, സ്ത്രീയുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അടിമത്വവും തമ്മിൽ, എന്നിങ്ങനെയുള്ള ഹിജാബിനപ്പുറമുള്ള തർക്കങ്ങളെ അവ മുന്നോട്ടു വയ്ക്കുന്നു. പടിഞ്ഞാറേ യൂറോപ്പിലെ പല നേഷൻ സ്റ്റേറ്റുകളും കാലങ്ങളായി മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു ചോദ്യം ആണിത്.
വല്ലപ്പോഴും പൊട്ടിപുറപ്പെടുന്ന പ്രശ്നങ്ങൾ മാറ്റി നിറുത്തിയാൽ, ഇന്ത്യയിൽ സ്വത്വം (identity) സംബന്ധിച്ച ഈ വിഷയം കുറച്ചു കൂടി ശാന്തമായി പരിഹരിച്ചു പോന്നിരുന്നതായി തോന്നുന്നു. അതിനു ശക്തിയേകിയത് സഹിഷ്ണുത (toleration) എന്ന സങ്കല്പം തന്നെയാണ്. നേരത്തെ പ്രതിപാദിച്ച ‘നോ ഹാം ടെസ്റ്റ്' ഇവിടെ പ്രധാനമാണ്. ഇത് പ്രകാരം ‘അമൂർത്തമായ ഹാനിയും’ ‘മൂർത്തമായ ഹാനിയും’ തമ്മിലുള്ള വേർതിരിവ് നിർണായകമാകുന്നു. ഊഹാപോഹങ്ങൾ, അനുമാനങ്ങൾ, പ്രബലമായ സാംസ്കാരികസംഘങ്ങളുടെ മുൻവിധികൾ, വിമോചനത്തെപ്പറ്റിയുള്ള ഉട്ടോപ്യൻ ധാരണകൾ എന്നിവ മേല്പറഞ്ഞ ഒന്നാം വകുപ്പിൽ പെടുമ്പോൾ, രണ്ടാമത്തെ വകുപ്പ് വ്യക്തികൾക്കും, സമൂഹങ്ങൾക്കും ഉപദ്രവം ചെയുന്നു. ഹിജാബ് ധരിക്കുന്നതോ, താടി വളർത്തുന്നതോ, ടർബനോ തൊപ്പിയോ വയ്ക്കുന്നതോ മൂലം ആർക്കും യാതൊരു ഉപദ്രവവും ഉണ്ടാകുന്നില്ല. മറിച്ച്, അവ ധരിക്കാൻ വിലക്കുന്നത് മൂലം വ്യക്തികൾക്ക് വിദ്യാഭാസം നേടാനോ, തൊഴിൽ ചെയ്യാനോ സാധിക്കാതെ വരുന്നു. നമ്മളിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത് രണ്ടു തരത്തിലുള്ള പ്രവൃത്തികളെ തത്തുല്യമായി കാണുന്ന ഒരു അവസ്ഥയാണ് വിശ്വാസപ്രമാണങ്ങൾ സ്വന്തം ശരീരത്തിൽ ആവിഷ്കരിക്കാൻ ആഗ്രഹിക്കുന്നവരും, ക്രമാസമാധാനത്തിന്റെ പേരിൽ ആ ചിഹ്നങ്ങൾ ബലാൽക്കാരമായി തന്നെ പൊതു സമൂഹത്തിൽ നിന്ന് മായ്ച്ചു കളയാൻ ആഗ്രഹിക്കുന്നവരെയും. വൈവിധ്യമാർന്നതും, ഭിന്നിപ്പിക്കപ്പെട്ടതുമായ സമൂഹങ്ങളിൽ ഏകീകരണം (integration) ഒരു വെല്ലുവിളിയാണ്. സഹിഷ്ണുത അതിനു ജാമ്യം നിൽക്കുന്നു.
ഹൈദരാബാദ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ തന്‍വീര്‍ ഫസല്‍ കര്‍ണ്ണാടകയില്‍ ഹിജാബ് നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ സ്ക്രോൾ ഡോട്ട് ഇന്നിൽ എഴുതിയ ലേഖനം.
പരിഭാഷ: അപര്‍ണ്ണ. ആര്‍.