TMJ
searchnav-menu
post-thumbnail

Outlook

അതിജീവനത്തിന്റെ 365 വനിതാ ദിനങ്ങള്‍

08 Mar 2022   |   1 min Read
അനു പാപ്പച്ചന്‍

രോ വനിതാ ദിനവും ബാക്കി 364 ദിവസവും പൊരുതണമെന്ന ഓർമ്മപ്പെടുത്തലാണ്. "Yes, I fight" എന്ന് നടി ഭാവനയ്ക്ക് ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കാനായതിന്റെ പിന്നിലും കടന്നു പോന്ന പോരാട്ടത്തിന്റെ ഉരുക്കങ്ങളുണ്ട്. പെൺ വിദ്യാഭ്യാസത്തിലും സാക്ഷരതയിലും അഭിമാനിക്കുന്ന കേരളത്തിൽ, സാമൂഹിക പ്രായോഗികതകളുടെ ഇടങ്ങളിൽ സ്ത്രീകൾ സ്വയം നിർണ്ണയാവകാശമില്ലാത്തവരായി തുടരുന്നു, ശബ്ദിച്ചാൽ സംഘർഷപ്പെടേണ്ടി വരുന്നു എന്ന വിരോധാഭാസത്തെയാണ് അനുദിനം നേരിടേണ്ടി വരുന്നത് .എങ്കിലും ഈ വൈരുദ്ധ്യം തിരുത്തിയേ മതിയാകൂ എന്ന ഉറച്ച ബോധ്യമുള്ള തലമുറ വളരുന്നുവെന്നതും അവരോട് ഐകദാർഢ്യപ്പെടാൻ മുൻ തലമുറയിലെ ചിലരെങ്കിലും ഉണ്ടാകുന്നു എന്നതും ഊർജം നല്കുന്നു..

ജനാധിപത്യ മാതൃകയെന്ന് പുകഴ്ത്തി ചൂണ്ടിക്കാട്ടുന്ന ഒരു രാജ്യത്ത് ജനസംഖ്യയുടെ പകുതി വരുന്ന സ്ത്രീ സമൂഹം ജനാധിപത്യ ഇടത്തിൽ നിന്നു പുറത്താണ്. കുടുംബം മുതൽ ഓരോ അടരുകളിലും, സ്വയംപര്യാപ്തരായി സ്വന്തം കാലിൽ നില്ക്കുന്ന സ്ത്രീകൾക്കു പോലും വ്യക്തിസ്വാതന്ത്ര്യത്തിന്റെ തുറസ്സുകള്‍ പിടിച്ചു വാങ്ങേണ്ടുന്ന സാഹചര്യങ്ങൾ പല മേഖലയിലുമുണ്ട്. തൊഴിലോ, സാമ്പത്തിക സ്വാതന്ത്ര്യമോ, സുരക്ഷിതത്വമോ ഇല്ലാത്തവരുടെ അരക്ഷിതാവസ്ഥ അതിഭീകരവുമാണ്. ഒരു പൗര എന്ന നിലയില്‍ ഈ രാജ്യത്തെ ജീവിതം പല നിലക്കും ദുരന്തമാണ്.

ജന്മി-അടിമത്ത അധികാര രൂപങ്ങളിൽ നിന്ന് മുതലാളിത്ത - കമ്പോള ലോകത്തിലേക്ക് കാലം മാറിയപ്പോഴും പാട്രിയാർക്കിയുടെ വേരു ബലമുള്ള വ്യവസ്ഥയുടെ വര്‍ഗ്ഗപരമായ അടിച്ചമര്‍ത്തല്‍ പിന്നാലെ തന്നെയുണ്ട്. സാങ്കേതിക - വ്യാവസായിക -ശാസ്ത്ര പുരോഗതികളിൽ കയ്യടിക്കുന്ന വിപ്ലവങ്ങൾ സംഭവിക്കുമ്പോഴും ഒന്ന്, രണ്ട്, മൂന്ന് എന്ന് ലിംഗപരമായി ശ്രേണിതിരിക്കുന്ന മനുഷ്യ വിരുദ്ധത നിർബാധം തുടരുന്നു. ലിംഗസമത്വം ഒരു സാമൂഹിക പ്രതിസന്ധിയായി അഡ്രസ് ചെയ്താൽ മാത്രമേ 'Sustainability And Women' എന്ന ഈ വർഷത്തെ മുദ്രാവാക്യത്തെ മുന്നോട്ടു കൊണ്ടുപോകാനാവൂ.

പഠിച്ചിറങ്ങുന്ന ഭൂരിപക്ഷവും മെച്ചപ്പെട്ട തൊഴിലിടങ്ങളിൽ എത്താതിരിക്കുന്നതിനും കിട്ടിയ തൊഴിലുകൾ ഉപേക്ഷിക്കുന്നതിനും പ്രധാനം കാരണം വിവാഹവും പ്രസവവും കുഞ്ഞിനെ വളർത്തലുമടക്കമുള്ള കുടുംബാനുബന്ധ ഉത്തരവാദിത്തങ്ങൾ കൊണ്ടാണ്.

കേരളീയ സമൂഹത്തിലെ സ്ത്രീയിടങ്ങൾ വിശകലനം ചെയ്താലറിയാം. ലിംഗാനുപാതത്തിൽ ഇതര സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. പെൺകുട്ടികളുടെ ജനനം, വളർച്ച, വിദ്യാഭ്യാസം, സാക്ഷരത എന്നിവയിലും മെച്ചപ്പെട്ട സ്ഥിതിയാണ്. പക്ഷേ ഈ ബാഹ്യ ഘടകങ്ങളുടെ അനുകൂല സാഹചര്യങ്ങളിലും പുരോഗമന സ്റ്റാറ്റസിലും ലിംഗനീതി നിഷേധിക്കപ്പെടുന്നു എന്നതാണ് വൈരുധ്യം, ഈ അനീതി സ്വാഭാവികതയായി അംഗീകരിക്കപ്പെടുക കൂടി ചെയ്യുന്നു എന്നുള്ളതാണ് വാസ്തവം. അറിവുകൊണ്ട് ശാക്തീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആൺ ആധിപത്യ സ്ഥലികളിൽ അബലയായാൽ മതി എന്ന സാരോപദേശമാണ് വിതരണം ചെയ്യുന്നത്. കുടുംബത്തിൽ തുടങ്ങുന്നു അത്. സ്ത്രീയുടെ അകം പുറം ശീലങ്ങളും വിദ്യാഭ്യാസ ജോലി ആവശ്യങ്ങളും ശാരീരിക മാനസികനിലകളും നിയന്ത്രിക്കുന്നത് ആ വ്യവസ്ഥയാണ്. ഒരു കുഞ്ഞ് ജനിച്ചു വീണ്, പ്രായപൂർത്തിയായാലും ഒരിക്കലും സ്വതന്ത്രവ്യക്തി എന്ന നിലയിൽ വളരാനിടമില്ല .ഒരു സ്ത്രീയുടെ സകല വളർച്ചയും നിക്ഷേപിക്കപ്പെടേണ്ട സ്ഥലം കുടുംബമാവുകയും അവിടെ ആൺ മൂല്യബോധാടിസ്ഥാനത്തിൽ 100 % പെർഫക്ഷനിസ്റ്റാവുക എന്ന ഉത്തരവാദിത്തം ബോധപൂർവമോ അബോധപൂർവമോ ഏറ്റെടുക്കേണ്ടി വരുന്നു. കുടുംബം ഒരു പവിത്ര സ്ഥാപനമാണെന്നും അതിനെ നിലനിർത്തേണ്ട ബാധ്യത പെണ്ണിന് എന്നും സ്ഥാപിക്കുന്നു.. സമൂഹത്തിലെ പരിച്ചേദമായ മനുഷ്യൻ എന്ന നിലയിൽ പരിഗണിക്കുന്നേയില്ല. പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസതലം വരെ പഠിക്കാനെത്തുന്ന കുട്ടികളിൽ എണ്ണത്തിലും മിടുക്കിലും മികവു പുലർത്തുന്നത് പെൺകുട്ടികളാണ്. പക്ഷേ ആ മികവുകൾ പൊതു ഇടത്തിലേക്കുള്ളതല്ല. നല്ല വിദ്യാഭ്യാസം നല്ല ഭാര്യയാവാനും നല്ല അമ്മയാകാനുമാണ്. ജാതി, മതം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ കുടുംബാധിഷ്ഠിതമായ ഈ മാനകീകരണത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നു.വിപണിയുടെ ഇടപെടൽ കൂടിയായാൽ പിന്നെ പറയണ്ടതില്ല. 'ചരക്ക്' എന്ന വാക്കിന്റെ അർഥം തന്നെ സ്ത്രീയെന്നാണിവിടെ. സൗന്ദര്യം/കലാമികവ് എല്ലാം അതിലെ വില്പനവിഭവങ്ങളാണ്. പഠിച്ചിറങ്ങുന്ന ഭൂരിപക്ഷവും മെച്ചപ്പെട്ട തൊഴിലിടങ്ങളിൽ എത്താതിരിക്കുന്നതിനും കിട്ടിയ തൊഴിലുകൾ ഉപേക്ഷിക്കുന്നതിനും പ്രധാനം കാരണം വിവാഹവും പ്രസവവും കുഞ്ഞിനെ വളർത്തലുമടക്കമുള്ള കുടുംബാനുബന്ധ ഉത്തരവാദിത്തങ്ങൾ കൊണ്ടാണ്.

സ്വന്തം ശേഷികൊണ്ട് തൊഴിലിടത്തിലെത്തുന്ന സ്ത്രീ പോലും ഗാർഹിക ജീവിതത്തിലെ A+ നാണ് മത്സരിക്കേണ്ടത്. തൊഴിലിൽ എക്ട്രാ ഓർഡിനറിയാവേണ്ടുന്നതിന് കൈമുതലായുള്ള ആർജവം പലപ്പോഴും കുടുംബത്തിനായി ഊതിക്കെടുത്തിക്കളയേണ്ടി വരുന്ന എത്രയധികം സ്ത്രീകളാണ്! സ്ത്രീയുടെ ഗാര്‍ഹിക അധ്വാനം 'Must' ആവുകയും എന്നാൽ മൂല്യമില്ലാത്ത ഒന്നായി പരിണമിപ്പിക്കുകയും ചെയ്യുന്നു. വീട്ടിലും പുറത്തും ജോലി ചെയ്യുന്ന സ്ത്രീക്ക് ഇരട്ടി അദ്ധ്വാനവുമാണ്. പുരുഷന്റെ വീട്, കുടുംബ ഇടം, ഇഷ്ടങ്ങൾ എന്നിവയ്ക്കനുസരിച്ച് സ്വന്തം താല്പര്യങ്ങൾ നിർദയം ഉപേക്ഷിച്ച് ഒത്തുതീർപ്പുകൾക്കു വിധേയരാകേണ്ടിയും വരുന്നു.

അസഹനീയവും ക്രൂരവുമാണ് അടുത്ത ഘട്ടം. ഗൃഹത്തിലെ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന അതിക്രൂരമായ ശാരീരിക-മാനസിക പീഡനവും, അടിച്ചമർത്തലും സ്വാഭാവിക ശീലമായി സമൂഹവും കലായിടങ്ങളും അവതരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.. അടിമത്തത്തില്‍ അസ്വസ്ഥതകൾ പ്രകടിപ്പിക്കുമ്പോഴാണ് വയലൻസ് തുടങ്ങുക. ഗാർഹികാതിക്രമം കൊലയോ ആത്മഹത്യയോ ആയി പുറത്തു വരും വരെ ചർച്ച പോലുമില്ല.
പെണ്ണ് തല്ലു കൊള്ളാനും തെറി പറയാനും കീഴ്പ്പെടുത്താനുമുള്ള സ്വന്തം മുതലാണെന്ന് ഊറ്റം കൊള്ളുന്ന പുരുഷസമൂഹത്തെ വീണ്ടും വീണ്ടും പാകപ്പെടുത്തിയെടുക്കുന്ന വ്യവസ്ഥയെ ഇളക്കുക ശ്രമകരമാണ്. ഒരിടത്ത് നിന്ന് നുള്ളിക്കളയുമ്പോൾ മറ്റൊരിടത്ത് ആർത്തു വരുന്ന കള പോലെയാണത്. അതിന്റെ പ്രത്യാഘാതമാണ് ഗാർഹിക പീഡനത്തിൽ കേരളത്തിന്റെ സ്ഥാനക്കയറ്റം! അതിലേറ്റവും കൂടുതൽ സ്ത്രീധന പീഡനങ്ങളാവുന്നു എന്നത് സാക്ഷര കേരളത്തിലാണ്. കൊലയോളമെത്തുന്ന ഹിംസക്ക് ഉത്രയും വിസ്മയയും ഇങ്ങേയറ്റത്തെ പേരുകൾ മാത്രമാണ്. സ്വന്തമായി വരുമാനമുള്ള സ്ത്രീ പോലും കുടുംബത്തിനുള്ളിലെ ഏകാധിപത്യത്തിന് ഇരയാണ്. വിവാഹമോചനം നടന്നാലും മോചനമില്ല എന്ന സ്ഥിതിയുണ്ട്. ജാതി / മത / നിയമ സംവിധാനങ്ങളെ അതിജീവിക്കുക ട്രോമ തന്നെയാകുന്നു. (നടി ഭാവന 15 കോടതി ദിനങ്ങളെ സൂചിപ്പിച്ചതോർക്കുക.) സാധാരണ സ്ത്രീക്ക് പ്രണയത്തിലും വിവാഹത്തിലും ഒരു 'നോ' പറയുക ആത്മഹത്യാപരമാണ്. പ്രണയനിഷേധത്തിൽ മാനസയെന്ന പെൺകുട്ടിയെ വെടിവച്ചിട്ടത് കേരളത്തിലാണ്.

സമൂഹമാകട്ടെ, 'കുടുംബത്തിൽ പിറന്ന സ്ത്രീ' യെന്ന മഹത്വവല്ക്കരണത്തിൽ സ്ത്രീയുടെ എല്ലാ സർഗാത്മക സ്വാതന്ത്ര്യങ്ങളെയും റദ്ദ് ചെയ്യുന്നു. ഉടുപ്പ്, നടപ്പ്, തൊഴിൽ, കലാകായിക നൈപുണ്യം - എന്തിലും സ്ത്രീയുടെ അഭിരുചികളിന് മേൽ കടന്നാക്രമണം നടത്തുകയും പ്രതിലോമകരമാം വിധം അടിച്ചമർത്തി സ്ത്രീയുടെ മുന്നോട്ടു പോക്കിനെ തടയിടുകയുമാണ്. ആർത്തവവും പരിശുദ്ധിയും, ശാസ്ത്രബോധവും യുക്തിചിന്തയും നിലകൊള്ളേണ്ട ഒരു സമൂഹത്തിൽ വീണ്ടും ചർച്ച ചെയ്യേണ്ടി വരുന്നത് ഓർക്കുക!. ജൻഡർ ന്യൂട്രൽ വസ്ത്രം വലിയ വാർത്തയാകുന്ന കേരളമാണിത്! എന്നു പറഞ്ഞാൽ "ഇതൊക്കെ ഇപ്പോഴാണോ ഈ നാട്ടിൽ" എന്ന് മറ്റു രാജ്യങ്ങളിലെ മനുഷ്യർ മൂക്കത്തു വിരൽ വക്കുകയാണ്!

സമീപകാലത്തെ സ്ത്രീ ലൈംഗികാതിക്രമങ്ങളുടെ പൊതു പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ അറിയാം. "കുടുംബത്തിൽ പിറന്നവർക്ക് കുഴപ്പമില്ല", ''അസമയത്തിറങ്ങിയതല്ലേ", "ടാറ്റൂ ചെയ്യാൻ പോയതുകൊണ്ടല്ലേ" മുൻ കാലങ്ങളിൽ നിന്ന് യാതൊരു മാറ്റവുമില്ല!

അനുദിനം പൗരാവകാശങ്ങള്‍ റദ്ദ് ചെയ്യന്നതിന്റെ വാർത്തകളാണ് ചുറ്റും. ദേഹോപദ്രവം, ഭീഷണി, മാനഭംഗം, ബലാത്സംഗം, പീഡനം എന്നിങ്ങനെ അരുംകൊല വരെ. വീടിനുള്ളില്‍ നിന്ന് തൊഴിലിടങ്ങളിലേക്കും, പൊതു ഇടങ്ങളിലേക്കും ആക്രമണത്തിന്റെ കൈ വിസ്തരിച്ചു വളരുന്നു. ഇരുന്ന് ജോലി ചെയ്യാൻ, മൂത്രമൊഴിക്കാൻ, ശരീര ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കാൻ, കുടിവെള്ളം, സുരക്ഷിതമായ വിശ്രമമുറി… പ്രാഥമികമായ പൗരനീതി പോലും ലംഘിക്കപ്പെടുന്ന വാർത്തകളാണ് തൊഴിലിടങ്ങളിൽ. മാന്യമായ വേതനം അസംഘടിത തൊഴിൽ മേഖലകളിൽ ഒരു കിട്ടാക്കനിയാണ്. കൂലിയില്ലാ വേലയെന്ന ചൂഷണം അനുഭവിക്കുന്നവരിൽ Ph D വരെ പഠിച്ച അൺ എയ്ഡഡ് അധ്യാപകരെന്നോ പെട്രോൾ പമ്പിലെ സ്ത്രീകളെന്നോ വേർതിരിവില്ല. പൊതു ഇടങ്ങളിൽ സ്ത്രീയുടെ സാന്നിധ്യം സാഹസികത തന്നെയാണിപ്പോഴും. കെഎസ്ആർടിസി ബസിൽ അധ്യാപികയെ കടന്നുപിടിച്ചതും പരാതി പറഞ്ഞിട്ടും പ്രതികരിക്കാതിരുന്നതും ഇക്കഴിഞ്ഞ ദിനത്തിലെ വാർത്തയാണ്. അത്രമേൽ അരക്ഷിതമാണ് കേരളത്തിലെ പൊതു ഇടങ്ങൾ പൊതുഗതാഗതമാവട്ടെ, പൊതു ടോയ്ലറ്റുകളാവട്ടെ, കാത്തിരിപ്പു കേന്ദ്രങ്ങളാവട്ടെ, തിയറ്ററുകളാവട്ടെ, സ്ത്രീ സൗഹാർദ്ദ ഇടങ്ങളല്ല. സമൂഹം മാത്രം ഉത്തരവാദിയായ ഈ സാഹചര്യത്തെ വിരൽ ചൂണ്ടിക്കൊണ്ട് "പെണ്ണ് വീട്ടിലിരുന്നാൽ മതി" എന്ന തന്ത്രപൂർവമായ പരിഹാരം നിർദ്ദേശിക്കുന്ന വ്യവസ്ഥയിലാണ് 'നിർഭയ'കളുടെ പോരാട്ടം. സമീപകാലത്തെ സ്ത്രീ ലൈംഗികാതിക്രമങ്ങളുടെ പൊതു പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ അറിയാം. "കുടുംബത്തിൽ പിറന്നവർക്ക് കുഴപ്പമില്ല", ''അസമയത്തിറങ്ങിയതല്ലേ", "ടാറ്റൂ ചെയ്യാൻ പോയതുകൊണ്ടല്ലേ" മുൻ കാലങ്ങളിൽ നിന്ന് യാതൊരു മാറ്റവുമില്ല!

രാഷ്ട്രീയമുൾപ്പെടെയുള്ള ഭരണ-അധികാര ഇടങ്ങളിൽ അഭിപ്രായം പറയുന്നതിനും, പദവി പ്രാതിനിധ്യത്തിനും സ്ത്രീക്ക് അവസരം നിഷേധിക്കുന്നു. രാഷ്ട്രീയ, സാംസ്കാരിക, സാമ്പത്തിക സ്ഥാപനങ്ങളുടെ ഉന്നത പദവികളിൽ നിന്ന് സ്ത്രീയെ സൂത്രത്തിൽ ഒഴിവാക്കുന്നു. താഴെത്തട്ടിൽ അവിരാമം പണിയെടുക്കുന്ന അടിമകളെ മാത്രമാണ് സംഘടനകൾ ആഗ്രഹിക്കുന്നത്. നേതൃത്വത്തിലേക്ക് നടന്നു വരുന്നത് നായകന്മാർ തന്നെ!

പൊലീസ് ഉൾപ്പെടെയുള്ള നീതിന്യായ സംവിധാനങ്ങളും പ്രശ്ന പരിഹാരത്തിൽ സ്ത്രീ സൗഹാർദപരമല്ല. കാരണം മനുഷ്യരുടെ പാരമ്പര്യവും ചരിത്രവും സംസ്ക്കാരവും ഉണ്ടാക്കുന്ന മാനക സ്ഥാപനങ്ങളുടെ കടിഞ്ഞാൺ പാട്രിയാർക്കിയിൽ തന്നെ. നേരിട്ടും ഗൂഢമായും അവയെ പിന്തുണച്ച് ഇവിടെ തുടരുന്ന മൂല്യവ്യവസ്ഥയെ നോവിക്കാൻ തയ്യാറാവാത്തിടത്തോളം ലിംഗസമത്വം നൈമിഷിക നേട്ടങ്ങളായി അവശേഷിക്കും.

Leave a comment