TMJ
searchnav-menu
post-thumbnail

Outlook

‘ഇടതുപക്ഷ’ വാക്സിന്‍ വിരുദ്ധ വാദങ്ങള്‍ക്കൊരു സോഷ്യലിസ്റ്റ് മറുപടി

09 Dec 2021   |   1 min Read
Cliff Conner

PHOTO:WIKI COMMONS

"എല്ലാ തരത്തിലുള്ള വാക്സിൻ വിരുദ്ധരും പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്" എന്ന് ക്ലിഫ് കോണര്‍ എഴുതുന്നു. എ പീപ്പിൾസ് ഹിസ്റ്ററി ഓഫ് സയൻസ്, ദി ട്രാജഡി ഓഫ് അമേരിക്കൻ സയൻസ് എന്നീ പുസ്തകങ്ങളുടെ രചയിതാവാണ് ക്ലിഫ് കോണര്‍. 'എഗൈന്‍സ്റ്റ് കരന്‍റ്' എന്ന പ്രസിദ്ധീകരണത്തിലാണ് 'ഇടതുപക്ഷ' വാക്സിൻവിരുദ്ധരുടെ വിദണ്ഡവാദങ്ങൾക്കൊരു സോഷ്യലിസ്റ്റ് മറുപടി" എന്ന ഈ ലേഖനം ആദ്യമായി പ്രസിദ്ധീകരിച്ചത്.

അമേരിക്കയിൽ കോവിഡ് വാക്സിൻ വിരുദ്ധ പ്രക്ഷോഭത്തിലേറെയും വലതുപക്ഷ കേന്ദ്രങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. ഇതിനകം യുഎസിൽ കുറഞ്ഞത് ഏഴരലക്ഷം പേരുടെയും ലോകമാകെ അഞ്ച് ദശലക്ഷം പേരുടെയും മരണത്തിന് കാരണമായ ഒരു മഹാമാരി നിയന്ത്രിക്കാനുള്ള നിയമാനുസൃതമായ പൊതുജനാരോഗ്യ ശ്രമങ്ങൾക്ക് ഇവരുടെ നടപടികൾ ഭീഷണിയാണ്. അതുകൊണ്ട് തന്നെ അപകടകരവും അപലപനീയവുമാണ് ഇവരുടെ പ്രവർത്തനങ്ങൾ എന്ന് പറയേണ്ടിയിരിക്കുന്നു.

നിർഭാഗ്യവശാൽ, പുരോഗമന ചിന്താഗതിക്കാരായ ആളുകളെ ആകർഷിക്കാൻ രൂപകൽപ്പന ചെയ്ത യുക്തികളുമായി ചില 'ഇടതുപക്ഷ' പ്രത്യയശാസ്ത്രക്കാരും ഇവരുടെ സഖ്യകക്ഷികളായുണ്ട്. 'ദി സ്നേക്ക്-ഓയിൽ സെയിൽസ്മാൻ ആൻഡ് ദി കൊവിഡ്-സീറോ കോൺ: എ ക്ലാസിക് ബെയ്റ്റ്- ആൻഡ്- സ്വിച്ച് ഫോർ ലൈഫ് ടൈം ബൂസ്റ്റർ ഷോട്ട്സ് (ഇമ്മ്യൂണിറ്റി ആസ് എ സർവീസ്)" എന്ന തലക്കെട്ടിലുള്ള ഒരു ബ്ലോഗ് പോസ്റ്റ് ഇതിനൊരു ഉദാഹരണമാണ്. വിനാശകരമായ വാക്സിൻ വിരുദ്ധ പ്രചരണത്തിന്‍റെ താരതമ്യേന മൃദുലമായ രൂപമാണിത്. അതിൻ്റെ ഉള്ളടക്കത്തിൽ ഭൂരിഭാഗവും രോഗപ്രതിരോധശാസ്ത്രത്തിൻ്റെ അടിസ്ഥാനപാഠങ്ങളെ നിസ്സാരവൽക്കരിക്കുന്നതാണ്. ബ്ലോഗ് ലേഖനത്തിന്‍റെ രചയിതാവായ ജൂലിയസ് റൂച്ചൽ പറയുന്നതുപോലെ, "അടിസ്ഥാനപരമായ വൈറോളജി, ഇമ്മ്യൂണോളജി എന്നിവയെക്കുറിച്ചുള്ള വിജ്ഞാനമാണ് ഈ ലേഖനത്തിൽ ഞാൻ പ്രതിപാദിച്ചിരിക്കുന്നത്." വാക്സിൻ വിരുദ്ധ പ്രത്യയശാസ്ത്രം കൊണ്ട് വളച്ചൊടിച്ച വാദങ്ങൾ ആണെന്നു മാത്രം. അതിനെ പൂർണ്ണമായി അപനിർമ്മിക്കുകയെന്നത് കഠിനമായൊരു പ്രവൃത്തിയാണ്. എങ്കിലും അതിന്‍റെ സത്തയെ അഥവാ ആകെത്തുകയെ ചെറുതായി തുറന്നുകാട്ടാൻ ശ്രമിക്കാം..

'ഇടതുപക്ഷ' വാക്സിൻ വിരുദ്ധരുടെ വാദങ്ങൾ പ്രധാനമായും മൂന്ന് ന്യായങ്ങളിൽ ചുരുങ്ങുന്നു:

1: വൻകിട ഫാർമ ഗ്രൂപ്പുകൾ ( കോർപ്പറേറ്റ് ഫാർമസ്യൂട്ടിക്കൽസ്) ആണ് കൊവിഡ് വാക്സിനുകൾ നിർമ്മിക്കുന്നത്.
2: ലാഭക്കൊതി കാരണം അടിമുടി അഴിമതിയിൽ കുളിച്ചവരാണ് വൻകിട ഔഷധനിർമ്മാണകമ്പനികൾ
3: അതിനാൽ വാക്സിനുകൾ പ്രയോജനരഹിതവും അയോഗ്യവുമാണ്.
ഈ നിലപാട് ബ്ലോഗിൽ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതിന്‍റെ ഒരു ചെറിയ ഉദാഹരണം ഇതാണ്. “ലാഭം കൊതിക്കുന്ന ഫാർമസ്യൂട്ടിക്കലുകളുടെയും ഫണ്ടിങ് ആഗ്രഹിക്കുന്ന ദേശീയവും രാജ്യാന്തരവുമായ പൊതുജനാരോഗ്യ സ്ഥാപനങ്ങളുടെയും കണ്ണുകളിൽ ഈ വൈറസ് സ്വർഗത്തിൽ നിന്നുള്ള മന്ന പോലെയായിരിക്കണം. അതിനാൽ, കോവിഡ്-സീറോയും വാക്‌സിൻ എക്‌സിറ്റ് സ്ട്രാറ്റജിയും സംബന്ധിച്ച ആഗോള ഭരണകൂടം ((global state) സ്വീകരിച്ച നടപടി ഒരു ഔഷധ വ്യാപാരിക്ക് കൂടുതൽ മരുന്നുകൾ വിൽക്കുന്നതിനും ഉപയോക്താക്കൾക്കിടയിൽ ആശ്രിതത്വം സൃഷ്ടിക്കുന്നതിനും തുല്യമാണെങ്കിൽ എന്തുചെയ്യും?
"ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, പൊതുജനാരോഗ്യം, അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകൾ എന്നിവയടങ്ങിയ വിശുദ്ധ ത്രയം, ഓഹരി ഉടമകളുടെ ലാഭം, വലിയ ബജറ്റുകൾ, സർക്കാർ സംഭാവനകൾ എന്നിങ്ങനെ ഉറപ്പായ
പണമൊഴുക്കിന് അടിസ്ഥാനമാക്കി പരസ്പരം ഒത്താശ ചെയ്യുന്നു,"

പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന പൊതുജനാരോഗ്യ വിരുദ്ധ സന്ദേശം ഇനിപ്പറയുന്ന രീതിയിൽ സംഗ്രഹിച്ചിരിക്കുന്നു: “എതിർവാദം വ്യക്തമാണ്. ഈ ദുരവസ്ഥയുടെ മറവിൽ പൊലീസ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് നമ്മളുടെ എല്ലാ ശക്തിയും കേന്ദ്രീകരിക്കേണ്ട സമയമാണിത്. എഴുന്നേൽക്കുക. തുറന്നു പറയുക. നിസ്സഹകരിക്കുക.. ജോലിസ്ഥലത്ത്, വീട്ടിൽ, സ്കൂളിൽ, പള്ളിയിൽ, തെരുവിൽ. അങ്ങനെ എവിടെ ആണെങ്കിലും ഇത് തടയാൻ, ദശലക്ഷങ്ങളുടെ ശബ്ദം ഉയരേണ്ടതുണ്ട്. വേണ്ട എന്ന് പറയാൻ, ധൈര്യം ആവശ്യമാണ് -" മാർട്ടിൻ ലൂഥർ കിങ്ങിനെ കാര്യസാധ്യത്തിനായി ഉദ്ധരിച്ചുകൊണ്ട് അധികാരത്തെ നിയമലംഘനം കൊണ്ട് നേരിടേണ്ടതിന് വേണ്ടി ശക്തമായി ആഹ്വാനം ചെയ്യുന്നു.

ആ വാദത്തിൽ എന്താണ് തെറ്റ്? വൻകിട ഫാർമ കോർപ്പറേഷനുകളെയും അവരുടെ ലാഭാധിഷ്‌ഠിത ശാസ്ത്രീയ വ്യവഹാരത്തിലെ അഴിമതിയെയും ഞാൻ ശക്തമായി അപലപിച്ചിട്ടുണ്ട്. "ദി ട്രാജഡി ഓഫ് അമേരിക്കൻ സയൻസ്' (ഹേമാർക്കറ്റ് ബുക്‌സ്, 2020),എന്ന എൻ്റെ പുസ്‌തകത്തിൽ 'ശാസ്ത്രം പൊതുതാൽപ്പര്യത്തിന്' എന്ന ആശയത്തിന് വിരുദ്ധമായി " ശാസ്ത്രം സ്വകാര്യ കോർപ്പറേറ്റ് താൽപ്പര്യത്തിന്" എന്ന നിലയിൽ മാറുന്നതിനെ ഞാൻ വിമർശിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ, പേടിസ്വപ്‌നമായി മാറിയ മഹാമാരിയെ നിയന്ത്രണ വിധേയമാക്കാൻ കഴിവുള്ള സുരക്ഷിതവും ഫലപ്രദവുമായ നിരവധി വാക്‌സിനുകൾ സ്വകാര്യ കോർപ്പറേറ്റ് ലബോറട്ടറികൾ സൃഷ്ടിച്ചത് എങ്ങനെയാവും?

വൻകിട ഫാർമസ്യൂട്ടിക്കലുകൾ ലാഭേച്ഛയാൽ ദുഷിപ്പിക്കപ്പെട്ടുവെന്നതിന്‍റെ അടിസ്ഥാനത്തിൽ അതിന്‍റെ ഉൽപ്പന്നങ്ങൾ ഗുണമേന്മയില്ലാത്തായിരിക്കും എന്ന അനുമാനത്തിന് അടിസ്ഥാനമില്ല. ബഹുരാഷ്ട്ര കമ്പനികൾ
ആഗ്രഹിക്കുന്ന സമയത്ത് ശ്രദ്ധേയമായ ശാസ്ത്ര നേട്ടങ്ങൾ കൈവരിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ അവിടെ ഒരു സ്വരചേർച്ച ഇല്ലായ്മ ഉണ്ട്. ബഹുരാഷ്ട്ര കമ്പനി അത് ആഗ്രഹിക്കണം എന്നതാണ് മുഖ്യം. .
വിലോഭനീയമായ ലാഭത്തിന്‍റെ രൂപത്തിലുള്ള പ്രതിഫലങ്ങളുടെ പ്രതീക്ഷയാണ് ആഗ്രഹമുളവാക്കാൻ കഴിയുന്ന ഒരേയൊരു കാര്യം.

കോവിഡിന്‍റെ കാര്യത്തിലും അതാണ് സംഭവിച്ചത്. ട്രംപ് ഭരണകൂടത്തിന്‍റെ ഓപ്പറേഷൻ വോർപ്പ് സ്പീഡിന്‍റെ (Operation Warp Speed) ഉദ്ദേശ്യം അതായിരുന്നു . ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയ വൻകിട ഫാർമ കമ്പനികൾക്കും ഇതുവരെ വാക്സിൻ വിപണിയിൽ കൈവച്ചിട്ടില്ലാത്ത, മോഡേണ, വാക്സാർട്ട്, നോവാവാക്സ് പോലുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്റ്റാർട്ടപ്പുകൾക്കും കോടിക്കണക്കിന് ഡോളർ നൽകി. മത്സരിക്കുന്ന ഗവേഷണ ലബോറട്ടറികൾക്കിടയിൽ ഒരു ശാസ്ത്രീയ "വാക്സിൻ ഓട്ടം" എന്ന നിലയിൽ ഈ പ്രോഗ്രാം പ്രചരിക്കപ്പെട്ടു, എന്നാൽ വാസ്തവത്തിൽ ഇത് കഴുത്തറുപ്പൻ മത്സരത്തില് ഏർപ്പെട്ടിരിക്കുന്ന ഹെഡ്ജ് ഫണ്ടുകൾക്കിടയിലെ ഒരു ഊഹക്കച്ചവടമായിരുന്നു.

പ്രായോഗികമായ നിരവധി വാക്സിനുകളുടെ ഗവേഷണത്തിനും വികസനത്തിനും പ്രോത്സാഹനം നൽകുന്നതിന് നികുതിദായകരുടെ വലിയൊരു സാമ്പത്തിക നിക്ഷേപം വേണ്ടി വന്നു. വലിയ -പൊതു ഫണ്ടിംഗ്, സ്വകാര്യ മൂലധനമല്ല. സാമ്പത്തിക അപകട സാധ്യത (ഫിനാൻഷ്യൽ റിസ്ക്) ഏറ്റെടുക്കാൻ തയ്യാറാകാത്ത സ്വകാര്യ നിക്ഷേപകർക്ക് ലാഭം കൊയ്യാൻ ഇതുവഴിയൊരുക്കി. പരമ്പരാഗത ഫെഡറൽ കരാർ നിയമങ്ങളും നിയന്ത്രണ മേൽനോട്ടവും മറികടക്കാൻ വോർപ്പ് സ്പീഡ് ലാഭം നേടുന്നവരെ അനുവദിച്ചു. മാത്രമല്ല, അതിന്‍റെ വ്യാപ്തി പൊതുജനങ്ങളിൽ നിന്ന് ബോധപൂർവം മറച്ചുവെക്കുകയും ചെയ്തു. എന്നിരുന്നാലും, 2021 ലും 2022 ലും കോവിഡ് വാക്സിൻ വിൽപ്പനയിൽ നിന്നും 60 ബില്യൺ ഡോളറിലധികം വിൽപ്പന നടത്താൻ മോഡേണയ്ക്കും ഫൈസറിനും സാധിച്ചുവെന്ന് പ്രാഥമിക കണക്കുകൾ വെളിപ്പെടുത്തുന്നു. എന്നുമാത്രമല്ല, ഭാവിയിൽ അഞ്ച് ബില്യൺ ഡോളറോ അതിൽ കൂടുതലോ വാർഷിക വിപണിയാകും ഇതിന് ഉണ്ടാവുകയെന്ന് വിശകലന വിദഗ്ധർ കണക്കാക്കുന്നു.

ഇതൊക്കെയാണെങ്കിലും, ഫാർമ കമ്പനികൾ ലാഭം കൊയ്യുന്നു എന്നത് അവരുടെ ശാസ്ത്രഗവേഷണ ഫലങ്ങളെ അസാധുവാക്കുന്നില്ല എന്നതാണ് വസ്തുത. ഓപ്പറേഷൻ വോർപ്പ് സ്പീഡി(Op Warp Speed) ന്‍റെ പ്രധാന പാഠം വാക്സിനുകളും അതുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ പരിപാടികളും ചതിക്കുഴികൾ നിറഞ്ഞതായിരുന്നു എന്നല്ല, മറിച്ച് പണം മുഴുവൻ സ്വകാര്യ കോർപ്പറേഷനുകളിലൂടെ ഒഴുകുന്നതിന് കാരണങ്ങളൊന്നുമില്ല എന്നതാണ്. വാക്സിൻ ഗവേഷണവും ഉൽപ്പാദനവും നടത്താനും നിയന്ത്രിക്കാനും മാത്രല്ല, എല്ലാ ലാഭവും കൊയ്ത് അതിശയകരമായ നിലയിൽ സമ്പന്നരാകാനും സ്വകാര്യ നിക്ഷേപകരെ ട്രംപ്, ബൈഡൻ ഭരണകൂടങ്ങൾ അനുവദിച്ചു, വൻകിട ഫാർമസ്യൂട്ടിക്കലുകളെ ദേശസാൽക്കരിച്ചും പൊതു ധനസഹായമുള്ള ലബോറട്ടറികളിൽ വാക്സിനുകൾ സൃഷ്ടിച്ചും സ്വകാര്യ നിക്ഷേപം പൂർണ്ണമായും ഒഴിവാക്കുക എന്നതാണ് യുക്തിസഹവും നീതിയുക്തവുമായ സമീപനം.

ക്യൂബൻ ബയോമെഡിക്കൽ സയൻസിന്‍റെ ശ്രദ്ധേയമായ നേട്ടങ്ങൾ, താരതമ്യേന ദരിദ്രമായ ഒരു രാജ്യത്തിന് പോലും-ലാഭോദ്ദേശ്യത്തിന്‍റെ അഭാവത്തിൽ- സുരക്ഷിതവും ഫലപ്രദവുമായ കോവിഡ് -19 വാക്സിനുകൾ കണ്ടെത്തുന്നതിനും നിർമ്മിക്കുന്നതിനും അതിന്‍റെ ശാസ്ത്രീയവും സാമ്പത്തികവുമായ വിഭവങ്ങൾ എങ്ങനെ സമാഹരിക്കാൻ കഴിയുമെന്ന് തെളിയിക്കുന്നു. സ്വന്തം വാക്സിനുകൾ ഉപയോഗിച്ച് കോവിഡ് -19 നെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തിയ ആദ്യത്തെ രാജ്യമാണ് ക്യൂബ. ദരിദ്ര രാജ്യങ്ങളെ വൻകിട കോർപ്പറേറ്റ് ഫാർമ കമ്പനികളുടെ അവഗണിക്കുമ്പോൾ. അതിൽ നിന്നും തികച്ചും വ്യത്യസ്തമായി, ക്യൂബ തങ്ങള്‍ വികസിപ്പിച്ച വാക്സിനുകൾ അർജൻ്റിന, വെനസ്വേല, മെക്സിക്കോ, ജമൈക്ക, വിയറ്റ്നാം, ഇറാൻ, തുടങ്ങിയ രാജ്യങ്ങൾക്ക് നൽകാൻ പദ്ധതിയിടുന്നു.

ഈ ലേഖനത്തിൽ സൂചിപ്പിച്ച ബ്ലോഗിലെ ലേഖനത്തിൽ "എല്ലാ വാക്‌സിൻ നിർമ്മാതാക്കളും പൊതുജനാരോഗ്യ അധികാരികളും" ചേർന്ന് ഒരു വലിയ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് വായനക്കാരെ ഭയപ്പെടുത്താൻ ശ്രമിക്കുന്നു, കൂടാതെ "കോടിക്കണക്കിന് ഡോളറിനുള്ള വാക്സിൻ പരസ്യങ്ങൾ ഒഴുകുന്നത് കാരണം മാധ്യമങ്ങൾക്കും അതിൽ പങ്കുണ്ട് " എന്ന് ആരോപിക്കുന്നു. "ബിൽ ഗേറ്റ്‌സും അദ്ദേഹത്തിന്‍റെ വാലാട്ടികളായ പൊതുജനാരോഗ്യ പാദസേവകരും ചെവിയിൽ വശീകരണ മന്ത്രമോതുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളും" അവഗണിക്കപ്പെടണം എന്ന കാര്യത്തിൽ തർക്കമില്ല .എന്നാൽ അതിന്‍റെ ഭാഷ ശാപവാക്കുകളും അധിക്ഷേപങ്ങളും ആവാൻ പാടില്ല.

ഞാൻ വിശദീകരിച്ചത് പോലെ, വൻകിട ഫാർമ കമ്പനികൾക്കും യുഎസ് പൊതുജനാരോഗ്യ സ്ഥാപനങ്ങൾക്കുമെതിരെ സാധുവായ ഗൗരവമായ വിമർശനങ്ങൾ ഉന്നയിക്കേണ്ടതുണ്ട്, എന്നാൽ ലോകമെമ്പാടുമുള്ള കോവിഡ് വാക്സിൻ പ്രോഗ്രാമുകളുടെ മൂല്യത്തെ വെല്ലുവിളിക്കുന്നത് ജനങ്ങളെ മുതലെടുക്കുന്ന മൈതാനപ്രാസംഗികർ മാത്രമാണ്.

ഈ ബ്ലോഗ് ലേഖനത്തെ. "ഇടതുപക്ഷ" വാക്സിൻ വിരുദ്ധ പ്രചരണത്തിന്റെ ഉദാഹരണമായി ഞാൻ ചൂണ്ടിക്കാണിച്ചുവെങ്കിലും അതിനൊരു, ഒരു പരിച്ഛേദം അഥവാ വേർതിരിച്ചറിയൽ ആവശ്യമാണ്. വൻകിട ഔഷധക്കമ്പനികളെ കുറിച്ചുള്ള തെറ്റായ വിമർശനം ഉന്നയിക്കുന്നത് വ്യാജ ഇടതുപക്ഷമാണ്; അതിന്‍റെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്ര പ്രചോദനം ഉറച്ച വലതുപക്ഷ അടിത്തറയാണ്. റൂച്ചൽ തന്റെ അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "അഭിപ്രായ സ്വാതന്ത്ര്യം, വ്യക്തിഗത അവകാശങ്ങൾ, സ്വകാര്യ സ്വത്ത്, വ്യക്തിഗത ഉടമസ്ഥത, മത്സരം, സത്യസന്ധമായ സംവാദം, പരിമിത അധികാരങ്ങൾ മാത്രമുള്ള സർക്കാർ, കുറഞ്ഞ നികുതികൾ, പരിമിതമായ നിയന്ത്രണം, സ്വതന്ത്ര വിപണികൾ, ഉന്നത അധികാര സ്ഥാനങ്ങളിൽ കഴിവ് കെട്ടവരും ചതിയന്മാരും തള്ളിക്കയറുന്നതിന് എതിരായ കവചം" എന്നിവയാണ് പ്രതരോധമായി നിർദേശിക്കുന്നത്.

എന്‍റെ സഹപ്രവർത്തകനായ, ബോബ് ഷ്വാർസ് നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിൽ, "ഈ ലേഖനത്തിലെ (ബ്ലോഗ് ലേഖനം) കപട-ശാസ്‌ത്ര വാദത്തിൽ ഭാഗികമായി ഒന്നോ രണ്ടോ മെറിറ്റ് കണ്ടെത്താനാകുമായിരിക്കും എന്തായാലും, അന്തിമമായി ഇത് ലാബ് കോട്ട് ധരിച്ച അയ്ൻ റാൻഡ് (Ayan Rand) മാത്രമാണ്."

ക്ലിഫ് കോണർ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

Leave a comment