TMJ
searchnav-menu
post-thumbnail

Outlook

വിശ്രമമില്ലാത്ത കെ പി ശശിക്ക് അന്ത്യാഞ്ജലി

26 Dec 2022   |   1 min Read
കെ രാമചന്ദ്രന്‍

മ്മുടെ രാജ്യത്ത് നടക്കുന്ന പാരിസ്ഥിതിക ധ്വംസനങ്ങൾക്കെതിരെയും മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെയും നിതാന്തമായ ജാഗ്രത പുലർത്തുകയും ശക്തമായി പ്രതികരിക്കുകയും ചെയ്ത ഒരു ബഹുമുഖപ്രതിഭയാണ് കെ പി ശശി. തന്റെ പ്രതികരണത്തിന് അദ്ദേഹം തെരഞ്ഞെടുത്ത മാധ്യമങ്ങൾ പലതായിരുന്നു: സിനിമ, ഡോക്യുമെന്ററി, കാർട്ടൂൺ, ലേഖനങ്ങൾ, കവിതകൾ, പ്രഭാഷണങ്ങൾ, സംഭാഷണം എന്നിങ്ങനെ. നമ്മെയെല്ലാം ദുഃഖിപ്പിച്ചു കൊണ്ട് ഇന്നലെ 64ാം വയസ്സിൽ തൃശൂരിൽ വച്ച് അകാലമരണത്തിന് കീഴടങ്ങിയ ശശി ഇന്ത്യയിലുടനീളം ഹാർദ്ദമായ സൗഹൃദങ്ങൾ സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞ സ്നേഹനിധിയായ ഒരു പച്ച മനുഷ്യനായിരുന്നു. തുല്യനീതിയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചുമെല്ലാം ഉറച്ച ധാരണകളുള്ള ഒരു ആക്റ്റിവിസ്റ്റായിരുന്നു. പ്രശസ്തനും പ്രതിഭാശാലിയുമായ കെ ദാമോദരൻ എന്ന കമ്യൂണിസ്റ്റ് നേതാവിന്റെ മകൻ എന്ന മേൽവിലാസത്തിലല്ല, മറിച്ച് തന്റെ സ്വന്തം പരിശ്രമവും ആത്മാർത്ഥതയും കൊണ്ട് നേടിയെടുത്തതാണ് കെ പി ശശിയുടെ വിപുലമായ സൗഹൃദശ്രേണിയും രാജ്യത്ത് പരക്കെ സാംസ്കാരിക മണ്ഡലത്തിലുള്ള സ്വാധീനവും.

എവിടെയൊക്കെ അനീതിക്കെതിരെ സമരം നടക്കുന്നുണ്ടോ, നീതിയുടെ ശബ്ദം ഉയരേണ്ടതുണ്ടോ അവിടെയെല്ലാം ശശിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അനീതിക്കെതിരെയുള്ള നിരന്തരമായ പോരാട്ടം തന്നെയായിരുന്നു ശശിയുടെ ജീവിതം. സ്വന്തം വ്യക്തിപരമായ സൗകര്യങ്ങളെക്കുറിച്ച്, സ്വാർത്ഥ താല്പര്യങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കാതെ സമൂഹത്തിന്റെ താല്പര്യങ്ങൾക്കായി മുഴുവൻ സമയവും ഉഴിഞ്ഞുവെച്ച ശശിക്ക് അഹംഭാവമോ ജാടകളോ താനെന്തോ മഹത്തായ കാര്യം ചെയ്യുകയാണെന്ന നാട്യമോ ഒരിക്കലും ഉണ്ടായിരുന്നില്ല. അദ്ദേഹം എപ്പോഴും തിരസ്കൃതരുടെയും പ്രാന്തവത്കൃതരുടെയും പക്ഷം പിടിച്ചു. ജാതി, മതം, രാഷ്ട്രീയാഭിപ്രായം, സാമ്പത്തികപദവി, ഭാഷ, പ്രായം ഇതൊന്നും ഗൗനിക്കാതെ എല്ലാതരം മനുഷ്യർക്കും ഇടയിൽ സജീവമായി ഇടപഴകുവാനും സ്നേഹം പങ്കിടുവാനുമുള്ള അസാമാന്യമായ ശേഷിയാണ് ശശിയെ ഏറെ വ്യത്യസ്തനാക്കുന്നത്. അടുത്തിടപഴകിയ ആർക്കും മറക്കാൻ കഴിയാത്ത വിധത്തിൽ തന്റെ വ്യക്തിത്വത്തിന്റെ സവിശേഷമായ മുദ്രകൾ ശശി അവശേഷിപ്പിച്ചിരിക്കും. അതുകൊണ്ട് തന്നെ ശശിക്ക് മരണമില്ല. വ്യത്യസ്ത തലമുറകളിൽപ്പെട്ട നിരവധി ആളുകളുടെ ഓർമ്മകളിലൂടെയും, ഈട് വയ്പ്പുള്ള രചനകളിലൂടെയും ശശി എന്നും ജീവിക്കും. സഹജമായ നർമ്മബോധവുമായി തമാശകൾ പറഞ്ഞ് ചിരിക്കുന്ന ശശി ഒപ്പം ഇനിയുണ്ടാവില്ലല്ലോ എന്നത് മാത്രമാണ് നമ്മളിൽ പലർക്കുള്ള സങ്കടം.

കെ പി ശശി| photo: wiki commons

ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരുന്ന കാലത്ത് തന്നെ കാർട്ടൂണുകൾ വരച്ച് തന്റെ സാന്നിദ്ധ്യമറിയിച്ച ശശി പിന്നീട് സിനിമയിലൂടെ പ്രത്യേകിച്ച് ഡോക്യുമെന്ററികളിലൂടെയാണ് തന്റെ ആശയങ്ങൾ ആവിഷ്കരിച്ചത്. എൺപതുകളുടെ അവസാനത്തിൽ ഔഷധത്തിന്റെ പേരിലുള്ള കൊള്ളരുതായ്മകളെ തുറന്നു കാട്ടുന്ന 'ഇൻ ദി നെയിം ഓഫ് മെഡിസിൻ' എന്ന ചിത്രവും ഇന്ത്യൻ റെയർ എർത്ത് ഫാക്ടറിയിൽ നിന്ന് പെരിയാറിൽ ആണവ വികിരണ മാലിന്യം കലരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ പങ്കിടുന്ന 'ലിവിങ് ഫിയർ' എന്ന ചിത്രവും നർമ്മദാ സമരത്തെക്കുറിച്ചുള്ള 'ദി വാലി റെഫ്യൂസസ് ടു ഡൈ' എന്ന ചിത്രവും പയ്യന്നൂരിലെ പബ്ലിക് ഹെൽത്ത് ഫോറത്തിന്റെ ക്യാമ്പെയ്നുകളിൽ ഞങ്ങൾ ഉപയോഗിച്ചിരുന്നു. വിവിധ പ്രദേശങ്ങളിലെ പരിസ്ഥിതി മനുഷ്യാവകാശ ധ്വംസനങ്ങൾ തന്നെയാണ് മിക്ക സിനിമകളിലെയും പ്രതിപാദ്യം. സയൻസ് ടു ദി പീപ്പ്ൾ, ഡവലപ്പ്മെന്റ് അറ്റ് ഗൺ പോയിന്റ്, റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, എ ക്ലൈമറ്റ് കോൾ ഫ്രം ദി കോസ്റ്റ്, വോയ്സസ് ഫ്രം ദി റൂയിൻസ് (2016) മുതലായ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്. വൃദ്ധനും അവശനുമായ മദനി നേരിടുന്ന മനുഷ്യാവകാശ നിഷേധമാണ് 'ഫാബ്രിക്കേറ്റഡ്' എന്ന ചിത്രത്തിന്റെ പ്രമേയം. ദേശാടന പക്ഷികളും ഗ്രാമവാസികളും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചായിരുന്നു 'ദി വിങ്ങ്സ് ഓഫ് കൊക്കരബള്ളൂർ'. 2005 ൽ വന്ന 'അമേരിക്കാ അമേരിക്കാ' എന്ന യുദ്ധവിരുദ്ധ മ്യൂസിക്ക് വീഡിയോയും 2009 ൽ വന്ന 'ഗാവോ ഝോഡാബ് നഹി' എന്ന ഗ്രാമീണ ജനതയുടെ പ്രതിരോധത്തെക്കുറിച്ചുള്ള വീഡിയോയും നിരന്തരം മാധ്യമങ്ങളിലൂടെ ഇപ്പോഴും ശ്രദ്ധ നേടുന്നവയാണ്.

ആൺകോയ്മാ വ്യവസ്ഥയിൽ സ്ത്രീകൾ നേരിടുന്ന അനീതിയെക്കുറിച്ചാണ് 'ഇലയും മുള്ളും' എന്ന ഫീച്ചർ സിനിമ. അനേകം മേളകളിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു. 'എക് അലഗ് മൗസം', 'ശ്ശ് സൈലൻസ് പ്ലീസ്' എന്നീ ഫീച്ചർ സിനിമകളും പ്രമേയം കൊണ്ടും പരിചരണത്തിലെ മൗലികത കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആദിവാസികൾ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുന്ന നർമ്മദയിലായാലും ഭാവിയിൽ ആണവ വികിരണ ഭീഷണിയുയർത്തുന്ന കൂടംകുളത്തായാലും ക്രിസ്തീയ മിഷനറിമാർ സംഘപരിവാർ ഭീഷണി നേരിട്ട ഖന്ധമാലിലായാലും അവിടെയെല്ലാം ശശി സമരമുഖത്ത് കുതിച്ചെത്തിയിരുന്നു. ഹിപ്പോക്രസിയെ തുറന്നുകാട്ടാനുള്ള ആർജ്ജവവും ധീരതയും എന്നും ശശിക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബഹുജനം ഭയം കൊണ്ട് മൗനം പാലിച്ച സന്ദർഭങ്ങളിൽ ശശി അതു ഭഞ്ജിച്ച് അവരുടെ ജിഹ്വയായി മാറി.

ശശിയുടെ എടുത്ത് പറയേണ്ട ഒരു സവിശേഷത ആക്റ്റിവിസ്റ്റുകളായ മറ്റ് കലാകാരന്മാർക്ക് അദ്ദേഹം നൽകിയ പ്രോത്സാഹനവും പിന്തുണയുമാണ്. ആനന്ദ് പട്വർധനും ആർ പി അമുതനുമുൾപ്പെടെയുള്ളവരെ ശശി സഹായിച്ചിട്ടുണ്ട്. കേരളത്തിലെ ശരത്, സതീഷ്, ബാബു എന്നീ ഡോക്യുമെന്ററി രചയിതാക്കളുടെ സമരമുഖങ്ങളിലെ സാന്നിദ്ധ്യത്തിലും ശശിയുടെ സ്വാധീനമുണ്ട്. വിബ്ജിയോര്‍ ചലച്ചിത്ര മേളയുടെ ഉപജ്ഞാതാക്കളിലും ബാംഗ്ലൂരിലെ ജനകീയ ചലച്ചിത്ര പ്രദർശന ഗ്രൂപ്പുകളിലും മുഖ്യസ്ഥാനത്ത് ശശിയുണ്ട്. തമിഴ് നാട്ടിലെ ഡോക്യുമെന്ററി സംവിധായകൻ ആർ പി അമുതൻ ബ്രെത് ടു ബ്രെത് എന്ന പേരിൽ ശശിയെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്.

ആദിവാസികൾ കൂട്ടത്തോടെ കുടിയൊഴിപ്പിക്കപ്പെടുന്ന നർമ്മദയിലായാലും ഭാവിയിൽ ആണവ വികിരണ ഭീഷണിയുയർത്തുന്ന കൂടംകുളത്തായാലും ക്രിസ്തീയ മിഷനറിമാർ സംഘപരിവാർ ഭീഷണി നേരിട്ട ഖന്ധമാലിലായാലും അവിടെയെല്ലാം ശശി സമരമുഖത്ത് കുതിച്ചെത്തിയിരുന്നു. ഹിപ്പോക്രസിയെ തുറന്നുകാട്ടാനുള്ള ആര്ജ്ജവവും ധീരതയും എന്നും ശശിക്കുണ്ടായിരുന്നു. അതു കൊണ്ട് തന്നെ ബഹുജനം ഭയം കൊണ്ട് മൗനം പാലിച്ച സന്ദർഭങ്ങളിൽ ശശി അതു ഭഞ്ജിച്ച് അവരുടെ ജിഹ്വയായി മാറി.

പ്രിയ സുഹൃത്തിന് അന്ത്യാഞ്ജലികൾ അർപ്പിക്കുക മാത്രമാണ് ഈ സന്ദർഭത്തിൽ ചെയ്യാനുള്ളത്. വിട, പ്രിയ ശശി !

Leave a comment