TMJ
searchnav-menu
post-thumbnail

Outlook

ആരാധനയുടെ കാണാപ്പൂരങ്ങൾ അഥവാ ജീവിതത്തിൽ നഷ്ടപ്പെടുത്തിയ പതിനഞ്ച് വർഷങ്ങൾ

11 Nov 2022   |   1 min Read
സിവിക് ജോൺ

രു ആരാധകന്റെ കാഴ്ചപ്പാടിൽ ഒരു കലാസൃഷ്ടി പിന്തുടരുക എന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. ഒരു കലാകാരൻ സൃഷ്ടിക്കുന്ന കലാസൃഷ്ടി, അവ സൃഷ്ടിക്കപ്പെടാൻ ഇടയായ സാഹചര്യം അത് എന്തുതന്നെയുമാകട്ടെ അതിനെ പിന്തുടരുവാനും ആസ്വദിക്കുവാനുമുള്ള അവകാശം തീർച്ചയായും അതിനെ അഭിമുഖീകരിക്കുന്ന അതുമായി ഇടപെടലുകളുടെ നൈരന്തര്യം പുലർത്തുന്ന ആരാധകർക്ക് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എന്റെ സൃഷ്ടിയിൽ നിങ്ങൾ കരുതുന്നതുപോലെ വലുതായൊന്നുമില്ല എന്ന് ഒരാൾ പറയുമ്പോൾ ‘അല്ല അത് അങ്ങനെയല്ല അതിൽ നിങ്ങൾക്ക് മനസ്സിലാവാത്ത പലതും ഉണ്ടെന്ന്’ തർക്കിക്കാൻ പോന്ന ആരാധകർ ഉണ്ടാവുന്നത്. ആ ആരാധന സ്വയവും ചുറ്റുമുള്ളവർക്കും നിത്യവും പരിഹാസമായി തീരുമ്പോഴും അതിൽത്തന്നെ തുടരുവാൻ ഒരാൾ നിർബന്ധിക്കപ്പെടുന്നത് മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയാത്ത അതിനിഗൂഢമായ അഭിനിവേശം കൊണ്ടാണ്.

ആരാധനയുടെ മൂർത്തീഭാവങ്ങൾ, അതിനെ വിശേഷിപ്പിക്കാൻ ഒരു പദം തന്നെ ഉണ്ട് ഇപ്പോൾ ഇംഗ്ലീഷ് ഭാഷയിൽ. Stan. ഈ വാക്ക് നിഘണ്ടുവിലിടം പിടിക്കുന്നത് പ്രശസ്തനായ ഹിപ്ഹോപ് ഗായകൻ എമ്മിനെമിന്റെ ഇതേ പേരിലുള്ള ഗാനത്തിനെ മുൻനിർത്തിയാണ്. എമിനെമിന്റെ ഏറ്റവും വലിയ ആരാധകനെന്ന് അവകാശപ്പെടുന്ന സ്റ്റാൻലി "സ്റ്റാൻ" മിച്ചൽ എന്ന വ്യക്തിയുടെ കഥയാണ് ഗാനം പറയുന്നത്. തന്റെ ആരാധനാപാത്രമായ ഗായകന് നിരന്തരം കത്തുകൾ എഴുതുന്ന ഒരു ആരാധകനെ നമുക്ക് ഈ പാട്ടിൽ കാണാം. പാട്ട് പുരോഗമിക്കുംതോറും അയാളുടെ കത്തുകളുടെ സ്വഭാവം മാറി വരികയും വെറും ആരാധനയിൽ നിന്നും അതൊരു വിഭ്രാന്തിയുടെ ലക്ഷണം പൂകുകയും ചെയ്യുന്നു. ഒടുവിൽ ഗർഭിണിയായ തന്റെ കാമുകിയെ കാറിന്റെ ഡിക്കിയിൽ അടച്ച്, ആ കാറുമായി അമിതവേഗതയിൽ പാലത്തിന്റെ കൈവരി തകർത്ത് നദിയിൽ ചാടി ആത്മഹത്യ ചെയ്യുകയാണ് സ്റ്റാൻ. ഒരാളോടുള്ള അതിരുകവിഞ്ഞ ആരാധന, സ്വജീവിതത്തെയും തനിക്ക് ചുറ്റുമുള്ള ജീവിതങ്ങളെയും നശിപ്പിച്ചുകളയുന്നത്ര തീവ്രമായ വിഭ്രാന്തിയോടടുക്കുന്ന ആ ആരാധനയെ സൂചിപ്പിക്കാനാണ് ഇപ്പോൾ സ്റ്റാൻ എന്ന പദം ഉപയോഗിക്കുന്നത്.

ജോൺ ലെനൻ | photo: wiki commons

ആ കാഴ്ച അല്ലെങ്കിൽ ആ വാക്ക് എന്നെ തിരിച്ചെത്തിക്കുക ജോൺ ലെനന്റെ മരണത്തിലേക്കാണ്. ലോകമെങ്ങും ആരാധകരുണ്ടായിരുന്ന, ബീറ്റിൽസിന്റെ മുന്നണിഗായകൻ ജോൺ ലെനൻ കൊല്ലപ്പെടുന്നത് തന്റെ ആരാധകന്റെ വെടിയേറ്റാണ്. 1980 ഡിസംബർ എട്ടിന്. അന്നേദിവസം ലെനന്റെ കയ്യിൽ നിന്നും ഡബിൾ ഫാന്റസി എന്ന ആൽബത്തിൽ ഓട്ടോഗ്രാഫ് വാങ്ങിയ മാർക്ക് ഡേവിഡ് ചാപ്മാൻ റിക്കോഡിങ് കഴിഞ്ഞു തിരിച്ചെത്തിയ ലെനനു നേരെ വെടിയുതിർക്കുകയായിരുന്നു. തന്റെ 0.38 റിവോൾവറിൽ നിന്നും ക്ളോസ് റേഞ്ചിൽ അഞ്ച് വെടിയുണ്ടകൾ. അതിൽ നാലെണ്ണം അയാളുടെ ശരീരത്തിൽ മാരകമായ മുറിവുണ്ടാക്കി. രണ്ടു വെടിയുണ്ടകൾ പുറം തുളച്ചു നെഞ്ചിനെയും ശ്വാസകോശത്തെയും കടന്നുപോയി. അതിലൊന്ന് ശരീരത്തിന് വെളിയിലെത്തിയെങ്കിൽ മറ്റേത് കഴുത്തിൽ തറഞ്ഞിരുന്നു. മറ്റുരണ്ട്‌ വെടിയുണ്ടകൾ തറഞ്ഞത് അയാളുടെ തോളിലായിരുന്നു. മുറിവുകളിൽ നിന്നും തീവ്രമായി രക്തമൊലിപ്പിച്ച് നിലത്തുവീണ ലെനനെ വകവെക്കാതെ പോലീസിന്റെ വരവും കാത്ത് ക്യാച്ചർ ഇൻ ദി റൈ എന്ന നോവലും വായിച്ചു നിൽക്കുകയായിരുന്നു ചാപ്മാൻ.

നീ ചെയ്തതെന്താണെന്നറിയുമോ എന്ന ചോദ്യത്തിന് "I just shot John Lennon.” എന്ന് ശാന്തമായി മറുപടി പറഞ്ഞു അയാൾ. പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ലെനൻ മരണമടഞ്ഞിരുന്നു. ലക്ഷക്കണക്കിന് ആരാധകരെ ദുഃഖഭരിതരാക്കിയ സംഭവമായിരുന്നു അത്. ചാപ്മാന് കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. രണ്ടായിരത്തിൽ പരോളിന്‌ അർഹത നേടിയശേഷം അയാൾക്ക് ഇതിനകം പന്ത്രണ്ട് വട്ടം പരോൾ നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇനി എന്നെങ്കിലും ചാപ്മാൻ പരോളിന് അർഹനാകുമോ എന്നുമറിയില്ല. വിഭ്രാന്തിയോളമെത്തുന്ന ആരാധന ഒരു മനുഷ്യായുസ്സിനെ എങ്ങനെ നാശോന്മുഖമാക്കുന്നുവെന്നതിനു മറ്റൊരുദാഹരണം വേണ്ടിവരില്ല.

ഒരു സാധാരണ റൊമാന്റിക് കോമഡി എന്നതിനപ്പുറം ജൂലിയറ്റ് നേക്കഡ് എന്ന നോവൽ ആസ്വാദ്യകരമാകുന്നത് അതിലെ പാത്രസൃഷ്ടി കൊണ്ടാണ്. ജീവിതത്തിൽ യാതൊരുതരത്തിലും വിജയം വരിക്കാൻ കഴിയാത്ത, നിരാശാജനകമായ ജീവിതം നിരന്തരം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട കഥാപാത്രങ്ങളാണ് ഇവരിൽ പലരും.

ലെനന്റെ മരണത്തെക്കുറിച്ച്, ലെനൻ കഥാപാത്രമായി, അനവധി ചിത്രങ്ങൾ പുറത്തിറങ്ങിയിരുന്നു. എന്നാൽ ലെനന്റെ മരണത്തിനും നീണ്ട മുപ്പത്തൊൻപത് വർഷത്തിനുശേഷം പുറത്തിറങ്ങിയ 'യെസ്റ്റർഡേ' എന്ന ഡാനി ബോയിൽ ചിത്രമാണ് അയാൾക്ക് ഏറ്റവും അനുയോജ്യമായ ആദരവ് നൽകിയത് എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഭ്രമാത്മകമാണ് അതിന്റെ കഥാപരിസരം. ഒരു ദിവസം ലോകത്തുനിന്നും ബീറ്റിൽസിന്റെ പാട്ടുകൾ എല്ലാം അപ്രത്യക്ഷമാവുന്നു. നായകൻ ജാക്കിനൊഴികെ മറ്റാർക്കും അങ്ങനെയൊരു ബാൻഡോ ആ ഗാനങ്ങളോ ഓർമ്മയില്ലാതാകുന്നു. ബീറ്റിൽസിന്റെ ഗാനങ്ങൾ തന്റേതെന്ന പേരിൽ പുറത്തിറക്കുന്ന ജാക്കിന് വൻ പ്രശസ്തി കൈവരികയാണ്. ഒരു ഷോയിൽ വെച്ച് ബീറ്റിൽസിന്റെ ഗാനങ്ങൾ ഓർമ്മയുള്ള മറ്റു രണ്ടുപേരെ കൂടി ജാക്ക് കാണുന്നുണ്ട്. തന്റെ രഹസ്യം വെളിവാക്കും അവർ എന്ന് അയാൾ ഒരുവേള ഭയക്കുന്നുണ്ടെങ്കിലും അവരതിനു മുതിരുന്നില്ല. ലെനന്റെ ഗാനങ്ങൾ ആളുകളിൽ എത്തുന്നുണ്ടല്ലോ എന്ന സമാധാനമേ അവർക്കുള്ളൂ.

അവരിൽ നിന്നുമാണ് ജോൺ ലെനന്റെ ഇപ്പോഴത്തെ വിലാസം ജാക്കിന് ലഭിക്കുന്നത്. ബീറ്റിൽസ് എന്ന ബാൻഡ് ഇല്ലാത്ത, അവർക്കായി പാട്ടുകൾ സൃഷ്ടിക്കാത്ത ഒരു ഇതര യാഥാർഥ്യത്തിൽ ജോൺ ലെനൻ തന്റെ എഴുപത്തിയെട്ടാം വയസിലും ജീവിച്ചിരിക്കുന്നുണ്ട്. ജാക്ക് ജോൺ ലെനനെ നേരിട്ട് കാണുന്ന ആ സീൻ ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സംതൃപ്‌തി നൽകുന്ന ദൃശ്യമാണ്. മറ്റൊരു യാഥാർഥ്യത്തിൽ താനൊരു കവിയാണെന്നോ ലോകത്തെത്തന്നെ മാറ്റിമറിച്ച ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നോ കാര്യമാക്കാതെ തന്റെ ജീവിതത്തിൽ സംതൃപ്തനായ ഒരു ജോൺ ലെനനെ നാം കാണും. സംഭാഷണത്തിനൊടുവിൽ “ഫന്റാസ്റ്റിക്, യു മേഡ് ഇറ്റ് റ്റു സെവന്റി എയ്റ്റ്” എന്ന് പറഞ്ഞുകൊണ്ട് ജോൺ ലെനനെ ആശ്ലേഷിക്കുന്ന ജാക്ക് ഒരു മനോഹര കാഴ്ചയാണ്. തങ്ങളുടെ യൗവനം ഏറ്റവും മനോഹരമാക്കിയ ഒരാൾക്കായി രണ്ട് ആരാധകർ (റിച്ചാർഡ് കുർട്ടിസ്/ ഡാനി ബോയ്ൽ ) ഒരുക്കിയ ഏറ്റവും മനോഹരമായ ട്റിബ്യൂട്ട് ആണ് ആ ദൃശ്യം.

'യെസ്റ്റർഡേ' സിനിമയിലെ രംഗം

ജൂലിയറ്റ് നേക്കഡ് എന്ന ചലച്ചിത്രത്തിലുടനീളം താൻ ജോലി ചെയ്യുന്ന മ്യൂസിയത്തിൽ ഒരു ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ അശ്രാന്തം പരിശ്രമിക്കുന്ന ആനിയെ കാണാം. അവിടെ ടക്കറിനെ ഒരു അതിഥിയായി അവതരിപ്പിക്കുന്നുണ്ട് ആനി. ഏറെനാളത്തെ ഇടവേളക്കുശേഷം അവിടെവെച്ച് ആദ്യമായി ടക്കർ ഒരു ഗാനം ആലപിക്കുകയാണ്. വാട്ടർലൂ സൺസെറ്റ് എന്ന ആ ഗാനം നമ്മൾ ഏതൻ ഹോക്കിന്റെ ശബ്ദത്തിലാണ് കേൾക്കുക. ആ ചലച്ചിത്രത്തിലെ ഗാനങ്ങൾ ഒട്ടുമുക്കാലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഏതൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ചലച്ചിത്രം അവസാനിക്കുന്നത് കഥയുടെ സ്വാഭാവിക പരിസമാപ്തി എന്നവണ്ണം ആനിക്കൊപ്പം പുതിയൊരു ജീവിതം ആരംഭിക്കുന്ന, വർഷങ്ങൾ നേടി ഇടവേളക്ക് ശേഷം പുതിയൊരു ആൽബം സൃഷ്ടിക്കുന്ന ടക്കറിന്റെ ദൃശ്യത്തിലാണ്. പക്ഷേ കൗതുകകരമായ വസ്തുത വർഷങ്ങളോളം അയാളുടെ തിരിച്ചുവരവിനായി കൊതിച്ചിരുന്ന ആരാധകർ ഒന്നൊഴിയാതെ അയാളുടെ പുതിയ ആൽബം വെറുക്കുന്നു എന്നതാണ്. “The happiness of a man lies in pursuing, not possessing, for things possessed loses half its value.” എന്ന Taylor Caldwell വാചകത്തെ ഓർമിപ്പിക്കുന്നുണ്ട് ആരാധകരുടെ ഈ ചുവടുമാറ്റം. അല്ലെങ്കിൽ എന്തുകൊണ്ടാവും വർഷങ്ങളോളം അയാളുടെ തിരിച്ചുവരവിനായി കാത്തിരുന്നവർക്ക് അയാളുടെ ഔട്ട്ടേക്കുകൾ പോലും ആഘോഷിച്ചിരുന്നവർക്ക് അയാൾ പുതുതായി ഒരു സംഗീതസൃഷ്ടി നടത്തുമ്പോൾ അത് തീർത്തും നിരാശാജനകം എന്ന് തോന്നുന്നത്. അവരുടെ മനസ്സിൽ ഉണ്ടായിരുന്ന ഒരു മായിക രൂപത്തോടാണ് അവർ അയാളെ എന്നും ഉപമിച്ചിരുന്നത് എന്ന് നമുക്ക് കാണാൻ സാധിക്കും. അതിനെ അതിലംഘിക്കുന്ന അയാളുടെ യഥാർത്ഥ സ്വത്വത്തോട് പൊരുത്തപ്പെടുവാൻ അവർക്ക് കഴിയുന്നതേയില്ല.

ഒരു സാധാരണ റൊമാന്റിക് കോമഡി എന്നതിനപ്പുറം ജൂലിയറ്റ് നേക്കഡ് എന്ന നോവൽ ആസ്വാദ്യകരമാകുന്നത് അതിലെ പാത്രസൃഷ്ടി കൊണ്ടാണ്. ജീവിതത്തിൽ യാതൊരുതരത്തിലും വിജയം വരിക്കാൻ കഴിയാത്ത, നിരാശാജനകമായ ജീവിതം നിരന്തരം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ട കഥാപാത്രങ്ങളാണ് ഇവരിൽ പലരും. അസംതൃപ്തമായ ഒരു ജീവിതം തങ്ങളിൽ ജീവിച്ചു തീർക്കുന്ന അവരെ സഹാനുഭൂതിയോടെയേ നോക്കുവാൻ കഴിയൂ. സിനിമയിൽ ഇല്ലാത്ത എന്നാൽ നോവലിൽ സുപ്രധാന പങ്കുവഹിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അതിൽ പ്രധാനിയാണ് ആനിയുടെ സൈക്യാട്രിസ്റ്റ്. ഡങ്കനുമായുള്ള ജീവിതം തന്റെ മനോനിലയെ ബാധിച്ചുതുടങ്ങുന്നുവെന്ന് മനസിലാക്കുന്ന ആനി സ്വയം തെരഞ്ഞെടുക്കുന്നതാണ് ആഴ്ചയിലൊരിക്കലുള്ള തെറാപ്പി സെഷനുകൾ. അവയിലാണ് ആനിക്ക് തന്റെ മനസ്സ് തുറക്കാൻ കഴിയുക. ആനിയുടെ സൈക്യാട്രിസ്റ്റ് ഒരിക്കലും തന്റെ പ്രൊഫഷനിൽ ഒരു വിദഗ്ധനല്ല. റിട്ടയർമെന്റ് ജീവിതത്തിൽ സമയം പോക്കാനായി തെരഞ്ഞെടുത്ത ഒന്ന് മാത്രമാണ് അയാളെ സംബന്ധിച്ചിടത്തോളം ഈ മനഃശാസ്ത്രജ്ഞന്റെ കുപ്പായം. എന്നിരിക്കലും മറ്റൊരു സൈക്കാട്രിസ്റ്റിനെ തേടി പോകാൻ കഴിയാത്തവിധം ആനി അവിടെയും പരാജയപ്പെടുകയാണ്.

സംഗീതത്തിന്റെ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനം വഹിക്കുമ്പോഴും പിങ്ക് ഫ്ലോയ്ഡിന്റെ അതിതീവ്ര ആരാധകർ അല്ലാതെ മറ്റാരും ഓർമ്മിക്കാത്ത ഒരു പേരാണ് സിഡിന്റേത്. പിങ്ക് ഫ്ലോയ്ഡ് എന്ന ബാൻഡിന്റെ ഫൗണ്ടിംഗ് മെമ്പർ ആയിരുന്നു സിഡ്. എന്നിട്ടും അയാൾ സംഗീതലോകത്ത് ആകെ ചിലവഴിച്ചത് പത്ത് വർഷത്തിൽ താഴെ മാത്രമാണ്.

ഒരുതരത്തിൽ ഈ നോവൽ നിറയെ പരാജയപ്പെട്ടുപോയ ആൾക്കാരും അവരുടെ ജീവിത സാഹചര്യങ്ങളുമാണ്. വർഷങ്ങളായി ഒരേ ജോലിയിൽ കുടുങ്ങിക്കിടക്കുന്ന, അതിന്റെ നിരർത്ഥകതയെ എല്ലാ അർത്ഥത്തിലും ഉൾക്കൊണ്ടിട്ടുള്ള രണ്ടുപേർ, ഒരുമിച്ച് താമസിക്കുമ്പോഴും തങ്ങൾക്കിടയിൽ പൊതുവായി ഒന്നുമില്ലെന്ന് തിരിച്ചറിയുന്ന, എന്നിട്ടും വീണ്ടും അതേ ജീവിതം നയിക്കുന്ന രണ്ടുപേർ, അതാണ് ആനിയും ഡങ്കനും. അവരുടെ ആരാധനപാത്രമാകട്ടെ ജീവിതത്തിൽ ഒന്നും തന്നെ നേടാൻ കഴിയാതെ ഒരു കോമാളിയെപ്പോലെ സ്വന്തം ജീവിതം എറിഞ്ഞുടച്ച ഒരാളും. അങ്ങനെ സങ്കടം നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങളാണ് പുസ്തകത്തിൽ. അതുകൊണ്ടാണ് തങ്ങളുടെ ബന്ധം നിലനിൽക്കില്ലെന്ന് തോന്നുന്നു എന്ന് തെറാപ്പിസ്റ്റിനോട് പറയുന്ന ആനിയോട് എനിക്ക് അറിയുന്ന എത്രയോ പേർ മോശം വിവാഹജീവിതത്തിൽ കുടുങ്ങിക്കിടക്കുന്നുവെന്ന് അയാൾ തിരിച്ചു പറയുമ്പോൾ തീർത്തും സഹാനുഭൂതിയില്ലാത്ത ഒരു വാചകമാണതെന്ന് തിരിച്ചറിഞ്ഞിട്ടും അവർ തങ്ങളുടെ ദുരിതവുമായി സമരസപ്പെട്ടിരിക്കുന്നു എന്നത് ഒരു മൗലികനിരീക്ഷണമായി മുന്നോട്ടു വെക്കുന്ന അയാൾ ആ ജോലിക്ക് ഒട്ടും യോജിച്ചയാൾ അല്ലെന്ന് തെല്ല് വിഷാദത്തോടെ മാത്രം നമുക്ക് ആലോചിക്കാൻ കഴിയുന്നത്.

എന്നാൽ അപൂർവ്വമായി മാത്രം അയാൾ ചില നല്ല നിരീക്ഷണങ്ങൾ നടത്തുന്നുണ്ട്. താൻ ആഗ്രഹിക്കുന്ന ജീവിതത്തെക്കുറിച്ച് ആനി പറയുമ്പോൾ അത് ഡങ്കനൊപ്പം ചിലവഴിച്ച ജീവിതത്തിനു നേരെ എതിരായ ഒരു ജീവിതശൈലിയാണ് എന്ന് അയാൾ സമർത്ഥിക്കുന്നുണ്ട്. എടുത്തു പറയത്തക്ക ഒരു നിരീക്ഷണവും നടത്താൻ കഴിവില്ലാത്ത ഒരു മോശം മനഃശാസ്ത്രജ്ഞൻ എന്ന ആനിയുടെ ധാരണയെ മറികടന്നുകൊണ്ട് തികച്ചും സ്വാഭാവികം എന്ന നിലയിൽ അയാൾ മുന്നോട്ടുവയ്ക്കുന്ന ആ നിരീക്ഷണത്തിലാണ് ടക്കറിനൊപ്പം ഒരു പുതിയജീവിതം എന്ന സാധ്യത പൂർണ്ണമനസ്സോടെ അംഗീകരിക്കുവാൻ ആനിക്ക് സാധിക്കുന്നത്.

പിങ്ക് ഫ്ലോയിഡ് | photo: wiki commons

ടക്കർ ക്രോ എന്ന സംഗീതജ്ഞന്റെ കഥാപാത്രം നിക്ക് ഹോൺബി രൂപപ്പെടുത്തിയത് എവിടെ നിന്നാവും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ട്. സിഡ് ബാരറ്റ് എന്നതാണ് മനസ്സിൽ തെളിഞ്ഞ ഉത്തരം. പോപ് സംഗീതത്തിന്റെ ചരിത്രം പരിശോധിച്ചാൽ അവിടെ പിങ്ക്ഫ്ലോയ്ഡ് എന്ന പേര് എന്നന്നേക്കുമായി കുറിക്കപ്പെട്ടിരിക്കുന്നു, അഥവാ ആ പേരിനെ ഒഴിവാക്കിക്കൊണ്ട് നിങ്ങൾക്ക് ഒരിക്കലും റോക്ക് ആൻഡ് റോളിന്റെ ചരിത്രം എഴുതുവാൻ സാധിക്കില്ല. സംഗീതത്തിന്റെ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനം വഹിക്കുമ്പോഴും പിങ്ക് ഫ്ലോയ്ഡിന്റെ അതിതീവ്ര ആരാധകർ അല്ലാതെ മറ്റാരും ഓർമ്മിക്കാത്ത ഒരു പേരാണ് സിഡിന്റേത്. പിങ്ക് ഫ്ലോയ്ഡ് എന്ന ബാൻഡിന്റെ ഫൗണ്ടിംഗ് മെമ്പർ ആയിരുന്നു സിഡ്. എന്നിട്ടും അയാൾ സംഗീതലോകത്ത് ആകെ ചിലവഴിച്ചത് പത്ത് വർഷത്തിൽ താഴെ മാത്രമാണ്. 60 കളുടെ മധ്യത്തിൽ അവരുടെ പ്രധാനഗാനങ്ങളെല്ലാംതന്നെ രചിച്ചത് അയാളായിരുന്നു. എന്നാൽ അക്കാലത്തെ പ്രധാന ആർട്ടിസ്റ്റുകളെയെല്ലാം ദോഷകരമായി ബാധിച്ചിരുന്ന മയക്കുമരുന്നുകൾ അയാളെയും കീഴ്‌പ്പെടുത്തി. എൽ.എസ്.ഡി എന്ന സൈക്കഡെലിക്ക് ഡ്രഗ്. 0 അതിന്റെ മായാവലയത്തിൽ നഷ്ടപ്പെട്ടുപോയവയാണ് സിഡിന്റെ പിന്നീടുള്ള വർഷങ്ങൾ. കൂടുതൽ വിജയത്തിലേക്ക് പിങ്ക് ഫ്ലോയ്ഡ് സാവധാനം ഉയർന്നു വരുമ്പോഴേക്കും അവർക്ക് സഹകരിക്കാനാവാത്ത വിധം സിഡിന്റെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വന്നിരുന്നു. വിഷാദവും മറ്റു മാനസികരോഗങ്ങളും അയാളെ തുടർച്ചയായി അലട്ടിക്കൊണ്ടിരുന്നു.

ഒടുവിൽ 1968 ൽ പരസ്പരസമ്മതത്തോടെ ബാന്റുമായി വഴിപിരിയുമ്പോഴേക്കും അയാൾ സംഗീതലോകത്തുനിന്നും ഏറെ അകലെയായിരുന്നു. പിന്നീട് ഒരു സോളോ കരിയറിനായി അയാൾ പലപ്പോഴും ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. ഇപ്പോൾ പിങ്ക് ഫ്ലോയ്‌ഡിന്റെ ഏറ്റവും പ്രധാനി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡേവിഡ് ഗിൽമോർ ബാൻഡിലേക്ക് എത്തുന്നത് പോലും ബാരറ്റിന്റെ പകരക്കാരനായിട്ടാണ് എന്നോർക്കണം. സ്റ്റേജിലും ടൂറിലും എല്ലാം തൻറെ വരികൾ മറക്കുന്ന, കൃത്യമായി ഗിറ്റാർ വായിക്കാൻ മറക്കുന്ന ഏറെ നേരവും വിദൂരതയിലേക്ക് കണ്ണുകളയച്ച്‌ നിന്നിരുന്ന അയാളുടെ വിഭ്രമങ്ങൾ ബാൻഡിനെ ബാധിക്കാതിരിക്കാനാണ് ഡേവിഡ് പിങ്ക്ഫ്ലോയ്‌ഡിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ, എന്നിട്ടും സിഡിന്റെ പ്രശ്നങ്ങൾ തുടർന്നുകൊണ്ടിരുന്നു. പിന്നീട് ഒരു ദിവസം സിഡ് ഇല്ലാതെതന്നെ നമുക്ക് ഈ സംഗീത യാത്ര തുടരാമെന്ന് അവർ തീരുമാനിക്കുന്നു.

1972 ലെ വിരമിക്കലിനുശേഷം വളരെ ചുരുക്കം പേരേ സിഡിനെ ഏതെങ്കിലും വേദികളിൽ കണ്ടിട്ടുള്ളൂ. വിഷ് യൂ വെയർ ഹിയർ എന്ന പിങ്ക് ഫ്ലോയ്ഡിന്റെ പ്രശസ്തമായ ആൽബത്തിന്റെ റെക്കോർഡിങ് സമയത്ത് റെക്കോർഡിങ് സ്റ്റുഡിയോയിൽ അവരെ കാണാൻ എത്തുന്ന സിഡിനെ ഓർക്കുന്നുണ്ട് ഡേവിഡ് ഗിൽമോർ.

തനിക്കിനി അവിടെ പ്രത്യേകിച്ച് സംഭാവനകൾ ഒന്നും നൽകാനില്ല എന്ന് സിഡും മനസ്സിലാക്കിയിരിക്കണം. അതുകൊണ്ടാണ് അയാൾ ബഹളങ്ങളൊന്നുമില്ലാതെ നിശബ്ദനായി അവിടെനിന്നും പിൻവാങ്ങുന്നത്. പിന്നീട് രണ്ട് ആൽബങ്ങൾ സ്വന്തമായി പുറത്തിറക്കുമ്പോഴും അതിന്റെ റെക്കോർഡിങ് സെഷനുകളിലടക്കം അയാളുടെ പഴയ ബാൻഡംഗങ്ങളുടെ സഹായമുണ്ടായിരുന്നു. ആ റെക്കോർഡിങ് അനുഭവങ്ങളെക്കുറിച്ച് നല്ല ഓർമ്മകളല്ല അവർക്കാർക്കും പറയാനുള്ളത്. തന്നിൽ നിന്നും വളരെ അകലെയാണ് അയാളിപ്പോൾ ഉള്ളതെന്ന്, റെക്കോഡ് ചെയ്യുന്ന ഗാനങ്ങളോ ഈ ജീവിതമോപോലും ഒരു പ്രശ്നമല്ലെന്ന്, ചിലപ്പോൾ ഇതിലൊന്നും അയാൾക്ക് ഒരു താൽപര്യമില്ലെന്ന് തോന്നിക്കും വിധം സംഭ്രമജനകമായിരുന്നു ഓരോ ദിവസവും.

പിന്നീട് 1972 ൽ അയാൾ സംഗീതലോകത്തുനിന്നും പൂർണമായും അവധിയെടുത്തു. ഒരിക്കൽപ്പോലും അയാളൊരു ഒരു പൊതുവേദിയിൽ വന്നില്ല. മരണംവരെ അയാളാ മൗനം തുടർന്നു. പിൽക്കാലത്ത് പിങ്ക്ഫ്ലോയ്ഡിന്റേതായി പ്രശസ്തമായ പല ഗാനങ്ങളും അയാൾ രൂപപ്പെടുത്തിയെടുത്ത ശൈലിയിൽ നിന്നും കടംകൊണ്ടവയാണ്. ഷൈൻ ഓൺ യൂ ക്രേസി ഡയമണ്ട് എന്ന അവരുടെ പ്രശസ്തഗാനം അയാൾക്കുള്ള ആദരസൂചകമായി പുറത്തിറക്കിയതായിരുന്നു.

സിഡ് ബാരറ്റ് | photo : twitter

1972 ലെ വിരമിക്കലിനുശേഷം വളരെ ചുരുക്കം പേരേ സിഡിനെ ഏതെങ്കിലും വേദികളിൽ കണ്ടിട്ടുള്ളൂ. വിഷ് യൂ വെയർ ഹിയർ എന്ന പിങ്ക് ഫ്ലോയ്ഡിന്റെ പ്രശസ്തമായ ആൽബത്തിന്റെ റെക്കോർഡിങ് സമയത്ത് റെക്കോർഡിങ് സ്റ്റുഡിയോയിൽ അവരെ കാണാൻ എത്തുന്ന സിഡിനെ ഓർക്കുന്നുണ്ട് ഡേവിഡ് ഗിൽമോർ. 29 ആം വയസ്സിൽ തന്റെ അടുത്ത സുഹൃത്തുക്കൾക്കുപോലും തിരിച്ചറിയാൻ കഴിയാത്തവിധം അയാളുടെ രൂപഭാവങ്ങൾ മാറിയിരുന്നു. തന്നെക്കുറിച്ചുള്ള ഗാനത്തിനുപോലും വലിയ പ്രാധാന്യമൊന്നും കൽപ്പിക്കാതെ നിർവ്വികാരനായി അവിടെയിരുന്ന അയാളെ ഡേവിഡ് ഓർത്തെടുക്കുന്നുണ്ട്. പിന്നീട് വർഷങ്ങൾക്കുശേഷം ബാൻഡിലെ മറ്റൊരംഗമായ റോജർ വാട്ടർസ് ഒരു സൂപ്പർമാർക്കറ്റ് സ്റ്റോറിൽ വെച്ച് അയാളെ കാണുന്നുണ്ട്. അപ്പോഴും അയാൾക്ക് മുഖം കൊടുക്കാതെ ഓടിമറയുകയാണ് സിഡ് ചെയ്യുന്നത്. അതിനുശേഷം പിങ്ക് ഫ്ലോയിഡിലെ അംഗങ്ങൾ ആരുംതന്നെ അയാളെ നേരിട്ട് കണ്ടിട്ടില്ല. ആ കാഴ്ചകൾ അയാൾക്ക് മനോവിഷമമുണ്ടാക്കുന്നു എന്ന സഹോദരിയുടെ അഭ്യർത്ഥനയാണ് അതിന്റെ കാരണം.

1978 ഓടെ ബാരറ്റിന്റെ കൈവശമുള്ള പണമെല്ലാം ചിലവഴിക്കപ്പെടുകയും അയാൾ തന്റെ മാതാപിതാക്കളുടെ വസതിയിലേക്ക് താമസം മാറുകയുമാണുണ്ടായത്. പിന്നീട് തന്റെ മരണം വരെ സിഡ് കേംബ്രിഡ്ജിലെ ആ പഴയ വീട്ടിലാണ് താമസിക്കുന്നത്. അയാൾക്ക് അവകാശപ്പെട്ട റോയൽറ്റി കൃത്യമായി ലഭ്യമാക്കാൻ പിങ്ക്ഫ്ലോയ്ഡ് ശ്രദ്ധിച്ചിരുന്നു. 1996 ൽ റോക്ക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയിമിൽ പിങ്ക്ഫ്ലോയ്ഡിന് അംഗത്വം ലഭിച്ചപ്പോൾപ്പോലും ബാരറ്റ് ആ ചടങ്ങിൽ നിന്നും വിട്ടുനിന്നു. ജീവിതത്തിന്റെ അവസാന വർഷങ്ങൾ പൂന്തോട്ടം ഒരുക്കുന്നതിലും ചിത്രകലയിലും മുഴുകിയാണ് അയാൾ ചെലവഴിച്ചത്. പുറംലോകവുമായി അയാൾക്ക് ആകെയുണ്ടായിരുന്ന ബന്ധം അയാളുടെ സഹോദരി റോസ്മേരി ആയിരുന്നു. എക്കാലവും ഏകാകിയായിരുന്നു അയാൾ.

സംഗീതവുമായി ബന്ധപ്പെട്ടു ചിലവഴിച്ചിരുന്ന വർഷങ്ങൾ അയാൾക്ക് ഓർമ്മിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു എന്നാണ് സിഡിന്റെ സഹോദരിയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാവുക. നീണ്ട 30 വർഷങ്ങൾക്ക് ശേഷം 2002 ലാണ് പിങ്ക്ഫ്ലോയ്ഡുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ സൂചകമായി അയാൾ എന്തെങ്കിലും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്.

പക്ഷേ അയാളെ കാണുവാൻ ആരാധകരും റിപ്പോർട്ടർമാരും എന്നും വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഒരിക്കൽപ്പോലും അയാൾ അവരാരോടും സംവദിച്ചില്ല. തങ്ങളുടെ അനുവാദം ഇല്ലാതെ, തങ്ങളുടെ സ്വകാര്യത മാനിക്കാതെ ഇങ്ങനെ ഇവിടെ തടിച്ചുകൂടരുതെന്ന് അയാളുടെ കുടുംബം പലപ്പോഴും അഭ്യർത്ഥിച്ചെങ്കിലും അതൊന്നും ആരും ചെവിക്കൊണ്ടില്ല. സംഗീതവുമായി ബന്ധപ്പെട്ടു ചിലവഴിച്ചിരുന്ന വർഷങ്ങൾ അയാൾക്ക് ഓർമ്മിക്കാൻ പോലും ഇഷ്ടമല്ലായിരുന്നു എന്നാണ് സിഡിന്റെ സഹോദരിയുടെ വാക്കുകളിൽ നിന്നും നമുക്ക് മനസ്സിലാവുക. നീണ്ട 30 വർഷങ്ങൾക്ക് ശേഷം 2002 ലാണ് പിങ്ക്ഫ്ലോയ്ഡുമായി ബന്ധമുണ്ടായിരുന്നു എന്നതിന്റെ സൂചകമായി അയാൾ എന്തെങ്കിലും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. മിക് റോക്ക് എന്ന ഫോട്ടോഗ്രാഫറുടെ ഒരു ഫോട്ടോഗ്രാഫി പുസ്തകത്തിന്റെ കോപ്പികൾ ഒപ്പിടാനായി അയാൾ വീണ്ടും പുറംലോകത്തേക്ക് വന്നു. സംഗീതത്തിൽ നിന്നും വിരമിക്കുന്നതിനു മുമ്പുള്ള അയാളുടെ അവസാന അഭിമുഖം നടത്തിയത് മിക് ആണെന്നതാവും അതിനുള്ള കാരണം.

ഇവിടെ ടക്കർ ക്രോ എന്ന കഥാപാത്രത്തിൽ ഒരു പരിധിവരെയെങ്കിലും സിഡിന്റെ സ്വഭാവസവിശേഷതകൾ ഉൾക്കൊണ്ടിട്ടുണ്ട്. പിങ്ക്ഫ്‌ളോയ്ഡിൽ തുടർന്നിരുന്നെങ്കിൽ അയാൾ ഒരു പക്ഷേ ഇനിയും മനോഹരമായ എത്രയോ ഗാനങ്ങൾ സൃഷ്ടിച്ചേനെ. എന്നാൽ ഒരുതരം നിസ്സംഗതയോടെ അതുവരെയുള്ള തന്റെ ജീവിതത്തെ മുഴുവൻ വേണ്ടെന്നുവെച്ച് നീണ്ട പതിറ്റാണ്ടുകൾ തന്റെ ചിത്രങ്ങളിലും ചെടികളിലും അഭയം തേടിയ ആ മനുഷ്യനെ എങ്ങനെയാണ് നാളത്തെ തലമുറ ഓർമ്മിക്കുക. അറിയില്ല…

മാർക് ഡേവിഡ്‌ ചാപ്മാൻ | photo : wiki commons

സിഡ് ബാരറ്റിനൊപ്പം തന്നെ ഇവിടെ പരിഗണിക്കേണ്ട പേരാണ് റോബിൻ ഹിച്ച്കോക്കിന്റേത്. അതിന്റെ കാരണം പക്ഷെ സിഡിന്റേതിൽ നിന്നും വ്യത്യസ്തമാണ്. ഒരു സംഗീത ചിത്രത്തിലെ സുപ്രധാനഭാഗമാണ് അതിലെ ഗാനങ്ങൾ. നഥാൻ ലാർസൺ ഒരുക്കിയ ജൂലിയറ്റ് നേക്കഡിലെ ഗാനങ്ങൾ ഭൂരിഭാഗവും ആലപിച്ചിരിക്കുന്നത് ചിത്രത്തിലെ നായകനായ ഏതൻ ഹോക്ക് തന്നെയാണ്. പക്ഷെ നഥാനൊപ്പം റോബിൻ ഹിച്ച്കോക്ക് എന്ന ബ്രിട്ടീഷ് സംഗീതജ്ഞൻ കൂടി ആ ഗാനങ്ങളിൽ സഹകരിച്ചിട്ടുണ്ട്. ചലച്ചിത്രത്തിൽ ഒരിടത്ത് താൻ സംഗീതത്തിൽ തുടർന്നിരുന്നെങ്കിൽ ഒരുപക്ഷേ ആർക്കും താൽപര്യമില്ലാത്ത കുറെ ഗാനങ്ങൾ സൃഷ്ടിച്ച്, ആരാലും ഓർക്കപ്പെടാതെ, ആരാലും പ്രശംസിക്കപ്പെടാതെ, വിപണിമൂല്യമോ നിരൂപകപ്രശംസയോ ഇല്ലാതെ വെറുതെയാവുമായിരുന്നു ജീവിതം എന്ന് ഒരുവേള ഭയക്കുന്ന ടക്കറിനെ കാണാം. അതിനോട് താരതമ്യപ്പെടുത്താവുന്ന ഒന്നാണ് റോബിൻ ഹിച്ച്കോക്കിന്റെ ജീവിതം.

ഇപ്പോഴും നിശ്ചിതമായ ഇടവേളകളിൽ അയാൾ ആൽബങ്ങൾ പുറത്തിറക്കുന്നുണ്ട്. പതിറ്റാണ്ടുകൾ നീളുന്ന സംഗീതജീവിതം സ്വന്തമായുള്ള ഒരാൾക്ക് തന്റെ പുതിയ ഗാനം പുറത്തിറക്കുമ്പോൾ ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉണ്ടാവേണ്ടതാണ്. എന്നാൽ അയാളുടെ ഏറ്റവും പുതിയ ഗാനം പോലും കഷ്ടിച്ച് പതിനായിരം പേർ കാണാനില്ലാത്ത ദയനീയമായ അവസ്ഥയിൽ തുടരുന്നുണ്ട്. എന്താണ് അയാളെയിപ്പോഴും ഈ മേഖലയിൽ തുടരാൻ പ്രേരിപ്പിക്കുന്നതെന്ന് ആലോചിച്ചു നോക്കിയിട്ടുണ്ട്. അയാളുടെ ഗാനങ്ങളുടെ മാറ്റ് ഇനിയും കുറഞ്ഞിട്ടില്ല, പക്ഷേ ഇപ്പോഴും ഒരു വാണിജ്യവിജയം അയാൾക്കന്യമാണ്. അയാളെ ശ്രദ്ധയോടെ പിന്തുടരുന്ന ചുരുക്കം ചില ആരാധകരൊഴിച്ചാൽ ഒരു വലിയ പ്രേക്ഷകസമൂഹം അയാളോട് എന്നും മുഖം തിരിച്ചു നിൽക്കുന്നു. "Sunday Never Comes" എന്ന പേരിലുള്ള ആ ഗാനം എഴുതുമ്പോൾ ഒരുവേള ടക്കർ ക്രോ എന്ന കഥാപാത്രം തന്റെ തന്നെ മറ്റൊരു പതിപ്പാണെന്ന് അയാൾ മനസ്സിലാക്കിയിരിക്കുമോ അറിയില്ല.

ഓരോ കാലത്തും ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട കലാസൃഷ്ടികളിൽ ഏറിയപങ്കും ഇപ്പോൾ വിസ്മൃതിയിലാണുള്ളത്. അപൂർവ്വം ചിലത് മാത്രം ഇപ്പോഴും നമ്മുടെ കാഴ്ചവട്ടത്തുണ്ട്. അപ്പോഴും എത്രപേർ അതിനെ ആസ്വദിക്കുന്നുണ്ട്, പൂർണ്ണമായി മനസ്സിലാക്കുന്നുണ്ട് എന്നതൊരു ചോദ്യമാണ്.

ഒന്നാലോചിച്ചു നോക്കിയാൽ ഭൂരിഭാഗം മനുഷ്യർക്കും തങ്ങളുടെ ജീവിതത്തിൽ ഓർത്തുവയ്ക്കാൻ കഴിയുന്ന വിധം എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ജീവനോടിരിക്കുന്ന കാലത്തിനപ്പുറം നാളെ മറ്റൊരാൾക്ക് ഓർമ്മിക്കാൻ കഴിയുംവിധം ഒന്നും അവശേഷിപ്പിക്കാത്ത നിരാലംബരായ മനുഷ്യർക്ക് മുകളിലാണ് നാം നമ്മുടെ ചരിത്രവും കെട്ടിപ്പൊക്കുന്നത്. ഓരോ കാലത്തും ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട കലാസൃഷ്ടികളിൽ ഏറിയപങ്കും ഇപ്പോൾ വിസ്മൃതിയിലാണുള്ളത്. അപൂർവ്വം ചിലത് മാത്രം ഇപ്പോഴും നമ്മുടെ കാഴ്ചവട്ടത്തുണ്ട്. അപ്പോഴും എത്രപേർ അതിനെ ആസ്വദിക്കുന്നുണ്ട്, പൂർണ്ണമായി മനസ്സിലാക്കുന്നുണ്ട് എന്നതൊരു ചോദ്യമാണ്. നാളെ മറ്റൊരു തലമുറയിൽ എത്രപേർ ഇങ്ങനെയൊരു സൃഷ്ടിയുടെ സാധ്യത തന്നെ ഓർമ്മിക്കുമെന്നും ആർക്കറിയാം. എന്നിട്ടും എന്തുകൊണ്ടാണ് ഇവിടെ തങ്ങളുടെ സൃഷ്ടികൾ മഹത്തരമെന്നും അതിനുമുകളിൽ മറ്റൊന്നുമില്ലെന്നും ഉദ്ഘോഷിക്കാൻ ഓരോരുത്തരും തിരക്കുകൂട്ടുന്നത്? അങ്ങനെ തിരക്കിട്ടുപോകുന്നവരുടെ കെട്ടുകാഴ്‌ചകളിൽ മാഞ്ഞുപോകുന്നത് ഇതുപോലെ എത്രപേരാവും… അതിമനോഹരമായ എത്ര സൃഷ്ടികളാവും…

ഒന്നാം ഭാഗം:
https://themalabarjournal.com/outlook-aaradhanayude-kaanaappoorangal-or-fifteen-years-missed-in-life-civic-john/

Leave a comment