TMJ
searchnav-menu
post-thumbnail

Outlook

അഫ്‌സ്പ പിൻവലിക്കാനുള്ള സമ്മർദ്ദത്തിന് കേന്ദ്രം വഴങ്ങുമോ

11 Dec 2021   |   1 min Read
എന്‍ കെ ഭൂപേഷ്

Photo : Wiki commons

സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും, പത്‌നി മധുലിക റാവത്തും മറ്റു 11 സൈനികോദ്യഗസ്ഥരും കൂനൂരില്‍ നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാവാന്‍ ദിവസങ്ങള്‍ വേണ്ടി വന്നേക്കും. ദുഖാചരണത്തില്‍ നിന്നും രാജ്യം പുറത്തു വരുമ്പോള്‍ പരിഹരിക്കേണ്ട നിരവധി വിഷയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ഭരിക്കുന്ന സര്‍ക്കാരും നയകര്‍ത്താക്കളുമാണ് പരിഹാരം തേടുന്ന വിഷയങ്ങളുടെ മുന്‍ഗണന ക്രമം നിശ്ചയിക്കുക. ജനറല്‍ റാവത്തിന്റെ അപകട മരണം ഇന്ത്യന്‍ സൈനികവൃത്തങ്ങളില്‍ സൃഷ്ടിച്ച നടുക്കവുമായി താരതമ്യം ഇല്ലെങ്കിലും രാജ്യമാകെ ഞെട്ടലുളവാക്കിയ മറ്റൊരു സംഭവം ജനറലിന്റെ മരണത്തിനും മൂന്നു ദിവസത്തിന് മുമ്പ് നടന്നിരുന്നു. നാഗാലാന്റിലെ മോണ്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സൈനികര്‍ ഗ്രാമീണര്‍ക്കു നേരെ വെടിവെച്ചതാണ് ആ സംഭവം. വെടിവെപ്പിലും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും മൊത്തം 17 ഗ്രാമീണര്‍ കൊല്ലപ്പെട്ടുവെന്ന് ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നു. അതോടെ 1958 മുതല്‍ ഇന്ത്യയിലെ വടക്കു-കഴിക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാബല്യത്തിലുള്ള പ്രത്യേക സൈനികാധികാരം (അഫ്‌സ്പ അഥവാ Armed Forces Special Powers Act) പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായി. നാഗാലാന്റിലെ സംഭവത്തിനു ശേഷം അഫ്‌സ്പ പിന്‍വലിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഒഴിഞ്ഞു മാറുവാന്‍ പറ്റാത്ത സാഹചര്യമാണ് ഉരുത്തിരിയുന്നതെന്ന് എന്‍കെ ഭൂപേഷ് വിലയിരുത്തുന്നു.

രേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തുടക്കത്തില്‍ തന്നെ അവകാശപ്പെട്ടത് നാഗാലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്നായിരുന്നു. നാഗാലാന്റിലെ വിഘടനവാദി ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്റ് നേതാക്കളും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയും കരാറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. കൊളോണിയല്‍ കാലം മുതലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായെന്ന് കേന്ദ്രം അവകാശപ്പെട്ടു. ചരിത്രപരമായ കരാര്‍ എന്നായിരുന്നു 2015 ഓഗസ്റ്റിലെ കരാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. എന്നാല്‍ ഇത്രയും ചരിത്രപ്രാധാന്യമുള്ള കരാറിലെ വ്യവസ്ഥകള്‍ ഇരു വിഭാഗവും അന്ന് പുറത്തുവിട്ടില്ല. അന്നു തന്നെ കരാറിലെ വ്യവസ്ഥകളെ സംബന്ധിച്ച് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിലെ അഭിപ്രായ വ്യാത്യാസമാണെന്ന് തോന്നുന്നു, 2020 ല്‍ എന്‍.എസ്.സി.എന്‍ കരാറിലെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു. കരാറുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് എന്‍.എസ്.സി.എന്‍ നേതാവ് തുയിന്‍ഗലേങ് മുയ്വിവ പ്രഖ്യാപിക്കുകയും ചെയ്തു. ഇത്രയും കാര്യം പറഞ്ഞത് കഴിഞ്ഞ ദിവസം മോണ്‍ ജില്ലയില്‍ അസം റൈഫിള്‍സിലെ സൈനികര്‍ ഖനി തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ സാഹചര്യത്തെ വിശദീകരിക്കാനാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 'ശ്വാശ്വത സമാധാന'മുണ്ടാക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് ജോലി കഴിഞ്ഞ് വരുന്ന ഖനി തൊഴിലാളികളുടെ നേരെ വെടിവയ്പ്പുണ്ടായത്. പിന്നീട് നടന്ന ജനകീയ പ്രതിഷേധത്തിന് നേരെയും സൈന്യത്തിന്റെ വെടിവെപ്പ് ഉണ്ടായി. 17 പേര്‍ മരിച്ചു. സമീപകാലത്തൊന്നും വടക്കു കിഴക്കന്‍ സംസ്ഥാനം കാണാത്ത രീതിയിലുള്ള പ്രതിഷേധമാണ് നാഗാലാന്റില്‍ നടന്നത്. അസം റൈഫിള്‍സിന്റെ യൂണിറ്റിനെ നേരെ നടന്ന പ്രതിഷേധം സമീപകാലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ ജനമുന്നേറ്റമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. / Photo : PTI

ഇന്ത്യന്‍ ഭരണകൂടം അതിനെതിരെ രാഷ്ട്രീയ സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളോട് എങ്ങനെയാണ് പ്രതികരിക്കുകയെന്നതിന് നല്ല ഉദാഹരണമാണ് മോണ്‍ സംഭവം. തീവ്രവാദികളെ നേരിടുന്നുവെന്നതിന്റെ പേരില്‍ നിരപരാധികൾ ബലിയാടുകൾ ആവുന്ന സംഭവം വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി സംഭവിക്കുന്നതല്ല. മണിപ്പൂരിലും, അസമിലും, നാഗാലാന്റിലും മിസോറാമിലും എല്ലാം സൈന്യത്തിന്റെ അമിതാധികാര പ്രവണത പ്രകടമായ എത്രയോ സംഭവങ്ങളുണ്ടായി. ഇപ്പോഴത്തെ സംഭവത്തെ മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണമാണ്. ഇത്തരത്തില്‍ നടന്ന എല്ലാ സംഭവങ്ങളും അത് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലോ, കശ്മീരിലോ, മധ്യ ഇന്ത്യയിലോ എവിടെയായാലും നിഷേധിക്കുകയും കൊല്ലപ്പെടുന്നവരെ തീവ്രവാദികളെന്ന് സ്ഥാപിക്കുകയുമാണ് സാധാരണ ഗതിയില്‍ പട്ടാളവും സര്‍ക്കാരും ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ അതിനുള്ള സാധ്യത ഒട്ടുമില്ലാത്തതുകൊണ്ടാവും അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ഖേദം പ്രകടിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. അങ്ങനെ ചെയ്തില്ലായെങ്കില്‍ നേരത്തെ പറഞ്ഞ കരാര്‍ പൂര്‍ണമായും ഇല്ലാതാകുമെന്ന ആശങ്കയും സര്‍ക്കാറിനെ ബാധിച്ചിട്ടുണ്ടാകാം. എന്നാല്‍ യാതൊരു പരിശോധനയുമില്ലാതെ, സാധാരണ ജനങ്ങൾക്ക് നേരെ വെടിയുതിർക്കാൻ സൈന്യത്തെ പ്രാപ്തമാക്കുന്നത് അഫ്‌സ്പ എന്ന പേരില്‍ കുപ്രസിദ്ധമായ നിയമമാണ്. ഈ നിയമമാണ് അസ്വസ്ഥ ബാധിത പ്രദേശങ്ങളില്‍ സൈന്യം നടത്തുന്ന അതിക്രമങ്ങളെ നിയമവിധേയമാക്കുന്നത്. അതുകൊണ്ടാണ് മോണ്‍ സംഭവവും അഫ്സ്പയ്‌ക്കെതിരായ വികാരമായി മാറുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ 'ദേശീയ' സമരങ്ങള്‍ പിന്നീട് അഫ്സ്പക്കെതിരായ സമരം കൂടിയായി മാറിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി കാണാം. 1958 ലാണ് അഫ്‌സ്പ നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. രണ്ടാം ലോക യുദ്ധകാലത്ത് ബ്രീട്ടീഷ് സാമ്രാജ്യത്വം ദേശീയ പ്രസ്ഥാനത്തെ നേരിടുന്നതിന് കൊണ്ടുവന്ന നിയമത്തിന്റെ മാതൃകയിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് അഫ്‌സ്പ നിയമം കൊണ്ടുവന്നത്. താല്‍ക്കാലികമായൊരു നിയമസംവിധാനം മാത്രമാണെന്നും ഉടന്‍ പിന്‍വലിക്കുമെന്നുമായിരുന്നു അന്ന് നിയമത്തില്‍ ആശങ്ക അറിയിച്ച സമാജികരോട് നെഹ്‌റു പറഞ്ഞത്. ആദ്യം മണിപ്പുരിലും അസമിലും മാത്രമായിരുന്നു നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. പിന്നീട് അസം വിഭജിച്ച് മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നപ്പോള്‍ അവിടെയും നിയമം ബാധകമാക്കി. ഇതോടെ സൈന്യത്തിന്റെ അമിതാധികാര നീക്കങ്ങള്‍ക്ക് സാധുതയായി. നിരവധി മനുഷ്യാവകാശ സംഘടനകള്‍, അഫ്‌സ്പയുടെ കീഴില്‍ സൈനികര്‍ അനുഭവിക്കുന്ന ഇമ്മ്യൂണിറ്റിയെക്കുറിച്ച് തെളിവ് സഹിതം വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. പിന്നീട് സമ്മര്‍ദ്ദം ഏറിയപ്പോഴാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ ജസ്റ്റിസ് ബി പി ജീവന്‍ റെഡ്ഢി അധ്യക്ഷനായുള്ള അഞ്ചംഗ കമ്മീഷനെ നിയമത്തെക്കുറിച്ച് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമിച്ചത്. നിയമം പിന്‍വലിക്കണമെന്നായിരുന്നു ജീവന്‍ റെഡ്ഢി കമ്മീഷന്‍റെ ശുപാര്‍ശ. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒന്നര പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ആദ്യം യുപിഎയും പിന്നീട് എന്‍ഡിഎ സര്‍ക്കാറും അതിന് തയ്യാറായില്ല. എന്നുമാത്രമല്ല, സൈന്യത്തിന്റെ നടപടികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉണ്ടാക്കുന്നതെന്ന ആരോപണം ശക്തമാകുകയും ചെയ്തു.

മോണ്‍ വെടിവെപ്പ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഫ്പ്‌സയ്‌ക്കെതിരെയും കേന്ദ്രത്തിനുമെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുമൊ എന്ന ആശങ്കയാണ് കേന്ദ്രത്തിന് ഉള്ളത്. അത്തരം ഒരു ചരിത്രമുള്ള പ്രദേശമാണ് വടക്കുകിഴക്കന്‍ മേഖല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രണ്ട് മുഖ്യമന്ത്രിമാര്‍- നാഗാലാന്റിലെയും മേഘാലയയിലേയും - സൈന്യത്തിനുള്ള പ്രത്യേക അവകാശ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്. ഇത് കൂടുതല്‍ വലിയ പ്രതിഷേധങ്ങളിലേക്ക് വളരാന്‍ സാധ്യതയേറെയുണ്ടെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ട്. ഇന്ത്യന്‍ ആര്‍മിയുടെ മനുഷ്യാവാകാശ ലംഘനങ്ങളെ ലോകസമക്ഷം അവതരിപ്പിച്ചത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു സമരമായിരുന്നു. മണിപ്പൂരില്‍ 2004 ജൂണ്‍ 11 ന് നടന്ന സംഭവമാണ് ഐതിഹാസികം എന്ന് വിശേഷിപ്പിക്കാവുന്ന സമരത്തിന് കാരണമായത്. അന്നേ ദിവസമാണ് തങ്കജം മനോരമ എന്ന 32 കാരിയായ സ്ത്രീയെ അസം റൈഫിള്‍സിലെ സൈനികര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം വഴിയില്‍ ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അതിന് മുമ്പുള്ള ഒരു ദിവസമായിരുന്നു ഇവരെ വീട്ടില്‍നിന്നും സൈനികര്‍ പിടിച്ചുകൊണ്ടുപോയത്. വലിയ പ്രതിഷേധവും രോഷവും രാജ്യത്തെമ്പാടും ഉയര്‍ന്നു വന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് വനിതാ സംഘടനയായ മച്ചാ ലൈയ്മ അസം റൈഫിള്‍സിന്റെ ആസ്ഥാനത്തിന് മുമ്പ് നഗ്നരായി Indian Army Rape Us എന്ന ബാനറുമായി സമരം ചെയ്തത്. സമരത്തോട് എന്ത് ചെയ്യണമെന്ന് പോലും അറിയാതെ നിസ്സാഹയരായി പോയിരുന്നു അന്ന് അസം റൈഫിള്‍സിലെ ഉദ്യോഗസ്ഥര്‍. പിന്നീടാണ് അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇറോം ശര്‍മിള വര്‍ഷങ്ങള്‍ നീണ്ട് നിരാഹാര സമരം ആരംഭിച്ചത്.

2004 ജൂലൈ 15ന് വനിതാ സംഘടനയായ മച്ചാ ലൈയ്മ അസം റൈഫിള്‍സ് ആസ്ഥാനത്തിന് മുന്നില്‍ നഗ്നരായി 'Indian Army Rape Us' എന്ന ബാനറുമായി നടത്തിയ സമരം.

വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളും അതിനോട് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതികരണങ്ങളും, ജനങ്ങളുടെ ചെറുത്തുനില്‍പ്പുമെല്ലാം അങ്ങനെ പല രീതിയില്‍ വ്യത്യസ്തതകളുള്ളതായിരുന്നു. ഇന്ത്യന്‍ വ്യോമസേന രാജ്യത്തിനുള്ളിൽ സായുധാക്രമണം നടത്തിയതും ഒരു വടക്കുകിഴക്കന്‍ സംസ്ഥാനത്താണ്, മിസോറാമില്‍. മിസോം നാഷണല്‍ ഫ്രണ്ട് എന്ന സംഘടന പ്രവര്‍ത്തിച്ചത് ആ പ്രദേശത്തെ ഇന്ത്യയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ വേണ്ടിയായിരുന്നു. സവിശേഷമായ സാഹചര്യത്തിൽ ഉയര്‍ന്നുവന്ന പ്രസ്ഥാനമായിരുന്നു മിസോ നാഷണല്‍ ഫ്രണ്ട്. 1958-59 കാലത്തുണ്ടായ കടുത്ത പട്ടിണിയാണ് ഈ സംഘടനയുടെ തുടക്കത്തിനും വ്യോമസേനയുടെ ആക്രമണത്തിനും കാരണമായത്. (മുളക്കാടുകള്‍ നിറഞ്ഞതാണ് മിസോറാം. മൗതം എന്നാല്‍ ഒരു പ്രകൃതി പ്രതിഭാസമാണ്. മുളകള്‍ വ്യാപകമായി പൂക്കുന്നതോടെ എലികള്‍ നാടെമ്പാടും പെരുകും. റാറ്റ് ഫ്‌ളഡ് ( Rat flood) എന്നാണ് ഇത് വിളിക്കപ്പെടുത്. ഒരു നിയന്ത്രണവുമില്ലാതെ എലികള്‍ പെറ്റു പെരുകുന്നതോടെ പാടങ്ങളും ധാന്യശേഖര കേന്ദ്രങ്ങളുമെല്ലാം എലികളുടെ ആക്രമണത്തിന് വിധേയമാകും. കടുത്ത ക്ഷാമത്തിലേക്കാണ് ഇത് ഈ പ്രദേശത്തെ നയിക്കുക. അങ്ങനെയുളള ക്ഷാമമായിരുന്നു 1958-59 കാലത്തുണ്ടായത്. പട്ടിണി നാട്ടില്‍ വ്യാപകമായി. അന്ന് അസമിന്റെ ഭാഗമായിരുന്നു മിസോറാം. 20 ലക്ഷത്തോളം എലികളെ നാട്ടുകാര്‍ കൊന്നുവെന്നാണ് കണക്കാക്കുന്നത്. ജനങ്ങള്‍ ദുരിതം അനുഭവിക്കുമ്പോഴും അതിനോട് നിഷേധാത്മകമായ നിലപാടാണ് അസം സര്‍ക്കാര്‍ സ്വീകരിച്ചത്. കാര്യമായ എന്തെങ്കിലും സഹായം പ്രശ്‌ന ബാധിത മേഖലകളിലേക്ക് നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതില്‍നിന്നുളള രോഷമാണ് മിസോ നാഷണല്‍ ഫാമിന്‍ ഫ്രണ്ട് എന്ന സംഘടനയുടെ രൂപികരണത്തിന് പിന്നില്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളായിരുന്നു സംഘടന മുഖ്യമായി ഏറ്റെടുത്തത്. സര്‍ക്കാരിന്റെ അവഗണനയില്‍ നിസാഹയരായി പോയ ജനങ്ങളെ സംബന്ധിച്ച് ഇത് വലിയ ആശ്വാസമായിരുന്നു. സംഘടനയ്ക്ക് വലിയ തോതിലുള്ള ജനപ്രീതിയുണ്ടായി. ഇതിന് ശേഷം മിസോ നാഷണല്‍ ഫാമിന്‍ ഫ്രണ്ട് പിന്നീട് മിസോ നാഷണല്‍ ഫ്രണ്ടായി രൂപാന്തരം പ്രാപിച്ചു. അവര്‍ ഇന്ത്യയില്‍നിന്ന് വിടുതല്‍ ആവശ്യപ്പെട്ട് സമരം ചെയ്തു. സൈനിക ക്യാമ്പുകള്‍ ആക്രമിച്ചു. പല പ്രദേശങ്ങളും തീവ്രവാദികളുടെ നിയന്ത്രണത്തിലായി. സൈനിക നീക്കം ശക്തമാക്കി. ഇന്ത്യന്‍ വ്യോമസേനയുടെ നാല് വിമാനങ്ങളാണ് ഐസ്വാളില്‍ ബോംബിങ്ങിന് അയച്ചത്. ആദ്യം നഗരത്തിലെ തീവ്രവാദ കേന്ദ്രങ്ങളിലേക്ക് വെടിയുതിര്‍ക്കാനായിരുന്നു ശ്രമമെങ്കില്‍ പിന്നീട് ബോംബ് വര്‍ഷിക്കുകയായിയുരുന്നു. ഇത് ദിവസങ്ങളോളം പല ഘട്ടങ്ങളായി തുടര്‍ന്നു. ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്തു. തീവ്രവാദികള്‍ മ്യാന്‍മാറിലേയും ബംഗ്ലാദേശിലേയും (അന്നത്തെ കിഴക്കന്‍ പാകിസ്താന്‍) കാടുകളിലേക്ക് പിന്‍വാങ്ങി. ബോംബിങ്ങില്‍ വ്യാപകമായ നാശ നഷ്ടമുണ്ടായി.

ഒരാഴ്ചയോളം ഓപ്പറേഷന്‍ നീണ്ടുനിന്നു. സ്വന്തം മണ്ണില്‍ വ്യോമാക്രമണം നടത്തിയ കാര്യം ഇന്ത്യ ആദ്യം അംഗീകരിച്ചില്ല. അത്തരമൊരു സംഗതിയുണ്ടായില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഭക്ഷണവും ആളുകളെ എത്തിക്കുന്നതിനുമാണ് വ്യോമസേന വിമാനങ്ങള്‍ ഉപയോഗിച്ചതെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ ന്യായീകരണം. ഇത് കൂടുതല്‍ പ്രതിഷേധം സൃഷ്ടിച്ചു. 1966 ല്‍ ഇന്ത്യ നടത്തിയ ബോംബിങ്ങാണ് തന്നെ എംഎന്‍എഫില്‍ ചേരാനും പോരാടാനും പ്രേരിപ്പിച്ചതെന്ന് പിന്നീട് മുഖ്യമന്ത്രിയായ സോറാംതങ്ക പറയുകയുണ്ടായി.

photo : PTI

ഇന്ത്യയില്‍ നടന്ന വിഘടനവാദ പ്രക്ഷോഭങ്ങളില്‍ പലതരത്തിലും സവിശേഷതകളുളളതായിരുന്നു വടക്കു കിഴക്കന്‍ മേഖല. വിവിധ വംശീയ വിഭാഗങ്ങളുടെ മേധാവിത്വ ശ്രമങ്ങളും, അവരുടെ ദേശീയതാ മോഹങ്ങളും പിന്നെ മുഖ്യധാര ഇന്ത്യയുമായി സാംസ്‌ക്കാരികമായും രാഷ്ട്രീയമായും കൂടിച്ചേരാനുള്ള വിസമ്മതവുമെല്ലാം കൂടി ചേര്‍ന്ന ഒരു രാഷ്ട്രീയമാണ് പല രീതിയിലും രൂപത്തിലും അവിടെ വിവിധ പ്രസ്ഥാനങ്ങളായി മാറിയത്. നേരത്തെ വിഘടന വാദ സമരം നയിച്ചവര്‍ പിന്നീട് മുഖ്യധാരയുടെ ഭാഗമായി, സംസ്ഥാനം ഭരിക്കുന്ന സാഹചര്യം പോലും ഉണ്ടായി. മോണ്‍ വെടിവെപ്പിലൂടെ ഒരിക്കല്‍ കൂടി വടക്കുകിഴക്കന്‍ മേഖല ഇന്ത്യന്‍ മുഖ്യധാരയുടെ ശ്രദ്ധയിലേക്ക് വരികയാണ്. അഫ്‌സ്പ നിയമവും നാഗാലാന്റിലെ സമാധാന കരാറുമെല്ലാം ഒരിക്കല്‍ കൂടി ചര്‍ച്ച ആവുകയും ചെയ്യുന്നു.

ആഭ്യന്തരമന്ത്രിയുടെ ഖേദ പ്രകടനവും അന്വേഷണവുമല്ല, മറിച്ച് അഫ്‌സ്പ പിന്‍വലിക്കുകയാണ് വേണ്ടെതെന്ന ആവശ്യം ശക്തമാക്കുന്നത് ഇതിന്റെ ഭാഗമായാണ്. സൈനിക നിയന്ത്രിത സമൂഹത്തിലെ ജീവിതത്തില്‍നിന്നാണ് രക്ഷവേണ്ടതെന്ന വടക്കുകിഴക്കന്‍ മേഖലയില്‍നിന്നുള്ളവരുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വിഘടനവാദ സംഘടനകളെ നേരിടുന്ന കാര്യത്തില്‍ കശ്മീരിനോടുള്ള സമീപനമല്ല, ബിജെപിയ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളോട് എന്ന് പറയാമെങ്കിലും, അഫ്‌സ്പ പോലുള്ള നിയമം നടപ്പിലാക്കുന്നത് നിര്‍ത്തിവെയ്ക്കാനോ, സൈന്യത്തിന്റെ നടപടികളെ ഒരു പരിധിക്ക് അപ്പുറം തള്ളികളയാനോ അവര്‍ തയ്യാറാകുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് തന്നെ മോണ്‍ വെടിവെയ്പ്പും തുടര്‍ന്നുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിഘടനവാദ സംഘടനകള്‍ പുതിയ മുന്നേറ്റത്തിനുള്ള ഉപാധിയാക്കിക്കൂടെന്നുമില്ല

Leave a comment