അഗ്നിപരീക്ഷയാകുന്ന അഗ്നിപഥ്
PHOTO: PTI
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തിയ ശേഷം നേരിടുന്ന ഒരു പക്ഷെ, ഏറ്റവും രൂക്ഷമായ വെല്ലുവിളിയായി അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം മാറിയിരിക്കുന്നു. പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണെങ്കിലും ദക്ഷിണേന്ത്യയടക്കമുളള സംസ്ഥാനങ്ങിലും എതിര്‍പ്പിന്റെ ശബ്ദം ഉയരുന്നുണ്ട്. തീവണ്ടികള്‍ക്കും, റെയില്‍വേ സ്റ്റേഷനുകള്‍ക്കും തീയിടുന്ന, ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കുന്ന തരത്തിലുള്ള പ്രതിഷേധത്തിന്റെ തീവ്രത 1970 കളിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നു. പ്രക്ഷോഭം നാലാം ദിവസത്തിലേക്കു മാറിയതോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ആസ്സാം റൈഫിള്‍സടക്കമുള്ള കേന്ദ്ര സായുധ പൊലീസ് സേനയില്‍ അഗ്നിവീരന്മാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനൊപ്പം പ്രായപരിധിയുടെ കാര്യത്തില്‍ മൂന്നുകൊല്ലത്തെ ഇളവു കൂടി അനുവദിക്കുന്ന കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ച പ്രഖ്യാപിച്ചു. പദ്ധതിക്കെതിരായ സമരത്തിന്റെ തീക്ഷ്ണത കുറയുന്ന ലക്ഷണം നാലാം ദിവസവും കാണുന്നില്ല. ട്രെയിന്‍ സര്‍വ്വീസുകളെ താറുമാറാക്കുന്ന വിധത്തില്‍ നിരവധി തീവണ്ടികള്‍ റദ്ദു ചെയ്യുവാന്‍ റെയില്‍വേ നിര്‍ബന്ധിതമായി.
എന്താണ് അഗ്നിപഥ് പദ്ധതി. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളില്‍ വര്‍ഷം തോറും 40,000 പേരെ പുതുതായി നിയമിക്കുക. 17.5 വയസ്സിനും 21 വയസ്സിനും ഇടയിലുള്ള യുവജനങ്ങളെയാണ് നിയമിക്കുക. ഓരോ 4 വര്‍ഷം കഴിയുമ്പോഴും ഇവരെ ഒഴിവാക്കുക. ടൂര്‍ ഓഫ് ഡ്യൂട്ടി എന്ന പേരിലാണ് ഈ നിയമനം. നാലു വര്‍ഷം കഴിഞ്ഞ് ഒഴിവാക്കപ്പെടുമ്പോള്‍ പിരിഞ്ഞു പോകുന്നതിനായി 11.71 ലക്ഷം രൂപ നല്‍കുന്നതൊഴിച്ചാല്‍ മറ്റുള്ള ആനുകൂല്യങ്ങള്‍ ഒന്നും അവര്‍ക്ക് ലഭിക്കുന്നില്ല. പിരിഞ്ഞു പോകുന്നതിന് ലഭിക്കുന്ന 'സിവിയറന്‍സ് പാക്കേജില്‍' 30 ശതമാനം 4 വര്‍ഷം സര്‍വീസില്‍ ഇരിക്കുമ്പോള്‍ ലഭിക്കുന്ന ശമ്പളത്തില്‍ നിന്നും പിടിക്കുന്ന തുക മടക്കി നല്‍കുന്നതിന്റെ ഭാഗമാണ്. പദ്ധതിക്കെതിരായ പ്രതിഷേധം രൂക്ഷമായതോടെ പ്രായപരിധി 23 ആയി ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പുതന്നെ പരിഗണനയില്‍ ഉണ്ടായിരുന്നു ഈ പദ്ധതി ഇക്കൊല്ലം മുതല്‍ നടപ്പിലാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മൂന്നു ദിവസത്തിന് മുമ്പ് പുറത്തുവന്നതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് തിരികൊളുത്തിയത്.
വര്‍ഷത്തില്‍ റിക്രൂട്ട് ചെയ്യുന്ന 40,000 പേരില്‍ 25 ശതമാനത്തെ 4 വര്‍ഷം കഴിയുമ്പോള്‍ പ്രതിരോധ സേനകളില്‍ തന്നെ റിക്രൂട്ട് ചെയ്യുമെന്നും ബാക്കിയുള്ളവരെ വിവിധങ്ങളായ കേന്ദ്ര പൊലീസ് സേനകളിലേക്ക് വിന്യസിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇപ്പോള്‍ നടക്കുന്ന തരത്തിലുള്ള പട്ടാള റിക്രൂട്ട്‌മെന്റ് അവസാനിപ്പിച്ച് പുതിയ സമ്പ്രദായം നിലവില്‍ വരുന്നുവെന്നു ചുരുക്കം. വിരമിച്ച സൈനികര്‍ക്കുള്ള പെന്‍ഷന്‍ ബാധ്യത കുറക്കുക, വിവിധ സേനാവിഭാഗങ്ങളില്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഇപ്പോഴത്തേക്കാള്‍ കൂടുതലായി ലഭ്യമാക്കുക, സാങ്കേതിക വിദ്യയില്‍ കൂടുതല്‍ കാര്യക്ഷമതയുള്ള മനുഷ്യശേഷിയെ സൈനിക മേഖലയില്‍ വിന്യസിക്കുക തുടങ്ങിയവയാണ് അഗ്നിപഥത്തിന്റെ ലക്ഷ്യങ്ങളായി ലഭിക്കുന്ന വിവരങ്ങള്‍. അഗ്നിവീരര്‍ എന്നാണ് താല്‍ക്കാലിക സൈനിക സേവനത്തിനായി നിയമനം ലഭിക്കുന്നവര്‍ അറിയപ്പെടുക.
പദ്ധതിക്ക് എതിരായ വാദങ്ങള്‍ നിരവധിയാണ്. പട്ടാളത്തില്‍ സ്ഥിരമായ ജോലിയെന്ന സ്വപ്‌നം ഇതോടെ അവസാനിക്കുന്നുവെന്നതാണ് അതില്‍ പ്രധാനം. നാലുവര്‍ഷത്തെ സേവനം കഴിയുമ്പോള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവരില്‍ 75 ശതമാനവും തൊഴില്‍രഹിതരാവുന്നു. അതായത് 21 വയസ്സില്‍ ജോലിക്കു ചേരുന്നവര്‍ 25 വയസ്സാവുമ്പോള്‍ തൊഴില്‍രഹിതരാവുന്ന സ്ഥിതി. വിമുക്ത ഭടന്മാര്‍ക്ക് ഇപ്പോള്‍ ലഭ്യമായ തൊഴിലുകള്‍ പോലും പരിതാപകരമായ നിലയിലായ സാഹചര്യത്തില്‍ 30,000 പേര്‍ക്ക് വര്‍ഷം തോറും തൊഴില്‍ ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെ മുഖവിലക്കെടുക്കാന്‍ പ്രതിഷേധിക്കുന്നവര്‍ തയ്യാറല്ല. പെന്‍ഷനും, കുറഞ്ഞ വിലയില്‍ ലഭ്യമാവുന്ന കാന്റീന്‍ സേവനങ്ങളുമാണ് വിമുക്ത ഭടന്‍മാരെ പട്ടിണിയില്‍ നിന്നും അകറ്റുന്ന സുപ്രധാന ഘടകങ്ങള്‍. അങ്ങനെയുള്ള ആനുകൂല്യങ്ങളൊന്നും തന്നെ അഗ്നിവീരര്‍ക്ക് ലഭ്യമല്ല. അത്യാധുനിക ആയുധങ്ങളിലും, വെടിക്കോപ്പുകളിലും പരിശീലനം ലഭിച്ച ചെറുപ്പക്കാര്‍ തൊഴില്‍രഹിതരായി മാറുന്ന സാഹചര്യം തൊഴില്‍ ഇല്ലായ്മയും, സാമൂഹ്യ അസമത്വങ്ങളും രൂക്ഷമായ ഇന്ത്യയെപ്പോലെയുള്ള ഒരു നാട്ടില്‍ സൃഷ്ടിക്കാനിടയുള്ള സാമൂഹ്യ പ്രത്യാഘാതങ്ങള്‍ എന്താവുമെന്ന ചോദ്യം തീരെ അവഗണിക്കാനാവില്ല.
സൈനിക സേവനത്തിനായി തെരഞ്ഞെടുക്കുന്നതിന് ഒരോ സംസ്ഥാനങ്ങള്‍ക്കുമുള്ള വിഹിതം പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇല്ലാതാവുമെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ സീനിയര്‍ ഫെലോയും സൈനികകാര്യ പണ്ഡിതനുമായ സുഷാന്ത് സിംഗ് സൂചിപ്പിക്കുന്നു. സൈനിക സേവനത്തിനായി നിശ്ചയിച്ച പ്രായപരിധിക്കകത്തുള്ള പുരുഷന്മരുടെ ജനസംഖ്യക്ക് ആനുപാതികമായ നിരക്കിലാണ് ഒരോ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ വിഹിതം ഇപ്പോള്‍ നിര്‍ണ്ണയിക്കുക. 1966 മുതല്‍ സൈനിക റിക്രൂട്ട്‌മെന്റുകള്‍ക്കായി പിന്തുടരുന്ന ഈ നയം ഇല്ലാതാവുന്നതോടെ ചില പ്രത്യേക സംസ്ഥാനങ്ങളില്‍ നിന്നും ജാതികളില്‍ നിന്നും കൂടുതലാളുകള്‍ നിയമിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് സിംഗ് ചൂണ്ടിക്കാട്ടുന്നു. പഞ്ചാബി വംശജരുടെ ആധിക്യം പാക്കിസ്ഥാനി പട്ടാളത്തിലും, സമൂഹത്തിലും സൃഷ്ടിക്കുന്ന വംശീയമായ അസന്തുലിതാവസ്ഥകള്‍ ഉദാഹരണമായി കാണാവുന്നതാണ്. വംശീയമായ അസന്തുലിതാവസ്ഥകള്‍ ആഭ്യന്തര സംഘര്‍ഷങ്ങളുടെയും, കലാപങ്ങളുടെയും സമയങ്ങളില്‍ ഗുരുതരമായ ഭവിഷത്തുകള്‍ക്ക് ഇടയാക്കുന്നതിനെപ്പറ്റിയുള്ള പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം പറയുന്നു.
സാമൂഹ്യവും, രാഷ്ട്രീയവുമായ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന ഒരു നയം വേണ്ടത്ര അവധാനതയില്ലാതെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തുനിയുന്നതിന്റെ കാരണം എന്താവും. ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധിയുടെ ഒരു ലക്ഷണമായി അഗ്നിപഥിനെ കാണാവുന്നതാണ്. സൈനിക ആവശ്യങ്ങളെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്നതിനുള്ള സാമ്പത്തിക ശേഷി ഇല്ലാതാവുന്ന ഇന്ത്യനവസ്ഥയുടെ ഉദാഹരണമായി അഗ്നിപഥിനെ സുഷാന്ത് സിംഗ് വിശേഷിപ്പിക്കുന്നു. സൈനികരുടെ വര്‍ദ്ധിച്ച പെന്‍ഷന്‍-ശമ്പള ബാധ്യതകള്‍ അതില്‍ മുഖ്യപങ്ക് വഹിക്കുന്നു. 'ഒരു റാങ്ക് ഒരു പെന്‍ഷന്‍' പദ്ധതി നടപ്പിലാക്കിയതോടെ വിമുക്തഭടന്മാരുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാരിന് വലിയ തലവേദനയായി. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിരോധ മേഖലക്ക് നീക്കിവെച്ച മൊത്തം തുകയില്‍ 54 ശതമാനവും ശമ്പളത്തിനും, പെന്‍ഷനുമായാണ് ചെലവഴിക്കുക. 163,00 കോടി രൂപ ശമ്പളത്തിനും, 119,696 കോടി രൂപ പെന്‍ഷനും. അനുവദിച്ച തുകയുടെ 54 ശതമാനവും ശമ്പളത്തിനും, പെന്‍ഷനുമായി ചെലവഴിക്കുമ്പോള്‍ ആധുനികവല്‍കരണത്തിനും, ഏറ്റവും പുതിയ സാങ്കേതിക മികവുള്ള ഉപകരണങ്ങളും പടക്കോപ്പുകളും സ്വന്തമാക്കുന്നതിനും കഴിയാതെ വരുന്നു. ഇന്ത്യന്‍ വ്യോമസേനക്ക് 42 സ്‌ക്വാഡ്രണ്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമുള്ളപ്പോള്‍ കൈവശമുള്ളത് 30 സ്‌ക്വാഡ്രണ്‍ മാത്രം. 200 കപ്പലുകള്‍ ആവശ്യമുളള നാവികസേനയുടെ പക്കല്‍ 130 കപ്പലുകള്‍ മാത്രം. കരസേനയുടെ കാര്യത്തില്‍ ഇപ്പോള്‍ 100,000 പേരുടെ കുറവ് രേഖപ്പെടുത്തുന്നു.
തങ്ങളുടെ രാഷ്ട്രീയമായ നിലനില്‍പ്പിന്റെ മുഖ്യ സൂത്രവാക്യങ്ങളായി അതിദേശീയതയും, ദേശസുരക്ഷയും ഉപയോഗപ്പെടുത്തുന്ന ബിജെപി ഭരിക്കുന്ന കാലയളവിലാണ് സൈനിക ശേഷി ഇത്രയും ദുര്‍ബലമായതെന്ന വസ്തുത വിചിത്രമായി തോന്നാം. സാമ്പത്തികമായി താങ്ങാവുന്നതിലധികമായി സൈനികച്ചിലവുകള്‍ മാറിയതാണ് അഗ്നിപഥത്തിന്റെ പിന്നിലെ കാരണമെന്ന സുഷാന്ത് സിംഗിന്റെ വിലയിരുത്തല്‍ പൂര്‍ണ്ണമായും ശരിയാണെന്നു തോന്നുന്നില്ല. അമേരിക്കയടക്കമുള്ള മുന്‍നിര മുതലാളിത്ത രാജ്യങ്ങളിലെന്ന പോലെ സ്വകാര്യ സുരക്ഷാസേനകളുടെ രൂപീകരണത്തിന്റെ മുന്നോടിയായി അഗ്നിപഥ് പദ്ധതിയെ വിലയിരുത്തുന്നതാവും കൂടുതല്‍ അഭികാമ്യം. യുദ്ധമടക്കമുള്ള സമസ്ത മേഖലകളിലും സ്വകാര്യ സുരക്ഷാ കമ്പനികള്‍ ഇപ്പോള്‍ സജീവമാണ്. 2019 ലെ ഒരു വിലയിരുത്തല്‍ പ്രകാരം ആഗോളതലത്തില്‍ ഏതാണ്ട് 69 ബില്യണ്‍ ഡോളറിന്റെ ബിസിനസ്സായിരുന്നു സ്വകാര്യ സുരക്ഷാമേഖല. അതിന്റെ സിംഹഭാഗവും അമേരിക്കന്‍ കമ്പനികളായിരുന്നു. നമ്മള്‍ സാധാരണ കാണുന്ന സെക്യൂരിറ്റി ഗാര്‍ഡ് മുതല്‍ കൂലിപ്പട്ടാളമായി (mercenary army) പ്രവര്‍ത്തിക്കുന്നവര്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലും സമാനമായ സ്ഥിതവിശേഷം ആവിര്‍ഭാവം ചെയ്യുന്നതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
അഗ്നിപഥ് വിഭാവന ചെയ്യുന്ന വിധത്തില്‍ റിക്രൂട്ട്‌മെന്റ് സംവിധാനം പുനഃസംഘാടനം ചെയ്യപ്പെടുന്നതോടെ 25-നും 30-നും വയസ്സിനുമിടയില്‍ തൊഴില്‍രഹിതരാവുന്ന യുദ്ധസജ്ജരായ (കൊമ്പാറ്റ് റെഡി) യുവജനത എന്തുചെയ്യുമെന്ന ചോദ്യം പ്രസക്തമാണ്. കേന്ദ്ര സര്‍ക്കാരിന്റെ അര്‍ദ്ധസൈനിക-പൊലീസ് വിഭാഗങ്ങളിലേക്ക് അവരെ നിയോഗിക്കുമെന്ന കാര്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം ഫലപ്രദമാവുമെന്നതില്‍ തീര്‍ച്ചയില്ല. അര്‍ദ്ധസൈനിക-പൊലീസ് വിഭാഗത്തിന്റെ ചുമതലകള്‍ സൈന്യത്തിന്റേതില്‍ നിന്നും ഭിന്നമാണെന്നും മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യ സുരക്ഷാസേനകളില്‍ സേവനം തേടുക മാത്രമായിരിക്കും നല്ല പ്രായത്തില്‍ തൊഴില്‍രഹിതരാവുന്ന ഈ യുവജനങ്ങളുടെ മുന്നിലുള്ള പോംവഴി. ഇന്ത്യയില്‍ തല്‍ക്കാലം സെക്യൂരിറ്റി ഗാര്‍ഡുകളുടെ തലത്തില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന സ്വകാര്യ സുരക്ഷാസേവനങ്ങള്‍ മറ്റുള്ള മേഖലകളിലേക്കു കൂടി വ്യാപിക്കുന്നതിന്റെ തുടക്കമായി ഈ മാറ്റത്തെ കാണാവുന്നതാണ്. വിദേശ സ്വകാര്യ സേനകളിലേക്കുള്ള തൊഴിലവസരമാണ് മറ്റൊരു മേഖല. അത്യാധുനിക ആയുധങ്ങളിലും, പടക്കോപ്പുകളിലും, സൈനികവൃത്തിയിലും പരിശീലനം സിദ്ധിച്ചവരെ ലഭ്യമാവുകയാണെങ്കില്‍ ബഹുരാഷ്ട്ര സൈനിക കമ്പനികള്‍ അവരെ തേടിയെത്തുമെന്ന സാധ്യതകള്‍ തള്ളിക്കളയാനാവില്ല. ശരാശരി അമേരിക്കക്കാരന് കൊടുക്കുന്ന വേതനത്തില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നിന്നും മനുഷ്യശേഷി ലഭിക്കുകയാണെങ്കില്‍ അമേരിക്കന്‍ ബഹുരാഷ്ട്ര സൈനിക കമ്പനികള്‍ അവരുടെ റിക്രൂട്ട്‌മെന്റ് അത്തരം സ്ഥലങ്ങളില്‍ തുടങ്ങും. ഐടി വ്യവസായ മേഖലയില്‍ സേവനം ഔട്ട്‌സോഴ്സ് ചെയ്യാമെങ്കില്‍ സൈനിക-സുരക്ഷാമേഖലകളിലും ഔട്ട് സോഴ്സിങ് സാദ്ധ്യമാണെന്നു ചുരുക്കം. അഫ്ഗാനിസ്ഥാനിലടക്കം അമേരിക്കന്‍ സൈനിക കമ്പനികള്‍ക്കായുള്ള സിവിലിയന്‍ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളില്‍ മലയാളികളടക്കം ജോലി ചെയ്യുന്നതിന്റെ ഉദാഹരണങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. നിയോലിബറല്‍ സാമ്പത്തിക യുക്തി സൈനികസേവനത്തിലും നടപ്പിലാക്കുന്നതിന്റെ ആദ്യപടിയായി അഗ്നിപഥത്തെ കാണുന്നതാവും ഈ പദ്ധതിയെ മനസ്സിലാക്കുന്നതിനുള്ള താക്കോല്‍. തൊഴില്‍ മേഖലയിലാകെ വ്യാപിക്കുന്ന 'ഹയര്‍ ആന്റ് ഫയര്‍' നയം (എപ്പോള്‍ വേണമെങ്കിലും പിരിച്ചയക്കാം) സൈനിക മേഖലയിലും വ്യാപിക്കുന്നതിന്റെ തുടക്കമായും ഈ മാറ്റത്തെ വിലയിരുത്താനാകും.