ഐജാസ് അഹമ്മദ് അടിയുറച്ച മാർക്സിസ്റ്റ്
PHOTO : R RAVINDRAN
സമകാലീനഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയരായ മാർക്സിസ്റ്റ് ചിന്തകരിൽ ഒരാളാണ് പ്രൊഫസർ ഐജാസ് അഹമ്മദ് . സാർവദേശീയ ഇടതുപക്ഷത്തിലെ നവ മാർക്സിസ്ററ് ധാരകളുമായുള്ള സമ്പർക്കവും സംവാദവും നിലനിർത്തുകയും അതേ സമയം ക്ലാസ്സിക്കൽ മാർക്സിസത്തിന്റെ അന്തസ്സത്തയോട് താദാത്മ്യം പ്രാപിക്കുകയും ചെയ്ത മറ്റൊരു ചിന്തകനെ കാണുക വിഷമമാണ്. ഐജാസ് അഹമ്മദിന്റെ ദേഹവിയോഗം മാർക്സിസ്റ്റ് ചിന്താധാരകളിൽ നികത്താനാകാത്ത വിടവ് സൃഷ്ടിച്ചിരിക്കുകയാണ്.
1941ൽ ഇന്നത്തെ പാകിസ്താനിൽ ജനിച്ച ഐജാസ് കുട്ടിക്കാലത്ത് വിഭജനം സൃഷ്ടിച്ച ദുരന്തങ്ങൾക്കു മുഴുവനും ദൃക്സാക്ഷിയായിരുന്നു. പൗരത്വപ്രശ്നത്തെ ചൊല്ലി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്ന അദ്ദേഹം 25 വർഷക്കാലം ഇന്ത്യയിലാണ് കഴിഞ്ഞത്. ഡൽഹി സർവകലാശാലയിൽ അദ്ധ്യാപകനായി. തുടർന്നാണ് കാലിഫോർണിയൻ സർവകലാശാലയിൽ അദ്ധ്യാപകനാകുകയും സ്ഥിരവാസം അമേരിക്കയിലേക്കു മാറ്റുകയും ചെയ്തത്. ആദ്യകാലം മുതൽ തന്നെ ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സജീവമായ ബന്ധം പുലർത്തി.
രാഷ്ട്രീയവും സംസ്കാരവും തമ്മിലുള്ള ബന്ധം അദ്ദേഹത്തിന്റെ സജീവശ്രദ്ധ ആകർഷിച്ച വിഷയമായിരുന്നു. ഈ ശ്രദ്ധയാണ് 'ഇൻ തിയറി' എന്ന തന്റെപ്രബന്ധ സമാഹാരത്തിൽ എഡ്വേർഡ് സെയ്ദ് അടക്കമുള്ള സൈദ്ധാന്തികരുടെ സമീപനങ്ങളുടെ വിമർശനാത്മകമായ പരിശോധനയിൽ എത്തിച്ചത്. മാർക്സിസത്തെയും മിഷെൽ ഫൂക്കോവിയൻ വീക്ഷണത്തെയും സമന്വയിപ്പിച്ച് കൊണ്ട് സെയ്ദ് എത്തി ചേർന്ന നിരീക്ഷണം ഐജാസ് അഹമ്മദിന് സ്വീകാര്യമായിരുന്നില്ല. കൊളോണിയലിസവും സാമ്രാജ്യത്വവും ലോകജനതയുടെ നഗ്നമായ സാമ്പത്തിക ചൂഷണത്തിലും അവരുടെ മേലുള്ള രാഷ്ട്രീയ തേർവാഴ്ചയിലും അധിഷ്ഠിതമാണ്. അതിന്റെ അടിത്തറ സാംസ്കാരികമോ മതപരമോ ആയ വേർതിരിവുകളല്ല. സ്വന്തം ജന്മഭൂമി നഷ്ടപ്പെട്ട പാലസ്തീനിയൻ എന്ന നിലയിൽ ഈ നഷ്ടത്തിന്റെ ഉറവിടം തേടിചെല്ലുന്നത് അധീശസംസ്കൃതിയും കീഴാളസംസ്കൃതിയും തമ്മിലുള്ള വ്യത്യസ്തതകളിലേക്കാണ്. ഈ വേർതിരിവുകളിൽ ചരിത്രപരമായ ഘടകങ്ങൾ ഉണ്ട്. പക്ഷെ അവയെ പരിശോധിക്കേണ്ടത് സാംസ്കാരികവും വൈകാരികവുമായ നാഗരികരും പ്രാകൃതരും പോലുള്ള വ്യത്യസ്തതകളിൽ നിന്നു മാത്രമല്ല, അത്തരം വ്യത്യസ്ഥതകൾ പ്രചരിപ്പിച്ച് ലോകം കീഴടക്കിയ അർഥശാസ്ത്രത്തിന്റെയും തലങ്ങൾ കൂടി ചേർത്താണ്. സാമ്രാജ്യത്വം ഒരു പാഠമല്ല, സാമ്രാജ്യത്വ വിമർശം ഒരു പാഠവിമർശം മാത്രവുമല്ല. സാമ്രാജ്യത്വ വിരുദ്ധപ്രസ്ഥാനങ്ങളെ കേവലമായ സാംസ്കാരിക പ്രതിരോധരൂപങ്ങളായി അവയുടെ രാഷ്ട്രീയ വിപ്ലവപരമായ അന്തസ്സത്തയെ ചോർത്തിക്കളയുകയാണ് ചെയ്യുന്നത്..
ഈ ആശയങ്ങളെ 'ലിനിയെജെസ് ഓഫ് ദ പ്രസന്റ്' , 'ഗ്ലോബലൈസേഷൻ ആൻഡ് കൾച്ചർ' തുടങ്ങിയ പ്രബന്ധസമാഹാരങ്ങളിലും അദ്ദേഹം വിലയിരുത്തുന്നുണ്ട്. പോസ്റ്റ് കൊളോണിയൽ എന്നു വിളിക്കപ്പെടുന്ന സാഹിത്യ കലാവിഷ്കാര രൂപങ്ങൾ കൊളോണിയൽ കാലത്തു രൂപപ്പെട്ടുവന്ന അധീശസംസ്കൃതിക്കെതിരായ പ്രതിരോധമാണ്. പക്ഷെ ജന്മി നാടുവാഴിത്തത്തിനെതിരായ പ്രതിരോധം സൃഷ്ടിക്കുന്നതിൽ കൊളോണിയൽ കാലത്തു സ്വാധീനം ചെലുത്താൻ ആരംഭിച്ച മുതലാളിത്ത ആശയസംഹിതകൾക്ക് ഒരു പങ്കുണ്ട് എന്ന കാര്യം വിസ്മരിച്ചു കൂട. ഇന്ന് കൊളോണിയൽ ആധുനികതയെ ചെറുക്കുന്നു എന്ന പേരിൽ മതജാതിപാരമ്പര്യങ്ങൾ അടക്കമുള്ള പരമ്പരാഗത ആശയസംഹിതകളുടെ പുനരുത്ഥാനം നടക്കുന്നത് കാണാതിരുന്നുകൂടാ. ഇവയെല്ലാം സംരക്ഷിക്കപ്പെടുന്നത് പോസ്ററ് കൊളോണിയൽ വ്യവഹാരങ്ങൾ എന്ന പേരിലുമാണ്. ഇത് ഇന്ത്യയും പശ്ചിമേഷ്യയുമടക്കമുള്ള രാഷ്ട്രീയദുരന്തങ്ങൾക്ക് കാരണവുമാകുന്നു. സാമ്രാജ്യത്വം സ്വന്തം അധീശത്വത്തെ ശക്തിപ്പെടുത്താനും ഇതേ ആശയസംഹിതകൾ പ്രയോജനപ്പെടുത്തുന്നു.
ഹിന്ദുത്വരാഷ്ട്രീയം പോലെ രാഷ്ട്രീയ ഇസ്ലാമിന്റെ ഏറ്റവും ശക്തരായ വിമർശകരിൽ ഒരാളായിരുന്നു ഐജാസ് അഹമ്മദ്. പാലസ്തീനിയൻ ഹമാസ് മുതൽ അൽ ഖ്വൈദയും താലിബാനും നിരവധി പാക് ഗ്രൂപ്പുകളുമടക്കമുള്ള ഇസ്ലാമികരാഷ്ട്രീയത്തെ പുനരുത്ഥാനവാദത്തിന്റെ വകഭേദം മാത്രമായാണ് അദ്ദേഹം കണ്ടത്. അമേരിക്കയുടെ വാർ ഓൺ ടെറർ ഇത്തരം ഗ്രൂപ്പുകളെയും അവർ തമ്മിലുള്ള അന്തച്ഛിദ്രത്തേയും ഫലപ്രദമായി ഉപയോഗിച്ച് സ്വന്തം കരുത്തുവർദ്ധിപ്പിക്കാനുള്ള സാമ്രാജ്യത്വ തന്ത്രവുമാണ്. താലിബാനെപ്പോലുള്ള സംഘടനകൾ ഈ തന്ത്രത്തിന്റെ പ്രത്യക്ഷമായ ഉപകരണങ്ങളുമാണ്. പശ്ചിമേഷ്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾ ശക്തിപ്പെടുകയും ജനാധിപത്യപോരാട്ടങ്ങൾ സാധ്യമാകുകയും ചെയ്യണമെങ്കിൽ രാഷ്ട്രീയ ഇസ്ലാമിന്റെ അന്ത്യം കുറിക്കപ്പെടണം.
ഐജാസ് അഹമ്മദ് ഒരു മാർക്സിസ്ററ് ആയിരുന്നു. ചരിത്രപ്രക്രിയയുടെ ജീവനാഡി വർഗസമരങ്ങളാണ് എന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല. കാലാനുസൃതമായ മാറ്റങ്ങൾ ഏതു സിദ്ധാന്തത്തിലും എന്നതു പോലെ മാർക്സിസത്തിലും ആവശ്യമാണ്. സാമ്രാജ്യത്വത്തിന്റെ സാംസ്കാരിക അധിനിവേശ പ്രക്രിയകളെ കുറിച്ച് കൂടുതൽ വ്യക്തമായ വിലയിരുത്തലുകളും പ്രയോഗരീതികളും ആവശ്യമാണ്. മനുഷ്യരാശിയുടെ ഭാവി സോഷ്യലിസമാണ്. ഇതു സാധ്യമാകണമെങ്കിൽ നിലവിലുള്ള സോഷ്യലിസ്റ്റ് അനുഭവങ്ങൾ സൂക്ഷ്മതലത്തിൽ വിലയിരുത്തപ്പെടണം ഈ വിമർശനം നിലവിലുള്ള സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ്കക്ഷികളെ ഇകഴ്ത്തി കാണിക്കുന്നതിനും അധിക്ഷേപിക്കുന്നതിനും ആകരുത്. അത് വർഗ്ഗശത്രുക്കളെയാണ് സഹായിക്കുക. തന്റെ വിമർശനങ്ങൾ ഒരു ക്രിട്ടിക്കൽ ഇൻസൈഡർ എന്ന രീതിയിൽ മാത്രം അവതരിപ്പിക്കുന്നതിൽ അദ്ദേഹം ശ്രദ്ധിച്ചു.
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ വളർന്നു വന്നവരും ഇന്ത്യയിലെ കമ്മ്യൂണിസ്ററ് പ്രസ്ഥാനം ഏറെ സന്ദിഗ്ധഘട്ടങ്ങളിലൂടെ കടന്നു പോയപ്പോഴും അതിനോടൊപ്പം ഉറച്ചു നിന്നവരുമായ വലിയൊരു തലമുറ നമുക്കുണ്ട്. അവരിൽ അഗ്രഗണ്യനായ ബുദ്ധിജീവിയായിരുന്നു ഐജാസ് അഹമ്മദ്. ഇവരിൽ ഓരോരുത്തരായി കടന്നു പോകുമ്പോൾ ഇനി വരുന്നവരുടെ ചുമതലകൾ വർദ്ധിക്കുകയാണ്. അതിനായി ഐജാസിനെപ്പോലുള്ളവർ എഴുതുകയും രേഖപ്പെടുത്തുകയും ചെയ്ത വാക്കുകളും ആശയങ്ങളും നിലനിർത്തേണ്ടത് ഇന്നത്തെ ആവശ്യമാണ്