വഞ്ചനയുടെ 100 വര്‍ഷങ്ങള്‍
ഏകാന്തതയുടെ 100 വര്‍ഷമെന്ന ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വേസിന്റെ നോവലിന്റെ പേര് അറിയാത്തവര്‍ കേരളത്തില്‍ വിരളമായിരിക്കും. എന്നാല്‍ 100 വര്‍ഷം നീണ്ട ബോധപൂര്‍വ്വമായ ഒരു വഞ്ചനയുടെ ചരിത്രം മലയാളികള്‍ക്ക് മാത്രമല്ല ലോകത്തില്‍ തന്നെ ഭൂരിഭാഗം പേര്‍ക്കും ഇപ്പോഴും അത്ര പരിചിതമല്ല. പെട്രോളിയം ഉല്‍പ്പാദകരും, കാര്‍ നിര്‍മ്മാതാക്കളും ചേര്‍ന്നാണ് ഈ വഞ്ചന നടത്തിയത്. പെട്രോളില്‍ ലെഡ് (ഈയം) ചേര്‍ക്കുന്നത് ഗരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് ബോധ്യമുണ്ടായിട്ടും ഏതാണ്ട് 100 കൊല്ലത്തോളം അതിന്റെ വില്‍പ്പന നിര്‍ബാധം നടത്തുകയായിരുന്നു ഇരുകൂട്ടരും. പെട്രോളില്‍ ലെഡ് ചേര്‍ക്കുന്ന വിദ്യ കണ്ടെത്തുവാന്‍ രണ്ടു വര്‍ഷമെടുത്തുവെങ്കില്‍ ഈയം ചേര്‍ക്കാത്ത പെട്രോളിലേക്കു മടങ്ങുവാന്‍ ഒരു നൂറ്റാണ്ട് കഴിയേണ്ടി വന്നു. അമേരിക്കയിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സിന്റെ ഗവേഷണ ലാബില്‍ പെട്രോളില്‍ ഈയം ബ്ലെന്‍ഡ് ചെയ്യുന്നതിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് 1921 ഡിസംബര്‍ 9 നായിരിന്നു. ജനറല്‍ മോട്ടോഴ്‌സിന്റെ ഒരു പുതിയ കാര്‍ എഞ്ചിനില്‍ ബ്ലെന്‍ഡു ചെയ്ത പെട്രോള്‍ പരീക്ഷിച്ചപ്പോള്‍ എഞ്ചിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുഗമവും ശക്തവുമായി. ടെട്രാഈതൈല്‍ ലെഡ് (tetraethyl lead) എന്ന രാസപദാര്‍ത്ഥമായിരുന്നു പെട്രോളില്‍ ബ്ലെന്‍ഡു ചെയ്യുന്നതിനായി ഉപയോഗിച്ചത്. ബ്ലെന്‍ഡു ചെയ്ത പെട്രോള്‍ കാറുകളുടെ എഞ്ചിന്‍ പ്രവര്‍ത്തനം സുഗമമാക്കുകയും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്തപ്പോള്‍ അത് മനുഷ്യരുടെ ആരോഗ്യത്തിനും ചുറ്റുപാടിനും സൃഷ്ടിക്കുന്ന ആപത്തിനെ പറ്റിയുളള വിവരങ്ങള്‍ കാര്‍ നിര്‍മ്മാതാക്കളും, പെട്രോളിയം കമ്പനികളും മൂടിവെച്ചു. 'ജനറല്‍ മോട്ടോര്‍സിന് എന്താണോ നല്ലത് അതാണ് അമേരിക്കക്കും നല്ലത്' എന്ന ആപ്തവാക്യം ഭാഷയാവുന്ന കാലമായിരുന്നു.
ലെഡും മരണവും
കാര്‍ നിര്‍മ്മാതാക്കളും, പെട്രോളിയം കമ്പനികളും ചേര്‍ന്നു നടപ്പിലാക്കിയ ഈ തീരുമാനം ലാഭത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യത്തിന് ഒരു വിലയും കല്‍പ്പിക്കാത്തതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊതുജനാരോഗ്യ സംബന്ധമായ നയങ്ങള്‍ രൂപീകരിക്കുവാന്‍ ചുമതലപ്പെട്ട ഗവണ്മെന്റും, സ്ഥാപനങ്ങളും അവയുടെ ഉത്തരവാദിത്ത്വം നിറവേറ്റുന്നതില്‍ പരാജയമാവുന്നതിന്റെ നാള്‍വഴികളും ഈ 100 കൊല്ലത്തെ ചരിത്രത്തില്‍ സുലഭമാണ്. സ്വകാര്യ കമ്പനികളുടെ ഒടുങ്ങാത്ത അത്യാഗ്രഹത്തിന് അറുതി വരുത്തുവാന്‍ പൊതുജനാരോഗ്യ പ്രവര്‍ത്തകരും, പാരിസ്ഥിതിക അവബോധമുള്ള കൊള്ളാവുന്ന പത്രപ്രവര്‍ത്തകരും വഹിച്ച പങ്കിനെ പറ്റി ബില്‍ കോവാരിക് 'ദുരന്തത്തിന്റെ നൂറ്റാണ്ട്: ലെഡ് കലര്‍ത്തിയ പെട്രോള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് ബോധ്യമുണ്ടായിട്ടും കാര്‍, പെട്രോള്‍ വ്യവസായങ്ങള്‍ 100 കൊല്ലം അവ യഥേഷ്ടം വിറ്റഴിച്ചു' (1) എന്ന ലേഖനത്തില്‍ വിവരിക്കുന്നു. ലെഡിന്റെ ആപത്തിനെ പറ്റി 1920 കളുടെ തുടക്കത്തില്‍ തന്നെ അറിവുകളുണ്ടായിരുന്നു. ചാള്‍സ് ഡിക്കന്‍സും, ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്നിവര്‍ പോലും അതിന്റെ ആപത്തിനെ പറ്റി എഴുതിയിരുന്നു. ജനറല്‍ മോട്ടോഴ്‌സ് ലെഡു കലര്‍ന്ന പെട്രോള്‍ എഞ്ചിന്‍ വാഹനങ്ങള്‍ വില്‍പ്പന തുടങ്ങിയപ്പോള്‍ പൊതുജനാരോഗ്യ വിദഗ്ധര്‍ അതിനെതിരെ പ്രതികരിച്ചുവെങ്കിലും കമ്പനി തങ്ങളുടെ കച്ചവടവുമായി മുന്നോട്ടു പോയി. സ്റ്റാന്‍ഡേര്‍ഡ് ഓയിലും കൂട്ടിനുണ്ടായിരുന്നു. അവരുടെ പ്രവര്‍ത്തനം 1924 ഒക്ടോബര്‍ വരെ നിര്‍ബാധം തുടര്‍ന്നു. ഒക്ടോബറില്‍ ന്യൂ ജഴ്‌സിയിലെ ഒരു എണ്ണ ശുദ്ധീകരണശാലയില്‍ 24 തൊഴിലാളികള്‍ ഗുരുതരാവസ്ഥയിലായി. ജനറല്‍ മോട്ടോഴ്‌സ് തയ്യാറാക്കിയ തെറ്റായ ബ്ലെന്‍ഡിംഗ് പ്രക്രിയയുടെ ഫലമായുളള ലെഡ് വിഷബാധയാണ് തൊഴിലാളികളെ ഗുരുതരാവസ്ഥയിലെത്തിച്ചത്. പിച്ചും പേയും പറഞ്ഞു തുടങ്ങിയ അവര്‍ പിന്നീട് അനിയന്ത്രിതമാം വിധം അക്രമാസക്തരാവുകയായിരുന്നു. ആറു പേര്‍ മരണമടഞ്ഞു ബാക്കിയുള്ളവര്‍ ആശുപത്രിയിലായി. ഡുപോണ്ടിന്റെയും, ജിഎംന്റെയും എണ്ണ ശുദ്ധീകരണ ശാലകളിലായി 11 തൊഴിലാളികള്‍ കൂടി അടുത്ത ദിവസങ്ങളില്‍ മരണമടഞ്ഞു.
നിയന്ത്രണ ശ്രമങ്ങള്‍
1925 മെയ് മാസത്തില്‍ ലെഡ് കലര്‍ന്ന പെട്രോളിനെ പറ്റി ഒരു തുറന്ന യോഗത്തില്‍ പങ്കെടുക്കുവാന്‍ അമേരിക്കന്‍ പൊതു ആരോഗ്യ സര്‍വീസ് സ്റ്റാന്‍ഡേര്‍ഡ് ഓയിലിന്റെയും ജനറല്‍ മോട്ടോര്‍സിന്റെയും ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി. രണ്ടു കമ്പനികളും ഇതിനെ നിശിതമായി വിമര്‍ശിച്ചു. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ടതാണ് വിഷയമെന്നും ലെഡും പൊതുജനാരോഗ്യവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നായിരുന്നു സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ ശാസ്ത്രീയമായ വാദം. പൊതുജനാരോഗ്യ ശാസ്ത്രജ്ഞര്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഹാര്‍വാര്‍ഡ് സര്‍വകലാശായിലെ ഫിസിഷ്യന്‍ ആയ ആലീസ് ഹാമില്‍ട്ടണ്‍ പെട്രോളില്‍ ബ്ലെന്‍ഡ് ചെയ്യാന്‍ ലെഡിനേക്കാള്‍ മെച്ചപ്പെട്ട ആയിരം പദാര്‍ത്ഥങ്ങള്‍ വേറെയുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അവരുടെ വാദം ശരിയായിരുന്നു. എങ്കിലും വ്യവസായ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടാം ദിവസത്തെ യോഗം നടത്തിയില്ല. പെട്രോളില്‍ ലെഡ് കലര്‍ത്തുന്നത് അവസാനിപ്പിക്കുവാന്‍ അവരുടെ പക്കല്‍ വേണ്ടത്ര കാരണങ്ങള്‍ ഇല്ലെന്നു പറഞ്ഞ് 1926 ല്‍ പൊതു ആരോഗ്യ സര്‍വീസ് വിഷയത്തില്‍ നിന്നും തലയൂരി. പാതി വെന്ത ഗവേഷണമാണ് തങ്ങള്‍ നടത്തിയതെന്ന് അവരുടെ തന്നെ ഉള്ളിലുള്ള ആശയവിനിമയങ്ങള്‍ രേഖപ്പെടുത്തുന്നു.
വാര്‍ത്ത മറച്ചു പിടിക്കുക
മാധ്യമങ്ങളില്‍ നിന്നും വാര്‍ത്ത മറച്ചു പിടിക്കുന്നതില്‍ കമ്പനികള്‍ തുടക്കം മുതല്‍ ബദ്ധശ്രദ്ധരായിരുന്നു. ലെഡ് ദുരന്തത്തെ കുറിച്ചുള്ള സ്റ്റാന്‍ഡേര്‍ഡ് ഓയിലിന്റെ ആദ്യത്തെ ഔദ്യോഗിക പ്രതികരണത്തില്‍ കമ്പനിയുടെ വക്താവ് പറഞ്ഞത് ഇതായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഒരു രൂപവുമില്ല. 'പൊതു താല്‍പര്യത്തിന്റെ പേരില്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതലൊന്നും പറയരുത്'. മാസങ്ങള്‍ കഴിഞ്ഞതോടെ ലെഡുമായി ബന്ധപ്പെട്ട കൂടുതല്‍ വസ്തുതകള്‍ പുറത്തുവരാന്‍ തുടങ്ങി. പൊതുജനാരോഗ്യവും, വ്യവസായ പുരോഗതിയും എന്ന ആഖ്യാനമാണ് മാധ്യമങ്ങള്‍ പിന്തുടര്‍ന്നത്. ന്യൂയോര്‍ക്ക് വേള്‍ഡ് എന്ന പ്രസിദ്ധീകരണം യേല്‍ സര്‍വകലാശാലയിലെ രാസവാതകങ്ങളിലെ വിദഗ്ധനായ യാന്‍ഡല്‍ ഹെന്‍ഡേര്‍സന്റെയും, ജനറല്‍ മോട്ടോഴ്‌സിലെ ലെഡിന്റെ പ്രധാന ഗവേഷകനായ തോമസ് മിഡ്ജലിയുടെയും അഭിപ്രായം തേടി. ലെഡ് വിഷം ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമോ എന്നതായിരുന്നു പ്രമേയം. പൊതുജനാരോഗ്യത്തെ കുറിച്ചുള്ള വ്യാകുലതകളെ പരിഹസിച്ച മിഡ്ജലി ഇന്ധനക്ഷമത ഉയര്‍ത്തുന്നതിന് ലെഡ് ചേര്‍ക്കാതെ നിവൃത്തിയില്ലെന്നും വ്യക്തമാക്കി. ലെഡു കലര്‍ന്ന ഇന്ധനത്തിന്റെ നിഷേധവശം ഹെന്‍ഡേഴ്‌സണ്‍ ഇങ്ങനെ വിശദീകരിച്ചു. ന്യൂയോര്‍ക്കിലെ ഫിഫ്ത്ത് അവന്യൂവില്‍ പൊടികലര്‍ന്ന മഴയില്‍ 30 ടണ്‍ ലെഡ് ഒരു കൊല്ലം അന്തരീക്ഷത്തില്‍ പതിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഗ്രേറ്റ് ഡിപ്രഷനും, രണ്ടാം ലോകയുദ്ധവും ലെഡില്‍ നിന്നും ശ്രദ്ധ തിരിച്ചുവിട്ടെങ്കിലും മാധ്യമ വാര്‍ത്തകളില്‍ വ്യവസായ ലോബി ക്ഷുഭിതരായിരുന്നു. ന്യൂയോര്‍ക്ക് വേള്‍ഡിന്റെ വാര്‍ത്തകള്‍ കാറിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം സുഗമമാക്കുന്ന ഇന്ധന വില്‍പ്പനക്കെതിരെയുള്ള പ്രചാരണമാണെന്നായിരുന്നു ജനറല്‍ മോട്ടോഴ്‌സിന്റെ വാദം. ഈ നിലപാട് ആവര്‍ത്തിക്കുന്നതില്‍ 1948 മുതല്‍ അവര്‍ ശ്രദ്ധിച്ചു.
ലെഡ് കലര്‍ന്ന ഇന്ധന വില്‍പ്പന ഇതിനകം ലോകമാകെ വ്യാപിച്ചു. ദശലക്ഷക്കണക്കിന് മരണങ്ങള്‍ക്കും, കുറഞ്ഞ IQ നിരക്കുകള്‍ക്കും അത് കാരണമായി. 1960-70 കളില്‍ ലെഡ് വിഷബാധയുടെ വിഷയം വീണ്ടും സജീവമായി. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലയര്‍ കാമറുണ്‍ പാറ്റേഴ്‌സണ്‍ എന്ന ജിയോകെമിസ്റ്റിന്റെ 1965 ല്‍ വന്ന പ്രബന്ധം ലെഡിന്റെ ആപത്ത് വിശദീകരിച്ചു. പിറ്റ്‌സബര്‍ഗ് സര്‍വകലാശാലയിലെ ശിശുരോഗ വിദഗ്ധനായ ഹെര്‍ബേര്‍ട്ട് നീഡില്‍മാന്‍ കുഞ്ഞുങ്ങളിലെ കുറഞ്ഞ IQ നിരക്കും മറ്റുള്ള വളര്‍ച്ച തകരാറുകളും ലെഡും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന പഠനം പുറത്തു വന്നതോടെ വ്യവസായ ലോബി വിഷമത്തിലായി. ഇവരുടെ ഗവേഷണങ്ങളെ താറടിക്കുന്നതിനുള്ള വലിയ ശ്രമങ്ങള്‍ കോര്‍പറേറ്റ് ലോബികള്‍ നടത്തിയെങ്കിലും പൊതുജനാരോഗ്യം കണക്കിലെടുത്ത് ലെഡ് ചേര്‍ന്ന ഇന്ധനം 1996 ല്‍ അമേരിക്ക നിരോധിച്ചു. 2000 തോടെ യൂറോപ്യന്‍ രാജ്യങ്ങളും നിരോധനം നടപ്പിലാക്കി. താമസിയാതെ മറ്റുള്ള രാജ്യങ്ങളും അതേ പാത പിന്തുടര്‍ന്നു. ലെഡ് ഒഴിവാക്കിയ അവസാനത്തെ രാജ്യം അള്‍ജീരിയ ആയിരുന്നു. 2021 ആഗസ്റ്റില്‍.
100 കൊല്ലം നീണ്ട പ്രയത്‌നത്തിന്റെ അവസാനമാണ് ലെഡ് ഉപേക്ഷിക്കുവാന്‍ കോര്‍പറേറ്റ് ലോബികള്‍ നിര്‍ബന്ധിതരായത്. ഈ 100 കൊല്ലത്തെ ചരിത്രത്തില്‍ ലെഡ് കൊണ്ട് ഒരാപത്തും വരില്ലെന്നും അഥവാ അങ്ങനെയുണ്ടായാല്‍ അത് വളരെ നിസ്സാരമായിരിക്കുമെന്നും ശാസ്ത്രീയമായി തെളിയിക്കുന്ന അനേകം പ്രബന്ധങ്ങള്‍ പേരെടുത്ത ശാസ്ത്രജ്ഞരുടേതായി പുറത്തു വന്നിരുന്നു. ശാസ്ത്രത്തിന്റെ രേഖീയമായ പുരോഗതിയുടെ യുക്തിയില്‍ എതിര്‍വാദങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിച്ച ഇവരില്‍ ഭൂരിഭാഗവും പെട്രോള്‍ കാര്‍ നിര്‍മ്മാണ കമ്പനികളുടെ പണവും സൗജന്യങ്ങളും പറ്റുന്നവരായിരുന്നു. ലെഡ് കലര്‍ന്ന ഇന്ധനത്തിന്റെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കിയെങ്കിലും ഒരു നൂറ്റാണ്ടോളം നീണ്ട അതിന്റെ ഉപയോഗം അന്തരീക്ഷത്തില്‍ ബാക്കിയാക്കിയ ശേഷിപ്പുകള്‍ ഉയര്‍ത്തുന്ന ആപത്തുകള്‍ ഇപ്പോഴും അവഗണിക്കാനാവില്ലെന്നു ലെയിസ്സെസ്റ്റര്‍ സര്‍വകലാശാലയിലെ അറ്റമോസ്‌ഫെറിക് കെമിസ്ട്രി ആൻറ് ഏര്‍ത്ത് ഒബ്‌സര്‍വേഷന്‍ സയന്‍സിലെ പ്രൊഫസറായ പോള്‍ മോങ്ക്‌സ് രേഖപ്പെടുത്തുന്നു.