TMJ
searchnav-menu
post-thumbnail

Outlook

എയര്‍ ഇന്ത്യയും കാണാതായ 'ഫ്ലൈയിങ് അപ്സര'യും

09 Oct 2021   |   1 min Read
കെ പി സേതുനാഥ്

കാശചാരികളായ അപ്‌സരസ്സുകളുടെയും, ഗന്ധര്‍വന്മാരുടെയും വിസ്മയിപ്പിക്കുന്ന കഥകള്‍ ഇതിഹാസങ്ങളിലും, പുരാണങ്ങളിലും ഏറെ കാണാനാവും. പ്രശസ്ത ചിത്രകാരനായ ജതിന്‍ ദാസിന്റെ 'പറക്കും അപ്‌സരസ്' (Flying Apsara) എന്ന ചിത്രത്തിന്റെ കഥയും വിസ്മയിപ്പിക്കുന്നതാണ്. ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യയുടെ ഓഫീസിനെ അലങ്കരിച്ച 'പറക്കും അപ്‌സരസ്' എങ്ങനെ അപ്രത്യക്ഷമായെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. 'പറക്കും അപ്‌സരസിനെ' കാണാതായതിനെ കുറിച്ചുള്ള വിവരം പുറത്തു വരുന്നത് 2017-ലാണ്. ചിത്രത്തിന്റെ ആധികാരികതയെ പറ്റി ചിത്രകാരനായ ദാസിനോട് ഒരു ആര്‍ട്ട് ഡീലര്‍ അന്വേഷിച്ചതാണ് അതിന്റെ തുടക്കം. ചിത്രം തന്റേതു തന്നെയാണെന്നും എയര്‍ ഇന്ത്യക്കു വേണ്ടി 1991-ല്‍ വരച്ചതാണെന്നും വ്യക്തമാക്കിയ ദാസ് പ്രസ്തുത ചിത്രം ഡീലറുടെ കൈവശം എങ്ങനെയെത്തിയെന്നു ചോദിച്ചു. വ്യക്തമായ മറുപടി ലഭ്യമായില്ല. എയര്‍ ഇന്ത്യയുടെ അമൂല്യങ്ങളായ കലാശേഖരത്തിലെ ചിത്രങ്ങളുടെയും, കലാവസ്തുക്കളുടെയും ദുരവസ്ഥയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അക്കാലം മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നതിന് അത് നിമിത്തമായി. ബന്ധപ്പെട്ട മന്ത്രിയും, ഉദ്യോഗസ്ഥരും പതിവുപോലെ ഉച്ചത്തില്‍ പ്രസ്താവനകള്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. എയര്‍ ഇന്ത്യ-യെ 18,000 കോടി രൂപയക്ക് ടാറ്റാ ഗ്രൂപ്പിന് കച്ചവടമാക്കിയെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കാണാതായ 'പറക്കും അപ്‌സരസ്'  ഓര്‍മയിലെത്തിയത്. എയര്‍ ഇന്ത്യയുടെ കലാശേഖരത്തില്‍ അമൂല്യങ്ങളായ 7,000-ഓളം പെയിന്റിംഗുകളും, ശില്‍പ്പങ്ങളും, കരകൗശല വസ്തുക്കളും ഉണ്ടായിരുന്നതായും അതില്‍ 3,500 എണ്ണം മാത്രമെ കണ്ടെത്താനായുള്ളുവെന്ന് 2017-ജൂലൈയിലെ ഇന്ത്യ ടുഡെ റിപോര്‍ട്ടില്‍ പറയുന്നു. ശേഖരത്തില്‍ നിന്നും കാണാതായ ചിത്രങ്ങളുടെയും, ശില്‍പ്പങ്ങളുടെയും, മറ്റു കലാവസ്തുക്കളുടെയും മൂല്യം ഏകദേശം 750 കോടി രൂപയോളം വരുമെന്നും കണക്കാക്കപ്പെട്ടിരുന്നു. അന്തര്‍ദേശീയമായ ചിത്ര-കലാ പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്ന പ്രമുഖ ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് യാത്രാസൗകര്യം നല്‍കയതിന് പ്രതിഫലമായി അവര്‍ തങ്ങളുടെ ചിത്രം, ശില്‍പ്പം അല്ലെങ്കില്‍ മറ്റു കലാവസ്തുക്കള്‍ നല്‍കുന്ന സംവിധാനത്തിലൂടെയാണ് എയര്‍ ഇന്ത്യയുടെ കലാശേഖരം രൂപപ്പെട്ടത്. എയര്‍ ഇന്ത്യയുടെ സ്ഥാപകനും ആദ്യ ചെയര്‍മാനുമായിരുന്ന ജെആര്‍ഡി ടാറ്റ ആയിരുന്നു ഈ 'ബാര്‍ടറിംഗ്' കലാശേഖരത്തിന്റെ ഉപജ്ഞാതാവ്. എംഎഫ് ഹുസൈന്‍, എഫ്എന്‍ സൗസ, എസ്എച്ച് റെസ, അജ്ഞലി ഇള മേനോന്‍ - തുടങ്ങിയ ഇന്ത്യന്‍ കലാലോകത്തെ പ്രമുഖരുടെയെല്ലാം രചനകളാല്‍ സമ്പുഷ്ടമായിരുന്ന ശേഖരത്തില്‍ ഇപ്പോള്‍ എന്തെല്ലാം ബാക്കിയായി എന്നാര്‍ക്കും നിശ്ചയമില്ല.

ലോകപ്രശസ്ത ചിത്രകാരനായ ജതിന്‍ദാസ്

ഏഷ്യയിലെ ഏറ്റവും പ്രമുഖ വിമാന കമ്പനിയായിരുന്നു എയര്‍ ഇന്ത്യ. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മുതല്‍ കാത്തേ പസിഫിക് വരെയുള്ള ഇന്നത്തെ പ്രമുഖ വിമാന സര്‍വീസുകള്‍ അവരുടെ ഉദ്യോഗസ്ഥരെ പരിശീലനത്തിന് അയച്ചിരുന്നത് എയര്‍ ഇന്ത്യയില്‍ ആയിരുന്നുവെന്നകാര്യം ഒരു പക്ഷെ ഇപ്പോള്‍ ആരും ഓര്‍മിക്കുന്നുണ്ടാവില്ല. നൊസ്റ്റാള്‍ജിയക്കപ്പുറം എയര്‍ ഇന്ത്യയുടെ വളര്‍ച്ചയും, താഴ്ചയും വെളിപ്പെടുത്തുന്ന വസ്തുത എന്താണ്?  ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വ്യവസായ ഗ്രൂപ്പായ ടാറ്റ-യുടെ ഉടമസ്ഥതയില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്തതാണ് എയര്‍ ഇന്ത്യയുടെ ദുര്യോഗത്തിന് കാരണമെന്ന ജനപ്രിയ സാഹിത്യം വളരെയേറെ പ്രചാരത്തിലുള്ളതാണ്. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലെ ആദ്യ മൂന്നു ദശകക്കാലത്താണ് എയര്‍ ഇന്ത്യ അതിന്റെ വളര്‍ച്ചയുടെ പാരമ്യത്തിലെത്തിയതെന്ന വസ്തുത ഈ ആഖ്യാനങ്ങളില്‍ വേണ്ടത്ര പ്രതിഫലിക്കാറില്ല. എന്നു മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ കാലയളവില്‍ പൊളിഞ്ഞുപോയ സ്വകാര്യ വിമാന സര്‍വീസ് കമ്പനികളുടെ എണ്ണമെടുത്താല്‍ സര്‍ക്കാര്‍-സ്വകാര്യ ഉടമസ്ഥതയെ കുറിച്ചുള്ള ലളിതയുക്തികള്‍ അസ്ഥാനത്തെണെന്നു ബോധ്യമാവുകയും ചെയ്യും. കിംഗ് ഫിഷര്‍ മുതല്‍ ജെറ്റ് എയര്‍വെയസ് വരെയുള്ള ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളുടെ സമീപകാല ചരിത്രം നല്‍കുന്ന പാഠങ്ങളും മറ്റൊന്നല്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ ദല്ലാള്‍ സ്വഭാവം 1980-കളോടെ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ ഉദാഹരണമായി എയര്‍ ഇന്ത്യയുടെ തകര്‍ച്ചയെ മനസ്സിലാക്കുന്നതാവും കുറച്ചുകൂടി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനം. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല മറ്റു പൊതുമേഖല സ്ഥാപനങ്ങളുടെയും കാര്യത്തില്‍ ഈയൊരു മാറ്റത്തിന്റെ പ്രതിഫലനം കാണാനാവും. പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും വിടുതല്‍ നേടിയ ഇന്ത്യയടക്കുമുള്ള ദേശരാഷ്ട്രങ്ങളില്‍ രൂപമെടുത്ത ഭരണകൂടത്തിന്റെ ദേശീയ-ദല്ലാള്‍ സ്വഭാവങ്ങളിലെ സങ്കീര്‍ണ്ണമായ ഏറ്റിറക്കങ്ങളുടെ ചരിത്രം ഗൗരവമായ പഠനം അര്‍ഹിക്കുന്ന വിഷയമാണ്. അതിലേക്കു കടക്കുന്നില്ല. ബ്രിട്ടീഷ് അധീനതയില്‍ നിന്നും പുറത്തുവന്നതിനു ശേഷം ഇതുവരെയുള്ള ചരിത്രത്തെ വളരെ വിശാലമായ അര്‍ത്ഥത്തില്‍ ഇങ്ങനെ തരംതിരിക്കാമെന്നു തോന്നുന്നു. 1947-നു ശേഷമുളള ആദ്യത്തെ മൂന്നു ദശകക്കാലം പൊതുമേഖലയുടെ ആരോഹണമായിരുന്നുവെങ്കില്‍ 1980-നു ശേഷം സ്ഥിതി നേരെ മറിച്ചായിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷമുള്ള ആദ്യത്തെ മൂന്നു ദശകക്കാലങ്ങളില്‍ പടര്‍ന്നു പന്തലിച്ച ഉദ്യോഗസ്ഥ മൂലധനത്തിന്റെ പ്രതിനിധികളായ ഭരണവര്‍ഗ വിഭാഗങ്ങളും സ്വകാര്യ മൂലധന ശക്തികളും തമ്മിലുളള തുറന്ന ഐക്യത്തിന്റെ പ്രക്രിയ ഉച്ചസ്ഥായിലെത്തുന്നതിന്റെ സൂചനകളാണ് എയര്‍ ഇന്ത്യയടക്കമുള്ള വിറ്റഴിക്കലുകളില്‍ കാണാനാവുക.          

ജെആര്‍ഡി ടാറ്റ

ടാറ്റ ഗ്രൂപ്പിന്റെ മുന്‍ അമരക്കാരനായിരുന്ന ജെആര്‍ഡി ടാറ്റ 1932-ല്‍ തുടങ്ങിയ വിമാന കമ്പനി 68-കൊല്ലത്തെ സര്‍ക്കാര്‍ ഉടമസ്ഥതക്കുശേഷം ടാറ്റ കുടുംബത്തില്‍ തിരിച്ചെത്തുന്നതിനെക്കുറിച്ചുള്ള അതിഭാവുകത്വം നിറഞ്ഞ ആഖ്യാനങ്ങളില്‍ കാണാതെ പോകുന്നത് രാഷ്ട്രീയാധികാരത്തിന്റെ ഉന്നതങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ ഈയൊരു ഡൈനമിക്‌സാണ്. മാധ്യമ വാര്‍ത്തകളിലെ അതിഭാവുകത്വം മാറ്റി നിര്‍ത്തിയാല്‍ എയര്‍ ഇന്ത്യ കച്ചവടത്തിന്റെ കണക്കുകള്‍ നല്‍കുന്ന സൂചനകള്‍ എന്തെല്ലാമാണ്?. എയര്‍ ഇന്ത്യയുടെ മൊത്തം കടബാധ്യതയായ 61,562 കോടി രൂപയില്‍ 46,262 കോടി രൂപ സര്‍ക്കാരിന്റെ തന്നെ ഉത്തരവാദിത്തമായിരിക്കും. ടാറ്റ ഗ്രൂപ്പിന്റെ പൂര്‍ണ്ണ സബ്‌സിഡിയറി സ്ഥാപനമായ തലാസ് (Talas) പ്രൈവറ്റ് ലിമിറ്റഡ് 18,000-കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് വിലയിട്ട തുക. അതില്‍ സര്‍ക്കാരിന് നേരിട്ട് ലഭിക്കുക 2,700 കോടി രൂപയാണ്. ബാക്കി 15,300 കോടി രൂപ എയര്‍ ഇന്ത്യയുടെ കടബാധ്യത ഏറ്റെടുക്കുന്നതിനായി വകയിരുത്തിയതാണ്. എയര്‍ ഇന്ത്യയുടെ കടബാധ്യതയുടെ സിംഹഭാഗവും സര്‍ക്കാരിന്റെ ചുമലില്‍ തന്നെയാവും എന്നതാണ് കച്ചവടത്തിന്റെ ബാക്കി പത്രം. എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിംഗ് എന്ന സ്‌പെഷ്യല്‍ പര്‍പ്പ്‌സ് വെഹിക്കള്‍ (SPV) ആയിരിക്കും എയര്‍ ഇന്ത്യയുടെ ഇനിയുള്ള ആസ്തി-ബാധ്യതകളുടെ ഉത്തരവാദിത്തം. എയര്‍ ഇന്ത്യയുടെ കെട്ടിടങ്ങള്‍ ഇപ്പോഴത്തെ കച്ചവടത്തിന്റെ പരിധിയില്‍ വരുന്നതല്ല. ഏതായാലും കച്ചവടത്തിനു ശേഷം ബാക്കിയായ 46,262 കോടി രൂപയും നേരത്തെ SPV-യിലേക്കു മാറ്റിയ 29,464 കോടി രൂപയും ചേര്‍ത്ത് മൊത്തം 75,726 കോടി രൂപയുടെ കടം സര്‍ക്കാരിന്റെ ചുമലില്‍ ഉണ്ടാവും. എന്നാലും നമ്മുടെ മാധ്യമങ്ങളുടെ ആഖ്യാനങ്ങളില്‍ നിറഞ്ഞുനിന്ന പ്രയോഗം നികുതിദായകരുടെ ചുമലില്‍ നിന്നും ബാധ്യത ഒഴിഞ്ഞുവെന്നായിരുന്നു. അപ്പോള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള 75,726 കോടി രൂപയുടെ കടബാധ്യത ആരാവും വീട്ടുക?. കാണാതെ പോയ 'പറക്കും അപ്‌സരസിനെ' പോലെ ഒരു വിസ്മയമായി കടബാധ്യതയുടെ കണക്കുകള്‍ അവസാനിക്കാറില്ലെന്ന് ചരിത്രം ഓര്‍മ്മപ്പെടുത്തുന്നു.

Leave a comment