TMJ
searchnav-menu
post-thumbnail

Outlook

അംബേദ്കര്‍: എ ഫെമിനിസ്റ്റ് ലൈഫ്

09 Dec 2022   |   1 min Read
അരുൺ ദ്രാവിഡ്

"അഞ്ചു വർഷത്തെ യൂറോപ്പ്-അമേരിക്കൻ ജീവിതത്തിനു ശേഷം ബറോഡയിൽ തിരിച്ചെത്തിയ ഡോ. അംബേദ്കർ ഒരു വീട് കിട്ടാനായി ദിവസങ്ങളോളം അലയുകയുണ്ടായി. ഒരു അയിത്ത ജാതിക്കാരന് വീട് നൽകാൻ ആരും തയ്യാറായില്ല. ശേഷം അദ്ദേഹം ഒരു പാർസി പേര് സ്വീകരിച്ചു, ഒരു Parsi-Inn ൽ വാടകയ്ക്ക് താമസിച്ചു. പതിനൊന്നു ദിവസങ്ങൾക്കു ശേഷം നാട്ടുകാർ അംബേദ്കർ ഒരു അയിത്ത ജാതിക്കാരൻ ആണെന്ന് തിരിച്ചറിഞ്ഞ് അവിടെ നിന്നും ആട്ടിപ്പുറത്താക്കി. യൂണിവേഴ്സിറ്റി ഓഫ് കൊളമ്പിയയിലെ അടക്കം ഡിഗ്രികൾ അടങ്ങിയ പെട്ടിയുമായി അംബേദ്കർ അന്ന് രാത്രി വെളിപ്പിച്ചത് ഒരു പബ്ലിക് പാർക്കിലെ മരത്തിനടിയിലിരുന്നിട്ടാണ്…" ('Ambedkar: A Life', Shashi Tharoor)

സമാനമായ ഒരു സംഭവം ഒരു ഫേസ്ബുക്ക് കുറിപ്പായി പങ്കുവയ്ക്കപ്പെടുകയുണ്ടായി. മഹാത്മ ഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസില്‍ നിന്നും പി‌ജി പൂര്‍ത്തിയാക്കിയ ജതിന്‍ തന്റെ ഇന്‍ഡ്യ ടൂറിന്റെ ഭാഗമായി രാജസ്ഥാനില്‍ എത്തിയപ്പോള്‍ പി‌ജി ക്ലാസ്മേറ്റായ, രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ കിഷന്‍ഗഢ് എന്ന ഗ്രാമത്തില്‍, ഗവണ്‍മെന്‍റിനു കീഴിലുള്ള NREM പദ്ധതിയുടെ ഭാഗമായി ജോലിചെയ്യുന്നത് ചിരിതയെകാണാന്‍ എത്തിയതാണ് പശ്ചാത്തലം. ജതിന്റെ പോസ്റ്റിലെ പ്രസക്ത ഭാഗം:

"അങ്ങോട്ടേക്ക് യാത്ര തിരിക്കുമ്പോല്‍ ഒരു കാര്യം ചിരിത എന്നോട് പ്രത്യേകം പറഞ്ഞിരിന്നു. അവിടെ ആരു ചോദിച്ചാലും തന്റെ അനിയനാണെന്നും, ജാതി ചോദിച്ചാല്‍ ബ്രാഹ്മണനാണെന്നുമെ പറയാവൂ. അങ്ങനെയൊക്കെ ജാതി ചോദിക്കുമോ? ഞാന്‍ ചിന്തിച്ചു. "അതെന്താ അങ്ങനെ?" ഞാന്‍ തിരിച്ചു ചോദിച്ചു. യാഥാര്‍ത്ഥത്തില്‍ ദളിത് ആയ ചിരിതയ്ക്ക് ആദ്യമൊക്കെ തന്റെ കാസ്റ്റ് ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോള്‍ ആരും വീടു വാടകയ്ക്കു നല്‍കിയില്ല. ബ്രാഹ്മിണ്‍ ആണെന്നും അവിവാഹിതയായ ചിരിത വിവാഹിതയാണെന്നും ഭര്‍ത്താവ് പോലീസിലാണെന്നും പറഞ്ഞപ്പോഴാണ് ഒരുപാട് അലഞ്ഞ് ഒരു വീടു കിട്ടിയത്. എനിക്കെന്തോ വിശ്വസിക്കാനായില്ല. ഓര്‍ക്കണം. പൊതുപ്രവര്‍ത്തകയായിരുന്ന, വിദ്യാഭ്യാസമുള്ള, സര്‍ക്കാരിനു കീഴില്‍ ജോലിചെയ്യുന്ന ഒരാളുടെ അവസ്ഥയാണിത്. എന്തു ചെയ്യാന്‍ കഴിയും? ഒറ്റയ്ക്ക് ഒരു വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ ജോലി ചെയ്യാനെത്തിയ ഒരു പെണ്‍കുട്ടിക്ക് തന്റെ പൊളിറ്റിക്കല്‍ കറക്റ്റ്നസും, ജാതിക്കും മതത്തിനും അതീതമായ ഐഡന്റിറ്റിയിലുള്ള അഭിമാനബോധവും താത്കാലികമായി മാറ്റിവെച്ചു കൊണ്ടേ നമ്മുടെ രാജ്യമായ ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയൂ എന്നത് വല്ലാത്തൊരവസ്ഥയാണ്. അവിടെയുള്ള ഗ്രാമങ്ങളില്‍ നിങ്ങള്‍ക്ക് ബഹുമാനം കിട്ടണമെങ്കില്‍, താമസിക്കാനൊരു വീട് വേണമെങ്കില്‍, എന്തിന് എന്തെങ്കിലും സഹായം വേണമെങ്കില്‍ പോലും നിങ്ങള്‍ ദളിതായിരിക്കരുത്. എന്തുചെയ്യാന്‍ കഴിയും? അത്രത്തോളം രൂഢമൂലമാണ് ജാതിബോധം." (ചിരിത എസ്. എഫ്. ഐയുടെയും ജതിന്‍ എ. ഐ. ഡി. എസ്. ഒ യുടെയും യൂണിറ്റ് പ്രസിഡന്റ് പദവിയില്‍ ഒരേ സമയം പ്രവര്‍ത്തിച്ചവരായിരുന്നു)

അംബേദ്കര്‍ എന്ന ആശയം


ഇന്ത്യൻ ദേശീയ സമരം കലുക്ഷിതവും സചേതനവുമായി നിലകൊണ്ടത് ആന്തരികമായി അത് ഉൾക്കൊള്ളുകയും വിതരണം ചെയ്യുകയും ചെയ്ത ഡിബേറ്റുകളുടെ അടിസ്ഥാനത്തിൽ കൂടിയായിരുന്നു. ഗാന്ധി-ജിന്ന, നെഹ്‌റു- പട്ടേൽ, ഗാന്ധി- അംബേദ്കർ; കൂടാതെ സുഭാഷ് ചന്ദ്ര ബോസ്, എം എൻ റോയ്, രാജഗോപാൽ ആചാരി, പെരിയോർ, ഭഗത് സിംഗ് തുടങ്ങിയവർ മുന്നോട്ടുവെച്ച ആശയങ്ങൾ അങ്ങനെ പലതായി നമുക്ക് അതിനെ തരം തിരിക്കാം. അതിൽ ഏറ്റവും പ്രാധാന്യമേറിയതും ഏറ്റവും സജീവമായിരുന്നതുമായ ഡിബേറ്റാണ് ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായത്. സങ്കീർണ്ണവും വൻ സാമൂഹ്യ ചലനങ്ങൾ സൃഷ്ടിച്ചവയുമായിരുന്നു അത്. ഇന്ത്യൻ രാഷ്ട്ര ശരീരത്തിന്റെ ആന്തരിക സത്തയായ ജാതിയെ സംബന്ധിക്കുന്ന തർക്കങ്ങളായിരുന്നു അതിലെ കാതൽ.

ആത്മനിഷ്ഠപരമായി നാം സ്വായത്തമാക്കുന്ന ഒന്നല്ല അംബേദ്കർ ആശയങ്ങൾ എന്നിടത്താണ് അംബേദ്കർ വേറിട്ടു നിൽക്കുന്നത്. അംബേദ്കറെ സ്വീകരിക്കുകയെന്നാൽ അതുവരെ നമ്മളെ രൂപപ്പെടുത്തിയ അഥവാ സോഷ്യലി കൺസ്ട്രക്ടഡായിട്ടുള്ള നമ്മുടെ സ്വത്വത്തെ തന്നെ ഉടച്ചുവാർക്കേണ്ടതുണ്ട്.

അംബേദ്കറിന്റെ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട ബോധ്യങ്ങളും കാലക്രമേണ വലിയ ചർച്ചകൾക്കും ധാരകൾക്കും രൂപം നൽകുകയും ഇന്ത്യൻ വൈജ്ഞാനിക പരിസരത്തെ അത് റീ ഡിഫൈൻ ചെയ്യുകയും ചെയ്തു. കോൺസ്റ്റിറ്റുഷണലിസം, ഗവൺമെന്റാലിറ്റി, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ സ്റ്റേറ്റിന്റെ സമ്പ്രദായിക ജീവിതത്തിലേക്ക് ഇന്ത്യൻ ഭരണകൂടം പ്രവേശിച്ചപ്പോൾ ജനതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ/സമരങ്ങൾ ഗാന്ധി-അംബേദ്കർ ലഗസികളെ പൊതുജീവിതത്തിന്റെ ഭാഗമാക്കുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള ഉപാധിയാക്കുകയും ചെയ്തു. സ്ത്രീവിമോചനവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ നടത്തിയ വിപുലമായ ഇടപെടലുകളുണ്ട് അവ ആധുനിക ഇന്ത്യന്‍ സമൂഹത്തിന്റെ രൂപീകരണത്തിലെക്കു വരെ നയിച്ച സമാനതകളില്ലാത്ത പോരാട്ടമായിരുന്നു.

ആത്മനിഷ്ഠപരമായി നാം സ്വായത്തമാക്കുന്ന ഒന്നല്ല അംബേദ്കർ ആശയങ്ങൾ എന്നിടത്താണ് അംബേദ്കർ വേറിട്ടു നിൽക്കുന്നത്. അംബേദ്കറെ സ്വീകരിക്കുകയെന്നാൽ അതുവരെ നമ്മളെ രൂപപ്പെടുത്തിയ അഥവാ സോഷ്യലി കൺസ്ട്രക്ടഡായിട്ടുള്ള നമ്മുടെ സ്വത്വത്തെ തന്നെ ഉടച്ചുവാർക്കേണ്ടതുണ്ട്. അതിനു പാട്രിയാർക്കി, ജാതി, വംശം തുടങ്ങിയ എല്ലാതരം അധികാര/ അധീശത്വ ബോധ്യങ്ങളെയും പൊട്ടിച്ചു പുറത്തു വരേണ്ടതുണ്ട്. അത് നിരന്തരമായ ഉടച്ചുവാർക്കലിലൂടെയും പൊളിച്ചെഴുതുകളിലൂടെയുമേ സാധിക്കൂ. ഉദാഹരണമായി അംബേദ്കറണ് സംവരണത്തെ രാഷ്ട്രീയമായി ഇന്ത്യൻ ഭരണഘടനയുടെ ഭാഗമാക്കുന്നതിനു നേതൃത്വപരമായ പങ്കു വഹിച്ചത്. സാമൂഹ്യ നീതിയുടെ ചാലകശക്തിയാണ് സംവരണം. എന്നാൽ അതിന്റെ യുക്തി ഇനിയും മനസിലാകാത്തവർക്ക് അത് മനസിലാക്കികൊടുക്കുന്നതിനോളം ശ്രമകരമായ മറ്റൊന്നുമില്ല. എന്നാൽ ആ യുക്തി ലളിതമായി മനസ്സിലാക്കിത്തരാൻ അംബേദ്കറിനേക്കാൾ തികഞ്ഞ മറ്റാരുമില്ലതാനും.

മഹാത്മ ഗാന്ധി | photo : wiki commons

അംബേദ്കർ മുന്നോട്ട് വെച്ച ആശയങ്ങളുടെ കാതൽ, സാമൂഹ്യ നീതിയെ സംബന്ധിക്കുന്ന ഭരണഘടനാപരമായതും അല്ലാത്തതുമായ പരിഹാര മാർഗ്ഗങ്ങളായിരുന്നു. പതിറ്റാണ്ടുകളായി സാമൂഹത്തിൽ വിതരണം ചെയ്ത അനീതിയുടെ തത്വശാസ്ത്രത്തെ ഘടനാപരമായി നിർവ്വചിച്ച അദ്ദേഹം, അതിനെ പൊളിക്കുന്നതിനുള്ള കർമ പദ്ധതിയെയും വിഭാവനം ചെയ്തിരുന്നു. പെരിഫെറലായ പരിഷ്ക്കരണങ്ങൾക്കുപരി ആന്തരിക സത്തയെ അദ്ദേഹം പ്രശ്നവൽക്കരിച്ചിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം വിഭാവനം ചെയ്ത ആധുനിക സ്റ്റേറ്റിലെ മനുഷ്യസങ്കൽപ്പം തന്നെ സമഗ്രമായി വ്യക്തിയെ അപനിർമ്മിക്കുന്നതായിരുന്നു.

അതായത് ‘ബാപ്പു, ഞങ്ങൾക്കൊരു മാതൃരാജ്യമില്ലെന്ന്’ അംബേദ്കർ ഗാന്ധിയോട് പറഞ്ഞതിന്റെ അർത്ഥം മനസ്സിലാക്കാൻ അന്ന് പലർക്കും കഴിയാതിരുന്നത്, പൗരത്വം എന്ന ആശയത്തിൽനിന്ന് പുറംതള്ളപ്പെടുന്ന മനുഷ്യർക്ക് ഇടം നൽകേണ്ടതുണ്ട് എന്ന ആധുനിക സ്റ്റേറ്റിന്റെ പ്രാഥമിക ജനാധിപത്യ ബോധ്യത്തെപ്പറ്റിയുള്ള സങ്കല്പനം നമുക്ക് അന്യമായിരുന്നതുകൊണ്ടാണ്. അതുകൊണ്ട് അംബേദ്കറിന്റെ ചിന്താപദ്ധതിയിലേക്ക് തിരിയുകയെന്നാൽ എളുപ്പമായ കാര്യമല്ല എന്നുവേണം മനസ്സിലാക്കാൻ. മാത്രമല്ല സംഘപരിവാറിനോ മറ്റാർക്കുമോ എളുപ്പത്തിൽ തട്ടിയെടുക്കാൻ പറ്റുന്ന ഉയരത്തിലുമല്ല അദ്ദേഹം.

ഫെമിനിസ്റ്റ് അംബേദ്കര്‍ വായനയുടെ സാധ്യതകള്‍

സ്ത്രീ വിമോചനവും തുല്യപദവിയും അംബേദ്കറിന്റെ ചിന്താപദ്ധതിയുടെ വിവിധ തലങ്ങളിൽ നമുക്ക് കാണാനാകും. അദ്ദേഹം പറയുന്ന പ്രധാനപ്പെട്ടൊരു കാര്യം ഒരു സമൂഹം പുരോഗമനപരമാണോ എന്ന് പരിശോധിക്കുന്നത് അവിടത്തെ സ്ത്രീകളുടെ പദവിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്നതാണ്. ഈ രാജ്യത്തെ എല്ലാവർക്കും തുല്യമായ നീതി വിതരണം ചെയ്യപ്പെടേണ്ടതുണ്ടെന്നും അതിനായി കോൺസ്റ്റിട്യൂഷനൽ മൊറാലിറ്റി എന്ന മാർഗ്ഗം സ്ഥാപിക്കപ്പെടേണ്ടതുണ്ട്‌ എന്നും അദ്ദേഹം വ്യക്തമാക്കുന്നു. അംബേദ്‌കറിന്റെ സാമൂഹ്യ ജനാധിപത്യ സങ്കല്പത്തിലെ പ്രധാന കണ്ടെത്തലുകളിൽ ഒന്ന് ജാതിയും പാട്രിയാർക്കിയും തമ്മിലുള്ള ബന്ധമാണ്. അഥവാ ജാതിയും പാട്രിയാർക്കിയും തമ്മിലുള്ള ബന്ധത്തെ സാധൂകരിക്കുന്നതിനാവശ്യമായ പ്രത്യയശാസ്ത്രത്തെ നിർമ്മിച്ചുകൊണ്ടാണ് യഥാർത്ഥത്തിൽ ഇന്ത്യയിൽ അധികാരശ്രേണി വ്യവസ്ഥ നിലനിൽക്കുന്നത് എന്ന തിരിച്ചറിവാണ് അംബേദ്കർ പങ്കുവയ്ക്കുന്നത്. അതുകൊണ്ട് പുരുഷാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കണമെങ്കിൽ ആദ്യമേ എതിർക്കേണ്ടത് ജാതിയെയാണ്, അഥവാ ജാതിവിരുദ്ധ നിലപാട് എടുക്കണമെങ്കിൽ നാം പാട്രിയാർക്കിക്കെതിരായി നിലപാടെടുക്കേണ്ടതുണ്ട്.

തുല്യത എന്നത് സാധാരണയായി വിതരണം ചെയ്യാത്തിടത്ത് വിവേചനമാണ് സാധാരണമായുള്ളത്. അത്തരമൊരു നോർമാലിറ്റിയെ പൊളിക്കുക എന്നത് ചെറിയ കാര്യമല്ല, ആചാരവും ലിംഗവിഭജനവും എല്ലാം രൂപം കൊണ്ടൊരു സാമൂഹിക പശ്ചാത്തലമുണ്ട് അത് ഇന്നും തീവ്രമായി നിലനിൽക്കുന്നുമുണ്ട്.

നിലനിൽക്കുന്ന കീഴ് വഴക്കങ്ങളെയും അനീതികളെയും സാമാന്യവൽക്കരിക്കുന്ന ഒരു തത്വശാസ്ത്രം ഇന്ത്യൻ സമൂഹത്തിൽ നിലവിലുണ്ട്. അതിനെ ഒരു സാമൂഹ്യ ധാർമ്മികതയായാണ് അംബേദ്കർ വിവക്ഷിക്കുന്നത്. അഥവാ നമ്മൾ നൂറ്റാണ്ടുകളായി പിന്തുടരുന്ന ലിംഗഭേദങ്ങളുടെയും ബ്രാഹ്മണ പുരുഷാധിപത്യത്തിന്റെയും ജാതി-ശുദ്ധി വരേണ്യതയുടെയും അടിസ്ഥാനത്തിലുള്ള സാമൂഹിക വിവേചന രൂപങ്ങളെ ഒരു വ്യവസ്ഥാക്രമവും ഒരു സംസ്കാരവുമായി നിലനിർത്തുന്ന സാമൂഹ്യമൂല്യങ്ങളുടെ ആ സാമൂഹിക ധാർമ്മികതയെ ഇല്ലായ്മ ചെയ്തെങ്കിൽ മാത്രമേ സാമൂഹ്യ ജനാധിപത്യം സ്ഥാപിക്കാനാകൂ എന്ന് അംബേദ്കർ അടിവരയിട്ടു പറയുന്നുണ്ട്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ സ്ത്രീ പുരുഷ വിവേചനത്തിന്റെ ആണിക്കല്ലായ സാമൂഹ്യ ധാർമികതക്കു മുകളിൽ ഭരണഘടനാ ധാർമ്മികത സ്ഥാപിച്ചു കൊണ്ടുമാത്രമേ നമുക്ക് തുല്യതയെ ഉറപ്പുവരുത്താനാകു. ആണും പെണ്ണും തുല്യരല്ല എന്ന സാമാന്യ ബോധ്യത്തിൽ നിന്നും എല്ലാവരും സമന്മാരാണെന്ന ആധുനിക പൗരത്വത്തിന്റെ തത്വത്തിലേക്ക് ജനങ്ങളെ സന്നിവേശിപ്പിച്ചെങ്കിൽ മാത്രമേ ആരാധനലയങ്ങളിലും പൊതുഇടങ്ങളിലുമെല്ലാം എല്ലാവരും തുല്യരാണെന്ന് ഭരണഘടനാപരമായ ധാർമികതയിലേക്ക് നമുക്ക് സഞ്ചരിക്കാനാകു. ആയതിനാൽ തന്നെ സ്ത്രീ പ്രവേശനം, തുല്യത തുടങ്ങിയ വിഷയങ്ങളിൽ അംബേദ്കർ ഭരണഘടനയുടെ പക്ഷത്തായിരിക്കും എന്ന് സംശയലേശമന്യേ നമുക്ക് ഉറപ്പിക്കാം.

തുല്യത എന്നത് സാധാരണയായി വിതരണം ചെയ്യാത്തിടത്ത് വിവേചനമാണ് സാധാരണമായുള്ളത്. അത്തരമൊരു നോർമാലിറ്റിയെ പൊളിക്കുക എന്നത് ചെറിയ കാര്യമല്ല, ആചാരവും ലിംഗവിഭജനവും എല്ലാം രൂപം കൊണ്ടൊരു സാമൂഹിക പശ്ചാത്തലമുണ്ട് അത് ഇന്നും തീവ്രമായി നിലനിൽക്കുന്നുമുണ്ട്. തൊഴിലിടത്തിലും വീട്ടിലും മാത്രമല്ല തീൻമേശയിൽ പോലും വിവേചനമുണ്ട് എന്ന് ആര്‍ജ്ജവത്തോടെ പെൺകുട്ടികൾ പറയുമ്പോൾ ഇവിടുത്തെ പൊതുബോധ്യം പുച്ഛിക്കുന്നതും കളിയാക്കുന്നതും; അവരനുഭവിക്കുന്നത് വിവേചനമാണെന്നും അത് തിരുത്തപ്പെടേണ്ടതാണ് എന്നുമുള്ള ബോധ്യം പലപ്പോഴും പൊതുബോധത്തിനു അന്യമായിരിക്കുന്നത് കൊണ്ടാണ്. അവിടെയാണ് കോൺസ്റ്റിട്യൂഷനൽ മൊറാലിറ്റിയുടെ സാധ്യത നാം തിരയേണ്ടത്.

അംബേദ്കര്‍ | photo : wiki commons

തന്റെ രാഷ്ട്രീയ സാമൂഹ്യ ഇടപെടലുകളില്‍ അംബേദ്കര്‍ സവിശേഷമായി പരിഗണിക്കുന്ന ഒന്നാണ് സ്ത്രീ വിമോചനം. 'ഹിന്ദു സ്ത്രീയുടെ ഉയര്‍ച്ചയും താഴ്ചയും' എന്ന ലേഖനം ഹിന്ദു മതത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അവഗണനയെ കുറിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിമന്‍ ലേബര്‍ പ്രൊട്ടക്ഷന്‍ ആക്ട്, മെറ്റേണിറ്റി ബെനിഫിക്ട് ഫോര്‍ വിമന്‍ ലേബര്‍, കല്‍ക്കരി ഖനികളിൽ തൊഴിൽ ചെയ്യാനായി സ്ത്രീകളെ നിയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം തുടങ്ങിയവയെല്ലാം തയ്യാറാക്കി നടപ്പിലാക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ച ഹിന്ദു കോഡ് ബില്ല് അക്ഷരാർത്ഥത്തിൽ സ്ത്രീകളുടെ സമ്പൂർണ്ണമായ വിമോചനം ലക്ഷ്യമാക്കിയുള്ളതായിരുന്നു. അതില്‍ ഒരു ഭാര്യ മാത്രമെന്ന് വ്യവസ്ഥ ചെയ്യുന്ന വിവാഹത്തിന് മാത്രമേ അംഗീകാരം നല്‍കിയിരുന്നുള്ളൂ. സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം നല്‍കുന്ന ഈ ബില്ല് സ്ത്രീകള്‍ക്ക് കൂട്ടുകളെ ദത്ത് എടുക്കാനുള്ള അവകാശവും നല്‍കുന്നതായിരുന്നു. മാത്രമല്ല നിയമ വ്യവഹാരത്തില്‍ സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതുകൂടിയായിരുന്നു ഹിന്ദു കോഡ് ബില്ല്.

അംബേദ്കർ ഉയര്‍ത്തിയ സംവാദം ജാതിയെ മുൻനിർത്തിയുള്ളതായതിനാൽ ജാതി സൂഷ്മമായി കടന്നുപോകുന്ന എല്ലാതരം വ്യവഹാരങ്ങളിലേക്കും ആ സംവാദ സാധ്യതയെ നമുക്ക് പുതിയ രീതിയിൽ സന്നിവേശിപ്പിക്കാനാകും. അത്തരത്തിൽ നോക്കുമ്പോൾ മുപ്പതുകളിൽ അംബേദ്കര്‍ നടത്തിയ ബൗദ്ധിക ഇടപെടലുകൾക്ക് ഇന്നും പലരീതിയിൽ പ്രസക്തിയുണ്ടെന്ന് പറയാനാകും.

Leave a comment