TMJ
searchnav-menu

അമേരിക്കയും ചൈനയും തായ്‌വാൻ പ്രശ്നവും

03 Aug 2022   |   1 min Read
Dr. Dilna B Sreedhar

ഹൗസ് ഓഫ് റെപ്രസെന്ററ്റീവ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാന്‍ സന്ദർശനം ലോകരാഷ്ട്രീയ വേദിയിലെ ഏറ്റവും ശ്രദ്ധാർഹമായ സംഭവമായി മാറിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയോടെയാണ് പെലോസി തായ്‌വാനില്‍ എത്തിയത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷങ്ങൾക്കിടയിലെ ഏറ്റവും പ്രാധാന്യമേറിയ രാഷ്ട്രീയസന്ദർശനം എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്. വലിയ രാഷ്ട്രീയ പ്രകോപനം എന്ന് തുറന്നും രോഷത്തോടെയും തന്നെ ചൈന പെലോസിയുടെ സന്ദർശനത്തെ വിമർശിച്ചു. തായ്‌വാനിലെ ജനാധിപത്യത്തോടുള്ള ഇളക്കമില്ലാത്ത പിന്തുണയാണ് തന്റെ സന്ദർശനത്തിന് കാരണമെന്ന് വിശദീകരിച്ച നാൻസി പെലോസി അമേരിക്കയ്ക്ക് ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല എന്ന് വ്യക്തമാക്കി. റിപ്പബ്ലിക്ക് ഓഫ് ചൈന (ROC) എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ദ്വീപു രാഷ്ട്രമായ തായ്‌വാൻ കേന്ദ്രമായുള്ള ഈ രാഷ്ട്രീയ വടംവലികൾക്ക് ദീർഘകാലത്തെ ചരിത്രമുണ്ട്. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തായ്‌വാന്റെ ഏറ്റവും വലിയ സഖ്യ കക്ഷിയായ യുഎസും തമ്മിലുണ്ടാകുന്ന സംഘർഷങ്ങൾക്ക് ഒന്നിലേറെ കാരണങ്ങളുമുണ്ട്. ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്നതാണ് ഈ സംഘർഷം.

കഴിഞ്ഞ മാസങ്ങളിലായി തായ്‌വാനിലെ വ്യോമ പ്രതിരോധ മേഖലയിലേക്ക് ചൈന നിരവധി യുദ്ധവിമാനങ്ങളാണ് അയച്ചത്. തായ്‌വാനെ ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ ഇതിനോട് പ്രതികരിച്ചത്. തായ്‌വാനെ ചൈനയിൽ നിന്ന് സ്വതന്ത്രമാക്കാനുള്ള ഏതൊരു ശ്രമവും സൈനിക നടപടിക്ക് കാരണമാകുമെന്ന് ചൈനയും തിരിച്ച് US ന് മുന്നറിയിപ്പ് നൽകി. തായ്‌വാൻ ചൈനയുടെ ഭാഗമാണെന്ന അമേരിക്കയുടെ “One China” പോളിസിയിൽ മാറ്റമില്ലെന്നാണ് വൈറ്റ് ഹൗസ് ഈ വിഷയത്തിൽ പ്രതികരിച്ചത്. ചൈനീസ് യുദ്ധ വിമാനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ തായ്‌വാൻ യുദ്ധവിമാനങ്ങൾ അയക്കുകയും മിസൈൽ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തു. തായ്‌വാനെ മെയിൻലാൻഡ് ചൈനയുമായി ഏകീകരിക്കുക എന്നത് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ "ചൈനീസ് സ്വപ്നത്തിന്റെ" പ്രധാനപ്പെട്ടൊരു ഘടകമാണ്. തായ്‌വാനുമായുള്ള ഏകീകരണം തന്റെ വ്യക്തിഗത നേട്ടത്തിന്റെ ഭാഗമാകാൻ ഷി ആഗ്രഹിക്കുന്നു എന്നാണു ചില രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ജനറലായി ഷി ജിൻപിങ്ങിന്റെ മൂന്നാം ടേം അവസാനിക്കുന്നതിന് മുമ്പ് തായ്‌വാനിലേക്കുള്ള ഒരു സായുധ അധിനിവേശത്തിന്റെ സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. അങ്ങനെയിരിക്കെ ഇപ്പോൾ തായ്‌വാനുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തർക്കിക്കുന്നത് എന്തുകൊണ്ടാണ്? ഈ കാര്യം പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ ചൈനയും തായ്‌വാനും തമ്മിലുള്ള വിഭജനത്തിന്റെ കാരണം എന്താണെന്നു പരിശോധിക്കേണ്ടി വരും.

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങ് | Wiki commons

ചൈനയും തായ് വാനും

ചൈനയുടെ തെക്ക് കിഴക്കൻ തീരത്ത് നിന്ന് ഏകദേശം 100 മൈൽ അകലെയുള്ള ദ്വീപുരാഷ്ട്രമാണ്‌ തായ്‌വാൻ. യൂ.എസ് വിദേശനയത്തിന് നിർണായകമായ സൗഹൃദ രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന "The first island chain" എന്ന് വിളിക്കപ്പെടുന്ന ദ്വീപ് ശൃംഖലയിലാണ് തായ്‌വാൻറെ സ്ഥാനം. 17-ആം നൂറ്റാണ്ടിൽ ക്വിംഗ് രാജവംശത്തിന്റെ കീഴിൽ തായ്‌വാൻ ദ്വീപ് പൂർണ്ണമായും ചൈനയുടെ നിയന്ത്രണത്തിലായിരുന്നു എന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. തുടർന്ന്, 1895 ൽ ആദ്യത്തെ ചൈന ജാപ്പനീസ് യുദ്ധത്തിൽ ചൈന പരാജയപ്പെട്ടതിനെത്തുടർന്ന് തായ്‌വാൻ ജപ്പാന്റെ അധീനതയിലാവുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെടുകയും 1945 ൽ ചൈന വീണ്ടും തായ്‌വാൻ പിടിച്ചെടുക്കുകയും ചെയ്തു. ചിയാങ് കൈ-ഷെക്കിന്റെ നേതൃത്വത്തിലുള്ള ദേശീയ സർക്കാർ സേനയും മാവോ സേതുങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഉണ്ടായ ആഭ്യന്തര യുദ്ധത്തിൽ 1949 ൽ കമ്മ്യൂണിസ്റ്റുകൾ വിജയിക്കുകയും ബെയ്ജിംഗിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന്‍ ചിയാങ് കൈ-ഷെക്കും കുമിന്താങ്ങ് എന്നറിയപ്പെടുന്ന നാഷണലിസ്റ് പാർട്ടിയുടെ പ്രവര്‍ത്തകരും തായ്‌വാനിലേക്ക് പലായനം ചെയ്യുകയും ഭരണകൂടം സ്ഥാപിക്കുകയും ചെയ്തു. തായ്‌വാൻ യഥാർത്ഥത്തിൽ ഒരു ചൈനീസ് പ്രവിശ്യയായിരുന്നുവെന്ന് സ്ഥാപിക്കാൻ ചൈന ഈ ചരിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

എന്നാൽ 1911 ലെ വിപ്ലവത്തിനുശേഷം ആദ്യമായി രൂപീകൃതമായ ആധുനിക ചൈനീസ് ഭരണകൂടത്തിന്റെയോ അല്ലെങ്കിൽ 1949 ൽ മാവോയുടെ കീഴിൽ സ്ഥാപിതമായ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെയോ ഭാഗമല്ല തങ്ങൾ എന്ന് വാദിക്കാൻ തായ്‌വാനികൾ ഇതേ ചരിത്രം ഉപയോഗിക്കുന്നു. ഇന്ന് സ്വന്തം ഭരണഘടനയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടവും ഉള്ള ഒരു സ്വതന്ത്ര രാജ്യമായാണ് തായ്‌വാൻ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാൽ തങ്ങൾക്കൊപ്പം ചേരേണ്ടവർ എന്ന നിലയ്ക്ക് തന്നെയേ ചൈനീസ് ഭരണകൂടം അവരെ എപ്പോഴും കാണുന്നുള്ളൂ. വൈകാതെ പരിഹരിക്കേണ്ട ഒരു ആഭ്യന്തരരാഷ്ട്രീയപ്രശ്നം ആണ് ചൈനീസ് ഭരണാധികാരികൾക്ക് തായ് വാൻ. നിലവിൽ 13 ലോക രാജ്യങ്ങൾ മാത്രമാണ് തായ്‌വാനെ പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്നത്. തായ്‌വാനെ അംഗീകരിക്കാതിരിക്കാൻ ചൈന മറ്റ് രാജ്യങ്ങളിൽ ചെലുത്തുന്ന ഗണ്യമായ നയതന്ത്ര സമ്മർദ്ദമാണ് ഇതിനു കാരണം. 2016 ൽ പ്രസിഡന്റ് സായ് ഇംഗ്-വെൻ അധികാരമേറ്റതു മുതൽ ചൈനീസ് അധിനിവേശത്തെ ചെറുക്കാനുള്ള തായ്‌വാനീസ് സായുധ സേനയുടെ കഴിവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി US, ജപ്പാൻ, മറ്റ് സഖ്യകക്ഷികൾ എന്നിവയുമായി ബന്ധം ശക്തമാക്കാനുള്ള നടപടികൾ ആരംഭിക്കുകയുണ്ടായി. തായ്‌വാനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്ന ചൈനയുടെ അടിസ്ഥാന ആവശ്യത്തെ സായ് ഇങ് വെൻ പരസ്യമായി തള്ളുകയായിരുന്നു.

അമേരിക്കയുടെ തന്ത്രപരമായ അവ്യക്തത

അമേരിക്ക ചൈന-തായ്‌വാൻ സംഘർഷത്തിൽ തങ്ങളുടെ നിലപാടിനെ 'തന്ത്രപരമായ അവ്യക്തത' (strategic ambiguity) എന്നാണ് വിശേഷിപ്പിക്കുന്നത്. One China നയത്തിന്റെ ഭാഗമായി ബെയ്‌ജിങിനെ അംഗീകരിക്കുമ്പോൾ തന്നെ തായ്പേയുമായി അനൗപചാരിക- പ്രതിരോധ ബന്ധങ്ങൾ അമേരിക്ക തുടർന്ന്കൊണ്ടു പോകുന്നുണ്ട്. തായ്‌വാന്റെ ഏറ്റവും വലിയ ആയുധ ഇടപാടുകാരാണ് യൂഎസ്. തായ്‌വാന്റെ സ്വാതന്ത്യ്രത്തെ പിന്തുണയ്ക്കാതിരിക്കുന്നു, എന്നാൽ ചൈനീസ് അധിനിവേശമുണ്ടായാൽ തായ്‌വാനെ പ്രതിരോധിക്കാൻ ഏതു വരെയും പോകും, ഇങ്ങനെയൊരു നിലപാടിൽ നിന്ന് കൊണ്ടുള്ള ആലോചിച്ചുറപ്പിച്ച അവ്യക്തത ആണ് അമേരിക്കയുടെ Strategic Ambiguity നയം എന്ന് പറയാം.

"THE FIRST ISLAND CHAIN" | PHOTO: WIKI COMMONS

എന്താണ് തായ് വാന്റെ പ്രാധാന്യം?

പ്രാദേശികമായ കെട്ടുറപ്പ് ഉണ്ടാക്കുക എന്നതാണ് ചൈനയുടെ താൽപ്പര്യങ്ങളിൽ പ്രധാനപ്പെട്ടത്. ഒപ്പം, തായ്‌വാന്റെ സാമ്പത്തിക ശേഷിയും പാശ്ചാത്യ സ്വാധീനവും അവർ കണക്കിലെടുക്കുന്നു. തായ്‌വാനിൽ അമേരിക്കൻ- നാറ്റോ സേനകൾ അടിസ്ഥാന സൈനിക സൗകര്യങ്ങൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ഇത് ചൈനയുടെ വിദേശനയത്തിനു ഭീഷണിയാകുമെന്നാണ് ചൈന കരുതുന്നത്. അധിനിവേശമുണ്ടായാൽ നിലവിൽ റഷ്യ നേരിടുന്ന അന്താരാഷ്ട്ര ഉപരോധങ്ങൾ ഭാവിയിൽ ചൈനയ്ക്കും ബാധകമായേക്കാം. അത് കൊണ്ട് തന്നെ തായ്‌വാൻ മറ്റൊരു യുക്രൈൻ ആകാൻ ചൈന ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഇതിനു പുറമെ ചൈനയുടെയും തായ്‌വാന്റെയും സമ്പദ്‌വ്യവസ്ഥകൾ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നതാണ്. ലോകത്തിലെ ദൈനംദിന ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഭൂരിഭാഗവും - ഫോണുകൾ, ലാപ്‌ടോപ്പുകൾ, വാച്ചുകൾ, ഗെയിം കൺസോളുകൾ മുതൽ പ്ലെയിനുകൾ വരെ - തായ്‌വാനിൽ നിർമ്മിച്ച സെമി കണ്ടക്ടര്‍ ചിപ്പുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. 600 ബില്യൺ ഡോളറിന്റെ ഏഷ്യയിലെ ഏറ്റവും മൂല്യവത്തായ വ്യവസായമാണിത്. 2017 മുതൽ 2022 വരെ 515 ബില്യൺ ഡോളറിന്റെ കയറ്റുമതി മൂല്യമുള്ള തായ്‌വാന്റെ ഏറ്റവും വലിയ കയറ്റുമതി പങ്കാളിയാണ് ചൈന. തൊട്ടടുത്ത ഏറ്റവും വലിയ പങ്കാളിയായ US നേക്കാൾ ഇരട്ടിയിലധികമാണ് മൂല്യം. അസംസ്‌കൃത എണ്ണയേക്കാൾ കൂടുതൽ ചിപ്പുകളാണ് തായ്‌വാനിൽ നിന്ന് ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിനർത്ഥം ചൈന അതിന്റെ നിർമ്മാണ, ഇലക്ട്രിക്കൽ വ്യവസായങ്ങളുടെ അവശ്യ ഘടകങ്ങൾക്ക് തായ്‌വാനെ വളരെയധികം ആശ്രയിക്കുന്നു എന്നാണ്. തായ്‌വാൻ ചൈനയുടെ ഭാഗമായാൽ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ വ്യവസായവും ബെയ്ജിങിന്റെ നിയന്ത്രണത്തിലാകും.

തായ്‌വാൻ പിടിച്ചടക്കുന്നതിൽ ചൈന വിജയിച്ചാൽ അത് അമേരിക്കയുടെ ഏഷ്യൻ- യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള വിശ്വാസ്യത തകർക്കുന്നതിന് കാരണമായേക്കാം., ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് രാജ്യങ്ങൾ ചൈനയുമായി ധാരണയിലെത്തുകയോ അമേരിക്കയെ കൂടാതെ സ്വയം പ്രതിരോധിക്കാൻ തയ്യാറെടുക്കുകയും ചെയ്തേക്കാം.

സംഘർഷസാഹചര്യം ഇങ്ങനെ നിലനിൽക്കുമ്പോഴും തായ്‌വാൻ ജനത ഭയപ്പെട്ടിരിക്കുകയല്ല എന്നാണ് പഠനങ്ങൾ പറയുന്നത്. 2021 ഒക്ടോബറിൽ തായ്‌വാൻ പബ്ലിക് ഒപിനിയൻ ഫൗണ്ടേഷൻ നടത്തിയ സർവേ പ്രകാരം 65 % തായ്‌വാനീസ് ജനങ്ങളും ഒരു യുദ്ധം ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നവരാണ്. 1990 കളുടെ തുടക്കം മുതൽ നാഷണൽ ചെങ്‌ചി യൂണിവേഴ്‌സിറ്റി നടത്തിയ സർവേകൾ സൂചിപ്പിക്കുന്നത് ചൈനക്കാരോ ചൈനീസ്-തായ്‌വാനീസ് വംശജരോ ആയി തിരിച്ചറിയുന്ന ആളുകളുടെ അനുപാതം കുറഞ്ഞുവെന്നും കൂടുതൽ ആളുകളും തങ്ങളെ തായ്‌വാനീസ് ആയി തിരിച്ചറിയുന്നുവെന്നുമാണ്.

സംഘർഷത്തിന്റെ ഭാവി

ശീതയുദ്ധം അവസാനിപ്പിച്ച 1991 ലെ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക, സൈനിക വികസനം സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ സംഭവമായാണ് കണക്കാക്കപെടുന്നത്. അത് കൊണ്ട് തന്നെ ഈ മേഖലയിലെ പ്രശ്നങ്ങൾക്ക് വലിയ അന്താരാഷ്ട്രപ്രാധാന്യമുണ്ട്. തായ്‌വാനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ അമേരിക്കയും ജപ്പാനും ശക്തമാക്കുന്നു എന്നാണ് അവരുടെ സമീപകാല നടപടികൾ സൂചിപ്പിക്കുന്നത്. തായ്‌വാൻ പിടിച്ചടക്കുന്നതിൽ ചൈന വിജയിച്ചാൽ അത് അമേരിക്കയുടെ ഏഷ്യൻ- യൂറോപ്യൻ സഖ്യകക്ഷികളുമായുള്ള വിശ്വാസ്യത തകർക്കുന്നതിന് കാരണമായേക്കാം., ഓസ്‌ട്രേലിയ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മറ്റ് രാജ്യങ്ങൾ ചൈനയുമായി ധാരണയിലെത്തുകയോ അമേരിക്കയെ കൂടാതെ സ്വയം പ്രതിരോധിക്കാൻ തയ്യാറെടുക്കുകയും ചെയ്തേക്കാം. അതിപ്രാധാന്യമുള്ള ഒരു രാഷ്ട്രീയപ്രശ്നമാണ് മേഖലയിലേത് എന്ന് ആ പ്രശ്നത്തിൽ പങ്കാളികളും അല്ലാത്തവരുമായ രാജ്യങ്ങൾക്കെല്ലാം ധാരണയുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. ഒരു പക്ഷെ തായ്‌വാന്റെ ഇപ്പോഴത്തെ അവ്യക്തമായ രാഷ്ട്രീയ നിലയെ അങ്ങനെ തന്നെ നില നിർത്തുക എന്നതാവാം ഈ പ്രശ്നത്തിന്റെ ഏറ്റവും പ്രായോഗികമായ പരിഹാരവും.

Leave a comment