TMJ
searchnav-menu
post-thumbnail

Outlook

ആൻഡ്രൂ സൈമണ്ട്സ്: ക്രിക്കറ്റിലെ വന്യത

16 May 2022   |   1 min Read
ജുനൈദ് ടി പി തെന്നല

തൊണ്ണൂറുകളിൽ ജനിച്ച ഒരു തലമുറയുടെ ക്രിക്കറ്റ് ഓർമകളിൽ നൊസ്റ്റാൾജിയയുടെ പെരുമഴ പെയ്യിക്കുന്ന പേരാണ് ആൻഡ്രൂ സൈമണ്ട്സ്. ക്രീസിന് അകത്തും പുറത്തും അയാളുടെ ഓരോ ഇന്നിങ്ങ്സും അസാധാരണത്വം നിറയ്ക്കുന്ന ഓർമകളാണ്. മാന്യൻമാരുടെ കളിയെന്ന മേൽവിലാസമുള്ള ക്രിക്കറ്റിന് ആൻഡ്രൂ സൈമണ്ട്സ് ഒരു അപവാദമായിരുന്നു. വെള്ളക്കാരൻ സൃഷ്ടിച്ചെടുത്ത ക്രിക്കറ്റിന്റെ കളി രീതിയോടും മൈതാന മര്യാദകളോടും അദ്ദേഹം നിഷേധാത്മകമായി കലഹിച്ചു. പകരം അതുവരെ ആരും കടന്നു ചെന്നിട്ടില്ലാത്ത ക്രിക്കറ്റിന്റെ വന്യതയിൽ അയാൾ ആനന്ദം കണ്ടെത്തി. ക്രിക്കറ്റ് എന്ന ഗെയിമിന്റെ എല്ലാ പ്രൊഫഷണൽ വാർപ്പു മാതൃകകളെയും പൊളിച്ചടക്കുകയോ പരിഹസിക്കുകയോ ചെയ്ത ഒരു പരിഷ്കാരി എന്നതാവും ഇനി ക്രിക്കറ്റ് ചരിത്രത്തില്‍ സൈമണ്ട്സിന്റെ മേൽവിലാസം.

'അദ്ദേഹം ഒരു മികച്ച ഓൾറൗണ്ടർ മാത്രമല്ല മൈതാനത്ത് ഒരു ലൈവ് വയർ കൂടിയായിരുന്നു എന്നാണ് ആൻഡ്രൂ സൈമണ്ട്സിന്റെ മരണ വാർത്ത അറിഞ്ഞ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ട്വിറ്ററിൽ കുറിച്ചത്. ക്രിക്കറ്റർ എന്ന മേൽവിലാസത്തേക്കാളും അയാൾക്ക് ചേരുക 'എ കംപ്ലീറ്റ് എന്റ്ർടൈനർ' എന്നതാവും. ആരാധകരെ ത്രസിപ്പിച്ചുകൊണ്ടിരിക്കാൻ അയാള്‍ സദാസമയവും ശ്രമിച്ചുകൊണ്ടിരുന്നു. നന്നായി ബാറ്റു ചെയ്യുകയും അതുപോലെ തന്നെ പന്തെറിയുകയും ഫീൽഡിൽ സ്പൈഡർമാനെപ്പോലെ പന്തിനെ പറന്നു പിടിക്കുകയും ചെയ്യുന്ന അയാളിൽ ഒരു കായിക താരത്തിന്റെയും ഒരു കലാകാരന്റെയും ജൈവികതകൾ ഉള്ളടങ്ങിയതായി കാണാം. ഒരു ക്രിക്കറ്റ് താരം നല്ലൊരു അത്ലറ്റ് കൂടിയായിരിക്കണമെന്ന് അയാൾ ക്രീസിലെ പ്രകടനങ്ങളിലൂടെ ഓർമിപ്പിച്ചു. എത്ര കണ്ണടച്ച് ബാറ്റ് വീശിയാലും തെറ്റാത്ത കൃത്യതയായിരുന്നു സെമണ്ട്സിന്റെ പ്രത്യേകത. അയാളുടെ ബാറ്റിംഗ് പ്രകടനം കാണുമ്പോള്‍ എന്തിനാണ് അയാള്‍ ആ പന്തിനോട് ഇത്രമാത്രം ക്രൂരമായി പെരുമാറുന്നത് എന്ന് ചിന്തിക്കാത്ത ആരാധകർ കുറവായിരിക്കും. അത്രമാത്രം പരുഷമായാണ് അയാള്‍ ഓരോ പന്തിനെയും പെരുമാറി വിട്ടത്. പക്ഷേ അയാള്‍ പന്തെറിയാൻ തുടങ്ങിയാൽ ഒരു കള്ളകാമുകനായി മാറും പന്തിനെ തന്റെ ക്രീം പുരട്ടിയ ചുണ്ടിലെ നനവിൽ ചേർത്ത് ഉരുട്ടിയെറിയുമ്പോൾ ബാറ്റ്സ്മാന്‍ അറിയുമായിരുന്നില്ല ഇതൊരു ചതിയാണെന്ന്. അത്രമാത്രം കൗശലതയോടെയാണ് അയാള്‍ വിക്കറ്റുകൾ കൊയ്തത്. ഫീൽഡിലായിരുന്നു സൈമണ്ട്സിനെ അന്നത്തെ ഓസ്ട്രേലിയൻ ടീമിന് മാറ്റി നിർത്താൻ കഴിയാതിരുന്നത്. റിക്കി പോണ്ടിങ് തന്റെ ടീമിലെ ഏറ്റവും മികച്ച ഫീൾഡറായി കണ്ടിരുന്നത് സൈമണ്ട്സിനെയായിരുന്നു. ക്യാച്ചെടുക്കുന്നതിൽ മാത്രമല്ല റണ്ണൗട്ടാക്കുന്നതിലെ അപാരമായ കൃത്യതയും അന്ന് പല ബാറ്റ്സ്മാൻമാരെയും റിസ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. തന്നേക്കാൾ പത്തിരട്ടി പ്രതിഭയുള്ള താരമെന്നാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൾഡറായ ജോണ്ടി റോഡ്സ് സൈമണ്ട്സിനെക്കുറിച്ച് പറഞ്ഞത്.

ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിവുള്ള ഒരു മൾട്ടി ഫങ്ഷണൽ ക്രിക്കറ്റ് താരമായിരുന്നു അദ്ദേഹം. മികച്ച ഫീൽഡർമാരിൽ ഒരാളായ അദ്ദേഹത്തിന് സീം-അപ്പും ഓഫ് സ്പിൻ ബൗളിംഗും ഉപയോഗിച്ച് എന്തും ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. രണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച ഓസ്ട്രേലിയൻ ക്രിക്കറ്റിലെ സുവർണ്ണ തലമുറയിൽ അയാൾ ഇരുപ്പുറപ്പിച്ചത് കഠിനാദ്ധ്വാനം ഒന്ന് കൊണ്ട് മാത്രമല്ല ക്രിക്കറ്റ് എന്ന കായിക വിനോദത്തോട് അയാൾക്കുണ്ടായിരുന്ന അടങ്ങാത്ത അഭിനിവേശം കൊണ്ട് കൂടിയാവണം. റിക്കി പോണ്ടിങ്, മാത്യൂ ഹെയ്ഡൻ, ആദം ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ, ഗ്ലൈൻ മഗ്രാത്ത്, ബ്രറ്റ് ലീ, തുടങ്ങി എക്കാലത്തേയും വലിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ക്കൊപ്പമാണ് അയാള്‍ ഒരു പതിറ്റാണ്ട് കാലം ടീമിനൊപ്പം ഉണ്ടായിരുന്നത് എന്നത് ഇതിഹാസ തുല്ല്യമായ നേട്ടമാണ്.

Photo: facebook

ക്വീൻസ്‌ലാന്റിന്റെ സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ തിളക്കമുളള കണ്ണി കൂടിയാണ് ആൻഡ്രൂ സൈമണ്ട്സ്. മാത്യു ഹെയ്ഡനും ഷെയ്ൻ വാട്സനും മിച്ചൽ ജോൺസനും തുടങ്ങി എണ്ണിയാൽ അവസാനിക്കാത്ത ക്രിക്കറ്റ് പ്രതിഭകളെ വാർത്തെടുത്ത ഓസ്ട്രേലിയൻ ക്രിക്കറ്റിന്റെ വാഗ്ദത്ത ഭൂമിയാണ് ക്വീൻസ്‌ലാന്റ്. അതുകൊണ്ട് തന്നെ സൈമണ്ട്സിന് അഹങ്കരിക്കാൻ പല കാരണങ്ങളുണ്ടായിരുന്നു. അതു തന്നെയാവണം അയാളിലെ നിഷേധിയായ മനുഷ്യനെ രൂപപ്പെടുത്തിയതും. വിവാദങ്ങള്‍ക്കൊപ്പം സഞ്ചരിക്കുമ്പോഴും അദ്ദേഹം എപ്പോഴും ആരാധകർക്ക് പ്രിയപ്പെട്ട റോയ് തന്നെയായിരുന്നു. കളിക്കളത്തിൽ നിന്ന് കുരങ്ങനെന്ന അധിക്ഷേപം കേട്ട അയാൾ വംശീയതയോടും കൂടിയാണ് കളിക്കളത്തില്‍ പോരടിക്കേണ്ടി വന്നത്. അങ്ങനെയൊരാൾ എങ്ങനെയാണ് നിഷേധിയല്ലാതാവുക.?

പ്രതിഭകളുടെ ധാരാളിത്തം കൊണ്ട് ഓസ്ട്രേലിയൻ ക്രിക്കറ്റ് വീർപ്പു മുട്ടുന്ന സമയത്താണ് സൈമണ്ട്സ് തന്റെ കരിയർ ആരംഭിക്കുന്നത്. ഒരു ഇന്നിങ്സിലെ ഫോം ഔട്ട് പോലും സെലക്ടർമാർക്ക് മാറ്റി ചിന്തിക്കാൻ മാത്രമുള്ള ചോയ്സുകള്‍ മുന്നിലുണ്ടായ കാലത്ത് സൈമണ്ട്സ് ക്രീസിലും ക്രീസിന് പുറത്തും കാട്ടിക്കൂട്ടിയ കോപ്രായത്തരങ്ങളിലൊക്കെയും ഒരു അഹങ്കാരിയെപ്പോലെ എന്നെ മാറ്റി നിർത്തിയാൽ നഷ്ടം എനിക്കായിരിക്കില്ല ഓസ്ട്രേലിയൻ ക്രിക്കറ്റിനാണെന്ന് വിളിച്ചു പറയും വിധം ​ഗ്രൗണ്ടിലെ പ്രകടനങ്ങളിലൂടെ പ്രഖ്യാപിച്ചുകൊണ്ടേയിരുന്നു. 2003-2007 കാലയളവില്‍ അദ്ദേഹത്തിന്‍റെ ഏകദിന ശരാശരി 48 ആണ് എന്നതാണ് അദ്ദേഹത്തിന്റെ പ്രതിഭയെ ഏറ്റവും ഗംഭീരമായി അടയാളപ്പെടുത്തുന്ന ഗണിതം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് (16) നേടിയതിന്റെ വ്യക്തിഗത റെക്കോര്‍ഡ് 2015 ൽ മറികടക്കുന്നത് വരെ ഇരുപത് വർഷകാലം ആൻഡ്രൂ സൈമണ്ട്സിൽ ഭദ്രമായിരുന്നു. 1995 ല്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബായ ഗ്ലോസ്റ്റ‌ഷെയറിനായി കളിക്കുമ്പോഴായിരുന്നു ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കപ്പെട്ടത്. പ്രഥമ ഐപിഎല്ലിലെ ഏറ്റവും വിലപിടിപ്പുളള രണ്ടാമത്തെ താരവും സൈമണ്ട്സ് തന്നെയായിരുന്നു. അയാളുടെ പ്രതാപകാലത്തായിരുന്നു ട്വന്റി ട്വന്റിയുടെ വരവെങ്കിൽ ഇന്ന് പല റെക്കോര്‍ ഡുകളും അയാൾ തകർക്കാനാവാത്തവിധം സ്വന്തം പേരിൽ കുറിച്ചിട്ടിട്ടുണ്ടാവും.

ഓസ്ട്രേലിയൻ ക്രിക്കറ്റിന് ഇരുപത്തിയൊന്നാം നുറ്റാണ്ടിൽ ലഭിച്ച സൂപ്പർ മാനായിരുന്നു സൈമണ്ട്സ്. കരീബിയൻ ഗ്രോത്രീയതയുടെ ശരീര ഭാഷയും വെള്ളക്കാരന്റെ അളവില്‍ കവിഞ്ഞ അഹങ്കാരവും ഒത്തുചേർന്ന സ്വഭാവ സവിശേഷതകളാണ് ഒരു സാധാരണ പ്രൊഫഷണൽ ക്രിക്കറ്ററിൽ നിന്ന് അസാധാരണനായ ഒരു ക്രിക്കറ്റ് ജീവിയിലേക്ക് അയാളെ വഴി നടത്തിയത്. അതിനിടയിൽ സംഭവിച്ചു പോയ പിഴവുകളാണ് ആ മനുഷ്യനെ പത്രമാധ്യമങ്ങളുടെ ചൂടുള്ള തലക്കെട്ടുകളാക്കിയത്. ടീം മീറ്റിങ്ങിനിടെ മീൻ പിടിക്കാൻ പോയും പബ്ബിൽ പോയി അടിയുണ്ടാക്കിയും അമിത മദ്യപാനത്തോടെ സ്വയം ജീവിതത്തിന്റെ താളം നഷ്ടപ്പെടുത്തിയും അയാൾ ടീമിൽ നിന്ന് പുറത്താവുമ്പോൾ എതിരാളികൾ പോലും നിരാശപ്പെട്ടിട്ടുണ്ടാവും കാരണം അയാള്‍ പിച്ചിലെത്തിയാൽ അത്രമാത്രം ഗംഭീരനായ ഒരാളാവുമായിരുന്നു.

അവസാനം മരണത്തിലും അയാൾ ക്രിക്കറ്റ് ആരാധാകരുടെ മനസ്സിലേക്ക് തീ കോരിയിട്ടാണ് തന്റെ ഇന്നിംഗ്സ് എന്നന്നേക്കുമായി അവസാനിപ്പിച്ചത്. സൈമണ്ട്സ് എന്ന മനുഷ്യന്‍ ക്വീൻസ് ലാൻഡിലെ ഹെർവി റേഞ്ച് റോഡിൽ വെച്ച് അവസാനിച്ചു എന്നത് സത്യമാണ്. പക്ഷേ സെമണ്ട്സ് എന്ന ക്രിക്കറ്ററെ അത്രപെട്ടെന്ന് ഭൂമിയിൽ നിന്ന് കൊണ്ടു പോകാൻ മാത്രം ഏത് ദൈവത്തിനാണ് ശക്തിയുള്ളത് എന്ന് മരണത്തിൽ പോലും അയാളുടെ ഓർമകൾ ദൈവത്തെ സ്ലെഡ്ജ് ചെയ്യുന്നുണ്ട്.

Leave a comment