'കലക്ടീവ് കോൺഷ്യസ്നെസ്സിനെ വിജയിക്കുന്ന മിശിഹ'
Photo : Wiki Commons
"The act of facing overwhelming odds produces greatness and beauty "
ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന പ്രശസ്തമായ പുസ്തകത്തിൽ മാൽക്കം ഗ്ലാഡ്വെൽ ഇങ്ങനെ കുറിക്കുന്നു. മനുഷ്യന്റെ കളക്റ്റീവ് കോൺഷ്യസ്നെസ്സ് എപ്പോളും അണ്ടർഡോഗുകളുടെ വിജയങ്ങളെ ആഘോഷമാക്കും, അതിൽ സാങ്കല്പികമായ യാഥാർഥ്യത്തെ നിർമ്മിച്ചെടുക്കും. മിശിഹായും അണ്ടർഡോഗ് ആയിരുന്നു, അല്ലെങ്കിൽ അണ്ടർഡോഗ് മാത്രമേ മിശിഹാ ആവുകയുള്ളു. 5 അടി 7 ഇഞ്ച് പൊക്കവും, 67 കിലോ മാത്രം ഭാരവുമുള്ള അർജന്റീനയിലെ റൊസാറിയോ എന്ന ദരിദ്ര പ്രദേശത്തു നിന്ന് വരുന്ന, കണ്ടാൽ അനീമിക് ആണെന്ന് തോന്നുന്ന, തോളുകൾ മുന്നോട്ട് വളഞ്ഞു നിൽക്കുന്ന ഒരു 17 കാരൻ പയ്യൻ മാത്രമേ ഫുട്ബോളിലെ മിശിഹാ ആവുകയുള്ളു. അത് ഒരിക്കലും പോളണ്ടിലെ മിലിട്ടറി ചിട്ടയിൽ ഫുട്ബോൾ പഠിച്ച ലെവൻഡോസ്കിമാർക്കോ, ജർമ്മൻ പ്രൊഫഷനലിസത്തിന്റെ അവസാന വാക്കായ ആയ ബെക്കൻ ബോവർമാർക്കോ എത്തി പിടിക്കാൻ പറ്റുന്ന ശിഖരമല്ല. ഫുട്ബോളിനെ ടെക്നിക്കലായി വിലയിരുത്തുന്നവർ കണക്കുകൾ നിരത്തി എല്ലാ കാലത്തേക്കുമുള്ള മികച്ച കളിക്കാരെ നിശ്ചയിച്ചേക്കാം, പക്ഷെ ലോകകപ്പ് ഫൈനലിൽ ബെക്കൻ ബോവർമാർ തോൽക്കുമ്പോൾ ആരും കരയാറില്ല, തോൽവികളിൽ നിന്നാണ് മിശിഹാ ഉണ്ടാവുന്നത്. ബാലൺ ഡി ഓർ എന്ന ഫുട്ബോളിലെ ഏറ്റവും വലിയ പുരസ്കാരം ടെക്നിക്കലി ഫുട്ബോളിനെ വിലയിരുത്തി കൊടുക്കുന്ന അവാർഡ് അല്ലെന്നും, പോപുലിസം ആണ് അതിലെ വിജയിയെ നിശ്ചയിക്കുന്ന ഘടകമെന്നും വാദിക്കുന്നവർ നിരവധിയാണ്. പക്ഷെ നിർമ്മിച്ചെടുത്ത പോപ്പുലർ മിത്തുകൾ, അതിലുടെ ഉണ്ടാവുന്ന സാങ്കൽപ്പിക യാഥാർത്ഥ്യങ്ങളിലൂടെ വളർന്നു ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്ന മനുഷ്യരാശി പോപ്പുലിസത്തിനല്ലാതെ മറ്റെന്തിനെയാണ് ഉയർത്തിപ്പിടിക്കുക. വ്ലാഡിമർ ക്ലിച്ച്കോമാർ എത്ര ഉണ്ടായാലും മുഹമ്മദാലിയെ പോലെ മനുഷ്യന്റെ ഭാവനകളെ തീ പിടിപ്പിക്കാൻ മറ്റാർക്കുമാവില്ലല്ലോ.
ജർമ്മനി പോലെയുള്ള അല്ലെങ്കിൽ ബയേൺ മ്യുണിക്ക് പോലെയുള്ള ഏറ്റവും സക്സസ്ഫുൾ ആയ ടീമുകളിൽ നിന്ന് ഈയടുത്ത കാലങ്ങളിൽ ബാലൺ ഡി ഓർ വിജയികൾ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. വിജയം ശീലമാക്കിയവരല്ലല്ലോ നമ്മൾ ഒന്നും തന്നെ അത് കൊണ്ട് തന്നെ ഏറ്റവും ഇഷ്ടപെട്ട ടീം ഏതെന്നോ കളിക്കാരൻ ആരെന്നോ ചോദിച്ചാൽ മുകളിൽ പറഞ്ഞ ജനുസ്സിൽ പെടുന്നവർക്ക് വേണ്ടി വാദിക്കുന്നവർ വളരെ കുറവായിരിക്കും. മൂന്നിൽ രണ്ട് പേരും വിജയത്തിന്റെ ഡാറ്റയെക്കാൾ കൂടുതൽ തങ്ങൾക്കു റിലേറ്റ് ചെയ്യാൻ പറ്റുന്നവർക്ക് വോട്ട് ചെയ്യും എന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ബാലൺ ഡി ഓർ പോലുള്ള വോട്ടിങ്ങ് ബേസ്ഡ് അവാർഡുകൾ എപ്പോളും കളക്റ്റീവ് കോൺഷ്യസ്നെസ്സിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന കളിക്കാർ വിജയിക്കുന്നതിൽ അത്ഭുമൊന്നുമില്ല. 2010ൽ മെസ്സി ബാലൺ ഡി ഓർ നേടുന്നത് ആ വർഷം സ്പെയിനിനെ ലോകകിരീടത്തിലേക്ക് നയിച്ച, ബാഴ്സലോണയുടെ വിജയങ്ങളിലെല്ലാം പങ്കാളികളായ സാവിയെയും ഇനിയേസ്‌റ്റയെയും മറികടന്നാണ്. മെസ്സി ആ വർഷം ഈ രണ്ടു പേരേക്കാൾ ബാലൺ ഡി ഓർ അർഹിച്ചിരുന്നോ എന്നൊരു സംശയം തോന്നുമ്പോഴും മെസ്സി തന്നെയാണ് ആ വർഷവും അവാർഡ് നേടുന്നത്. 2004ൽ രാജ്യാന്തര ഫുട്ബോളിൽ അവതരിച്ച ലയണൽ മെസ്സി അപ്പോഴേക്കും ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനസ്സിൽ മിശിഹയായി മാറിക്കഴിഞ്ഞിരുന്നു. അത് തന്നെയാവാം ഫുട്ബാൾ പോലെ മനുഷ്യനെ ഏറ്റവും അധികം സ്വാധീനിക്കുന്ന, ഒരുമിച്ച് ചേർക്കുന്ന ഒരു സ്പോർട്സിലെ വിജയത്തിന് ഉണ്ടാവേണ്ട കാവ്യ നീതിയും. മനുഷ്യനെ മുന്നോട്ട് നയിക്കാനും, സ്വപ്‌നങ്ങൾ കാണിക്കാനും, ജീവിതം വ്യർത്ഥമല്ലെന്ന് വിശ്വസിപ്പിക്കാനും മിശിഹാമാരെ മനുഷ്യൻ തന്നെ സൃഷ്ടിച്ചു കൊണ്ടേ ഇരിക്കും, മിശിഹാമാരുടെ ഓരോ തോൽവികളിലും അവൻ കരയും, ഉയർത്തെഴുന്നേൽപ്പ് അവൻ ആഘോഷിക്കും. ഇതും നമുക്ക് ആഘോഷിക്കാം.
ബാലൺ ഡി ഓർ അഥവാ 'സ്വർണ പന്ത്'
1956ൽ ഫ്രഞ്ച് ഫുട്ബോൾ മാഗസിനായ 'ഫ്രാൻസ് ഫുട്ബോൾ' ആരംഭിച്ച ബാലൺ ഡി ഓർ ഇന്ന് ലോകത്തിലെ ഏറ്റവും വിഖ്യാതമായ വ്യക്തിഗത ഫുട്ബോൾ പുരസ്‌കാരമാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനു നൽകിയിരുന്ന ഈ പുരസ്കാരം 2007 മുതലാണ് ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഫുട്ബോൾ താരങ്ങളെ പരിഗണിക്കാൻ ആരംഭിച്ചത്.ലൈബീരിയൻ ഇതിഹാസ താരമായ ജോർജ്ജ് വിയ്യയാണ് ബാലൺ ഡി ഓർ നേടിയ ആദ്യ യൂറോപ്യൻ ഇതര ഫുട്ബോൾ താരം.
ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴാം ബാലൺ ഡി ഓർ പുരസ്‌കാരമാണ് ഇന്ന് കരസ്ഥമാക്കിയത്. തൊട്ടു പുറകിലുള്ളത് സമകാലീക ഫുട്ബോളിലെ മറ്റൊരു ഇതിഹാസ താരമായ ക്രിസ്ത്യാനോ റൊണാൾഡോയും. യോഹാൻ ക്രൈഫ്, ഫ്രാൻസ് ബെക്കൻബോവർ, മിഷേൽ പ്ലാറ്റിനി, മാർക്കോ വാൻ ബാസ്റ്റിൻ, റൊണാൾഡോ,സിനദീൻ സിദാൻ പോലുള്ള ബാലൺ ഡി ഓർ നേടിയിട്ടുള്ള പിൻഗാമികളായ ഇതിഹാസ താരങ്ങളുടെ നിരയിലാണ് മെസ്സി തന്റെ അപ്രമാദിത്വം തെളിയിക്കുന്നത്. ഒരു പക്ഷെ വളരെയെളുപ്പത്തിലൊന്നും ആർക്കും മറികടക്കാനാവാത്ത വിധത്തിൽ. ബാഴ്സലോണ വിട്ട മെസ്സിയെപ്പറ്റി അടുത്ത ബാലൺ ഡി ഓർ പുരസ്കാര വേദിയിൽ അയാളുടെ സ്ഥാനം എവിടെയായിരിക്കും എന്നൊരു ചോദ്യമുണ്ടാവാം, മിശിഹായുടെ ഉയർത്തെഴുന്നേൽപ്പിലുള്ള ഉറപ്പാണ് അതിനുള്ള ഉത്തരം.