TMJ
searchnav-menu
post-thumbnail

Outlook

ആനി എർണോ; ഓർമ്മകളുടെ അനന്യതയുള്ള പുനഃസൃഷ്ടികൾ

07 Oct 2022   |   1 min Read
എം ലുഖ്മാന്‍

PHOTO: WIKI COMMONS

നി എർണോയെ വായിക്കുമ്പോൾ ഓർമ്മകൾ നമ്മുടെ ഉള്ളിൽ ഇരമ്പും. സ്വന്തം അനുഭവങ്ങളെ പാരായണക്ഷമമായവിധത്തിൽ, ഫിക്ഷനെഴുത്തിന്റെ മാന്ത്രികമായ സാധ്യതകളുടെ ബലത്തിൽ അവരങ്ങനെ എഴുതുകയാവും. വായന തുടങ്ങിയാൽ മുന്നോട്ടുപോകുന്നത് ഒട്ടും പ്രയാസമില്ലാതെയാവും. അങ്ങനെ പേജുകൾ മറിപ്പിക്കുന്ന, വലിയൊരു പ്രേരകം അവരുടെ എഴുത്തുകൾക്ക് ഉണ്ടുതാനും.

ഓർമകളെക്കുറിച്ചെഴുതുക ആയാസമുള്ള ഏർപ്പാടാണ്. കൃതികളിൽ മിക്കവയും അങ്ങനെ ആകുമ്പോൾ വിശേഷിച്ചും. ജീവിതം എന്നത്, നമ്മുടെ തന്നെ വേരുകളാണ്. നമ്മെ ഇപ്പോഴും പടർത്തിനിർത്തുന്നത് ആ വേരുകളാണ്. അവയ്ക്കു ബലം നൽകുന്ന പലതരം ബന്ധങ്ങളെ ഓർമ്മയെഴുത്തുകളിൽ കൊണ്ടുവരുമ്പോൾ, പലർക്കും പ്രകോപനം ഉണ്ടാകും. സൗഹൃദം നഷ്ടപ്പെടും.

നോബേൽ സമ്മാന വാർത്ത കേട്ടയുടനെ അവരുടെ പുസ്തകങ്ങൾ വായിക്കാനെടുത്തു. ആരംഭിച്ചത് 'ഐ റിമൈൻ ഇൻ ഡാർക്‌നെസ്സ്' എന്ന പേരിലുള്ള അമ്മയുമായുള്ള ബന്ധത്തിന്റെ ഊഷ്മളതകൾ പറയുന്ന പുസ്തകമാണ്. 1999 ലാണ് ഇംഗ്ലീഷിലേക്ക് ഈ പുസ്തകം ടന്യ ലെസ്ലി വിവർത്തനം ചെയ്തത്. ആനിയെ ഇംഗ്ലീഷ് സാഹിത്യലോകത്തേക്ക് കൊണ്ടുവന്നതിൽ ടന്യ ലെസ്ലിക്ക് വലിയ പങ്കുണ്ട്. ആനിയുടെ അര ഡസൻ പുസ്തകങ്ങളുടെയും ഇംഗ്ലീഷ് വിവർത്തക അവരാണ്.

photo : nobelprice.org

ഒരു റോഡപകടത്തിന്റെ പരിണിതഫലമായി ഓർമ്മകൾ നഷ്ടപ്പെട്ടുപോകുന്ന അമ്മയെ, ആനി മരണം വരെ പരിചരിക്കുന്നതിന്റെ വിശദാംശങ്ങളാണ് ഡയറിക്കുറിപ്പുകളുടെ മാതൃകയിൽ എഴുതപ്പെട്ട ഈ പുസ്തകത്തിലുള്ളത്. 1983ലാണ് ഈ ഡയറിക്കുറിപ്പുകൾ ആരംഭിക്കുന്നത്. അൽഷിമേഴ്‌സിലേക്ക് വഴുതിപ്പോയ അമ്മയ്ക്ക് മകളെപ്പോലും ഓർമയില്ല. പലതരം വാശികൾ അവർ പങ്കുവെക്കുന്നു. ആനി കൊണ്ടുചെല്ലുന്ന മധുരസമ്മാനങ്ങൾ നിരാകരിക്കുന്നു. അത്തരം അഗാധമായ വിഷമമുണ്ടാക്കുന്ന ഘട്ടങ്ങളിൽ ആനി ഓർമ്മയെഴുത്ത്, ഇരുപതോ മുപ്പതോ വർഷം മുമ്പുള്ള അമ്മയ്‌ക്കൊപ്പമുള്ള പ്രസാദാത്മകമായ കാലഘട്ടത്തിലേക്ക് നീട്ടും. അമ്മ കാത്തിരുന്നതിനെപ്പറ്റി, തന്നെപ്പറ്റി ആധിയോടെ ഉറക്കമില്ലാതെയിരുന്നതിനെപ്പറ്റിയൊക്കെ. ആ ഭൂതകാലത്തിന്റെ കനിവുള്ള മാതൃഹൃദയം, ഇപ്പോൾ തന്റെ സാന്നിധ്യത്തിലും തൃപ്തി കണ്ടെത്തുന്നില്ലല്ലോ എന്ന സങ്കടത്തിന്റെ പടർച്ച വരികളിൽ പിന്നെ തുടർന്നുകാണാം.

1986ൽ അമ്മ മരിക്കുന്നത് വരെ ആ ഡയറികുറിപ്പുകൾ നീളുന്നു. അമ്മയുടെ രോഗാതുരമായ ഈ കാലത്തെ, പിച്ച വെക്കാൻ കഴിയാത്തത് മുതലുള്ള ഒരു കുഞ്ഞിന്റെ കാലവുമായി ആനി ഉപമിക്കുന്നുണ്ട്. അന്ന് കുഞ്ഞിനെ നോക്കുന്നത്, അവരുടെ വിസർജ്യങ്ങൾ നീക്കുന്നത്, അവരുറങ്ങുവോളം ഉറങ്ങാതിരിക്കുന്നത് എല്ലാം അമ്മമാരാണ്. ആ അമ്മമാർ കുഞ്ഞിനെപ്പോലെയാകുമ്പോൾ, അവരെ അതിലേറെ മൃദുലമായി നോക്കണം എന്നാണു അവരുടെ പക്ഷം. 'അമ്മ മരിക്കുമ്പോൾ അനുഭവിക്കുന്ന ദുഃഖത്തിന്റെ കനപ്പ് അവരുടെ എഴുത്തുകളിൽ കാണാനാകും. വാക്കുകൾ തുടരാകാതെ, 'അച്ഛനും അമ്മയും ഇപ്പോൾ ഒരുമിച്ചു കാണും, അമ്മയെത്തിയ സ്ഥലത്ത് ഇപ്പോൾ കൂടുതൽ നല്ല അവസ്ഥയായിരിക്കും' തുടങ്ങിയ ക്ലീഷേ പ്രയോഗങ്ങളിലേക്കു വീണുപോകുന്നുവല്ലോ എന്നവർ കണ്ടെത്തുന്ന ഇടത്ത് പുസ്തകം അവസാന ഭാഗങ്ങളിലേക്ക് പോകുന്നു.

രണ്ടാമതായി ആനിയുടെതായി വായിച്ചത്, 'ഹാപ്പനിംഗ്' എന്ന പുസ്തകമാണ്. ആനിയുടെ കോളേജ് കാലത്തെ ഒരു ഇതിവൃത്തവുമായി കെട്ടുപിണഞ്ഞാണ് ഈ പുസ്തകത്തിന്റെ നറേറ്റിവ് ഉള്ളത്. ഒരു ആശുപത്രിയുടെ വിഷാദാത്മകമായ അകത്തളത്തിലേക്കുള്ള കഥാകാരിയുടെ സഞ്ചാരം പറഞ്ഞാണ് പുസ്തകം ആരംഭിക്കുന്നത്. സമയമായിട്ടും പിരീഡ്‌സ് തുടങ്ങാത്തതിലുള്ള വിഷാദത്തോടെ ചെല്ലുന്ന കഥാപാത്രം, നേഴ്‌സിന്റെ മറുപടിയിൽ നിന്ന് ഗ്രഹിച്ചു, ഉള്ളിൽ ഒരു ജീവൻ പിറവിയെടുക്കുന്നുവെന്ന അടയാളമാണ് എന്ന്. വീടുവിട്ടു കോളേജിലേക്ക് താമസം മാറിയതോടെ, സ്വാതന്ത്ര്യത്തിന്റെ സമ്മതങ്ങളിൽ എല്ലാ മോഹവും അന്വേഷിച്ചു നടന്ന അവൾ, ഗർഭമാണ് എന്നറിഞ്ഞതോടെ വാടിയ ഭാവത്തിലെത്തുന്നു. അതിനു കാരണക്കാരനായ സഹപാഠിയാവട്ടെ, ഒരു ലക്ഷ്യബോധമില്ലാത്തവനും കാര്യങ്ങളെ ഗൗരവപൂർവ്വം സമീപിക്കുകയും ചെയ്യാത്ത ഒരു ഉല്ലാസിയാണ്. വീട്ടിലറിഞ്ഞാലും, കാരണക്കാരൻ കുട്ടിയുടെ കാര്യത്തിൽ ഒട്ടും താത്പര്യം കാണിക്കാത്തതിനാലും അബോർഷൻ നടത്താൻ വേണ്ടി കഥാപാത്രം നടത്തുന്ന, തുടർന്നുള്ള സാഹസിക അന്വേഷണങ്ങളും, അബോർഷനോടെ ജീവിതത്തെ കീഴ്മേൽ മറിക്കുന്ന അനുഭവമായി അത് വേട്ടയാടുന്നതിന്റെ വിവരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ജീവിതത്തിൽ അഗാധമായ ഇഷ്ടത്തോടെ കാമിച്ച ഒരാൾ, തന്നെ വിട്ടു പോകുമ്പോൾ ശരീരത്തെയും ആത്മാവിനെയും വരിഞ്ഞു മുറുക്കുന്ന ഓർമ്മകളായി അയാളുടെ സാന്നിധ്യം തുടരുന്നതിനെക്കുറിച്ച് വിവരിക്കുന്ന ലഘു പുസ്തകമാണ്, ആനിയുടെ 'സിംപിൾ പാഷൻ'.

1950 കളിലെ ഫ്രാൻസിലെ കോളേജുകളിലെ വിദ്യാർത്ഥി ജീവിതത്തിന്റെ ചിത്രങ്ങൾ ഈ പുസ്തകത്തിൽ പല ഭാഗങ്ങളിലായി കടന്നുവരുന്നു. ലിറ്ററേച്ചർ പഠിക്കുന്ന കഥാകാരി, അവരുടെ ഇഷ്ട എഴുത്തുകാരെ ഇടക്ക് പങ്കുവെക്കുന്നുണ്ട്. വിഷാദഭരിതമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ, താങ്ങായി ആ എഴുത്തുകാർ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓർക്കുന്നു. വിപ്ലവം നടത്താനായി തുനിഞ്ഞിറങ്ങുന്ന വിദ്യാർത്ഥി നേതാക്കൾ നോവലിൽ കടന്നുവരുന്നു. വാസ്തവികത ഉള്ളടക്കത്തിൽ ഉള്ളതിനാൽ, പല പേരുകളും അക്ഷരങ്ങൾ മാത്രമായാണ് ഉപയോഗിച്ചിട്ടുള്ളത്.

ജീവിതത്തിൽ അഗാധമായ ഇഷ്ടത്തോടെ കാമിച്ച ഒരാൾ, തന്നെ വിട്ടു പോകുമ്പോൾ ശരീരത്തെയും ആത്മാവിനെയും വരിഞ്ഞു മുറുക്കുന്ന ഓർമ്മകളായി അയാളുടെ സാന്നിധ്യം തുടരുന്നതിനെക്കുറിച്ച് വിവരിക്കുന്ന ലഘു പുസ്തകമാണ്, ആനിയുടെ 'സിംപിൾ പാഷൻ'. ടന്യ ലെസ്ലിയുടെ വിവർത്തനങ്ങളെല്ലാം അതിമനോഹരമാണ്. മൂല ആഖ്യാനത്തെ ഒട്ടും ഭാവഭേദമില്ലാത്ത തരത്തിൽ ഇംഗ്ലീഷിലേക്ക് അവർ കൊണ്ടുവന്നപോലെ വായനയിൽ അനുഭവപ്പെടുന്നു.

ആനിയുടെ എല്ലാ പുസ്തകങ്ങളും ഓർമ്മകൾ വായനക്കാരുടെ കൂടി ഓർമ്മകൾ ആക്കുന്ന തരത്തിൽ ലളിതമായി വിവരിക്കുന്ന ഓട്ടോബയോഗ്രഫിക്കൽ വർക്കുകളാണ്. ഫ്രഞ്ച് സാഹിത്യത്തിന്റെ ഗംഭീരമായ പാരമ്പര്യത്തിന്റെ പ്രസാദം അവരുടെ എഴുത്തുകളിൽ ഉണ്ട്. വിക്ടർ യൂഗോ, സാർത്ര്, റോളണ്ട് ബാർത്താസ് എന്നിവരെല്ലാം അവരുടെ പല പുസ്തകങ്ങളിലായി കടന്നുവരുന്നുണ്ട്. ആത്മകഥാ ഫിക്ഷന് കിട്ടിയ അംഗീകാരം കൂടിയാണ് ഈ നോബൽ പുരസ്‌കാരം.

Leave a comment