TMJ
searchnav-menu
post-thumbnail

Outlook

നമ്മുടെ പുതിയ നാടകവേദി നല്‍കുന്ന സൂചനകള്‍ ഭയാനകമോ?

12 Nov 2022   |   1 min Read
എന്‍ പ്രഭാകരന്‍

PHOTO : WIKI COMMONS

 

രിത്രത്തോടുള്ള ഉദാസീനത മനുഷ്യന്റെ ബുദ്ധിയും പ്രജ്ഞയും പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളോടുമുള്ള ഉദാസീനതയും ഉത്തരവാദിത്വരാഹിത്യവുമായി മാറും. ആ മേഖലകളുടെയെല്ലാം തകര്‍ച്ചയ്ക്ക് അത് കാരണമാവുകയും ചെയ്യും. കേരളത്തില്‍ ഇത് പല രൂപത്തിലാണ് പ്രകടിതമാവുന്നത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ ബോധ്യമാവുന്ന ഒന്നാണ് മലയാളത്തിലെ നാടകസാഹിത്യത്തിനും ഒപ്പം നാടകവേദിക്കും സംഭവിച്ച തകര്‍ച്ച. "നാടകമെന്നാല്‍ പെര്‍ഫോമന്‍സാണ്. അതില്‍ കുറഞ്ഞതോ കൂടിയതോ ആയ ഒന്നുമല്ല" എന്നു പറയുന്നവരായിരിക്കുന്നു നമ്മുടെ നാടകപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷം പേരും. വേദിയെ എല്ലാ സാധ്യതകളുമുയോഗിച്ച് സജീവമാക്കണം, അഭിനയം എത്രത്തോളം ചടുലവും അസാധാരണമാവുന്നോ അത്രയും ആവട്ടെ. വേദിയില്‍ തീയും വെള്ളവും വിചിത്രവെളിച്ചങ്ങളും  മണ്ണും ചെളിയും മരം കൊണ്ടും ലോഹം കൊണ്ടും സാധ്യമാവുന്ന നിര്‍മിതികളുമൊക്കെ വരട്ടെ. നടിനടന്മാരുടെ ശരീരം സദാ ചലിച്ചുകൊണ്ടിരിക്കട്ടെ. ഡയലോഗ് പറച്ചില്‍ അതിനിടയില്‍ നടന്നുകൊള്ളട്ടെ എന്നെല്ലാം പറയുന്ന ഒരുപാടുപേരുണ്ട്. നാടക സംവിധായകനും നാടകത്തിന്റെ ചരിത്രത്തിലും സാങ്കേതിക കാര്യങ്ങളിലുമെല്ലാം നല്ല പരിജ്ഞാനമുള്ളയാളുമായ ഒരു സുഹൃത്ത് ഏതാനും മാസങ്ങള്‍ക്കു മുമ്പ് പറഞ്ഞു: “നാടകം തെയ്യം പോലെയാവണം. തെയ്യത്തിന്റെ ഭാഗമായുള്ള തോറ്റംപാട്ട് ഒരു വശത്ത്  നടക്കും. ആളുകള്‍ പോകുന്നത് തെയ്യം കാണാനാണ്. തോറ്റം കേള്‍ക്കാനല്ല.”

 

തെയ്യം ഒരനുഷ്ഠാനകലയാണ്. തെയ്യം കാണാന്‍ പോവുന്നവര്‍ തോറ്റംപാട്ട് മുഴുവന്‍ കേള്‍ക്കാന്‍ താല്‍പര്യപ്പെടണമെന്നില്ല. തെയ്യത്തിന്റെ കഥ പൂര്‍ണരൂപത്തിലല്ലെങ്കിലും അവരില്‍ പലരുടെയും ഉള്ളില്‍ ഉണ്ടാവും. ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളവും ഭക്ത്യാദരപൂര്‍വ്വം തെയ്യം കാണുന്നതിന് തടസ്സമൊന്നുമില്ല. തെയ്യപ്പറമ്പിലെത്തുന്നവരില്‍ ബഹുഭൂരിപക്ഷവും തെയ്യം ആദ്യന്തം കാണാന്‍ നില്‍ക്കില്ല. അവര്‍ തെയ്യത്തെ കുറച്ചുനേരം നോക്കിനില്‍ക്കും. പിന്നെ ചുറ്റിനടന്ന് പരിചയക്കാരെയും സുഹൃത്തുക്കളെയുമൊക്കെക്കണ്ട് ലോഹ്യം പറയും. കുട്ടികള്‍ക്ക് പലതും വാങ്ങിക്കൊടുക്കും. കാപ്പി കുടിക്കും. അതൊക്കെക്കഴിഞ്ഞാവും വീണ്ടും തെയ്യത്തിന്റെ അടുത്തേക്ക് വരിക. തെയ്യം കാണാന്‍ പോവുക എന്നതിന് ഇത്രയുമൊക്കെയാണ് അര്‍ത്ഥം. അല്ലാതെ തെയ്യം പുരാവൃത്തം തോറ്റംപാട്ടു കേട്ട് മനസ്സിലാക്കാനായി ആരും തെയ്യപ്പറമ്പില്‍ പോകാറില്ല. നാടകത്തിന്റെ കാര്യം അങ്ങനെയല്ല. നാടകം കാണാന്‍പോവുന്നവര്‍ സ്റ്റേജില്‍ സംവിധായകന്‍ ഒരുക്കുന്ന മായക്കാഴ്ചകള്‍ കാണാന്‍ പോകുന്നവരല്ല. അതിനു മാത്രമായി പോകുന്നവരെ നാടകത്തിന്റെ കാണികളായി കണക്കാക്കുക സാധ്യവുമല്ല. ഈ വസ്തുതകളെല്ലാം എല്ലാവര്‍ക്കും അറിയാം. എന്നിട്ടും എന്തുകൊണ്ടാണ് നാടകം പെര്‍ഫോമന്‍സാണ് എന്ന വാദത്തിന് പിന്തുണ കൂടിക്കൂടി വരുന്നതായി കാണുന്നത്?

 

 

‘പാട്ടബാക്കി’ മുതല്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ വരെയുള്ള നാടകങ്ങളാണ് 1957 ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്നു പറയാറുണ്ട്. അത്രയേറെ ജനകീയമായിരുന്നു ഇവിടെ നാടകം എന്ന മാധ്യമം. കേരളത്തിലങ്ങോളമിങ്ങോളം നാടകാവതാരണത്തെ സാധ്യമാക്കുന്ന കൂട്ടായ്മകളും കലാസമിതികളും പ്രവര്‍ത്തിച്ചിരുന്നു. ഒരു പഞ്ചായത്തില്‍ത്തന്നെ മുപ്പതിലധികം കലാസമിതികള്‍ പ്രവര്‍ത്തിച്ചിരുന്ന ചരിത്രം കേരളത്തിനുണ്ട്. നമ്മുടെ പൊതുബോധത്തെ പുരോഗമനാശയങ്ങള്‍ക്ക് അനുകൂലമാക്കിത്തീര്‍ക്കുന്നതില്‍ നാടകവും പിന്നീട് കഥാപ്രസംഗവും വഹിച്ച പങ്ക് വളരെ വലുതാണ്. കാരമസോവ് സഹോദരന്മാര്‍ പോലും കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കപ്പെട്ട നാട്, സോഫോക്ലിസിനെയും കാളിദാസനെയും ഷെയ്ക്സ്പിയറെയും ഇബ്സനെയും കുറിച്ച് സാധാരണജനങ്ങള്‍ക്ക് അറിവുണ്ടായിരുന്ന നാട്, ബാദല്‍ സര്‍ക്കാറിന്റെ ‘ഭോമ’യും കെ ജെ ബേബിയുടെ ‘നാട്ടുഗദ്ദിക’യും ഉള്‍പ്പെടെ അനേകം നാടകങ്ങള്‍ തെരുവോരങ്ങളില്‍ ആവേശപൂര്‍വ്വം അരങ്ങേറിയ നാട് ഇങ്ങനെ ഒരുപാട് സാംസ്കാരിക വസ്തുതകളെക്കുറിച്ച് അഭിമാനിക്കാവുന്ന നാടാണ് കേരളം. എന്നാല്‍ എല്ലാറ്റിനെയും മങ്ങിയ ഓര്‍മ്മകള്‍ മാത്രമാക്കിക്കൊണ്ട് കലാസമിതികളേറെയും പാടേ നിര്‍ജ്ജീവമായിരിക്കുന്നു, അഭ്യാസനാടകങ്ങള്‍ അരങ്ങ് വാഴുന്ന ഒരു കാലത്ത് നാം എത്തിയിരിക്കുന്നു. ഈയൊരു പരിണതിയ്ക്ക് പല കാരണങ്ങളും പറയാനുണ്ടാവും. ടെലിവിഷന്‍ ഏതാണ്ട് എല്ലാവീടുകളിലും എത്തി, സീരിയലുകള്‍ക്കും കോമഡി ഷോകള്‍ക്കും സംഗീതപരിപാടികള്‍ക്കും മുന്നില്‍ ആളുകള്‍ തളച്ചിടപ്പെടുന്ന അവസ്ഥയായി, നാടകം തളര്‍ന്നുപോയത് അതുകൊണ്ടാണ് എന്നു പറയുന്നതില്‍ കുറേയൊക്കെ ശരിയുണ്ട്. പക്ഷേ, വേദിയില്‍ എത്തുന്ന നാടകങ്ങള്‍ എന്തുകൊണ്ട് കാഴ്ചയ്ക്കുള്ള വിഭവങ്ങള്‍ മാത്രമായിത്തീരുന്നു എന്നുള്ളതിനുള്ള വിശദീകരണം ഇതിലില്ല.

 

കഥ, കവിത, നോവല്‍ തുടങ്ങിയ മാധ്യമങ്ങള്‍ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യം നാടകത്തിനില്ല. ഒരു മാധ്യമത്തിനുമേല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരേ ഉത്തരവാദിത്വത്തിന്റെയും നിയന്ത്രണത്തിന്റെയും ഭാരം കെട്ടിവെച്ചു കഴിഞ്ഞാല്‍ അതിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. സ്വയം ഏറ്റെടുക്കാത്ത ഏത് ഉത്തരവാദിത്വവും നിയന്ത്രണവും ഏത് മാധ്യമത്തെ സംബന്ധിച്ചിടത്തോളവും അസഹ്യമായ ഭാരം തന്നെയായിരിക്കും.

 

നാടകം ഈ അവസ്ഥയില്‍ എത്തിച്ചേരുന്നതിന് കാരണങ്ങള്‍ പലതുണ്ട്. നാടകത്തിന്റെ ഇതിവൃത്തം ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും കാണികളെ എങ്ങനെയെങ്കിലും പിടിച്ചിരുത്താനുള്ള വിദ്യകള്‍ വേദിയില്‍ പ്രയോഗിക്കുന്നതിലാണ് സംവിധായകന്‍ മിടുക്ക് കാണിക്കേണ്ടത് എന്ന ധാരണ ഇവിടെ രൂപപ്പെടാന്‍ തുടങ്ങിയിട്ട് നാല് ദശകത്തിലേറെയായി. ആധുനികോത്തരകാലത്ത് പല വിദേശരാജ്യങ്ങളിലെയും നാടകസംവിധായകര്‍ അങ്ങനെ ചെയ്യുന്നത് കണ്ട് ഇവിടത്തെ നാടകക്കാര്‍ ഭ്രമിച്ചുപോയത് ഒരു കാരണമാകാം. നാടകസംവിധാനം ഒരു പഠനവിഷയമാകുമ്പോള്‍ സ്വാഭാവികമായും പുതിയ അന്വേഷണങ്ങള്‍ക്കുള്ള ശ്രമങ്ങളുണ്ടാവും. ആ ശ്രമങ്ങള്‍ ഭ്രമങ്ങളുടെ അടിസ്ഥാനത്തിലാവുമ്പോള്‍ നാടകം പോയകാലങ്ങളില്‍ നമ്മുടെ നാട്ടിലും വിദേശരാജ്യങ്ങളിലും എന്തൊക്കെ സാധിച്ചിരുന്നു എന്ന കാര്യം വിസ്മൃതമാവും. ഭാസന്‍, കാളിദാസന്‍, ശൂദ്രകന്‍, സോഫോക്ലിസ് ഷെയ്ക്സ്പിയര്‍, ഇബ്സന്‍, ബ്രഹ്ത്, ഫ്രിഡ്റിഷ് ഡ്യൂറന്‍മാറ്റ് ഇവരിലാരുടെയും നാടകങ്ങള്‍ കൃതിയെ മാറ്റിവെച്ച് വേദിയിലെ പ്രകടനം മാത്രമായി അവതരിപ്പിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ അവയില്‍ ഒന്നിനെയും നാടകം എന്ന് വിളിക്കാന്‍ പറ്റാതാവും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമായിരുന്നിട്ടും നാടകം പെര്‍ഫോമന്‍സാണ്, കൃതി അപ്രധാനമാണ് എന്നുപറയാന്‍ നമ്മുടെ നാടകസംവിധായകര്‍ ആവേശം കാണിക്കുന്നത് എന്തുകൊണ്ടാണ്?

 

മറ്റുപലതിനുമൊപ്പം മലയാളനാടകത്തിന് പ്രത്യേകം ബാധകമാവുന്ന ഒരു കാരണം കൂടിയുള്ളത് ചൂണ്ടിക്കാണിക്കാം. സാമൂഹ്യാസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമുള്ള ഒരു മാധ്യമമെന്ന നിലയ്ക്കാണ് നാടകം പല ദശകങ്ങളായി ഇവിടെ ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നാടകത്തില്‍ നിര്‍വ്വഹിക്കപ്പെടാവുന്ന സാമൂഹ്യ-രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. പരിധി ലംഘിക്കുന്നു എന്ന തോന്നല്‍ നേരിയ അളവില്‍ ഉണ്ടാക്കുന്ന നാടകങ്ങള്‍ക്കുപോലും വേദി കിട്ടില്ലെന്നതാണ് സ്ഥിതി. അങ്ങനെയൊരു അപ്രഖ്യാപിത വിലക്ക് ഇവിടെ നിലനില്‍ക്കുന്നുണ്ട്. കഥ, കവിത, നോവല്‍ തുടങ്ങിയ മാധ്യമങ്ങള്‍ അനുഭവിച്ചു വരുന്ന സ്വാതന്ത്ര്യം നാടകത്തിനില്ല. ഒരു മാധ്യമത്തിനുമേല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരേ ഉത്തരവാദിത്വത്തിന്റെയും നിയന്ത്രണത്തിന്റെയും ഭാരം കെട്ടിവെച്ചു കഴിഞ്ഞാല്‍ അതിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. സ്വയം ഏറ്റെടുക്കാത്ത ഏത് ഉത്തരവാദിത്വവും നിയന്ത്രണവും ഏത് മാധ്യമത്തെ സംബന്ധിച്ചിടത്തോളവും അസഹ്യമായ ഭാരം തന്നെയായിരിക്കും. തനി കമേഴ്സ്യല്‍ നാടകങ്ങളൊഴിച്ചുള്ളവയ്ക്ക് കാണികളുടെ മുന്നിലെത്തണമെങ്കില്‍ ശക്തമായ രാഷ്ട്രീയ പിന്തുണയുള്ള കൂട്ടായ്മകളുടെ അല്ലെങ്കില്‍ രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന ചെറുഗ്രൂപ്പുകളുടെ പിന്തുണ വേണം. രണ്ടാമതു പറഞ്ഞ വിഭാഗത്തില്‍പ്പെട്ട ഗ്രൂപ്പുകള്‍ക്കാണെങ്കില്‍ നാടകത്തിന്റെ സാമൂഹ്യലക്ഷ്യങ്ങളില്‍ മാത്രമല്ല അതിന്റെ സ്വതന്ത്രമായ ഇതിവൃത്തത്തില്‍പ്പോലും താല്‍പര്യമില്ല. വേദിയില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാവുന്ന അത്ഭുതങ്ങള്‍ മാത്രമാണ് അവ ലക്ഷ്യം വെക്കുന്നത്. അങ്ങനെ ഉണ്ടാക്കപ്പെടുന്ന നാടകങ്ങളില്‍ താല്‍ക്കാലികമായി ആളുകള്‍ക്ക് കൗതുകം തോന്നിയേക്കും. കൗതുകം വളരെ വേഗം ശോഷിച്ചുപോകും. പിന്നെ നാടകത്തിന് വേദി കിട്ടുകയുമില്ല. ഇതാണ് ഇപ്പോള്‍ മലയാളനാടകവേദിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

 

representational image : wiki commons

 

സ്ക്രിപ്റ്റ് അപ്രധാനമാണ്, നാടകം വേദിയിലെത്തിക്കുന്നവര്‍ സ്ക്രിപ്റ്റിനെ പാടേ അവഗണിക്കാന്‍ ശീലിക്കണം, കാണികള്‍ക്ക് വളരെ അസാധാരണവും വിചിത്രവുമായ ദൃശ്യാനുഭവം സമ്മാനിക്കുന്നതിലായിരിക്കണം അവരുടെ നോട്ടം എന്നീ ആശയങ്ങള്‍ വളരെ വ്യത്യസ്തമായ സാഹചര്യത്തില്‍ അവതരിപ്പിക്കപ്പെട്ട അനുഭവം നേരത്തേ തന്നെ ലോകനാടക ചരിത്രത്തിലുണ്ട്.

 

അന്റോണിന്‍ അര്‍ത്തോ (Antonin Artaud) വിന്റെ ‘തിയറ്റര്‍ ഓഫ് ക്രൂവല്‍റ്റി’ യുടെ ഒന്നാം മാനിഫെസ്റ്റോവിലെ ചില ആശയങ്ങള്‍ താഴെ ചേര്‍ക്കാം:

 

1.യാഥാര്‍ത്ഥ്യവുമായും ആപത്തുമായും (ഭീതിയുമായും) ഉള്ള  അതിതീവ്രമായ മാന്ത്രിക ബന്ധത്തിലാണ് നാടകത്തിന്റെ മൂല്യം കുടികൊള്ളുന്നത്. അങ്ങനെയുള്ള ഈ കലാരൂപത്തെ ഇനിയും നമുക്ക് വ്യഭിചരിച്ചുകൊണ്ടേയിരിക്കാനാവില്ല.

 

2.തിയറ്ററിനെ ആധികാരികവും വിശുദ്ധവുമായി കരുതിപ്പോരുന്ന നാടകകൃതിക്കു കീഴ്പ്പെടുത്തുന്ന പതിവ് അവസാനിപ്പിക്കണം.

 

3.ഓരോ ദൃശ്യത്തിലും ക്രൗര്യത്തിന്റെ ഘടകമില്ലാതെ തിയറ്റര്‍ സാധ്യമാവില്ല.

 

4.ഓരോ ദൃശ്യത്തിലും എല്ലാവര്‍ക്കും ഗ്രഹിക്കാനാവുന്ന ഭൗതികവും വസ്തുനിഷ്ഠവുമായ ഒരു ഘടകം ഉള്‍ച്ചേര്‍ന്നിരിക്കണം. നിലവിളികള്‍, ഞരക്കങ്ങള്‍, മായാരൂപങ്ങള്‍, വിസ്മയങ്ങള്‍, എല്ലാ തരത്തിലുമുള്ള നാടകീയതകള്‍, അനുഷ്ഠാനമാതൃകകളില്‍ നിന്നു സ്വീകരിച്ച വേഷങ്ങളുടെ മായിക സൗന്ദര്യം, അത്യുജ്വലമായ പ്രകാശം, മന്ത്രോച്ചാരണ തുല്യമായ സൗന്ദര്യമാര്‍ന്ന ശബ്ദങ്ങള്‍, ലയഭംഗികള്‍, അപൂര്‍വ്വരാഗങ്ങള്‍, വസ്തുക്കളുടെ വര്‍ണഭംഗികള്‍, ആരോഹണങ്ങളും അവരോഹണങ്ങളും എല്ലാവര്‍ക്കും പരിചിതമായ ചലനങ്ങളുടെ സ്പന്ദങ്ങളുമായി പൂര്‍ണമായും ഇണങ്ങിപ്പോവുന്ന തരം ചേഷ്ടകളുടെ താളം, പുതുതും ആശ്ചര്യജനകവുമായ വസ്തുക്കളുടെ മൂര്‍ത്തമായ വെളിപ്പെടലുകള്‍, മുഖംമൂടികള്‍, ഉയരം കൂടിയ കോലങ്ങള്‍, വെളിച്ചത്തിന്റെ ദ്രുതവ്യതിയാനങ്ങള്‍, ചൂടിന്റെയും തണുപ്പിന്റെയും ഐന്ദ്രിയാനുഭവങ്ങള്‍ ഉണര്‍ത്തുന്ന പ്രകാശത്തിന്റെ മൂര്‍ത്ത ചലനങ്ങള്‍ ഇവയൊക്കെ നാടകവേദിയില്‍ വേണം.

 

അര്‍ത്തോ കൃതിയില്‍ നിന്ന് മോചിപ്പിച്ച് ക്രൗര്യവും മായികതയും നിറഞ്ഞ ചലനങ്ങള്‍ക്കും അനുബന്ധ സംഗതികള്‍ക്കുമായി വേദിയെ വിട്ടുകൊടുക്കണം എന്ന ആശയം ആവേശപൂര്‍വ്വം മുന്നോട്ടു വെച്ച് ഒരു വര്‍ഷം കഴിഞ്ഞ് 1933 ലാണ് ജര്‍മനിയെയും ലോകത്തെ ആകെത്തന്നെയും ഹിംസയുടെ വേദിയാക്കിമാറ്റാന്‍ മുന്നിട്ടിറങ്ങിയ ഹിറ്റ്ലര്‍ ജര്‍മനിയില്‍ ആദ്യമായി അധികാരത്തിലെത്തിയത്. കൃതി അപ്രധാനമാണ്, വേദിയില്‍ സൃഷ്ടിക്കപ്പെടുന്ന വിസ്മയങ്ങളാവണം നാടകാവതരണത്തിന്റെ മര്‍മ്മപ്രധാനമായ ഘടകം എന്നു വാദിക്കുന്ന പുതിയകാല നാടകപ്രവര്‍ത്തകര്‍ നമ്മുടെ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ഭയാനകമായ ചില സൂചനകള്‍ തന്നെയാണോ നല്‍കുന്നത്?

 

(തുടരും)

 

 

 

 

 

 

 

 

 

 

Leave a comment