TMJ
searchnav-menu
post-thumbnail

Outlook

അർജന്റീനയ്ക്കറിയാത്ത അലക്സാൻഡ്രോ ഡി ലോസ് സാന്റോസ് - ഫുട്ബോൾ, വംശീയത, രാഷ്ട്രീയം

24 Dec 2022   |   1 min Read

ത്തർ ഫുട്ബോൾ വേൾഡ് കപ്പിന് വിരാമമായിരിക്കുകയാണ്. ലോകം സാക്ഷ്യം വഹിച്ച മനോഹരമായ ഫൈനലിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജന്റീന ഫ്രാൻസിനെതിരെ വിജയം നേടി തങ്ങളുടെ മൂന്നാം ലോക കിരീടം ബ്യൂണസ് ഐറിസിൽ എത്തിച്ചിരിക്കുന്നു. ഈ വേൾഡ് കപ്പ് രാഷ്ട്രീയ കാരണങ്ങളാലും കുറ്റമറ്റ നടത്തിപ്പിനാലും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ഒന്നായിരുന്നു. വിവാദങ്ങൾ നിറഞ്ഞ ലോകകപ്പ് എന്ന പ്രത്യേകത കൂടിയുണ്ട് ഖത്തറിന്. അതിന്റെ തുടക്കം ഖത്തറിനെ ചുറ്റിപ്പറ്റിയായിരുന്നുവെങ്കിൽ ഒടുക്കം അർജന്റീനയിൽ എത്തിയിരിക്കയാണ് ആ വിവാദങ്ങളുടെ നീണ്ടനിര. പക്ഷേ അർജന്റീനയിൽ എത്തിയ വിവാദങ്ങൾക്ക് ഫുട്ബോളിന്റെ സാമൂഹിക ബോധത്തിന്റെയും മാനവിക മൂല്യത്തിന്റെയും കൂടി അടിസ്ഥാനമുണ്ട് എന്നതാണ് ശ്രദ്ധേയം. എമിലിയാനോ മാർട്ടിനെസ്സിന്റെയും അഗ്വേറയുടെയും ഭാഗത്തു നിന്നുണ്ടായ വംശീയമായ ചെയ്തികളെ ലോകം വിമർശനത്തോടെയാണ് നോക്കി കണ്ടത്. അതങ്ങനെ ഒഴിക്കൻ മട്ടിൽ പറയുന്നപോലെ ഇത് ഫുട്ബോൾ അല്ലേ അത് ആസ്വദിച്ചാൽ പോരെ? അതിനപ്പുറത്തേക്കുള്ള കാര്യങ്ങൾ എന്തിന് ചിന്തിക്കണം എന്ന് പറഞ്ഞൊഴിയാൻ ആവില്ല.

കാരണം, കാൽപ്പന്തുകളി മറ്റേത് പ്രത്യയശാസ്ത്രത്തേക്കാളും കൂടുതൽ ലോകത്തെ ബന്ധിപ്പിക്കുന്ന കണ്ണിയാണ്. അതിന് രാജ്യങ്ങളുടെ അതിർത്തികളെ വർഗത്തെ സംസ്‍കാരങ്ങളെയെല്ലാം ഒരൊറ്റ കണ്ണിയിൽ കോർത്തിടാനുള്ള അസാമാന്യ മെയ്‌വഴക്കമുണ്ട്. അതുകൊണ്ടാണ് ഇങ്ങ് കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലെല്ലാം അര്ജന്റീനയുടെയും ബ്രസീലിന്റെയും ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയുമെല്ലാം കൊടികൾ എല്ലാം ഒരുമിച്ച് ഉയരുന്നത്. മെസ്സിയും റൊണാൾഡോയും നെയ്മറുമെല്ലാം ദേശങ്ങളുടെ അതിർത്തികൾക്കപ്പുറത്തേക്ക് സഞ്ചരിച്ച് തലയുയർത്തി നിൽക്കുന്നത്. മറ്റെന്തിനാണ് അങ്ങനെയൊരു വിശ്വമാനവികതയുടെ കരുത്ത് ഇത്ര സിംപിളായി വളരെ ആഴത്തിൽ പകരാൻ കഴിയുന്നത്? വളരെ സങ്കുചിത ചിന്തകളാൽ ചുരുങ്ങിപോകുമായിരുന്ന മനസ്സുകളെ തുറന്ന് വിട്ട് വിശാലമായ കാഴ്ചപ്പാടിന്റെ ലോകത്തേക്ക് തള്ളിവിട്ടത് ഈ കളിയഴകിന്റെ മേന്മയാണ്. അത് പൂർണ്ണമായി വിജയിച്ചു എന്നൊന്നും പറയാനാവില്ല. എന്നിരുന്നാലും മറ്റെന്തിനേക്കാളും ഭംഗിയായി ആ ദൗത്യത്തിലേക്ക് നടന്നടുക്കാനുള്ള ഒരു ശ്രമം ഈ കായിക വിനോദത്തിനുണ്ടായി എന്നത് ഒരു യഥാർത്ഥ്യമാണ്.

യൂറോപ്പിലെ ആരാധകർ ഫുട്ബോളിന് എന്നും തലവേദന സൃഷ്ടിച്ചവരും അവമതിപ്പുണ്ടാക്കിയവരുമാണ്. കളിക്കാർക്ക് നേരെ വാക്കുകൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും അവർ തങ്ങളുടെ വംശീയതയുടെ കെട്ടഴിച്ചു വിടുന്ന പ്രവണത ഇന്നും പതിവ് കാഴ്‌ചയാണ്. ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിയുക, ഗ്രൗണ്ട് കയ്യേറുക തുടങ്ങി കളിയുടെ പരിധിക്കപ്പുറത്ത് കാണികൾ പാലിക്കേണ്ട അച്ചടക്കത്തിന് വിപരീതമായ പ്രവർത്തികളാണ് ഹൂളിഗാനിസത്തിന് അടിസ്ഥാനം.

അതുകൊണ്ട് തന്നെയാവാം ആ ഭംഗിക്ക് കോട്ടം തട്ടുന്ന പ്രവർത്തികളെ ഫുട്ബോൾ പ്രേമികൾ തന്നെ തിരിച്ചറിയുകയും വിമർശിക്കുകയും ചെയ്യുന്നത്. നിറം, മതം, രൂപം തുടങ്ങിവയെല്ലാം ലോകത്തിൽ അസമത്വത്തിന്റെയും പുറന്തളപ്പെടുന്നതിന്റെയും ടൂളുകളാണ്. അത്തരം നേർസാക്ഷ്യങ്ങൾ നമുക്ക് കാൽപന്തുകളിയിലും കാണാനാവും. അത്തരം അനുഭവങ്ങളെ തിരിച്ചറിയാതെ പോവുക എന്നത് നീതിബോധമില്ലാത്ത പ്രവർത്തിയാണ്. അത് സംഭവിക്കുന്നത് യൂറോപ്പിലായാലും ലാറ്റിനമേരിക്കയിലായാലും വിമർശിക്കപ്പെടേണ്ട പ്രവണത തന്നെയാണ്.

യൂറോപ്യൻ ഫാക്ടറികളിൽ നിർമ്മിച്ച വംശീയത

2011-12 ലെ പ്രീമിയർ ലീഗ് സീസണിൽ ഓൾഡ് ട്രാഫോർഡിൽ നടന്ന മാഞ്ചസ്റ്റർ ഡാർബിയിൽ 6-1 ന് സിറ്റി വിജയിച്ച മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിലെ ആദ്യ ഗോൾ നേടിയ സമയം. ഓൾഡ് ട്രാഫോഡിലെ കാണികളെ നോക്കി ഗോൾ നേടിയ സിറ്റിയുടെ സ്റ്റാർ സ്ട്രൈക്കർ മരിയോ ബാലേറ്റൊലി തന്റെ ജേഴ്സി തലയ്ക്ക് മുകളിലേക്ക് ഉയർത്തി മാറ്റി ഉള്ളിലണിഞ്ഞ ടീ-ഷർട്ട്‌ അയാൾ പുറത്ത് കാണിച്ചു. "Why Always Me? " എന്ന ഒരൊറ്റ ചോദ്യം അയാൾ കാണികൾക്ക് മുമ്പിലും ഫുട്ബോൾ ലോകത്തോടും നേർക്കുനേർ നിന്ന് ചോദിച്ചു. തങ്ങളുടെ ഫുട്ബോൾ ഓർമ്മകളിൽ കളി കണ്ടവർ ഒരിക്കലും മറക്കാത്ത നിമിഷം. ആ ചോദ്യത്തിന് അത്രയേറെ പ്രാധാന്യമുണ്ടായിരുന്നു. നിരന്തരം നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ അപമാനിക്കപ്പെട്ട മനുഷ്യന് അങ്ങനെയല്ലാതെ പിന്നെ എങ്ങനെയാണ് സമൂഹത്തോട് ചോദ്യമുന്നയിക്കാനാവുക? വംശീയമായി ഇത്രയധികം അപമാനിക്കപ്പെട്ട വ്യക്തിയുണ്ടോ എന്നത് സംശയമാണ്. ഇറ്റലിയിലും മാഞ്ചസ്റ്റർ സിറ്റിയിലും അയാൾ കടന്നുപോയത് ഒരേ മാനസികാവസ്ഥയിലൂടെയാണ്.

മരിയോ ബാലേറ്റൊലി

റോബെർട്ടോ കാർലോസ്, പാട്രിക് എവര, ഡാനി അൽവേസ്, റഹീം സ്റ്റർലിങ്, സാമുവൽ എറ്റു, സാക്ക, മാർസലോ, സിദാൻ, തിയറി ഹെന്ററി തുടങ്ങി യൂറോപ്പിന്റെ വംശവെറിക്ക് ഇരയായവരുടെ ഒരു നീണ്ട നിരതന്നെയുണ്ട് ഫുട്ബോൾ ലോകത്ത്. റേസിസം ഒരു കൊളോണിയൽ ഉൽപ്പന്നായിരുന്നു എന്നതുപോലെ തന്നെ പിന്നീടങ്ങോട്ട് യൂറോപ്പിലെ ദേശീയ ടീമുകൾക്കോ ക്ലബ്ബുകൾക്കോ അത്തരം ഒരു നയം ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. അവർ വംശീയതയെ എതിർത്തു. തങ്ങളുടെ ടീമുകളിൽ എല്ലാം അവർ വിവിധ രാജ്യങ്ങളിൽ നിന്നും ഉള്ള ആളുകളെ ഉൾപ്പെടുത്തി. ഖത്തർ വേൾഡ് കപ്പിൽ അടക്കം ഫ്രാൻസ്, ജർമ്മനി, ബെൽജിയം, ഇംഗ്ലണ്ട് തുടങ്ങിയ വമ്പൻ യൂറോപ്യൻ ടീമുകളിൽ വരെ കുടിയേറ്റക്കാരായി വന്ന് ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായി മാറിയ കളിക്കാരെ നമുക്ക് കാണാൻ കഴിയുന്നത് പിന്നീട് ആ രാഷ്ട്രങ്ങൾ സ്വീകരിച്ച നയത്തിന്റെ ഭാഗമാണ്.

ഹൂളിഗാനിസവും ഫുട്ബോളും

യൂറോപ്പിലെ ആരാധകർ ഫുട്ബോളിന് എന്നും തലവേദന സൃഷ്ടിച്ചവരും അവമതിപ്പുണ്ടാക്കിയവരുമാണ്. കളിക്കാർക്ക് നേരെ വാക്കുകൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും അവർ തങ്ങളുടെ വംശീയതയുടെ കെട്ടഴിച്ചു വിടുന്ന പ്രവണത ഇന്നും പതിവ് കാഴ്‌ചയാണ്. ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റ് വസ്തുക്കളും എറിയുക, ഗ്രൗണ്ട് കയ്യേറുക തുടങ്ങി കളിയുടെ പരിധിക്കപ്പുറത്ത് കാണികൾ പാലിക്കേണ്ട അച്ചടക്കത്തിന് വിപരീതമായ പ്രവർത്തികളാണ് ഹൂളിഗാനിസത്തിന് അടിസ്ഥാനം. ഇതിന്റെ ഭാഗമായി പല മത്സരങ്ങളിൽ നിന്നും ടീമുകൾക്കും കളിക്കാർക്കും പിൻവാങ്ങേണ്ടി വന്നിട്ടുണ്ട്. അത്തരം ആരാധക കൂട്ടങ്ങളെ ബാൻ ചെയ്യാറാണ് പതിവ്. യൂറോപ്പ് ഉൽപാദിപ്പിച്ച വെറുപ്പിന്റെ രാഷ്ട്രീയം അവരെ വിട്ടൊഴിയാതെ പിന്തുടരുന്ന കാഴ്ചയാണിത്. പക്ഷേ അതിന് ഇരകളാകുന്നതിലധികവും കുടിയേറ്റക്കാരോ ആഫ്രോ- ഏഷ്യൻ- ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളിൽ നിന്നുള്ള കളിക്കാരോ ആണ് എന്നതാണ് യാഥാർത്ഥ്യം.

എന്നാൽ അർജന്റീനയുടെ സ്ഥിതി ഇതായിരുന്നില്ല. അവർ മൂന്നു തവണ ലോക ജേതാക്കൾ ആയപ്പോഴും ആ ടീമിൽ ഒരൊറ്റ കറുത്ത വംശജർ ഇല്ലായിരുന്നു. ലാറ്റിൻ അമേരിക്കയിൽ പ്രത്യേകിച്ച് അർജന്റീനയിൽ ആഫ്രിക്കൻ വേരുകൾ ഇല്ലാതിരുന്നിട്ടോ അവർക്ക് ഫുട്ബോൾ അറിയാതിരുന്നിട്ടോ അല്ല ഈ പ്രതിഭാസം രൂപപ്പെട്ടത്. ഒരു രാജ്യം സ്വീകരിച്ച നയത്തിന്റെ പിൻബലത്തിലാണ് അത് രൂപംകൊണ്ടത്.

തെക്കനമേരിക്കയുടെ രാഷ്ട്രീയം ഫുട്ബോളിൽ

കറുത്ത വംശജരോടുള്ള വിവേചനത്തിന്റെ ചർച്ചകൾ പൊതുവെ നമ്മൾ യൂറോപ്പിൽ തുടങ്ങി യൂറോപ്പിൽ തന്നെ അവസാനിക്കുന്ന തരത്തിലാണ് നടത്താറ്. എന്നാൽ അതിനപ്പുറത്തേക്ക് ലോക ഫുട്ബോളിന്റെ അതികായർ വാഴുന്ന ലാറ്റിനമേരിക്കയുടെ പരിസരത്തേക്ക് നമ്മൾ ആ ചർച്ചകൾ കൊണ്ടു ചെല്ലാറില്ല. ഒരുപക്ഷെ നമ്മുടെ ലാറ്റിനമേരിക്കൻ സ്നേഹം ആയിരിക്കാം അതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത്. എന്നാൽ ചില യഥാർത്ഥ്യങ്ങളെ നമുക്ക് തള്ളികളയാൻ ആവില്ല. നേരത്തെ പറഞ്ഞപോലെ ഫുട്ബോൾ അല്ലേ അത് അങ്ങനെ കണ്ടാൽ പോരേ എന്ന ചോദ്യം തന്നെ പ്രശ്നമാവുന്നത് അതുകൊണ്ടാണ്.

തെക്കേ അമേരിക്കയിലെ മൂന്ന് പ്രധാന ടീമുകൾ ആണ് ഉറുഗ്വേയും ബ്രസീലും അർജന്റീനയും. പത്തു തവണയാണ് ഈ മൂന്ന് രാഷ്ട്രങ്ങൾ മാത്രം ലോകകിരീടം ചൂടിയത്. എന്നാൽ എന്താണ് വംശീയതക്കെതിരെയുള്ള ഇവരുടെ നിലപാട് എന്നത് ചർച്ച ചെയ്യേണ്ട ഒന്നാണ്. 1916 ൽ അർജന്റീനയിൽ നടന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിലാണ് ലോക ചരിത്രത്തിൽ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിൽ കറുത്ത വംശജർക്ക് കളിക്കാൻ അവസരം ലഭിക്കുന്നത്. ഇസബെലിനോ ഗ്രാഡിനും യുവാൻ ഡെൽഗാഡോയും ആയിരുന്നു ആ രണ്ടുപേർ. അതുവരെ ലോകം മാറ്റി നിർത്തിയ ഒരു വിഭാഗത്തെ ചേർത്ത് നിർത്തിയത് ഉറുഗ്വേയാണ്. അതിനൊരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നു അവർക്ക്. എന്നാൽ ഇസബെലിനോ ഗ്രാഡിനും യുവാൻ ഡെൽഗാഡോയും തങ്ങളുടെ കളിയിലൂടെ അവർക്കു മറുപടി നൽകി. ഗ്രാഡിൻ ആ ടൂർണമെന്റിൽ ടോപ് സ്കോറർ ആയി. തുടർന്നങ്ങോട്ട് ഉറുഗ്വേൻ ദേശീയ ടീമിന് നിരവധി ആഫ്രിക്കൻ വേരുകൾ ഉള്ള കളിക്കാരെ ലഭിച്ചു. അവരുടെ വിഖ്യാത താരം ജോസ് അന്ദ്രാഡേ മുതൽ വരേല, ഒലിവേര തുടങ്ങി ഒട്ടനവധി താരങ്ങൾ പിന്നീട് ഉയർന്ന് വന്നു.

ഇസബെലിനോ ഗ്രാഡിൻ, യുവാൻ ഡെൽഗാഡോ

ബ്രസീലിലും തുടക്കത്തിൽ ഒന്നും കുടിയേറ്റക്കാർ എന്ന് വിളിച്ച അടിമകച്ചവടത്തിനായി കൊണ്ടു വന്ന വിഭാഗത്തെ മുഖ്യധാരയിലേക്ക് അടുപ്പിച്ചിരുന്നില്ല. എന്നാൽ ജനസംഖ്യയിൽ ഒട്ടും പുറകിൽ അല്ലാതിരുന്ന ഒരു വിഭാഗത്തെ അവർക്ക് അധിക കാലമൊന്നും മാറ്റി നിർത്താൻ ആയില്ല. പെലെയും ഗാരിഞ്ചയും അടക്കി വാണ ഫുട്ബോൾ ലോകത്ത് പിന്നീട് റൊണാൾഡോയും റൊണാൾഡിഞ്ഞോയും നെയ്മറും വിനീഷ്യസും അടക്കം ഒട്ടവനവധി പ്രതിഭകൾ ഉദയം കൊണ്ടു. ഉറുഗ്വേയും ബ്രസീലും കറുത്ത വംശജർ ഇല്ലാതെ ഒരു ലോകകപ്പും കളിച്ചിട്ടുമില്ല നേടിയിട്ടുമില്ല. അത്രയേറെ ആ രാജ്യങ്ങളിൽ ഇവരുടെ പങ്ക് വർധിച്ചിരുന്നു എന്ന് വേണം കരുതാൻ.

എന്നാൽ അർജന്റീനയുടെ സ്ഥിതി ഇതായിരുന്നില്ല. അവർ മൂന്നു തവണ ലോക ജേതാക്കൾ ആയപ്പോഴും ആ ടീമിൽ ഒരൊറ്റ കറുത്ത വംശജർ ഇല്ലായിരുന്നു. ലാറ്റിൻ അമേരിക്കയിൽ പ്രത്യേകിച്ച് അർജന്റീനയിൽ ആഫ്രിക്കൻ വേരുകൾ ഇല്ലാതിരുന്നിട്ടോ അവർക്ക് ഫുട്ബോൾ അറിയാതിരുന്നിട്ടോ അല്ല ഈ പ്രതിഭാസം രൂപപ്പെട്ടത്. ഒരു രാജ്യം സ്വീകരിച്ച നയത്തിന്റെ പിൻബലത്തിലാണ് അത് രൂപംകൊണ്ടത്. അർജന്റീനയിലെ ജനസംഖ്യയുടെ സമീപകാല കണക്കുകളിൽ ആഫ്രിക്കൻ വംശജരുടെ എണ്ണം ഏകദേശം ഒന്നരലക്ഷത്തിനടുത്താണ്. എന്നുവെച്ചാൽ ഇരുന്നൂറ്‌ വർഷം മുൻപ് അവരുടെ ജനസംഖ്യയിലെ 30 ശതമാനത്തിൽ കൂടുതൽ ഉണ്ടായിരുന്ന ഒരു വിഭാഗമാണ് ഇരുന്നൂറ് വർഷങ്ങൾക്കിപ്പുറം മൊത്തം ജനസംഖ്യയിലെ 0.3 ശതമാനത്തിലേക്ക് എത്തിയത്. അത് അങ്ങനെ സ്വാഭാവികമായി സംഭവിച്ച പ്രതിഭാസമല്ല. കൃത്യമായി ഒരു ഭരണകൂടം White Nation Theory യെ പിന്തുടർന്നതിൽ സംഭവിച്ചതാണ്. NRC നടപ്പിലാക്കാതെ തന്നെ ഒരു വിഭാഗത്തെ എങ്ങനെ തുടച്ചുനീക്കാം എന്ന് കണ്ടെത്തുകയായിരുന്നു അർജന്റീന. അവർ സ്പെയിനിന്റെ കോളനി ആയിരുന്നതിന് ശേഷവും കോളണിയൽ ഭരണകൂടം പിന്തുടർന്ന അതെ നയം തന്നെയാണ് പിന്നീടവരെയും നയിച്ചത്.

അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഏക ആഫ്രിക്കൻ വംശജൻ ആണ് അലക്സാൻഡ്രോ നിക്കോളാസ് ഡി സാന്റോസ്. 1922-24 കാലഘട്ടത്തിൽ അർജന്റീനയ്ക്കായി അയാൾ അഞ്ചു തവണയാണ് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്. 1924 മുതൽ അയാൾ എൽ പോർവേനിർ ക്ലബിന് വേണ്ടി കളിച്ചു. 148 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ ആണ് ആ മുൻനിരക്കാരൻ അടിച്ചുകൂട്ടികൊണ്ട് ക്ലബ്ബിന്റെ തന്നെ ലെജന്ററി പ്ലയർ ആയത്.

സ്വാഭാവികമായും തങ്ങൾക്ക് നേരിട്ടുകൊണ്ടിരിക്കുന്ന വിവേചനത്തിന്റെ ആഴം മനസിലാക്കിയ ആഫ്രിക്കൻ വംശജർ സ്പെയിനിന്റെ തന്നെ മറ്റ് കോളനികൾ ആയ ഗുയാനയിലേക്കും കരീബിയൻ നാടുകളിലേക്കുമെല്ലാം കുടിയേറി. ഇത് അവരുടെ ഫുട്ബോളിലും പ്രകടമായി. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ ആകെ ഒരൊറ്റ ആഫ്രിക്കൻ വംശജൻ ആണ് ദേശീയ ടീമിന്റെ ഭാഗമായിട്ടുള്ളു. ഫുട്ബോളിൽ അങ്ങനെ ആഫ്രിക്കൻ വംശജർ അല്ലെങ്കിൽ കറുത്ത വർഗ്ഗക്കാർ എന്ന് വിളിക്കപ്പെടുന്നവർ വേണം എന്ന നിർബന്ധം ഒന്നും ഇല്ല. അതില്ലെങ്കിലും ഫുട്ബോൾ കളിക്കാം. നേട്ടങ്ങൾ കൊയ്യാം. അർജന്റീന തന്നെയാണ് അതിന് ഉത്തമ ഉദാഹരണവും. പക്ഷേ ഒരു രാജ്യത്തിന്റെ ഭൂപ്രകൃതിയുടെയോ തദ്ദേശജനതയുടെ രൂപത്തിന്റെ പ്രത്യേകതകളാലോ ഒന്നുമല്ല അർജന്റീനയിൽ ഒരു ജനത തുടച്ചുനീക്കപ്പെട്ടത് എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്.

അലക്സാൻഡ്രോ ഡി ലോസ് സാന്റോസ് (Alejandro de los Santos)

അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഏക ആഫ്രിക്കൻ വംശജൻ ആണ് അലക്സാൻഡ്രോ നിക്കോളാസ് ഡി സാന്റോസ്. 1922-24 കാലഘട്ടത്തിൽ അർജന്റീനയ്ക്കായി അയാൾ അഞ്ചു തവണയാണ് ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞത്. 1924 മുതൽ അയാൾ എൽ പോർവേനിർ ക്ലബിന് വേണ്ടി കളിച്ചു. 148 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ ആണ് ആ മുൻനിരക്കാരൻ അടിച്ചുകൂട്ടികൊണ്ട് ക്ലബ്ബിന്റെ തന്നെ ലെജന്ററി പ്ലയർ ആയത്. പക്ഷേ അപ്പോഴേക്കും അയാൾ ദേശീയ ടീമിൽ നിന്നും തഴയപ്പെട്ടിരുന്നു. പിന്നീടങ്ങോട്ട് അർജന്റീനൻ ടീമിൽ ഒരൊറ്റ ആഫ്രിക്കൻ വംശജർക്കും അവസരം ലഭിച്ചിട്ടില്ല. മിക്സഡ് ഗോത്രത്തിൽ പിറന്ന 1978 ൽ ദേശീയ ടീമിൽ ഉണ്ടായിരുന്ന മികച്ച ഗോൾ കീപ്പർ ആയിരുന്ന ഹെക്ടർ ബെയ്‌ലി ആണ് അതിന് കുറച്ചെങ്കിലും ഒരു അപവാദമായി തീർന്നത്. പക്ഷേ ഏറ്റവും മികച്ച ഗോൾ കീപ്പർ ആയിരുന്നിട്ടു പോലും അയാൾക്ക് വെറും പതിമൂന്ന് മത്സരങ്ങളിൽ മാത്രമാണ് അർജന്റീനയുടെ ജേഴ്സി അണിയാൻ സാധിച്ചത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഇത്തരത്തിൽ അവരുടെ രാഷ്ട്രത്തിന്റെ നയത്തിലും നടപ്പ് രീതികളിലും എല്ലാം പരിചയിച്ച ശീലങ്ങൾ ആണ് വേൾഡ് കപ്പിലെ വിജയത്തിന് ശേഷം ഉണ്ടായ സംഭവവികാസങ്ങളുടെ മൂലകാരണം എന്ന് തിരിച്ചറിയേണ്ടതാണ്.

അലക്സാൻഡ്രോ ഡി ലോസ് സാന്റോസ്

ഫുട്ബോൾ കേവലം വിനോദം മാത്രമല്ല അതിന് രാഷ്ട്രത്തെ നിർമ്മിക്കുന്നതിനും നിർണയിക്കുന്നതിനും പ്രധാന സ്ഥാനമുണ്ട്. പരിഗണനയും പുറന്തള്ളലുകളുമെല്ലാം അതാതു ദേശത്തെ അടയാളപ്പെടുത്തുന്ന ഘടകങ്ങൾ തന്നെയാണ്. അത്തരം ഘടകങ്ങൾ ഒത്തുചേർന്നാണ് ലോകം ഒരു പന്തിന് ചുറ്റും ഇമ വെട്ടാതെ നോക്കി നിൽക്കുന്നത്. ആത്യന്തികമായി ഫുട്ബോളിന് തന്നെയാണ് വിജയം. മാറ്റങ്ങൾ മറ്റെന്തിനേക്കാളും വേഗത്തിൽ ഉൾക്കൊണ്ടുകൊണ്ട് അത് സമൂഹത്തിലെ ചലിക്കുന്ന വസ്തുവായും ചാലക ശക്തിയായും നിലകൊള്ളും എന്നതിൽ തർക്കമില്ല.

Leave a comment