കടല്‍ തുരന്ന് കയറുന്ന കല
PHOTOS: PRASOON KIRAN
കപ്പലിന്റെ ചൂളം വിളിക്കായി കാതോർക്കുന്നവർ ഇനിയുമുണ്ടായിരുന്നു. കുഞ്ഞിച്ചിരുത, നാണി, ദേവി, കുഞ്ഞാണൻ, ആശാരി രാമൻ … അങ്ങനെ എത്രയോ പേർ, ഒരു ദിവസം തങ്ങൾ തങ്ങളുടെ പിതൃഭൂമിയിലേക്ക് വിളിക്കപ്പെടും എന്നവർ വിശ്വസിച്ചു. ചിലർ കുറുമ്പിയമ്മയെപ്പോലെയുള്ളവർ, മോക്ഷത്തിനു വേണ്ടിയാണ് വെള്ളക്കാരുടെ തിരിച്ചു വരവ് കാത്തിരുന്നത്. ക്രൈസ്തവമതസ്ഥർ യേശു ക്രിസ്തുവിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത് പോലുള്ള ഒരു കാത്തിരിപ്പായിരുന്നു അവരുടേത്.
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ
- എം മുകുന്ദൻ
ഇതൊരു ചരിത്രരചനയുടെ ഭാഗമല്ല മറിച്ച് ചരിത്ര അനുഭവങ്ങളിൽ നിന്ന് മനുഷ്യ ജീവിതങ്ങളെ എഴുതി രൂപപ്പെടുത്തിയതാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഫ്രഞ്ചാധിപത്യത്തിന്റെയും ദേശീയ പ്രക്ഷോഭത്തിന്റെയും ഇടയിൽ മയ്യഴിയുടെ മക്കൾ അനുഭവിച്ച ജീവിതത്തിന്റെ ആഖ്യാനമാണ്. ഇത്തരത്തിൽ ഒരുപാട് സൃഷ്ടികൾ നമ്മൾക്ക് സുപരിചിതമാണ്. ഈ രചന ചരിത്രത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. മനുഷ്യവംശത്തിന്റെ ചരിത്രം തിരയുക എന്നത് സ്വയം കണ്ടെത്താനുള്ള ശക്തമായ ശ്രമവും കൂടിയാണ്. ഇതിലൂടെ മാത്രമേ പുതിയ സമൂഹത്തെ വളർത്തിയെടുക്കാനും സാധിക്കുകയുള്ളൂ. ചരിത്രാനുഭവങ്ങളിൽ നിന്ന് ഉൾകൊള്ളുക എന്നതാണ്.
ഏകദേശം 600 കി മീ കടലുമായി ബന്ധപ്പെട്ട് ജീവിക്കുന്ന കേരളത്തിന് കടലനുഭവങ്ങളുടെ ആഴം കടലാഴത്തിനെക്കാളും വലുതാണ്. എന്നാൽ ചിതറികിടക്കുന്ന ചരിത്രങ്ങൾ, അനുഭവങ്ങൾ, കഥകൾ, സംഗീതം, ദൃശ്യങ്ങൾ, പഠനങ്ങൾ, ചർച്ചകൾ എന്നിവയെല്ലാം ചേർത്തുള്ള പഠനപദ്ധതിയ്ക്കാണ് ആഴി ആർക്കൈവ്സ് നേതൃത്വം കൊടുക്കുന്നത്. ഇതിനെ കേവലം അറിവുൽപ്പാദന പദ്ധതിയായി പരിഗണിക്കാൻ സാധ്യമല്ല. ചരിത്രത്തിൽ നിന്ന് കുഴിച്ചെടുക്കുന്ന അറിവുകൾ കലാരൂപത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രീതിശാസ്ത്രമാണ്. മഹാവ്യാധിക്ക് ശേഷം രൂപപ്പെട്ട ആഴി ആർക്കൈവ്സ് എന്ന കൂട്ടായ്മയുടെ പ്രവർത്തനത്തിന്റെ ആദ്യ പതിപ്പാണ് Sea a boiling vessel - കടൽ തിളയ്ക്കുന്ന ചെമ്പാണ് എന്ന പ്രദർശനം. കടലിൽ നിന്ന് കരയിലേക്ക് നോക്കുമ്പോൾ കേരളം രൂപപ്പെട്ടു വരുന്നത് നമുക്ക് കാണാം. ഇത്തരം ഒരു അന്വേഷണമാണ് ആഴി ആർക്കൈവിലൂടെ നടക്കുന്നത്.
കടൽ തിളയ്ക്കുന്ന ചെമ്പാണ്
കടൽ തിളയ്ക്കുന്ന ചെമ്പാണ് എന്ന പ്രയോഗത്തിന്റെ രൂപപ്പെടലിനെ അന്വേഷിച്ചപ്പോഴാണ് വർഷങ്ങളോളം ഉരുവിൽ ട്രേഡ് നടത്തിയ പൊന്നാനിയിലെ മഞ്ചുക്കാർ അവരുടെ കടലനനുഭവങ്ങളിൽ നിന്ന് ഉൾകൊണ്ട സങ്കൽപ്പമാണത് എന്ന് മനസ്സിലായത്. ട്രേഡിനായി കടലിലൂടെ യാത്ര തിരിക്കുമ്പോൾ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങൾ ഇങ്ങനെയൊരു പ്രയോഗമായി രൂപാന്തരപ്പെടുമ്പോൾ പലപ്പോഴും ചരിത്രത്തിലെ ഇത്തരം അറിവുകൾ, പ്രായോഗങ്ങൾ, സങ്കൽപ്പനങ്ങൾ എല്ലാം വിസ്മൃതിയിലാണ്ടുപോവാറാണ് ചെയ്യുന്നത്. കടൽ കരയിലെ മണലിൽ എഴുത്തുകൾ കോറിയിടുമ്പോൾ കടൽ വേഗത്തിൽ വന്ന് അതിനെ മായ്ച്ചുകൊണ്ട് പുറകോട്ട് പോവുകയും വീണ്ടും വരുകയും ചെയ്യുന്നു. ഇത് സംഭവിച്ചു കൊണ്ടേയിരിക്കുന്നു. മാഞ്ഞുപോയ ഒരുപാട് അനുഭവങ്ങളുടെ, യാഥാർത്ഥ്യത്തിന്റെ കോറിയിടലുകൾ തിരികെവന്ന് നിൽക്കുന്നുണ്ട് മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ. കടൽ തിളയ്ക്കുന്ന ചെമ്പ് എന്ന പേരിൽ നിന്ന് ആരംഭിക്കുന്ന അറിവിന്റെ രൂപാന്തരപ്പെടലാണ് ഗ്യാലറിയുടെ കാര്യത്തിലും കാണാൻ സാധിക്കുന്നത്.
കേരളത്തിലേക്ക് വന്നവർ ബാക്കിയാക്കിയ ചിലത്
കേരളത്തിലേക്ക് ട്രേഡിനായി വന്നവർ, പിടിച്ചെടുത്ത് ഭരിച്ചവർ, കുടിയേറിയവർ അങ്ങനെ നിരന്തരമായ ബഹുമുഖ സംസ്കാരങ്ങളുമായി നടത്തിയ കൊടുക്കൽ വാങ്ങലുകളാണ് നമ്മളെ രൂപപ്പെടുത്തിയത്. ഈ വൈവിധ്യത്തെ അതിന്റെ സത്തയിലേക്ക് അന്വേഷിച്ച് ആഘോഷിക്കുകയാണ് ആഴിയിൽ. മട്ടാഞ്ചേരിയുടെ സാമൂഹിക ഘടന, ആർക്കിടെക്ച്ചറിലെ വൈവിധ്യങ്ങൾ, മത സമൂഹങ്ങൾ, വിശ്വാസ പ്രമാണങ്ങൾ എല്ലാം രൂപപ്പെട്ടതും മാറി മറിഞ്ഞതും കപ്പലോട്ട ചരിത്രത്തിന്റെ അടിത്തറയ്ക്ക് മുകളിലാണ്. അതിൽ പ്രധാനപ്പെട്ട വിഭാഗമായിരുന്നു ജൂതന്മാരുടെ വരവും ഇടപെടലും. ഇസ്രയേലിന്റെ രൂപംകൊള്ളൽ കൊച്ചിയിലെ ജൂതന്മാരെ ഇസ്രയേലിലേക്ക് തിരിച്ചു പോവാൻ പ്രേരിപ്പിച്ചു. ജൂലിയറ്റ് ഹെല്ലേഗ ( Juliet Halleagua ) എന്ന റിട്ടയർഡ് ടീച്ചർ ഇവിടെ തന്റെ മകളോടൊപ്പം തുടർന്നു. ഒടുവിൽ അവരും ഇസ്രയേലിലേക്ക് യാത്രയായി. കേരളത്തിലെ ജൂത ജീവിതങ്ങളുടെ ഓർമ്മകളുടെ കനം പേറി ഹെല്ലേഗ മട്ടാഞ്ചേരിയിൽ സ്മാരകമെന്നോണം നിന്നു. ഈ കെട്ടിടത്തിനുള്ളിലാണ് "കടൽ തിളയ്ക്കുന്ന ചെമ്പ്" തിളങ്ങുന്നത്.
ഗ്യാലറിയിലൂടെ
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലൂടെ ഹെല്ലേഗ ഹൗസിൽ എത്തുമ്പോൾ നമ്മുടെ മണ്ണിൽ അലിഞ്ഞുചേർന്ന പല സംസ്കാരങ്ങളുടെ, ഓർമ്മകളുടെ അനുഭൂതികളിലേക്കാണ് കടക്കുന്നത്. ഫോട്ടോഗ്രാഫ്സ് ഒരുപാട് കാണാം ഗ്യാലറിയിൽ. ഒരുപക്ഷെ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലേയും പഴയ ആൽബങ്ങളിൽ കണ്ടിട്ടുള്ള ബഹറിനിലെയും മറ്റ് അറേബ്യൻ രാജ്യങ്ങളിലേയും പശ്ചാത്തലത്തിൽ നമ്മുടെ മുൻ തലമുറ ബൽബോട്ടം പാന്റ്സും ധരിച്ച് നിൽക്കുന്ന രീതിയിലുള്ള ഫോട്ടോകൾ മറ്റൊരു രീതിയിൽ മിഥുൻ മോഹൻ അവതരിപ്പിക്കുന്നുണ്ട്. പ്രൊഫ. എം എച്ച് ഇലിയാസിന്റെ പഠനവും ഫോട്ടോഗ്രാഫറായ ബിജു ഇബ്രാഹിം ഡോക്യുമെന്റ് ചെയ്തതുമായ വർക്കാണിത്. എൺപതുകളിലുണ്ടായ കുടിയേറ്റത്തിന്റെ അടയാളങ്ങളായി ഈ വർക്ക് മാറുന്നുണ്ട്. അതുപോലെ പശ്ചാത്തലത്തിൽ റിയലിസ്റ്റിക്കല്ലാത്ത രംഗപടങ്ങൾ സൃഷ്ടിച്ചുകൊണ്ടുള്ള ഫോട്ടോകൾ ഒരുകാലത്തെ ജനതയുടെ സ്വപ്നങ്ങൾ ഫോട്ടോഗ്രാഫുകളിലൂടെ പുനഃസൃഷ്ടിക്കുകയായിരുന്നു. കേരളവും അറേബ്യൻ രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങൾ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ബന്ധങ്ങളിലും അറേബ്യയുടെ വളർച്ചയുടെ ചിത്രങ്ങളും കാണാം. ഇവിടെ ഫോട്ടോഗ്രാഫുകൾ ഓർമ്മകളിൽ നിന്ന് ഒരു പിടിയുയർന്ന് ഭൂതകാലത്തിന്റെ സാമൂഹിക - സാമ്പത്തിക ജീവിതങ്ങളുടെ അടയാളമായി മാറുകയാണ്. ഫോട്ടോഗ്രഫിയുടെ വായനയിൽ തന്നെ മാറ്റങ്ങൾ രൂപപ്പെടുകയാണിവിടെ.
അദ്ധ്വാനത്തെ വിലയ്ക്ക് വാങ്ങുകയല്ല, പിടിച്ചെടുത്തിരുന്ന കാലത്ത് മനുഷ്യൻ എന്ന് സ്വയം പ്രഖ്യാപിക്കാൻ പോലും സാധിക്കാത്ത കോടിക്കണക്കിന് ജീവനുകളുടെ മരണവും അതിനേക്കാൾ ഉപരി ഭീകരമായ വാർദ്ധക്യവുമാണ് പരാഗിന്റെ ഫൂട് എന്ന വർക്ക് കണ്ടപ്പോൾ ഓർത്തത്. കടലിലേക്ക് നീണ്ടിരിക്കുന്ന വലിയ പാദത്തിന് ചരിത്രത്തിൽ അവഗണിക്കപ്പെട്ട ജീവനുകളുടെ, അടിമത്ത ജീവിതങ്ങളുടെ അടയാളപ്പെടുത്തലുകളായി മാറുന്നു. എ മുഹമ്മദ് മണ്ണടിഞ്ഞു പോയ കാലത്തിന്റെ കണ്ടെത്തലുകളെ ചിത്രീകരിക്കുമ്പോൾ കെ ആർ സുനിൽ ചവിട്ടുനാടകങ്ങളുടെ ഗോതുരുത്ത് ജീവിതങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മത്സ്യബന്ധനവുമായി ഏർപ്പെട്ട് ജീവിക്കുന്ന മനുഷ്യരുടെ താളം അറിയാൻ ഈ ചിത്രങ്ങളിലൂടെ സാധിക്കും. ദാരിദ്ര്യത്തിന്റെ പരിസരത്തിൽ നിന്ന് ചവിട്ടുനാടകം അവതരിപ്പിക്കുന്ന സംഘത്തിന്റെ ഫോട്ടോകളിൽ കടൽ കയറി അവരുടെ വീടുകളുടെ മുറ്റത്ത് എത്തിയതായി കാണാം. കേരളത്തിന്റെ തീരദേശ മേഖല അനുഭവിക്കുന്ന ഏറ്റവും പ്രധാന പ്രശ്നമായ കടൽ കയറ്റം ഇവിടെ ചർച്ചയാവുന്നു. തമിഴ് ചവിട്ടുനാടകം അവതരിപ്പിക്കുന്ന സംഘം അവരുടെ ജീവിത താളമായി പെർഫോർമൻസിനെ സമീപിക്കുന്നുണ്ട്. കൗതുകമുള്ള കാര്യം പുതുതലമുറയിൽ ആരും തന്നെ ഗ്രൂപ്പിൽ ഇല്ല എന്നതാണ്. പോയകാലത്തിൽ നിന്ന് നേടിയതും അറിഞ്ഞതും ജീവിതത്തിന്റെ ഭാഗമായതുമായ താളം എവിടെയോ നഷ്ട്ടപ്പെടുന്നതു പോലെ.
സുനിൽ നമ്പുവിന്റെ METAncherry എന്ന ആനിമേഷൻ പ്രൊജക്ട് മട്ടാഞ്ചേരിയെ ബന്ധിപ്പിച്ചു കൊണ്ടുള്ള വ്യത്യസ്തമായ ഗ്രാഫിക് വർക്കാണ്. ടെക്നോളജിയുടെ സാധ്യതകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള കാർട്ടൂണിസ്റ്റും കോമിക് ആർട്ടിസ്റ്റുമായ സുനിലിന്റെ വർക്ക് ഓൺലൈനായി പ്രസന്റ് ചെയ്യുന്നുണ്ട്. അർബൻ ഡിസൈൻ കലക്റ്റീവിന്റെ മട്ടാഞ്ചേരി പഠനമാണ് മറ്റൊരു ശക്തമായ പ്രതികരണം. മട്ടാഞ്ചേരിയെ സാമൂഹിക - സാമ്പത്തിക ബന്ധങ്ങളിലെ മാറ്റങ്ങൾ, ഘടനാപരമായ വ്യത്യാസങ്ങൾ, ഹൗസിങ്ങ്, കുടിവെള്ള പ്രശ്നങ്ങൾ, ഇതിനെ അഡ്രസ് ചെയ്യുന്ന പഠനം രസകരമായി ഡിസൈൻ ചെയ്ത് അവതരിപ്പിക്കുന്നുണ്ട്. മുഴുവൻ വർക്കുകളിലൂടെയും കടന്ന് പോവുമ്പോൾ കടലിൽ നിന്ന് ആരംഭിക്കുന്ന ചരിത്രത്തിന്റെ പുതുവായന, പുതിയൊരുതലത്തിൽ നിന്നുള്ള കാഴ്ച, പലവിധമായ വ്യാഖ്യാനങ്ങൾ, പഠനങ്ങളിൽ നിന്ന് ആർട്ട്ഫോമുകളിലേക്കുള്ള മാറ്റങ്ങൾ എന്നിവ കാണാം.
അറിവ് - കല - ജനങ്ങൾ
സാധാരണക്കാരായ ആളുകൾക്ക് ചിത്രങ്ങൾ ആസ്വദിക്കുന്നതിനുള്ള ധാരണക്കുറവുള്ളതുകൊണ്ടാണ് ആർട്ട് ഗ്യാലറികളിലേക്ക് വലിയ ജനപ്രവാഹം ഉണ്ടാവാത്തത് എന്ന വാദമുണ്ട്. ഒരുപക്ഷെ ഇതിന് അപവാദമായി ബിനാലെ പോലെയുള്ള കലാ ഇവന്റുകളുണ്ട്. കൊച്ചി - മുസരിസ് ബിനാലെയ്ക്ക് ഉണ്ടാവുന്ന ആളുകളുടെ നിശ്ചിത ശതമാനം മാത്രമാണ് പൊതുവെ ഗ്യാലറികളിൽ കാണപ്പെടുന്നത്. ജനങ്ങൾ ഗ്യാലറികൾക്ക് പുറത്താണ് എന്ന തർക്കം കുറേ കാലമായി തുടരുന്നതാണ്. ഗ്യാലറികളിൽ നിന്ന് വർക്കുകൾ പുറത്തേക്ക് സഞ്ചരിച്ചാലും അപരിചതത്വം ജനങ്ങളിൽ ഉണ്ട് എന്ന വാദവും നിലനിൽക്കുന്നു. വിഷ്വൽ ലാംഗേജുമായുള്ള ജനങ്ങളുടെ ബന്ധം എങ്ങനെയാണ് വികസിപ്പിക്കേണ്ടത് എന്ന ചോദ്യമാണ് ഇതിന്റെയെല്ലാം ആധാരം. ഇവിടെയാണ് അറിവിനെ കലയിലൂടെ ജനങ്ങളുമായി എൻഗേജ് ചെയ്യാനായി ഒരു പ്രൊജക്ട് രൂപപ്പെടുന്നത്. ഒരു പക്ഷെ വിശാലമായ ക്യാൻവാസിൽ ലളിതമായി അറിവ് + കല + ജനങ്ങൾ എന്ന് പറയുമ്പോൾ ശാന്തമായ കടൽ പോലെ തോന്നുമെങ്കിലും ആഴം വളരെ വലുതാണ്. ഒന്നാം എഡിഷനിൽ നിന്ന് ആഴിയുടെ മുന്നോട്ടുള്ള ചലനത്തിൽ ഉയരാൻ പോവുന്ന ചോദ്യം ജനങ്ങൾ എങ്ങനെ ഈ അറിവിനോട് എൻഗേജ് ചെയ്യും എങ്ങനെ അറിവ് വികസിപ്പിക്കും എന്നതാവും.
ബിനാലെയുടെ പശ്ചാത്തലത്തിൽ നിരവധി കലാ പ്രദർശനങ്ങൾ, പരീക്ഷണങ്ങൾ കൊച്ചിയിൽ / മട്ടാഞ്ചേരിയിൽ നടക്കുന്നുണ്ട്. ഈ പ്രദേശത്തെ ജനങ്ങളുമായി അവരുടെ ജീവിത പശ്ചാത്തലത്തിൽ, അവരുടെ സാമൂഹിക-സാമ്പത്തിക ബന്ധത്തിനകത്ത് ഇടപെടുന്ന കലാ ഉത്സവങ്ങൾ ഒരുപക്ഷെ ആധുനിക കലയുടെ പുതുമാനങ്ങൾ ജനങ്ങൾക്ക് സുപരിചിതമാക്കും. കടൽ കടന്ന് വരുന്ന കലാ ചിന്തകൾ കൊച്ചിയുടെ / മട്ടാഞ്ചേരിയുടെ ഭൂപ്രകൃതിയിൽ, ജനജീവിതത്തിൽ, ആർക്കിടെക്റ്റിൽ പ്രതിഫലിക്കുന്നത് എങ്ങനെയാകുമെന്നത് കൗതുകപരമായി നോക്കി കാണാനും പഠിക്കാനും സാധിക്കുന്നതാണ്. അർബൻ ഡിസൈൻ കലക്ടീവിന്റെ പഠനം ഇവിടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
കടൽ തിളയ്ക്കുന്ന ചെമ്പാണ് എന്ന പ്രദർശനത്തിന്റെ സ്വാധീനം, അത് ഉയർത്തുന്ന ചർച്ച മറ്റൊരു രാഷ്ട്രീയ ചിന്തകളിലേക്കും നയിക്കപ്പെടുന്നുണ്ട്. വൈവിധ്യങ്ങൾക്ക് പകരം ഏകശിലാ സങ്കൽപ്പങ്ങൾ ഉയർത്തിപ്പിടിക്കുന്ന, അപരന്റെ മതബോധത്തെപ്പോലും രാജ്യദ്രോഹമായി കാണുന്ന, ഭക്ഷണത്തിൽ വർഗ്ഗീയത നിറയ്ക്കുന്ന സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ചരിത്രത്തിൽ എങ്ങനെയാണ് നമ്മൾ രൂപം കൊണ്ടത് / കൊള്ളുന്നത് എന്ന ചർച്ചയാണ് അഥവാ വൈവിധ്യങ്ങളുടെ ആഘോഷമാണ് sea a boiling vessel / കടൽ തിളയ്ക്കുന്ന ചെമ്പ് മുന്നോട്ട് വെക്കുന്നത്.
കേരളത്തിന്റെ കലാചരിത്രത്തിൽ വലിയൊരു സംഭാവനയാവും ഈ പ്രദർശനം. അതോടൊപ്പം ഇത്തരം പ്രൊജക്ടുകൾ ചർച്ചകളുടെ, സംവാദങ്ങളുടെ വിശാലമായ ഇടം തുറക്കുകയും ചെയ്യേണ്ടതായുണ്ട്. കേവല കലാപ്രവർത്തനം എന്നതിൽ നിന്ന് ആസുരമായ ഫാഷിസ്റ്റ് സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ പശ്ചാത്തലത്തിൽ കലാപ്രവർത്തനങ്ങൾ ജനകീയമായ , ജനപക്ഷ ചിന്തകളെ ഉദ്ദേപിപ്പിക്കണം. ചലനാത്മകമാകണം.